പുല്ലിന്റെ തണ്ടായിരുന്നുഞാന്‍, എന്നെ നീ
പുല്ലാങ്കുഴലാക്കി മാറ്റിയില്ലേ ?
മെല്ലെയൊഴുകുമുറവ എന്നെ വന-
കല്ലോലിനിയാക്കി മാറ്റിയില്ലേ ?
ഓര്‍ക്കുമ്പോളൊക്കെ നിന്‍ പേരുചൊല്ലീടുവാന്‍
വാക്കുകള്‍ നീയെനിയ്ക്കേകിയില്ലേ ?
നേര്‍ക്കുനേര്‍കണ്ടപ്പൊഴെന്നെ നിന്‍മാറോട്
ചേര്‍ക്കുവാനെന്നും കൊതിച്ചതില്ലേ ?
പിന്നെ, ഏതോസ്വപ്നലോകത്ത് നാംരണ്ടു-
മൊന്നായ് കവിതകള്‍ പാടിയില്ലേ ?
വിണ്ണിലെത്താരകള്‍ ചുറ്റും നിരന്നന്ന്
മിന്നി, ചുവടുകള്‍വച്ചതില്ലേ ?
ഇന്ന്, തകര്‍ന്നൊരുപുല്ലാങ്കുഴലു ഞാന്‍
ഇന്നൊഴുകുന്നില്ല കല്ലോലിനി
ഇന്നില്ല വാക്കുകള്‍, പാടാന്‍ കവിതകള്‍,
ഇന്നില്ല നീ; വിണ്ണില്‍, താരകളും..
Monday, July 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment