(തീവണ്ടി ഗതാഗതം ആകെ തകരാറിലായതിനാല്‍ ഇന്ന്
ഉച്ചയ്ക്കൊന്നരയ്ക് തിരുവല്ലയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള
ഒരു സൂപ്പര്‍ഫാസ്റ്റ് ബസ്സിലിരിയ്കവേ ഉള്ളിലോര്‍ത്തു...
മൂന്നു മണിക്കൂര്‍കൊണ്ടു നാലു ക്ഷേത്രങ്ങളുടെ മുന്നിലൂടെ
കടന്നുപോകുന്നു..ഏറ്റുമാനൂര്‍,കടുത്തുരുത്തി, വൈക്കം,പിന്നെ
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയേശന്‍.. ബസ്സിലിരുന്നൊരു
കടലാസുതുണ്ടിലെഴുതിയ ഈ വരികള്‍, വൈക്കത്തപ്പന്റെ
മുന്നിലൂടെ കടന്നു പോകവേ മനസ്സില്‍ വൈക്കത്തപ്പനെ
സ്മരിച്ച് സമര്‍പ്പിച്ചു)
എപ്പോഴുമെന്‍കൂടെയുണ്ടാവണേ വൈക്ക-
ത്തപ്പാ, തൊഴുന്നേന്‍ കരങ്ങള്‍കൂപ്പി
തൃപ്പാദപൂജയ്ക്കു വന്നൊരെന്‍ദു:ഖങ്ങ-
ളപ്പാടെ ഗൗരീശ, നീക്കണം നീ
തിന്മതന്‍ കാളകൂടത്തെയെടുത്തു നീ
എന്മനം ശുദ്ധമായ് തീര്‍ത്തീടണം
ജന്മ ജന്മാന്തര പാപങ്ങള്‍ മാറ്റി നീ
സന്മനോഭാവം നിറച്ചീടണം
എന്നില്‍ കുബുദ്ധികള്‍ തോന്നുമ്പോഴൊക്കെയും
എന്നെ നീ നേര്‍വഴി കാട്ടീടണം
മിന്നുന്ന പഞ്ചാക്ഷരീ മന്ത്രമായി നീ
എന്നുമെന്നുള്ളില്‍ വിളങ്ങീടണം
Saturday, June 23, 2007
Thursday, June 21, 2007
നിറമുള്ള നാഴികകള്‍
അഴകിനെത്തൊടുകുറി യണിയിച്ചപോലെന്റെ
യരികിലാരോമലാള്‍ വന്നണഞ്ഞൂ
മിഴിയിണയില്‍ ഞാന്‍ പണ്ടു ചൊന്നകളിവാക്കുകള്‍
മിഴിവോടെ മിന്നി ത്തെളിഞ്ഞുനിന്നൂ
ഒരുനിലാച്ചിരിയുടെ കുളിരലച്ചാര്‍ത്തില്‍ ഞാന്‍
അറിയാതെയൊഴുകി നീന്തുന്ന നേരം
അരുകിലിരുകരകളിലുമപ്സരസ്സായിരം
നറുമലരുകളെന്‍ നേര്‍ക്കെറിഞ്ഞിരുന്നൂ
അകലെ നിലാവ്; പാടുന്നരാപ്പക്ഷികള്‍;
അരികത്തു ചിരിതൂകി നീയും നില്‍കേ
അറിയുന്നൂ; നേരം വെളുക്കുവാനിനിയെത്ര
നിറമുള്ള നാഴികകള്‍ ബാക്കിയുണ്ട്?
ഭാഗ്യം!
മുഴുവനായ് വിടരാത്തൊരീമുകുളങ്ങളെ
തഴുകുവാന്‍, മൃദുവായി മുകരാന്‍
അഴിയുന്ന കാര്‍കൂന്തല്‍കെട്ടിനെ വിരലിനാല്‍
ഉഴിയുവാന്‍; ഒന്ന് ചുംബിക്കാന്‍
കവിളത്തു പണ്ട് ഞാനെന്നോകുറിച്ചിട്ട
കവിതകള്‍ വിരലിനാല്‍ മായ്കാന്‍
പൊടിയുന്ന വേര്‍പ്പിനെ നെറ്റിയില്‍നിന്നെന്റെ
ചൊടികളാലൊപ്പിയെടുക്കാന്‍
പടരുന്നവള്ളിപോലുള്ളൊരാശ്ലേഷത്താല്‍
പിടയുവാന്‍; എല്ലാം മറക്കാന്‍
ഇതിനിടെ, ശ്വാസം നിലച്ചുപോയീടിലും
അതുമൊരു ഭാഗ്യമായ് കരുതും!
Sunday, June 10, 2007
കരിനാഗങ്ങള്‍
ഇരുളില്‍കണ്‍കള്‍തുറന്നു ഞാന്‍ കിട
ന്നുരുകീ നിദ്രയുണര്‍ന്നരാത്രിയില്‍
കരിനാഗങ്ങള്‍ കിനാവില്‍വന്നിഴ-
ഞ്ഞരികത്തൂടെ; വിയര്‍ത്തുപോയ് ഞാന്‍
ഇടതിങ്ങി മരങ്ങളും;കുറേ
ചെടിയും, പേരറിയാത്ത വള്ളിയും
നെടുകെപൊട്ടിയ കല്‍ത്തറയുടെ
പടവില്‍ ചിതറിയ കെട്ടതിരികളും
ഒഴുകും കുട്ടികള്‍ ഞങ്ങള്‍ വേനലിന്‍
ഒഴിവില്‍,മാതൃഗൃഹത്തിലെത്തുവാന്‍
ഒഴിവാക്കുകയില്ല,തൊടിയിലെ-
വഴികള്‍,കേളികളാടിയോടുവാന്‍
വിറയാര്‍ന്നപദങ്ങളോടെയാ-
ചെറുകാവിന്റെയകത്തൊളിയ്ക്കവേ
അറിയാതന്നു മനസ്സില്‍കേറിയോ
ഉരഗങ്ങളിഴഞ്ഞ പാടുകള്‍?
Friday, June 8, 2007
ചെമ്പരത്തി
(ആരാധ്യനായ ശങ്കരക്കുറുപ്പുമാഷിന്റെ "സൂര്യകാന്തി"യോട്
ആശയപരമായ കടപ്പാട് ആദ്യമേ അറിയിക്കട്ടെ.
സൂര്യകാന്തിയുടെ പ്രേമം സൂര്യനറിയുന്നില്ല. എന്നാല്‍,
സൂര്യനു തന്നോട് പ്രേമമാണെന്നു എന്റെ ചെമ്പരത്തി
ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതുതന്നെയാണു
ഇവര്‍ തമ്മിലുള്ള വ്യത്യാസവും)
ഇരുളിന്റെകയങ്ങള്‍നീക്കുവാ-
നുരുളുംതേരിലിറങ്ങിടും, ഭവാന്‍
ഒരുനോട്ടമൊളിച്ചു നല്‍കുമീ
ചെറുപൂവിന്നു; വിടര്‍ന്ന നാള്‍മുതല്‍
അറിയേണ്ട; യസൂയമൂത്തിടും
കുറെയേറേ ജനമുണ്ടു ചുറ്റിലും
വെറുതേ ചെറുകാരണങ്ങളാല്‍
ചൊറിയുംനാവിനു വിഷയമാകണോ
ഇനിനാളെ കൊഴിഞ്ഞുവീഴ്കിലും
മനസ്സിന്നുള്ളിലെ മൃദുലതന്ത്രിയില്‍
മണിനാദമുയര്‍ത്തിയോരുനിന്‍
അനുരാഗത്തെ മറക്കുകില്ല ഞാന്‍
ആശയപരമായ കടപ്പാട് ആദ്യമേ അറിയിക്കട്ടെ.
സൂര്യകാന്തിയുടെ പ്രേമം സൂര്യനറിയുന്നില്ല. എന്നാല്‍,
സൂര്യനു തന്നോട് പ്രേമമാണെന്നു എന്റെ ചെമ്പരത്തി
ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതുതന്നെയാണു
ഇവര്‍ തമ്മിലുള്ള വ്യത്യാസവും)
ഇരുളിന്റെകയങ്ങള്‍നീക്കുവാ-
നുരുളുംതേരിലിറങ്ങിടും, ഭവാന്‍
ഒരുനോട്ടമൊളിച്ചു നല്‍കുമീ
ചെറുപൂവിന്നു; വിടര്‍ന്ന നാള്‍മുതല്‍
അറിയേണ്ട; യസൂയമൂത്തിടും
കുറെയേറേ ജനമുണ്ടു ചുറ്റിലും
വെറുതേ ചെറുകാരണങ്ങളാല്‍
ചൊറിയുംനാവിനു വിഷയമാകണോ
ഇനിനാളെ കൊഴിഞ്ഞുവീഴ്കിലും
മനസ്സിന്നുള്ളിലെ മൃദുലതന്ത്രിയില്‍
മണിനാദമുയര്‍ത്തിയോരുനിന്‍
അനുരാഗത്തെ മറക്കുകില്ല ഞാന്‍
Monday, June 4, 2007
കാവിലെ നെയ്‌ത്തിരി
കാവിലെ ഏഴിലംപാലച്ചുവട്ടിലൊ-
രാവണിമാസ ത്രിസന്ധ്യനേരം
നീവന്നു;കയ്യില്‍ ചിരാതുമായ് കണ്‍കളില്‍
പൂവിട്ട പൊന്നിന്‍ കിനാക്കളുമായ്
ഇറ്റിറ്റുവീണിരുന്നൂ ജലബിന്ദുക്കള്‍
കെട്ടിയിടാത്ത മുടിയില്‍ നിന്നും
ഒട്ടൊരു സംഭ്രമത്തോടെയല്ലോ നിന്നെ
തൊട്ടതും, കെട്ടിപ്പുണര്‍ന്നതും ഞാന്‍
കാവില്ല; പാലയുമില്ലിന്ന്, ദീപവും
പൂവിടാന്‍ പൊന്‍കിനാവൊട്ടുമില്ല
ഓര്‍മയിലുണ്ട്; ജ്വലിക്കും മിഴികളും
ഈറന്‍മുടിയും, നനഞ്ഞ ചുണ്ടും
Friday, June 1, 2007
ശീര്‍ഷകമിടാത്തതും മുഴുമിക്കാത്തതുമായ കുറെ വരികള്‍
1.)
എഴുതാനും, എഴുതിയതപ്പാടെമായ്കാനും
എഴുതാതിരിയ്കാനും കഴിയുമിന്ന്
മഴപെയ്തുപോയപോല്‍ കവിതകളിനിയെന്നില്‍
ഒഴുകുകില്ലെങ്കില്‍, കരഞ്ഞുപോം ഞാന്‍
2.)
തൊഴുകൈകളോടെ ഞാന്‍ ഒരപേക്ഷചൊല്ലട്ടെ
മഴുവുമായെത്തുന്ന വിറകുകാരാ
ഒഴിവാക്കൂ, മുകളിലെശിഖരങ്ങള്‍ പാടുന്ന
കിളികള്‍ക്കിരിയ്കാനും, ചേക്കേറാനും
3.)
എന്തിനാണെന്നറിയില്ലെന്‍മനോവീണ
പന്തുവരാളിയിലീണങ്ങള്‍മൂളുന്നു
വെന്തെരിയുംവിരഹത്തിന്റെചൂടില്‍ ഞാന്‍
നൊന്തുരുകുന്നൊരീയേകാന്തവേളയില്‍
4.)
ഒരുപിടിദു:ഖത്തിന്‍ അവിലുമായ് ഞാനെത്തീ
ഗുരുവായൂരിലെകണ്ണാ
ഇരുകൈയ്യുമുയര്‍ത്തി ഞാന്‍ തൊഴുന്നേന്‍ നിന്‍കരുണാര്‍ദ്ര
തിരുമിഴിയെന്നില്‍ പതിയേണമേ
എഴുതാനും, എഴുതിയതപ്പാടെമായ്കാനും
എഴുതാതിരിയ്കാനും കഴിയുമിന്ന്
മഴപെയ്തുപോയപോല്‍ കവിതകളിനിയെന്നില്‍
ഒഴുകുകില്ലെങ്കില്‍, കരഞ്ഞുപോം ഞാന്‍
2.)
തൊഴുകൈകളോടെ ഞാന്‍ ഒരപേക്ഷചൊല്ലട്ടെ
മഴുവുമായെത്തുന്ന വിറകുകാരാ
ഒഴിവാക്കൂ, മുകളിലെശിഖരങ്ങള്‍ പാടുന്ന
കിളികള്‍ക്കിരിയ്കാനും, ചേക്കേറാനും
3.)
എന്തിനാണെന്നറിയില്ലെന്‍മനോവീണ
പന്തുവരാളിയിലീണങ്ങള്‍മൂളുന്നു
വെന്തെരിയുംവിരഹത്തിന്റെചൂടില്‍ ഞാന്‍
നൊന്തുരുകുന്നൊരീയേകാന്തവേളയില്‍
4.)
ഒരുപിടിദു:ഖത്തിന്‍ അവിലുമായ് ഞാനെത്തീ
ഗുരുവായൂരിലെകണ്ണാ
ഇരുകൈയ്യുമുയര്‍ത്തി ഞാന്‍ തൊഴുന്നേന്‍ നിന്‍കരുണാര്‍ദ്ര
തിരുമിഴിയെന്നില്‍ പതിയേണമേ
Subscribe to:
Posts (Atom)

