തൊട്ടുമുന്നിലെ സീറ്റില്‍
മൊബെയിലും പിടിച്ചൊരു
കുട്ടിയുണ്ടിരിയ്ക്കുന്നു
പ്ലസ്‌ടൂവോ, ഫസ്റ്റ്ബീയേയോ
ഇട്ടിരിയ്ക്കുന്നതേതോ
സ്കൂളിന്റെ യൂണിഫോമും
കൂട്ടിനായടുത്തുണ്ടാ-
പ്രായത്തില്‍ വേറെയൊന്നും
ഇട്ടലയ്ക്കുന്നുണ്ടവള്‍
കണ്ണുകള്‍, ചുണ്ടും, നാവും
മറ്റവയവങ്ങള്‍ക്ക്
ഒട്ടുമില്ലനക്കവും
പൊട്ടിച്ചിരികള്‍ പിന്നെ
കൊഞ്ചലും, പരിഭവം-
മൊട്ടിടും ചിണുങ്ങലും..
ഭാഷണം തീരുന്നില്ല
ഉറ്റവരോടാവില്ലി-
മ്മട്ടുസംസാരം എന്നാല്‍
ചുറ്റുമന്യരുണ്ടെന്ന
ബോധമെങ്കിലും വേണ്ടേ ?
ഒട്ടുമത്ഭുതം വേണ്ടാ
'നാളത്തെ' പത്രത്തിലീ
കുട്ടീടെ പേരുംകാണാം
'പീഢന'ത്തിനുതാഴെ..
Tuesday, July 29, 2008
പ്രിയപ്പെട്ട ഋഷിയ്ക്ക്
(ഉണ്ട്, പ്രായമൊരല്‍പമധികമാ-
യുണ്ടതുകൊണ്ട് പേര്‍വിളിയ്ക്കട്ടെ, ഞാന്‍)
സിദ്ധിവേണം കവിതയെഴുതുവാന്‍.
ബുദ്ധിമുട്ടിയാല്‍ വാക്കുകള്‍ വന്നിടാ.
ശ്രദ്ധയോടെ വായിക്കുകിലഞ്ജലീ-
ബദ്ധരായ് നമ്മള്‍ കൈകൂപ്പിനിന്നിടും.
ഉണ്ടതഞ്ചെട്ടുപേര്‍ക്കതില്‍ താങ്കളു-
മുണ്ട് മുന്നില്‍; വായിക്കവേ തോന്നിടാ-
റുണ്ട് അത്ഭുതം, മോഹ, മതുപോലെ
രണ്ട് നാല് വരികളെഴുതുവാന്‍
അത്തിപ്പറ്റ, ബാലേന്ദുവും ഷാജിയും
കത്തിനില്‍ക്കുന്നൊരീകാവ്യ വേദിയെ
വൃത്ത, പ്രാസാലങ്കാരങ്ങളൊപ്പിച്ച്
വൃത്തികേടാക്കിയോ ഞാന്‍?, ക്ഷമിയ്ക്കുക..
എന്തതിശയം പുല്‍ക്കൊടിയേ സുഹൃദ്-
ബന്ധമേകാനരയാല്‍ ക്ഷണിയ്ക്കയോ?
എന്തറിയില്ലെനിക്കതിന്‍ അര്‍ഹത
എന്തുമാവട്ടെ, സമ്മതം ഹേ സഖേ!
Wednesday, July 23, 2008
കവിത. 23 ജൂലായ് 2008
ഇന്ന്, ഞാനെന്തായാലും എഴുതും കവിതയ-
തൊന്നാംതരമാണെന്ന് സമ്മതിക്കേണം നിങ്ങള്‍
ഇന്നലെ, തറ പറ തെറ്റാതെയെഴുതാത്തോര്‍
ഇന്ന് ഹാ! കാവ്യാകാശത്താരകള്‍! പ്രതിഭകള്‍!!
ഒത്തിരിശ്രമിച്ചൂ ഞാന്‍ നാടകം, പാട്ട്, പിന്നെ
ഇത്തിരി മിമിക്രിയും, കഥയും പെയിന്റിങ്ങും
എത്തിയില്ലൊരിടത്തും; സമ്മതിച്ചില്ലാ ജനം.
പത്തുപന്ത്രണ്ട്‌വരി എഴുതാനാണോ പണി?
വൃത്തമോ അലങ്കാരഭംഗിയോവേണ്ട; യാതോ-
രെത്തും പിടിയും കിട്ടാതാവണം വായിപ്പോര്‍ക്ക്
അര്‍ത്ഥമില്ലാത്ത കുറേ വാക്കുകള്‍ വേണം പിന്നെ-
യിത്തിരി പ്രേമം, ദു:ഖം, വിരഹം മേംപൊടിയ്ക്കായ്
ഒന്നാം വരിയില്‍
രണ്ട്,മൂന്ന് വാക്കുകള്‍ മതി.
പിന്നെ,
താഴോട്ട് താഴോ-
ട്ടെഴുതിപ്പോയീടേണം
ഒന്നിനും
തമ്മില്‍ ബന്ധം
ഒട്ടുമുണ്ടായിക്കൂടാ.
നന്നായി ശ്രമിച്ചീടില്‍
കവിത
ബഹുകേമം..
Tuesday, July 22, 2008
എ.ഡി.രാമചന്ദ്രന്‍.
ലക്ഷ്മണാ, വരൂ, ചാരത്തിരിയ്ക്കൂ; സീതാദേവി
ഭക്ഷണം പാകംചെയ്യാന്‍ ഇപ്പോള്‍ ഗമിച്ചേയുള്ളു
ഇക്ഷണം, നിനക്കെല്ലാമറിയാം, എങ്കില്‍പ്പോലും
ഇക്ഷിതിയിലെന്‍ ദു:ഖം വേറെയാരോടുചൊല്ലാന്‍.
കൊട്ടാരമതില്‍ക്കെട്ടില്‍ വളര്‍ന്ന ശിശുക്കള്‍നാം
എത്തിയതേതോകാട്ടില്‍, രാക്ഷസന്മാരെക്കൊല്ലാന്‍!
കിട്ടീ, മടങ്ങുംവഴി ക്ഷോണിപുത്രിയെ, പക്ഷേ
പട്ടമഹഷിയാക്കാന്‍ പറ്റിയില്ലതിന്‍മുമ്പേ
അഛന്റെ വാഗ്ദാനത്തിന്‍ മറവില്‍ കൈകേയിതന്‍
ഇഛയ്ക്കുവഴങ്ങി നാം ഇക്കാട്ടിലെത്തിച്ചേര്‍ന്നു.
സ്വഛമായ് ജീവിയ്ക്കുവാന്‍ കഴിയി'ല്ലവിടു'ന്നേല്‍-
പ്പിച്ചോരവതാരത്തിന്‍ ലക്ഷ്യം നിറവേറ്റേണം.
കൊല്ലേണമൊരുപാട് രാക്ഷസന്‍മാരെ, പിന്നെ
തള്ളേണമീദേവിയെ തനിയേ കാനനത്തില്‍
അല്ലല്‍, ഭാര്യാപുത്രാദി വിരഹം, സരയുവിന്‍
കല്ലോലജാലങ്ങളില്‍ ഒഴുകിത്തീരുംവരെ..
ലക്ഷ്മണാ, ഉറങ്ങുവാനാവില്ലയെനിക്കൊട്ടും.
പക്ഷിയമ്പേറ്റുവീഴ്കെ കരഞ്ഞ മുനിയ്ക്കിത്
പക്ഷേ, യറിയായ്കയോ?, അറിഞ്ഞിരിയ്ക്കാം, ഒരു-
പക്ഷേയതാവാം അത് 'രാമായണ'മായതും..
Thursday, July 17, 2008
ആദ്യദര്‍ശനം
എന്നാണ്‌നിന്നെ ഞാനാദ്യമായ് കണ്ടതെ-
ന്നിന്നുമോര്‍ക്കുന്നു ഞാന്‍; വര്‍ഷങ്ങളമ്പതാ-
യെന്നാലും നീയാണ് ജന്മങ്ങളായ് കാത്ത്
നിന്നൊരെന്‍ ആത്മസഖിയെന്നറിഞ്ഞതും.
കണ്ടു, ഞാനുത്സവപ്പന്തലിനപ്പുറ-
ത്തുണ്ടായിരുന്ന മരങ്ങളില്‍ ചങ്ങല
കൊണ്ട്ബന്ധിച്ച രണ്ടാനകളെ ചിരി-
കൊണ്ടുമയക്കാന്‍ ശ്രമിയ്ക്കുന്ന കുട്ടിയെ.
എട്ടുവയസ്സതോ, പത്തോ, പരിഷ്ക്കാര-
മൊട്ടുമില്ലാത്ത; കൊലുസ്സിട്ട; പാവാട-
യ്ക്കൊട്ടുമിണങ്ങാത്ത പട്ടുകുപ്പായവു-
മിട്ട്; വിടര്‍ന്നകണ്ണുള്ളൊരെന്‍ മുത്തിനെ.
മറ്റൊന്നുമോര്‍ക്കാതെ ഞാന്‍ ചെന്ന് കൈകളെ
കൂട്ടിപ്പിടിച്ചെന്നിലേയ്ക്കടുപ്പിയ്ക്കവേ,
പൊട്ടീ, കരിവള; നൊന്തുവോ? കണ്ണില്‍നി-
ന്നിറ്റുവീണൂ രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍.
ഒച്ചവെച്ചില്ല, തിരിച്ചറിഞ്ഞോ എന്റെ
സ്പര്‍ശം, മനസ്സില്‍ സ്മൃതികളുണര്‍ത്തിയോ?
കൊച്ചനുജത്തിവന്നോതിയിച്ചേച്ചിയെ
അഛനന്വേഷിപ്പതേറെസമയമായ്.
മുമ്പേനടന്നു; തിരിഞ്ഞുനോക്കാതെ നീ
അമ്പലമുറ്റത്ത്‌നിന്നുയരുന്ന പെ-
രുമ്പറ, എന്റെ ഹൃദയത്തുടിപ്പായി
ഒമ്പതാമുത്സവകേളീകലാശമായ്..
പിറന്നാളാശംസ..
കൂരിരുള്‍തിങ്ങുമെന്‍ജീവനില്‍പൂത്ത വെണ്‍-
താരകയാണ്, നീ 'ആത്മസഖീ'
ചാരുമുഖീ, നിനക്കീസുദിനത്തില്‍ ഞാന്‍
നേരുന്നു "ജന്മദിനാശംസകള്‍!"
Wednesday, July 16, 2008
കരിന്തിരി
കണ്ണുകള്‍ചേര്‍ത്തടച്ചാലുമറിവു ഞാന്‍
എന്നിലേയ്ക്കാഴ്‌ന്നിറങ്ങീടുമാ ദുര്‍ഗന്ധ
മെന്നും; മദ്യത്തിന്റെ, വായുടെ, ദേഹത്ത്
നിന്നൊലിച്ചീടുന്നൊരാ വിയര്‍പ്പിന്റെയും.
കണ്ണീരുവീണു നനഞ്ഞ തലയിണ
തന്നില്‍ മുഖംപൂഴ്ത്തി, തേങ്ങലടക്കവേ
പിന്നിലേയ്ക്കോടിയണയും മനസ്സൊരു
പൊന്നിന്‍കിനാവിന്റെ ശീതളഛായയില്‍
എന്നാണ്, ഞാന്‍തന്നെ നഷ്ടപ്പെടുത്തിയ-
തെന്നിലെയെന്നെ ? പകരമായ് കിട്ടിയ-
തെണ്ണമണക്കുന്നൊരീ മരുഭൂമിയോ ?
എന്നില്‍കരിന്തിരി ഗന്ധം നിറഞ്ഞുവോ ?
Subscribe to:
Posts (Atom)

