Sunday, January 20, 2008

റാണി..


വെട്ടിത്തിളങ്ങുന്നൊരീവെളിച്ചം, സഖി
പൊട്ടിച്ചിരിച്ചത്‌ മൂലമാണോ?
പെട്ടെന്നിരുട്ടായവളുടെ കാര്‍കൂന്തല്‍-
ക്കെട്ടെന്‍ മുഖത്തേയ്ക്കഴിഞ്ഞു വീണോ?

കെട്ടിപ്പിടിച്ചിങ്ങു നില്‍ക്കുമ്പോള്‍ താമര-
മൊട്ടെന്റെ നെഞ്ചത്തമര്‍ന്നിരുന്നോ?
ഞെട്ടറ്റുവീണൊരു പൂപോലെയെന്‍മടി-
ത്തട്ടില്‍, വിവശ തളര്‍ന്ന് വീണോ?

മീട്ടാത്ത തമ്പുരു, കേള്‍ക്കാത്ത പാട്ടിവള്‍
തൊട്ടാലുടയുന്ന നീര്‍ക്കുമിള
നഷ്ടപ്പെടുത്താനൊരുക്കമല്ലെന്‍ മന-
ക്കൊട്ടാരക്കെട്ടിലെ റാണിയിവള്‍!


Thursday, January 17, 2008

ആശ തീരുന്നില്ല


നിന്‍വിരിമാറിലമര്‍ന്നുകിടന്നെന്റെ
മുന്തിരിച്ചുണ്ടുകള്‍ നിന്‍നേര്‍ക്കുയര്‍ത്തവേ
നിന്‍കണ്‍കളാര്‍ദ്രമാവുന്നതും, കൈകളെന്‍
പൊന്‍മേനി നിന്നിലേയ്ക്കാഞ്ഞുചേര്‍ക്കുന്നതും


തീരങ്ങളില്ലാത്തൊരാഴക്കടലിന്റെ
കൂരിരുള്‍തിങ്ങുമഗാധതലങ്ങളില്‍
ഭാരമില്ലാത്തോരവസ്ഥയില്‍ നാം രണ്ടു-
പേരുമന്യോന്യം നിറഞ്ഞു പൊലിഞ്ഞതും

എത്രവട്ടം മനസ്സിന്‍തിരശ്ശീലയീ
ചിത്രങ്ങള്‍ മങ്ങാതെ കാണിയ്ക്കുമെങ്കിലും
എത്രലഭിച്ചാലുമാശതീരില്ലെനി-
യ്കത്രയ്ക്കഗാധമായ്‌ നിന്നെ സ്നേഹിപ്പു ഞാന്‍


Tuesday, January 15, 2008

ഹലോ..


ബെല്ലൊന്നടിച്ചയുടനേയെടുത്തു ഞാന്‍
സെല്ലിലെ നമ്പറില്‍ നോക്കി
തെല്ലും പരിചയമില്ലാത്തൊരീനമ്പര്‍
വല്ല റോംഗ്‌ നമ്പറുമാകാം.

മന്ദമായ്‌ ചൊല്ലീ"ഹലോ" അതിന്നുത്തരം
സ്പന്ദങ്ങളായെന്റെ കാതില്‍
ചന്ദനഗന്ധമൊഴുകീ, മനസ്സില്‍ര-
ണ്ടിന്ദീവരങ്ങള്‍ വിരിഞ്ഞൂ..

'എന്നെ മറന്നുവല്ലേ, ഞാന്‍മറന്നിട്ടി-
ല്ലെ'ന്നായിരുന്നാദ്യ വാക്യം
പിന്നെ, സ്ഥല കാലമെല്ലാമലിയവേ
നിന്നിലലിഞ്ഞൂ, ഈ ഞാനും..



Monday, January 14, 2008

ഗുരുവായൂര്‍..13-01-08


കണ്ണാ, ഞാന്‍ മുന്നില്‍ തൊഴുതുനില്‍പൂ കട-
ക്കണ്ണു നീ യെന്‍നേര്‍ക്ക്‌ നീട്ടിടേണം
വെണ്ണയില്ലെന്‍കയ്യില്‍ നേദിയ്ക്കാനീവെറും
മണ്ണായൊരെന്റെ ശരീരമന്യേ

ചൂടിയ്ക്കുവാന്‍ ഞാനൊരുതുളസീമാല
കൂടെക്കരുതിയിരുന്നത്‌ നെഞ്ചിലെ
ചൂടുമെന്‍കണ്ണീരിനുപ്പും കലര്‍ന്നിതാ
വാടാന്‍തുടങ്ങീ, കനിയുകില്ലേ?

എത്ര തൊഴുതാലും തൃപ്തിയാവില്ലെനി-
യ്കെത്ര ജന്മങ്ങളും ഞാനെടുക്കാമതി-
ന്നത്രമേലെന്നില്‍ പതിഞ്ഞൊരു രൂപമെന്‍
ചിത്തത്തില്‍ നിന്ന് മായില്ല, കണ്ണാ..



Saturday, January 12, 2008

ഓര്‍മ്മ


എന്നെത്തിരഞ്ഞെത്തുമേതോ ശരത്‌കാല-
വന്യമേഘങ്ങള്‍ പതുക്കെനീങ്ങുന്നതിന്‍
പിന്നിലായ്‌ നിന്ന് ചിരിയ്ക്കുന്ന തിങ്കളി-
ന്നെന്നോര്‍മ്മയില്‍ നിന്‍മുഖം തെളിയിക്കുന്നൂ

ഉള്ളിലെസ്നേഹമുരുകുംവരേയ്ക്കുനീ
പൊള്ളുന്നൊരായിരം ചുംബനം കൊണ്ടെന്റെ
തെല്ലു വിറയാര്‍ന്ന ദേഹത്തിലാകെ തേന്‍-
മുല്ലമലര്‍വള്ളി പോലെ പടര്‍ന്നതും

പിന്നെ, യേതോപേരറിയാത്ത തീരത്ത്‌
തെന്നിപ്പറന്ന് നടന്നതു, മെപ്പൊഴോ
അന്യരെപ്പോലെയകന്നതുമൊക്കെ ഞാ-
നിന്നുമോര്‍മ്മിയ്ക്കുന്നൂ, നെഞ്ചകം നീറുന്നൂ..


Tuesday, January 8, 2008

ആരാധകന്‍

ഒരുമാത്രനിന്‍നീലനയനങ്ങളെന്‍നേര്‍ക്ക്‌
വിരിയവേ, മനസ്സിന്‍ നിഗൂഢതല്‍പങ്ങളില്‍
നിറവാര്‍ന്നൊരായിരം പ്രണയാര്‍ദ്രഗീതങ്ങള്‍
ചിറകടിച്ചുയരുന്നൂ; യമുനയായൊഴുകുന്നൂ

ഒരുമന്ദഹാസത്തില്‍ കവിളില്‍വിരിയുന്ന
ചെറുനുണക്കുഴികള്‍തന്‍ കാണാക്കയങ്ങളില്‍
ഒരുവേള മുങ്ങിത്തുടിച്ചെങ്കില്‍ എന്നുള്ളില്‍
അറിയാതൊരാഗ്രഹം അലയടിച്ചുയരുന്നൂ

മണിമുത്ത്ചിതറുന്നധ്വനിപോലെ വാക്കുകേ-
ട്ടുണരുന്നവേളയില്‍, അകലെയാരോഹൃദയ-
മണിവീണമീട്ടുന്ന സ്വരജതികളില്‍ മുങ്ങി-
യണയുന്നൊരാരാധകന്‍മാത്രമിന്നു ഞാന്‍

Friday, January 4, 2008

ദലമര്‍മ്മരങ്ങള്‍


യാത്രചോദിയ്ക്കവേയോമനേ, നിന്‍ നീല-
നേത്രങ്ങളില്‍ നീര്‍ നിറഞ്ഞിരിന്നോ?
അത്രമേലിഷ്ടപ്പെടേണ്ടായിരുന്നു നാ-
മെത്രയായാലും അകലേണ്ടവര്‍.

ഇന്നീവഴിയമ്പലം ഞാനുപേക്ഷിച്ച്‌
നിന്നെയും വിട്ടകലേപോകിലും
എന്നുമുണ്ടാവുമെന്‍ ബോധമനസ്സിതില്‍
പൊന്നിന്‍ കൊലുസ്സിട്ടൊരീദിനങ്ങള്‍

കാര്‍മുകില്‍ക്കൂട്ടങ്ങളാകാശവീഥിയില്‍
ഓര്‍മ്മയിലേതോ ശിവരഞ്ജിനി
കര്‍മ്മബന്ധങ്ങള്‍ കുരുക്കഴിഞ്ഞൂ; ദല-
മര്‍മ്മരങ്ങള്‍പോലടര്‍ന്നു വീണൂ