കുരുത്തോല നിറമുള്ള കുഞ്ഞാത്തോല്
=====================================
“കുരുത്തോല നിറമുള്ള കുഞ്ഞാത്തോലേ
എന്ത് തമ്പ്രാട്ടിക്ക് വേണം ചൊല്ലൂ..“
“ഒന്നുമെനിക്കിന്ന് വേണ്ടാ, ചാത്താ
അക്കരെ കൊണ്ടോയി വിട്ടാ മതി.“
“കാലു വഴുക്കാതെ എന്റെ കൊച്ചു
തോണിയിൽ കേറുമോ കുഞ്ഞാത്തോലേ?“
“കയ്യിന്മേലൊന്നു പിടിക്ക് ചാത്താ..”
“അയ്യയ്യോ തീണ്ടില്ലേ കുഞ്ഞാത്തോലേ?”
“വീണാലോ പൊക്കിയെടുക്കേണ്ടേ നീ?
അപ്പോഴും തീണ്ടലാവില്ലേ, ചാത്താ..?”
കുഞ്ഞാത്തോൽ ചാത്തന്റെ കൈപിടിച്ചു
തോണിയിലേറി, പുഴകടക്കാൻ
പിറ്റേന്ന് ചാത്തന്റെ ചത്ത ദേഹം
പന്മനയാറ്റിലൊഴുകിക്കണ്ടു.
കയ്യിലും, കാലിലും, മെയ്യിലാകെ
നീലിച്ച, ചോരച്ച പാടു കണ്ടു.
കുഞ്ഞാത്തോലെ പിന്നെ കണ്ടില്ലാരും
പ്രാന്തായി, തൂങ്ങിച്ചത്തെന്നു കേട്ടു.
പന്മനയാറ്റിൽ, നിലാവിലിന്നും
രണ്ടുപേർ തോണിയിൽ പോണകാണാം
ഒന്നു വെളുത്തൊരു കുഞ്ഞാത്തോലും
മറ്റേത് ചാത്തനുമായിരിക്കാം
നീറ്റിലങ്ങിങ്ങായ് കുരുത്തോലയും
തെച്ചിപ്പൂവും കാണാം, എന്ന് കേൾപ്പൂ
No comments:
Post a Comment