Friday, December 19, 2008

സുഹൃത്തിനോട്‌..

തന്ത്രികള്‍പൊട്ടി, നാദം നിലച്ച വെറുമൊരു
തമ്പുരു, യിനിയെന്നില്‍ രാഗങ്ങളുയരില്ല.
തങ്കക്കിനാക്കള്‍ എന്നേ പടിയിറങ്ങിപ്പോയോ-
രങ്കണമിതിലാരും വിരുന്ന് വരാനില്ല.

ഏകനായ്‌, വടക്കിനിക്കോലായിലിരിയ്ക്കവേ
ശോകമെന്‍സ്വന്തം, ബന്ധുവായിയെന്‍ മിഴിനീരും.
മൂവന്തിനേരത്തന്ന് മഞ്ഞലക്കുളിര്‍പോലെ
നീവന്നു, നിലാവിന്റെ നനുത്ത ചിറകേറി.

എന്നില്‍നീ നിറഞ്ഞല്ലോ സാന്ത്വനസ്പര്‍ശംപോലെ;
എന്നുള്ളിലുയര്‍ന്നല്ലോ സിന്ധുഭൈരവീരാഗം.
അന്നോളമറിയാത്തോരഭൗമസുഹൃദ്ബന്ധം
തന്നു നീ, സഖേ, നിന്നെയൊന്ന് ഞാന്‍ നമിച്ചോട്ടെ!

4 comments:

  1. ഒരു ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവാണല്ലോ....നന്നായിട്ടുണ്ട്‌.....നാദം നിലച്ച തമ്പുരുവില്‍ സ്വരങ്ങളായ്‌ നിറഞ്ഞ സുഹൃത്തിനെ ഞാനും നമിയ്ക്കുന്നു......ആശംസകള്‍....

    ReplyDelete
  2. സുഹൃത്തിനോട് പറഞ്ഞതത്രയും ഇഷ്ടമായി.
    നാദം നിലച്ച തമ്പുരുവിൽ രാഗങ്ങളുയർന്നില്ലെങ്കിലെന്ത്?
    അക്ഷര നക്ഷത്രങ്ങളിൽ ഇത്ര മനോഹരമായി വരികൾ കോർത്തിടാൻ കഴിയുമെങ്കിൽ..
    ഏത് നാദവും, ഏത് താളവും ഉയരും...

    ആശംസകളോടെ
    നരിക്കുന്നൻ

    ReplyDelete
  3. മയില്‍പ്പീലിയോടും, നരിക്കുന്നനോടും നന്ദിപറയുന്നു..

    ReplyDelete