Tuesday, July 19, 2011

കേഴുന്ന നീലാംബരി.

--------------------
ഞാനാരോടുരചെയ്തിടേണ്ടു ഹൃദയാകാശത്തിനങ്ങേത്തല-
യ്കായ്‌ നീറിപ്പുകമൂടിടുന്ന ചെറുതാം മേഘങ്ങള്‍തന്‍ വേദന
താനേപെയ്തുനിറഞ്ഞുലഞ്ഞൊഴിയുവാന്‍‌ തെല്ലൊന്നു മോഹിപ്പതി-
ന്നാണോയെന്നറിയുന്നതില്ലയിടയില്‍ ജ്യോതിസ്സുകള്‍ കാണ്മതും ?

ഓരോ മോഹമുയര്‍ന്നിടുന്ന സമയത്താരോമലാളിന്‍ മൊഴി-
ത്താരോര്‍‌മ്മിച്ചു വൃഥാ മനോവ്യഥയില്‍ ഞാന്‍ മുങ്ങിത്തുടിക്കുമ്പൊഴും
ആരോ ജാലകവാതിലിന്നുപിറകില്‍‌ നിന്നെന്റെപേരും വിളി-
ച്ചീരോമാഞ്ചമുയര്‍ത്തിടുന്നു, കുളിരേറ്റാലെന്നപോലോമനേ !

താരാകാന്തിയൊടെന്റെമുന്നില്‍ നിറവായ് നീ വന്നൊരാവേളയില്‍
തീരാദാഹമുയര്‍ന്നു, നിന്റെ ‌കവിളില്‍‌ ചുണ്ടൊന്നു ചേര്‍ത്തീടുവാന്‍‌‌ ...
ആരാവന്നു പകര്‍ന്നു തന്നു, മധുര സ്വപ്നങ്ങളില്‍ കണ്ടതാ-
മാരോമാഞ്ചമുയര്‍ത്തിടുന്ന വിടരാ മൊട്ടിന്റെ സൌഗന്ധവും..

ചൂടാനന്നുകഴിഞ്ഞതില്ല കനിവാര്‍‌ന്ന‌ര്‍പ്പിച്ചൊരച്ചമ്പകം‌
വാടാതിന്നുമിരിക്കയാണു നിറസൌരഭ്യത്തൊടെന്‍‌നെഞ്ചിലായ്‌
ആടാനാവണിയെത്തി, കാല്‍‌ത്തള കിലുങ്ങീടുന്ന നേരത്തു ഞാന്‍
പാടാനോര്‍ത്തു, മറന്നുപിന്നെ, കരളില്‍ കേഴുന്നു‌ നീലാംബരി..

മനസ്സിലൊരു വളപ്പൊട്ട്..

------------------------
കടുത്തവേനലില്‍ , അറയ്ക്കകത്തിരുള്‍ കനക്കവേ
യടുത്തുവന്നുനിന്നു നീ, പനിച്ചുഞാന്‍ കിടന്നനാള്‍‌ ..
തുടുത്തൊരക്കവിള്‍ത്തടത്തിലൊന്നുതൊട്ടവേളയില്‍
പിടച്ചുവോ, പറന്നുയര്‍‌ന്നു പൊങ്ങിയോ കരള്‍ക്കിളി
നനഞ്ഞ,നേര്‍ത്തചുണ്ടുകൊണ്ടു നീയെനിക്കു തന്നൊരാ
നനുത്തചുംബനത്തിലെന്റെയുള്ളുപൊള്ളിയോമലേ
വിളിച്ചുനിന്നെ, നിന്റെയമ്മയപ്പുറത്തടുക്കള-
ത്തളത്തില്‍ നിന്നു, മോടിനീയകന്നതിന്നുമോര്‍പ്പുഞാന്‍
തിളച്ചവേനല്‍ ജാലകത്തിലൂടെയെത്തിനോക്കവേ
മുളച്ചിടുന്നു പണ്ടുഞാന്‍ മനസ്സില്‍ നട്ട വിത്തുകള്‍ ..

ആകാശതാമര..

----------------
താരകേ ! കണ്ടുവോ നീയെന്റെയാകാശ-
താമരപ്പെണ്ണിനെ ? ചേതോഹരാംഗിയെ ?
ഏതോ വിദൂര വിജനസ്ഥലികളില്‍
വേദനതന്‍ തപ്തബാഷ്പങ്ങള്‍ വീഴ്ത്തുവോള്‍ ?

തീരങ്ങള്‍ തേടും തിരകളേ! കേട്ടുവോ
ആരോമലാളിന്റെ തേന്‍ മൊഴിച്ചിന്തുകള്‍ ?
ആരോഹണങ്ങളവരോഹണങ്ങളാ-
മീണങ്ങള്‍ ആ മണിവീണയുതിര്‍ത്തുവോ ?

ഓര്‍മ്മകള്‍പോലും വിറങ്ങലിച്ചിങ്ങുഞാ-
നീമരച്ചോട്ടില്‍ തനിച്ചിരുന്നീടവേ,
ആ മുഖം മാത്രം തെളിയുന്നു, മായ്ക്കുവാ-
നാവാതെ, കണ്ണീര്‍ മറയ്ക്കുന്നുവെങ്കിലും...

ഞാന്‍ മാത്രം, തനിയെ..

----------------------
ദിനരാത്രങ്ങളുടെ അകലങ്ങളേയും
സ്ഥല കാലങ്ങളുടെ രഥവേഗങ്ങളേയും
ശബ്ദതന്‍‌മാത്രകളാല്‍ അതിജീവിച്ച്;
നീയെന്റെ കര്‍ണ്ണപുടങ്ങളില്‍ പ്രണയമായി,
ജീവനില്‍ മൃതസഞ്ജീവനിയായി,
ആത്മാവില്‍ അമൃതവര്‍‌ഷിണിയായി
എന്നിലേയ്‌ക്കലിഞ്ഞൊഴുകിയിറങ്ങി..
നിബിഢവനങ്ങളും
സപ്തസാഗരങ്ങളും, മണലാരണ്യങ്ങളും
നമുക്കിടയില്‍നിന്നും തെന്നിവഴിമാറി.
സ്വപ്നച്ചിറകുകളില്‍
പറന്നുയരുമ്പോളൊക്കെ
ചുറ്റും താരകങ്ങള്‍
കണ്‍‌ചിമ്മുന്നുണ്ടായിരുന്നു.
പിന്നീട്
ആ ഗാനധാര നിലച്ചപ്പോള്‍
ഞാന്‍ തനിച്ചായെന്നറിഞ്ഞു
ഞാന്‍ മാത്രം
ഇവിടെ
തനിയെ...

കൃഷ്ണാ, ഗുരുവായൂരപ്പാ!

---------------------
ഗുരുവായൂര്‍ വരുമ്പോഴൊക്കെ
കണ്ണനെ തൊഴുതശേഷം
കല്യാണപ്പന്തലിനരികെ ചെന്നു നില്‍ക്കാറുണ്ട്.
ഇന്നു മുന്നൂറിലേറെ...
തിക്കിലും, തിരക്കിലും പെട്ട്,
വിയര്‍ത്തുകുളിച്ച്,
അവശരും, വിവശരുമായ വധൂവരന്മാരും, ബന്ധുക്കളും
ഒരുക്കുന്ന കോമഡി സീന്‍ കാണാനെന്തു രസം ...
ഒന്നരമിനിറ്റുകൊണ്ട് കെട്ടു കഴിഞ്ഞാല്‍ ,
ആ മുഖങ്ങളെല്ലാം വിളിച്ചു പറയും...
“ഹവൂ ! രക്ഷപ്പെട്ടെന്നാ തോന്നുന്നേ, ന്റെ കണ്ണാ..”
“ആപ്പിലായെന്നാ തോന്നുന്നേ, കൃഷ്ണാ..”
“ഒരെണ്ണം ഒരു വിധം കഴിച്ചിലായി, ഗുരുവായൂരപ്പാ !”
പാന്‍ കേക്കും, റൂഷും, ലിപ്സ്റ്റിക്കും ഒലിച്ചിറങ്ങുന്ന വധുവിന്റെ
മുഖത്ത്, തന്റെ മുഖം മോര്‍ഫ് ചെയ്തും;
കഴുത്തില്‍ ,നെറ്റിപ്പട്ടം ചാര്‍ത്തിയാലെന്നപോലെയും
കയ്യില്‍‌ ‍, മുട്ടോളം നിറയുന്നതുമായ
മഞ്ഞലോഹപ്പൊലിമകണ്ടും ആശങ്കപ്പെടുന്ന
ഭാവി വധുകുമാരികള്‍ ..
അവകണ്ട്, അസൂയയോടെ നെടുവീര്‍പ്പിടുന്ന
ഭാവി വരകുമാരന്മാര്‍ ..
ഛായാഗ്രാഹകപ്പരിഷകളുടെ
വിവിധതരം അഭ്യാസപ്രകടനങ്ങള്‍ ..
കെട്ടുകഴിഞ്ഞുള്ള സദ്യയെപ്പറ്റിയോര്‍ത്ത്‌
മനസ്സുകലുഷിതമാക്കുന്നവര്‍
ശരണാര്‍ത്തരായെത്തിയവരും,
കല്യാണത്തിനെത്തിയവരും,
വെറുതെ തൊഴാനെത്തിയവരും,
വഴിവാണിഭക്കാരും,
വായീനോക്കികളും,
ഭിക്ഷക്കാരും...
ആകെ പത്തു പതിനയ്യായിരത്തിനുമീതെ വരും..
പൂഴിവാരിവിതറിയാല്‍ , താഴെവീഴില്ല..
എല്ലാരെയും കാത്തുരക്ഷിപ്പാന്‍
ഒരേ ഒരു ഗുരുവായൂരപ്പനും..
കൃഷ്ണാ, ഗുരുവായൂരപ്പാ !

അന്ധന്‍ .

------------
എനിക്ക് കിനാവുകളുണ്ടായിരുന്നില്ല.
അനുഭവങ്ങളുടെ ചാട്ടവാറടിയേറ്റ്
മരവിച്ച മനസ്സെങ്ങിനെ കിനാവു കാണും ?
എനിക്ക് മോഹങ്ങളുണ്ടായിരുന്നില്ല.
ദാഹജലം‌പോലുമില്ലാതെ
വലഞ്ഞലഞ്ഞ മരുഭൂവില്‍
മോഹങ്ങള്‍ മരീചികകളായി.
എനിക്ക് മധുരിക്കുന്ന ഓര്‍മ്മകളുണ്ടായിരുന്നില്ല
സ്നേഹരാഹിത്യത്താല്‍ വരണ്ട മനസ്സിലെ
ഓര്‍മ്മകളെല്ലാം കയ്പ്പേറിയതായിരുന്നു.
നീയാണെനിക്ക്
കിനാക്കളും, മോഹങ്ങളും,
മധുരോദാരമായ ഓര്‍മ്മകളും തന്നത്..
എന്നിട്ട് ?
എന്നില്‍നിന്നും അവയെയൊക്കെ
ചോദിക്കാതെ തിരിച്ചെടുത്ത്,
യത്രപോലും പറയാതെ നടന്നകന്നു..
കാഴ്ച്ച തിരിച്ചുകിട്ടിയശേഷം,
വീണ്ടും അന്ധനായപോലെ
ഇന്ന് ഞാന്‍ .....

വേനലറുതി..

വേനലറുതി..
-----------------
ആഷാഢമേഘങ്ങളേ,
നിങ്ങള്‍ക്ക് സ്വാഗതം .!
മകരമഞ്ഞേറ്റ് തണുത്തുറഞ്ഞ ഹൃദയങ്ങളെ,
ഒരു പ്രണയച്ചൂടാലെന്നവണ്ണം
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍
എന്നാലാവുന്നത് ഞാന്‍ ചെയ്തു.
പൂവാക, രുധിരശോഭയേറ്റിയ വീഥികള്‍ ;
ഉത്സവമേളങ്ങളുടെ തിമിര്‍പ്പുകള്‍ ;
കൊതിയൂറുന്ന മാമ്പഴത്തിന്റെ മണം, രുചി ;
തണല്‍തേടാനുഴറുന്ന മദ്ധ്യാഹ്നങ്ങള്‍‌ ;
ആലസ്യമധുരിമയാര്‍ന്ന സായാഹ്നങ്ങള്‍ ;
മനസ്സിലും, ശരീരത്തിലും
സ്വേദകണങ്ങളുയര്‍ത്തുന്ന രാത്രികള്‍ ...
എല്ലാം മതിയാക്കുന്നു.
ഇനി, ഞാനിറങ്ങട്ടെ..
ചിങ്ങമെത്തുമ്പൊഴും,
ഒന്നു പുറത്തിറങ്ങാനാവാത്ത
“ഈ നശിച്ച മഴ“
എന്നു പറയേണ്ടിവരുമ്പോഴെങ്കിലും
നിങ്ങള്‍ എന്നെയോര്‍ക്കും..
അതു വരെ..