Tuesday, July 19, 2011

കേഴുന്ന നീലാംബരി.

--------------------
ഞാനാരോടുരചെയ്തിടേണ്ടു ഹൃദയാകാശത്തിനങ്ങേത്തല-
യ്കായ്‌ നീറിപ്പുകമൂടിടുന്ന ചെറുതാം മേഘങ്ങള്‍തന്‍ വേദന
താനേപെയ്തുനിറഞ്ഞുലഞ്ഞൊഴിയുവാന്‍‌ തെല്ലൊന്നു മോഹിപ്പതി-
ന്നാണോയെന്നറിയുന്നതില്ലയിടയില്‍ ജ്യോതിസ്സുകള്‍ കാണ്മതും ?

ഓരോ മോഹമുയര്‍ന്നിടുന്ന സമയത്താരോമലാളിന്‍ മൊഴി-
ത്താരോര്‍‌മ്മിച്ചു വൃഥാ മനോവ്യഥയില്‍ ഞാന്‍ മുങ്ങിത്തുടിക്കുമ്പൊഴും
ആരോ ജാലകവാതിലിന്നുപിറകില്‍‌ നിന്നെന്റെപേരും വിളി-
ച്ചീരോമാഞ്ചമുയര്‍ത്തിടുന്നു, കുളിരേറ്റാലെന്നപോലോമനേ !

താരാകാന്തിയൊടെന്റെമുന്നില്‍ നിറവായ് നീ വന്നൊരാവേളയില്‍
തീരാദാഹമുയര്‍ന്നു, നിന്റെ ‌കവിളില്‍‌ ചുണ്ടൊന്നു ചേര്‍ത്തീടുവാന്‍‌‌ ...
ആരാവന്നു പകര്‍ന്നു തന്നു, മധുര സ്വപ്നങ്ങളില്‍ കണ്ടതാ-
മാരോമാഞ്ചമുയര്‍ത്തിടുന്ന വിടരാ മൊട്ടിന്റെ സൌഗന്ധവും..

ചൂടാനന്നുകഴിഞ്ഞതില്ല കനിവാര്‍‌ന്ന‌ര്‍പ്പിച്ചൊരച്ചമ്പകം‌
വാടാതിന്നുമിരിക്കയാണു നിറസൌരഭ്യത്തൊടെന്‍‌നെഞ്ചിലായ്‌
ആടാനാവണിയെത്തി, കാല്‍‌ത്തള കിലുങ്ങീടുന്ന നേരത്തു ഞാന്‍
പാടാനോര്‍ത്തു, മറന്നുപിന്നെ, കരളില്‍ കേഴുന്നു‌ നീലാംബരി..

No comments:

Post a Comment