Tuesday, July 29, 2008

പ്രിയപ്പെട്ട ഋഷിയ്ക്ക്‌


(ഉണ്ട്‌, പ്രായമൊരല്‍പമധികമാ-
യുണ്ടതുകൊണ്ട്‌ പേര്‍വിളിയ്ക്കട്ടെ, ഞാന്‍)

സിദ്ധിവേണം കവിതയെഴുതുവാന്‍.
ബുദ്ധിമുട്ടിയാല്‍ വാക്കുകള്‍ വന്നിടാ.
ശ്രദ്ധയോടെ വായിക്കുകിലഞ്ജലീ-
ബദ്ധരായ്‌ നമ്മള്‍ കൈകൂപ്പിനിന്നിടും.

ഉണ്ടതഞ്ചെട്ടുപേര്‍ക്കതില്‍ താങ്കളു-
മുണ്ട്‌ മുന്നില്‍; വായിക്കവേ തോന്നിടാ-
റുണ്ട്‌ അത്ഭുതം, മോഹ, മതുപോലെ
രണ്ട്‌ നാല്‌ വരികളെഴുതുവാന്‍

അത്തിപ്പറ്റ, ബാലേന്ദുവും ഷാജിയും
കത്തിനില്‍ക്കുന്നൊരീകാവ്യ വേദിയെ
വൃത്ത, പ്രാസാലങ്കാരങ്ങളൊപ്പിച്ച്‌
വൃത്തികേടാക്കിയോ ഞാന്‍?, ക്ഷമിയ്ക്കുക..

എന്തതിശയം പുല്‍ക്കൊടിയേ സുഹൃദ്‌-
ബന്ധമേകാനരയാല്‍ ക്ഷണിയ്ക്കയോ?
എന്തറിയില്ലെനിക്കതിന്‍ അര്‍ഹത
എന്തുമാവട്ടെ, സമ്മതം ഹേ സഖേ!

3 comments:

  1. ഞാനും പലപ്പോഴും ശ്രമിക്കും കവിതയെഴുതാന്‍...നടന്നില്ല...ഒടുവില്‍ ഞാനും ഇതു തന്നെ മനസ്സിലാക്കി...അതിനൊക്കെ സിദ്ധി വേണം.

    സസ്നേഹം,

    ശിവ.

    ReplyDelete
  2. പ്രിയശിവാ,
    ഞാനുമെഴുതുന്നൂ. അത്രേ ഉള്ളൂ. ഇതത്ര ഉദാത്തമായ രചനകളാണെന്ന് എനിയ്ക്കും അഭിപ്രായമില്ല. സിദ്ധിയുള്ള കവികളെക്കാണണമെങ്കില്‍ “സൌപര്‍ണ്ണിക“ എന്ന കമ്മ്യൂണിറ്റിയില്‍ ഒന്ന് കേറിനോക്കൂ. കണ്ണഞ്ചിപ്പോകും. അത്തിപ്പറ്റ, ഋഷി, ബാലേന്ദു, ഷാജി, ദേവദാസ്... അനായാസവും, അത്ഭുതപ്പെടുത്തുന്നതുമായ രചനകളാണിവരുടേത്..

    ReplyDelete
  3. വെറുതെ കുത്തിവരക്കുന്ന
    വെറും വാക്കിനെ കാവ്യമായ്‌
    പറയാന്‍ പറ്റുകില്ലല്ലോ
    അറിവില്ലാത്തവനാണു ഞാന്‍

    *രവിയും ഷാജി ബാലേന്ദു
    ഇവരെന്റെ ഗുരുക്കളാം
    അവരോടൊപ്പമെത്തീടാന്‍
    ഇവനില്ലൊരു വൈഭവം

    പൊട്ടത്തരം വിളമ്പുന്ന
    കുട്ടിയാണിവനിപ്പോഴും
    കുട്ടന്‍സാറിന്റെയത്രയ്ക്കും
    പറ്റുകില്ല രചിയ്ക്കുവാന്‍

    ഇത്രയൊക്കെയുമെന്നാലു-
    മെത്ര തോഷിതനാണു ഞാന്‍
    മിത്രമായവര്‍ നല്‍കുന്ന-
    തത്രയും മതി ഭാഗ്യമായ്‌

    *അത്തിപ്പറ്റ രവി

    ReplyDelete