Saturday, June 30, 2007

ആരുടേയോ മകന്‍


ആരുടേയോ മകനാണവന്‍;നൊമ്പരം
പേറുന്നൊരോര്‍മയായ്‌,പൊക്കിളറുത്തന്ന്
വേര്‍പെടുത്തുമ്പോള്‍ തുടിച്ച കരളിന്റെ
പേരറിയാത്തയിടങ്ങളിലിപ്പൊഴും

കീറിപ്പറിഞ്ഞോരു പാന്‍സും, തലമുടി
പാറിപ്പറന്നും, വിശപ്പിന്റെ ക്രൂരമാം
കോറലേറ്റുള്ളവയറും; നഖം വളര്‍-
ന്നേറെയഴുക്കുപിടിച്ച കരങ്ങളും
എന്തോമറന്നപോലുള്ളൊരു ശൂന്യത
പന്തംകൊളുത്തിജ്ജ്വലിയ്ക്കുന്ന കണ്‍കളും
ആരുടേയോ മകനാണിവന്‍, നൊമ്പരം
പേറുന്നൊരമ്മതന്‍ ഓര്‍മയാണിന്നവന്‍

വന്നവനെന്റെ കമ്പാര്‍ട്ടുമെന്റിന്നുള്ളില്‍
പിന്നെ, കുനിഞ്ഞു തന്‍ കയ്യിലെ ഷര്‍ട്ടിനാല്‍
മുന്നില്‍ക്കിടക്കുമഴുക്കിനെ, യാത്രികര്‍
തിന്ന കടലതന്‍ തൊണ്ടിനെ, കവറിനെ
എല്ലം തുടച്ചരികത്തേയ്ക്കു മാറ്റീട്ട്‌
മെല്ലെയുയര്‍ത്തി, മിഴികളും, കൈകളും
ഏതോചിലര്‍നല്‍കി നാണയത്തുട്ടുകള്‍
ഏതായാലും ഒരു ജോലിചെയ്തോനിവന്‍
ഏതാണ്ട്‌ വൃത്തിയായ്ത്തീര്‍ന്നു ഇരിപ്പടം
ഏതോ വയറിന്റെ കത്തലും തീരില്ലെ

പിന്നെ ഞാന്‍ കണ്ടതൊരത്ഭുതം പാന്‍സിന്റെ
പിന്നിലെ പോക്കറ്റില്‍ നിന്ന് ഇറേസെക്സിന്‍*
കുപ്പികള്‍രണ്ടെണ്ണംതപ്പിയെടുത്തുതന്‍-
ഷര്‍ട്ടിലേയ്കപ്പടി തൂകിത്തിരുമ്മിക്കൊ-
ണ്ടപ്പൊഴേതന്നെ ചുരുട്ടി വായില്‍വച്ച്‌
എത്രയും ശക്തിയിലാഞ്ഞു വലിയ്ക്കുന്നു!
രണ്ടുമിനിറ്റു കഴിഞ്ഞതില്ലിങ്ങനെ
രണ്ടുകണ്ണും ചുവന്നാകേതളര്‍ന്നവന്‍.
വണ്ടിയോടിക്കൊണ്ടിരുന്നൂ, അതിദ്രുതം
രണ്ടുമണിക്കൂര്‍ ഉണര്‍ന്നതേയില്ലവന്‍!!

ആരുടേയോ മകനാണവന്‍, മാത്രമ-
ല്ലാരുടേയോ പൊന്നനുജനോ, ജ്യേഷ്ഠനോ
ഓര്‍മതന്‍ വണ്ടിയില്‍ യാത്രചെയ്തീടവേ
കേറിവരുമവന്‍; വൃത്തിയാക്കീടുവാന്‍?

*ഇറേസെക്സ്‌: പ്രിന്റും,റ്റൈപ്പും മായ്കാനുപയോഗിക്കുന്ന
വെളുത്ത, കട്ടിയുള്ള ദ്രാവകം

Wednesday, June 27, 2007

നാഗപ്പാട്ട്‌


മണിനാഗമെ, വേഗമുണരൂ; നിന്‍ ഘനശ്യാമ-
ഫണവുമുയര്‍ത്തിപ്പുറത്തുവരൂ
ഇണചേര്‍ന്നശേഷമുള്ളാലസ്യനിദ്രവി-
ട്ടുണരൂ, പുറപ്പെടാന്‍ സമയമായി

ഒരുവഴി, മാളത്തിന്‍മുകളിലുണ്ടതുവഴി-
യരുമയായ്‌ മെല്ലെയിഴഞ്ഞു നീങ്ങൂ
ഒരുശ്വാസ, നിശ്വാസ മിടവിട്ട്‌ വഴിയുടെ
ഇരുകരതാണ്ടി നീ യൊഴുകിനീന്തൂ

മണിപൂരകംവിട്ട്‌ മുകളിലേയ്ക്കുയരേണ്ട
ക്ഷണികമീ യാത്രയിലത്രമതി
തുണയായി ഗുരുവൊന്നു വേണമാപത്മത്തിന്‍
കണികകള്‍ ഉണ്ട്‌ സായൂജ്യം നേടാന്‍

Tuesday, June 26, 2007

വാക്കുകള്‍

ഈയിടെമാത്രമെഴുത്തു തുടങ്ങിയോ-
രീയുള്ളവന്റെ മനസ്സില്‍ പദങ്ങള്‍വ-
ന്നൂയലാടുമ്പോളവയെപ്പകര്‍ത്തുവാന്‍
നീയേകണേ നല്‍വരങ്ങള്‍ വാണീശ്വരീ!

അക്ഷരക്കൂട്ടങ്ങള്‍തിക്കിത്തിരക്കിവ-
ന്നക്ഷമരായ്‌ നിന്നു മോചനം കാക്കവേ
ദക്ഷിണയേകാതെ ഭാഷ പഠിച്ചതിന്‍
ശിക്ഷയണോയിതെന്നുല്‍പ്രേക്ഷ തോന്നുന്നു

വേണമെനിയ്ക്ക്‌ തുണയായ്‌ ഗണപതി;
വീണയും പുസ്തകമേന്തുന്ന ദേവിയും;
വേണുവിന്‍ഗാനമുതിര്‍ക്കുന്ന കണ്ണനും;
പ്രാണനില്‍ വാക്കു തളിച്ച ഗുരുക്കളും...

Monday, June 25, 2007

കാല്‍നഖപ്പാടുകള്‍


ശ്രുതിപോയൊരനുരാഗമണിവീണയിതില്‍ രാഗ-
സ്വരജതികളൊരുനാളുമുയരുകില്ല
നറുമണവും നിറവുമില്ലാത്തൊരീപൂവിലൊരു
കരിവണ്ടുപോലുമിനിയണയുകില്ല

ഒരുദേവദര്‍ശന,മൊരുതളിര്‍സ്പര്‍ശന,
മൊരുവാക്ക്‌ ചെവിയില്‍ പകര്‍ന്ന ലാസ്യം
ഒരുമാത്ര മനസ്സിന്റെമൃദുലപ്രതലങ്ങളില്‍
ഒളിമിന്നിമാഞ്ഞ,തൊരു സ്വപ്നമാണോ?

ഇനി, നെഞ്ചില്‍പിടയുന്ന കിളി തന്റെകൂടുവി-
ട്ടകലങ്ങളിലേയ്ക്കുയര്‍ന്നുപോകെ
നനയില്ല കണ്ണുകള്‍, കാണുമപ്പോഴും നീ
മനസ്സില്‍ക്കുറിച്ചിട്ട കാല്‍നഖപ്പാടുകള്‍

Sunday, June 24, 2007

എഴുത്ത്‌

ഞാനെഴുതുന്നത്‌ "നല്ലതോ" "ചീത്തയൊ" എന്നോ;
ഇതു കവിതയാണോ എന്നോ എനിക്കിപ്പൊഴും നല്ല
തിട്ടമില്ല. ചിലപ്പോള്‍ ഭംഗിതോന്നുന്ന ഒരു വാക്ക്‌
മറ്റുചിലപ്പോള്‍ എന്റെ മോഹപ്പക്ഷിയോട്‌ തോന്നിയ
ഒരുദാഹം; അതുമല്ലെങ്കില്‍ അവളെനിക്കുതന്ന ഒരായിരം
മധുരസ്മൃതികളിലൊന്നിന്റെ ഓര്‍മ്മ.. വേറേ ചിലപ്പോള്‍
എന്നെ എപ്പോഴും കാത്തുരക്ഷിക്കുന്ന ദൈവങ്ങളോടുള്ള നന്ദി, അവരോടുള്ള എന്റെ പ്രാര്‍ത്ഥനകള്‍...
മറ്റുപദ്രവങ്ങളൊന്നുമില്ലാതെ ഒരു പതിനഞ്ചു മിനിറ്റ്‌,
പേനയും, ഒരു തുണ്ടു കടലാസും ഇത്രയൊക്കെ ധാരാളം മതിയാകും. ഇതാണെന്റെ ബ്ലോഗുകള്‍. 2007 ജനുവരി
മുതലാണു എനിയ്ക്കിതു കഴിയുമെന്നു ഞാനറിഞ്ഞത്‌.
അതിനുമുന്‍പൊരുവരിയുമെഴുതിയില്ല
അതിനായി തെല്ലും ശ്രമിച്ചുമില്ല
മാര്‍ച്ചിലാണു "ബ്ലോഗി"ല്‍ കയറ്റുന്ന സൂത്രം എന്റെ
ചെറിയ മോന്‍ എന്നെ പഠിപ്പിച്ചത്‌
ആദ്യമൊക്കെ കുറെ വായനക്കാര്‍ 'ഇത്തരം കവിതകള്‍ക്ക്‌
ഇന്നു മാര്‍കറ്റില്ല' 'വേറെ പണിയൊന്നുമില്ലേ' എന്നൊക്കെ കമന്റിട്ടിരുന്നു. പിന്നെ, ഒരുപാടുപേര്‍ നേരിട്ടും, കത്ത്‌
ഫോണ്‍, കമന്റ്‌ എന്നിങ്ങനെയും 'നല്ലത്‌' എന്നു
പ്രതികരിച്ചു
മുന്‍പൊരിയ്കലെഴുതിയപോലെ
"എഴുതാനും, എഴുതിയതൊക്കെ തിരുത്താനും
എഴുതാതിരിയ്ക്കാനും കഴിയുമിന്ന്"
ഇതു വായിക്കാന്‍ സന്മനസ്സു കാണിച്ചതിനു നന്ദി

Saturday, June 23, 2007

വൈക്കത്തപ്പാ..

(തീവണ്ടി ഗതാഗതം ആകെ തകരാറിലായതിനാല്‍ ഇന്ന്
ഉച്ചയ്ക്കൊന്നരയ്ക്‌ തിരുവല്ലയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള
ഒരു സൂപ്പര്‍ഫാസ്റ്റ്‌ ബസ്സിലിരിയ്കവേ ഉള്ളിലോര്‍ത്തു...
മൂന്നു മണിക്കൂര്‍കൊണ്ടു നാലു ക്ഷേത്രങ്ങളുടെ മുന്നിലൂടെ
കടന്നുപോകുന്നു..ഏറ്റുമാനൂര്‍,കടുത്തുരുത്തി, വൈക്കം,പിന്നെ
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയേശന്‍.. ബസ്സിലിരുന്നൊരു
കടലാസുതുണ്ടിലെഴുതിയ ഈ വരികള്‍, വൈക്കത്തപ്പന്റെ
മുന്നിലൂടെ കടന്നു പോകവേ മനസ്സില്‍ വൈക്കത്തപ്പനെ
സ്മരിച്ച്‌ സമര്‍പ്പിച്ചു)

എപ്പോഴുമെന്‍കൂടെയുണ്ടാവണേ വൈക്ക-
ത്തപ്പാ, തൊഴുന്നേന്‍ കരങ്ങള്‍കൂപ്പി
തൃപ്പാദപൂജയ്ക്കു വന്നൊരെന്‍ദു:ഖങ്ങ-
ളപ്പാടെ ഗൗരീശ, നീക്കണം നീ

തിന്മതന്‍ കാളകൂടത്തെയെടുത്തു നീ
എന്മനം ശുദ്ധമായ്‌ തീര്‍ത്തീടണം
ജന്മ ജന്മാന്തര പാപങ്ങള്‍ മാറ്റി നീ
സന്മനോഭാവം നിറച്ചീടണം

എന്നില്‍ കുബുദ്ധികള്‍ തോന്നുമ്പോഴൊക്കെയും
എന്നെ നീ നേര്‍വഴി കാട്ടീടണം
മിന്നുന്ന പഞ്ചാക്ഷരീ മന്ത്രമായി നീ
എന്നുമെന്നുള്ളില്‍ വിളങ്ങീടണം

Thursday, June 21, 2007

നിറമുള്ള നാഴികകള്‍അഴകിനെത്തൊടുകുറി യണിയിച്ചപോലെന്റെ
യരികിലാരോമലാള്‍ വന്നണഞ്ഞൂ
മിഴിയിണയില്‍ ഞാന്‍ പണ്ടു ചൊന്നകളിവാക്കുകള്‍
മിഴിവോടെ മിന്നി ത്തെളിഞ്ഞുനിന്നൂ

ഒരുനിലാച്ചിരിയുടെ കുളിരലച്ചാര്‍ത്തില്‍ ഞാന്‍
അറിയാതെയൊഴുകി നീന്തുന്ന നേരം
അരുകിലിരുകരകളിലുമപ്സരസ്സായിരം
നറുമലരുകളെന്‍ നേര്‍ക്കെറിഞ്ഞിരുന്നൂ

അകലെ നിലാവ്‌; പാടുന്നരാപ്പക്ഷികള്‍;
അരികത്തു ചിരിതൂകി നീയും നില്‍കേ
അറിയുന്നൂ; നേരം വെളുക്കുവാനിനിയെത്ര
നിറമുള്ള നാഴികകള്‍ ബാക്കിയുണ്ട്‌?

ഭാഗ്യം!


മുഴുവനായ്‌ വിടരാത്തൊരീമുകുളങ്ങളെ
തഴുകുവാന്‍, മൃദുവായി മുകരാന്‍
അഴിയുന്ന കാര്‍കൂന്തല്‍കെട്ടിനെ വിരലിനാല്‍
ഉഴിയുവാന്‍; ഒന്ന് ചുംബിക്കാന്‍

കവിളത്തു പണ്ട്‌ ഞാനെന്നോകുറിച്ചിട്ട
കവിതകള്‍ വിരലിനാല്‍ മായ്കാന്‍
പൊടിയുന്ന വേര്‍പ്പിനെ നെറ്റിയില്‍നിന്നെന്റെ
ചൊടികളാലൊപ്പിയെടുക്കാന്‍

പടരുന്നവള്ളിപോലുള്ളൊരാശ്ലേഷത്താല്‍
പിടയുവാന്‍; എല്ലാം മറക്കാന്‍
ഇതിനിടെ, ശ്വാസം നിലച്ചുപോയീടിലും
അതുമൊരു ഭാഗ്യമായ്‌ കരുതും!Sunday, June 10, 2007

കരിനാഗങ്ങള്‍


ഇരുളില്‍കണ്‍കള്‍തുറന്നു ഞാന്‍ കിട
ന്നുരുകീ നിദ്രയുണര്‍ന്നരാത്രിയില്‍
കരിനാഗങ്ങള്‍ കിനാവില്‍വന്നിഴ-
ഞ്ഞരികത്തൂടെ; വിയര്‍ത്തുപോയ്‌ ഞാന്‍

ഇടതിങ്ങി മരങ്ങളും;കുറേ
ചെടിയും, പേരറിയാത്ത വള്ളിയും
നെടുകെപൊട്ടിയ കല്‍ത്തറയുടെ
പടവില്‍ ചിതറിയ കെട്ടതിരികളും

ഒഴുകും കുട്ടികള്‍ ഞങ്ങള്‍ വേനലിന്‍
ഒഴിവില്‍,മാതൃഗൃഹത്തിലെത്തുവാന്‍
ഒഴിവാക്കുകയില്ല,തൊടിയിലെ-
വഴികള്‍,കേളികളാടിയോടുവാന്‍

വിറയാര്‍ന്നപദങ്ങളോടെയാ-
ചെറുകാവിന്റെയകത്തൊളിയ്ക്കവേ
അറിയാതന്നു മനസ്സില്‍കേറിയോ
ഉരഗങ്ങളിഴഞ്ഞ പാടുകള്‍?

Friday, June 8, 2007

ചെമ്പരത്തി

(ആരാധ്യനായ ശങ്കരക്കുറുപ്പുമാഷിന്റെ "സൂര്യകാന്തി"യോട്‌
ആശയപരമായ കടപ്പാട്‌ ആദ്യമേ അറിയിക്കട്ടെ.
സൂര്യകാന്തിയുടെ പ്രേമം സൂര്യനറിയുന്നില്ല. എന്നാല്‍,
സൂര്യനു തന്നോട്‌ പ്രേമമാണെന്നു എന്റെ ചെമ്പരത്തി
ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതുതന്നെയാണു
ഇവര്‍ തമ്മിലുള്ള വ്യത്യാസവും)

ഇരുളിന്റെകയങ്ങള്‍നീക്കുവാ-
നുരുളുംതേരിലിറങ്ങിടും, ഭവാന്‍
ഒരുനോട്ടമൊളിച്ചു നല്‍കുമീ
ചെറുപൂവിന്നു; വിടര്‍ന്ന നാള്‍മുതല്‍

അറിയേണ്ട; യസൂയമൂത്തിടും
കുറെയേറേ ജനമുണ്ടു ചുറ്റിലും
വെറുതേ ചെറുകാരണങ്ങളാല്‍
ചൊറിയുംനാവിനു വിഷയമാകണോ

ഇനിനാളെ കൊഴിഞ്ഞുവീഴ്കിലും
മനസ്സിന്നുള്ളിലെ മൃദുലതന്ത്രിയില്‍
മണിനാദമുയര്‍ത്തിയോരുനിന്‍
അനുരാഗത്തെ മറക്കുകില്ല ഞാന്‍
Monday, June 4, 2007

കാവിലെ നെയ്‌ത്തിരികാവിലെ ഏഴിലംപാലച്ചുവട്ടിലൊ-
രാവണിമാസ ത്രിസന്ധ്യനേരം
നീവന്നു;കയ്യില്‍ ചിരാതുമായ്‌ കണ്‍കളില്‍
പൂവിട്ട പൊന്നിന്‍ കിനാക്കളുമായ്‌

ഇറ്റിറ്റുവീണിരുന്നൂ ജലബിന്ദുക്കള്‍
കെട്ടിയിടാത്ത മുടിയില്‍ നിന്നും
ഒട്ടൊരു സംഭ്രമത്തോടെയല്ലോ നിന്നെ
തൊട്ടതും, കെട്ടിപ്പുണര്‍ന്നതും ഞാന്‍

കാവില്ല; പാലയുമില്ലിന്ന്, ദീപവും
പൂവിടാന്‍ പൊന്‍കിനാവൊട്ടുമില്ല
ഓര്‍മയിലുണ്ട്‌; ജ്വലിക്കും മിഴികളും
ഈറന്‍മുടിയും, നനഞ്ഞ ചുണ്ടും

Friday, June 1, 2007

ശീര്‍ഷകമിടാത്തതും മുഴുമിക്കാത്തതുമായ കുറെ വരികള്‍

1.)

എഴുതാനും, എഴുതിയതപ്പാടെമായ്കാനും
എഴുതാതിരിയ്കാനും കഴിയുമിന്ന്
മഴപെയ്തുപോയപോല്‍ കവിതകളിനിയെന്നില്‍
ഒഴുകുകില്ലെങ്കില്‍, കരഞ്ഞുപോം ഞാന്‍

2.)

തൊഴുകൈകളോടെ ഞാന്‍ ഒരപേക്ഷചൊല്ലട്ടെ
മഴുവുമായെത്തുന്ന വിറകുകാരാ
ഒഴിവാക്കൂ, മുകളിലെശിഖരങ്ങള്‍ പാടുന്ന
കിളികള്‍ക്കിരിയ്കാനും, ചേക്കേറാനും

3.)

എന്തിനാണെന്നറിയില്ലെന്‍മനോവീണ
പന്തുവരാളിയിലീണങ്ങള്‍മൂളുന്നു
വെന്തെരിയുംവിരഹത്തിന്റെചൂടില്‍ ഞാന്‍
നൊന്തുരുകുന്നൊരീയേകാന്തവേളയില്‍


4.)

ഒരുപിടിദു:ഖത്തിന്‍ അവിലുമായ്‌ ഞാനെത്തീ
ഗുരുവായൂരിലെകണ്ണാ
ഇരുകൈയ്യുമുയര്‍ത്തി ഞാന്‍ തൊഴുന്നേന്‍ നിന്‍കരുണാര്‍ദ്ര
തിരുമിഴിയെന്നില്‍ പതിയേണമേ