Tuesday, January 8, 2008

ആരാധകന്‍

ഒരുമാത്രനിന്‍നീലനയനങ്ങളെന്‍നേര്‍ക്ക്‌
വിരിയവേ, മനസ്സിന്‍ നിഗൂഢതല്‍പങ്ങളില്‍
നിറവാര്‍ന്നൊരായിരം പ്രണയാര്‍ദ്രഗീതങ്ങള്‍
ചിറകടിച്ചുയരുന്നൂ; യമുനയായൊഴുകുന്നൂ

ഒരുമന്ദഹാസത്തില്‍ കവിളില്‍വിരിയുന്ന
ചെറുനുണക്കുഴികള്‍തന്‍ കാണാക്കയങ്ങളില്‍
ഒരുവേള മുങ്ങിത്തുടിച്ചെങ്കില്‍ എന്നുള്ളില്‍
അറിയാതൊരാഗ്രഹം അലയടിച്ചുയരുന്നൂ

മണിമുത്ത്ചിതറുന്നധ്വനിപോലെ വാക്കുകേ-
ട്ടുണരുന്നവേളയില്‍, അകലെയാരോഹൃദയ-
മണിവീണമീട്ടുന്ന സ്വരജതികളില്‍ മുങ്ങി-
യണയുന്നൊരാരാധകന്‍മാത്രമിന്നു ഞാന്‍

5 comments:

  1. ഫസലിനോട് എന്റെ നന്ദി അറിയിക്കുന്നു.

    പ്രിയാ,
    ഹാവൂ..രക്ഷപ്പെട്ടു. ഇനിയെനിയ്ക്കു പേടിയ്ക്കാനില്ലാ. ഈ ഒരു കടമ്പ കടന്നുകിട്ടി...

    January 9, 2008 8:13 PM

    ReplyDelete
  2. മനോഹരമായ വരികള്‍.. ഹൃദ്യവും.. അഭിനനന്ദനങ്ങള്‍. ആദ്യമായിട്ടനു കണ്ടെത്തുന്നതു. ഞാനും കവിത കമ്പക്കാരന്‍ തന്നെ.
    പ്രണയാര്‍ദ്രഗീതങ്ങള്‍
    ചിറകടിച്ചുയരുന്നൂ; യമുനയായൊഴുകുന്നൂ

    ഒരുമന്ദഹാസത്തില്‍ കവിളില്‍വിരിയുന്ന
    ചെറുനുണക്കുഴികള്‍തന്‍ കാണാക്കയങ്ങളില്‍
    ഒരുവേള മുങ്ങിത്തുടിച്ചെങ്കില്‍ എന്നുള്ളില്‍
    അറിയാതൊരാഗ്രഹം അലയടിച്ചുയരുന്നൂ..... തുടര്‍ന്നും എഴുതുക. ആശംസകള്‍. കുഞ്ഞുബി

    ReplyDelete
  3. പ്രിയ കുഞുബി,
    താങ്കളുടെ ബ്ലോഗ് ഞാന്‍ നേരത്തെ കണ്ടിരുന്നു, ഡിസംബറില്‍. അതീവ ഹൃദ്യവും,ആത്മാര്‍ത്ഥത നിറഞതുമായ ആ വരികള്‍ അന്നേ എനിക്കിഷ്ടമായി. പുറമെ, ആ ബ്ലോഗിന്റെ ലേഅവുട്ടും എനിക്കൊരുപാടിഷ്ടമായി. ഞാനതിനൊരു കമന്റുമിട്ടു, താങ്കള്‍ക്ക് ഒരു മെയിലും അയച്ചിരുന്നു.
    ആശംസകള്‍ക്ക് നന്ദി. ഇനിയും ഇതുവഴി വരുവാനും, എന്റെ വരികള്‍ക്ക് കമന്റിടുവാനും ആഗ്രഹിയ്ക്കുന്നു; പ്രൊഫയിലുള്ള എന്റെ നമ്പറില്‍ വിളിച്ചിരുന്നെങ്കില്‍ എന്നാശിയ്ക്കുന്നു.(ഞാനും എറണാ‍കുളത്തുകാരന്‍‌തന്നെ)
    സ്നേഹത്തോടെ.

    ReplyDelete