Monday, July 27, 2009

കിനാവ്

പുല്ലിന്റെ തണ്ടായിരുന്നുഞാന്‍, എന്നെ നീ
പുല്ലാങ്കുഴലാക്കി മാറ്റിയില്ലേ ?
മെല്ലെയൊഴുകുമുറവ എന്നെ വന-
കല്ലോലിനിയാക്കി മാറ്റിയില്ലേ ?

ഓര്‍ക്കുമ്പോളൊക്കെ നിന്‍ പേരുചൊല്ലീടുവാന്‍‌
‍വാക്കുകള്‍ നീയെനിയ്ക്കേകിയില്ലേ ?
നേര്‍ക്കുനേര്‍കണ്ടപ്പൊഴെന്നെ നിന്‍മാറോട്‌
ചേര്‍ക്കുവാനെന്നും കൊതിച്ചതില്ലേ ?

പിന്നെ, ഏതോസ്വപ്നലോകത്ത് നാംരണ്ടു-
മൊന്നായ് കവിതകള്‍ പാടിയില്ലേ ?
വിണ്ണിലെത്താരകള്‍ ചുറ്റും നിരന്നന്ന്‌‌
മിന്നി, ചുവടുകള്‍വച്ചതില്ലേ ?

ഇന്ന്, തകര്‍ന്നൊരുപുല്ലാങ്കുഴലു ഞാന്‍‌
‍ഇന്നൊഴുകുന്നില്ല കല്ലോലിനി
ഇന്നില്ല വാക്കുകള്‍, പാടാന്‍ കവിതകള്‍‌,
‍ഇന്നില്ല നീ; വിണ്ണില്‍, താരകളും..

Friday, July 24, 2009

ഉഷസ്സ്.

ആരാവില്‍, ആത്മസഖിയെന്‍‌മടിയില്‍ക്കിടക്കേ
താരങ്ങള്‍പോലെ മിഴികള്‍ചിരിതൂകിനിന്നൂ.
ദൂരത്തുദിച്ചശശിബിംബമടുത്തു നില്‍ക്കേ,
നേരംവെളുത്തതിവനൊട്ടുമറിഞ്ഞതില്ല.

പോകാന്‍‌ എണീറ്റതിനു‌‌മുന്‍‌‌‌പൊരുചും‌ബനത്തെ-
യേകാനൊരുങ്ങെ, ചെവിയില്‍ അവളോതി മെല്ലെ.
ഏകാകിയെന്റെ മനസിന്‍‌വ്യഥതീര്‍ത്തിടാനായ്‌
വൈകാതെയെന്നുമവിടുന്നിവിടേവരേണം.

ദൂരേ,കിഴക്കു ഉഷസിന്റെകവിള്‍ത്തടത്തില്‍‌,
‍ആരോകൊടുത്ത ചുടുചും‌ബനമേറ്റപോലെ
ചോരച്ചപാടുകള്‍ തെളിഞ്ഞുവരുന്നനോക്കി
നേരേയിറങ്ങി നടകൊണ്ടു,പതുക്കെ ഞാനും..

Wednesday, July 22, 2009

രാമസ്മരണകള്‍

1.) ഒരുഗുരുവരുള്‍ചെയ്താന്‍ രാമനാമം മനസ്സില്‍
ഒരുകുറിയുരചെയ്താല്‍‌ത്തന്നെ മോക്ഷം ലഭിയ്ക്കും.
ചിരമുരുവിടുവോര്‍ക്ക് ശ്രീമഹാവിഷ്ണു തന്റെ
കരമതുതലയില്‍‌വച്ചേകിടും നല്‍‌വരങ്ങള്‍ !!

2.) കാരുണ്ണ്യമിന്ന് വെറുതേയൊരുവാക്കുമാത്രം.
നേരിന്ന് പുല്ലുവിലപോലുമതില്ലതാനും.
പോരൊക്കെനിര്‍ത്തി, മനുജന്നകതാരിലെന്നും
ശ്രീരാമമന്ത്ര; മതുസിദ്ധിവരുത്തിടേണം.

Tuesday, July 21, 2009

സന്ധ്യേ..

കരുവാളിച്ച കവിള്‍ത്തടത്തൊടേ
കരയാന്‍‌വെമ്പിവിതുമ്പി സന്ധ്യയും
കരിമേഘങ്ങള്‍നിരക്കവേ കടല്‍-
ക്കരയില്‍, ഓര്‍മ്മകളെത്തികൂട്ടിനായ്..

ഒരുനാള്‍, നാമിവിടേയിരുന്നതും;
കരളിന്‍‌ആശകള്‍ പങ്കുവച്ചതും;
മരണത്തിന്നു,മതിന്നുമപ്പുറം
ഒരുനാളും പിരിയില്ല ചൊന്നതും..

വെറുതേ വാക്കുകളായിരുന്നവ.
പറയൂ, ഇന്നെവിടേയ്ക്ക് പോയി നീ?
മറയുന്നൂ ദിനനാഥനാഴിയില്‍
‍നിറയുന്നൂ ഇരുളെന്‍‌മനസ്സിലും..

Monday, July 20, 2009

കൈത്തിരി..

ആരണ്യമെത്തവേ മുന്നിലായ്‌കണ്ടു ഞാന്‍‌
‍വേറെയായ്‌പോകുന്ന രണ്ടുവഴികളെ
ഏറെയാലോചിച്ച്നിന്നില്ല കാല്‍വച്ചു
ആരുമധികം നടക്കാത്ത പാതയില്‍‌.

ഉണ്ടായിരുന്നു ഒരുപാടെതിര്‍പ്പുകള്‍‌
‍രണ്ടാംവഴിയാണ്‌ ഞാനെടുത്തെന്നതില്‍‌
‍കുണ്ഠിതംതെല്ലുമില്ലത്തീരുമാനത്തില്‍‌
‍പണ്ടു,മിന്നും; വിധിമാറ്റുവാനാവുമോ?

പൊട്ടുന്ന സ്നേഹ, വിശ്വാസ, ബന്ധങളില്‍-
പ്പെട്ട്, ഞാന്‍ കൊണ്ട്‌നടന്നോരു കൈത്തിരി
കെട്ടുപോയീടാതെ കാക്കേണമീയിരുള്‍-
ക്കൂട്ടത്തിനോട് ഞാന്‍ മല്ലടിയ്ക്കുമ്പൊഴും

Sunday, July 19, 2009

കാട്ടുപൂവ്

പരിചിതമാണെനിയ്ക്കീകാട്ടുപൂവിന്റെ
പരിമളവും വര്‍ണ്ണശഭളിമയും.
ഒരുനാളിലിവളെന്റെയനുരാഗസന്ധ്യകള്
‍തരളിതമാക്കിയതോര്‍ക്കുന്നു ഞാന്‍‌..

കരളില്‍ മധുരക്കിനാവുകള്‍ നിറയുന്ന
ഒരുചെറുമുകുളമായ് ജാലകത്തിന്‍‌
‍അരികത്ത് തലനീട്ടിനില്‍ക്കവേ ഇവളെന്ന്
വിരിയുമെന്നോര്‍ത്ത്‌ഞാന്‍‌ വിസ്മയിച്ച..

ഒരുപുലര്‍വേളയില്‍‌, തുടുകവിളോടവള്‍
‍ചിരിതൂകി, കോരിത്തരിച്ചുപോയ് ഞാന്‍‌.
അറിയാമൊരുദിനം കൊഴിയുമെന്നാകിലും
തിരികെയെത്തും; ദൈവനിശ്ചയത്താല്‍ !!‍

Tuesday, July 7, 2009

അമ്മേ മൂകാംബികേ


എത്രനാളായീ ഞാനീ ദു:ഖഭാണ്ഢവും ചുമ-
ന്നെത്രയോകല്ലുംമുള്ളും നിറഞ്ഞ വീഥികളില്‍
യാത്രചെയ്യുന്നൂ, പാദം വേദനിയ്ക്കുന്നെങ്കിലും,
അത്രയില്ലിനിദൂരം താണ്ടുവാനറിവൂ ഞാന്‍

കരഞ്ഞ്‌വിളിയ്ക്കുമ്പോഴൊക്കെ നീയരികത്ത്‌
വരുന്നതറിവൂ ഞാന്‍, ആശ്വാസമേകീടുവാന്‍
വരങ്ങള്‍തന്നീടണേ, തെറ്റുകള്‍ പൊറുക്കണേ
പരംപൊരുളേ, എന്നെ കാത്തുകൊള്ളണേ നിത്യം.

പദ്‌മാസനസ്തേ, സര്‍വമംഗളമാംഗല്യേ എന്‍
ചിത്തത്തിലെന്നും, ഇന്നും നിന്‍നാമസഹസ്രങ്ങള്‍
എത്തി, ഞാനവിടുത്തെ പാദാരവിന്ദങ്ങളില്‍
കാര്‍ത്ത്യായനീ, ശങ്കരീ, പ്രാര്‍ത്ഥനകേട്ടീടണേ..