Friday, September 19, 2008

കുറ്റബോധം


അറിയാതെ കയറിപ്പെരുത്തോരു ലഹരിപോല്‍
അരുതാത്തൊരുസ്നേഹമുറവെടുത്തു
അറിയില്ല; ആരാണതാദ്യമായ്‌ ചൊല്ലിയ-
തൊരുപക്ഷേ നീയായിരുന്നിരിയ്ക്കാം

കരള്‍ പിന്നെ നൊന്തു; നിണമൊഴുകി; ഏതോ
കരിനാഗദംശനമേറ്റപോലെ
കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാ-
ത്തൊരുതോണിപോലെ മനസ്സലഞ്ഞു

എന്തോ ഒരാഭിചാരംചെയ്തു നീയെന്നില്‍.
എന്തായിരുന്നു നിന്‍ ഗൂഢലക്ഷ്യം?
വെന്തുരുകിപ്പുകഞ്ഞീടുമ്പൊഴൊക്കെയും
ചിന്തയില്‍ നിന്‍മുഖം മാത്രമാകാന്‍?

പനിമതിപോല്‍ നിന്നില്‍ പെയ്തപ്പൊഴൊക്കെയും
മനതാരില്‍ കുറ്റബോധം നിറഞ്ഞു.
കനിവാര്‍ന്ന് തിരികെത്തരൂ നീയെനിക്കെന്നെ
ഇനിയെങ്കിലും തരൂ ശാപമോക്ഷം.

Thursday, September 18, 2008

ജാലകം


ഞാനെന്‍ജനാലയില്‍ക്കൂടിനോക്കുംനേരം
കാണുന്ന കാഴ്ചകള്‍ വേറെയാണെപ്പൊഴും
ഞാനറിയുന്നില്ലിതെന്ത്‌കൊണ്ടാ ണെന്റെ
തോന്നലോ?, ജാലകത്തിന്‍ ഇന്ദ്രജാലമോ?

വേനല്‍പുറത്ത്‌ തിളയ്ക്കവേ നോക്കിയാല്‍
കാനനശീതളഛായ കാണായ്‌വരും
മിന്നലും, കാറ്റും, മഴയുമെങ്കില്‍ ജനല്‍
തെന്നല്‍ തഴുകുന്ന പൂവാടികാട്ടിടും

വഞ്ചിയ്ക്കുവാന്‍ കോപ്പ്‌ കൂട്ടുകാര്‍ കൂട്ടവേ
നെഞ്ചിലേറ്റും സുഹൃത്തുക്കള്‍ കാണായ്‌വരും
നെഞ്ചില്‍ നെരിപ്പോടെരിഞ്ഞ്‌ പുകയവേ
പുഞ്ചിരിപ്പൂനിലാവായ്‌ നിന്‍മുഖം വരും

പിന്നെ,എനിക്കത്‌ ശീലമായ്‌, ഈമുറി
തന്നിലൊറ്റയ്ക്കടച്ചിട്ടത്‌ കാരണം.
ജന്നലില്‍ക്കാണുന്നതല്ല, പുറത്തുള്ള-
തെന്നുറപ്പായി ഞാനിന്നറിഞ്ഞീടുന്നു.

Wednesday, September 17, 2008

എന്റെ കവിത.


വാക്കുകള്‍ പൂത്തുലഞ്ഞീടുമീ വാടിയില്‍
നോക്കുകുത്തി; എന്‍കവിത.
വാക്കുകള്‍ മാരിവില്‍തീര്‍ക്കുമീമാനത്ത്‌
കാക്കക്കറുപ്പെന്‍ കവിത.

ഒട്ടും നിറവും മണവുമില്ലാത്തൊരു
കാട്ടുപൂവാണെന്‍ കവിത.
മറ്റുകവിതകളോടൊത്തുനില്‍ക്കുവാന്‍
പറ്റാത്തതാണെന്‍ കവിത.

സാരോപദേശമോ, തീവ്രപ്രണയമോ
തീരെയില്ലാത്ത കവിത.
ആരുവായിക്കുന്നു; ഞാനെഴുതുന്നൊരീ
ആരാന്റെമുല്ലക്കവിത...

Thursday, September 11, 2008

മാവേലീ, ഇവിടേം വരണേ..


ഇന്നമ്മ, ജോലിതീര്‍ത്ത്‌ തെക്കെ മാളികവീട്ടില്‍-
നിന്ന്, ഞങ്ങള്‍ക്കുണ്ണാനായ്‌ പൊതിച്ചോര്‍ കൊണ്ടുവരും.
ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത വിഭവങ്ങള്‍
ഇന്നോണമല്ലേ; വയര്‍ നിറയെത്തിന്നാമല്ലോ

അച്ഛനിന്നലെവരാന്‍ വൈകിയിട്ടുണ്ടാമമ്മ-
യുച്ചത്തില്‍ കരഞ്ഞത്‌ കേട്ടു,ഞാനുറക്കത്തില്‍.
ഉച്ചയ്ക്ക്‌ തിന്നാന്‍ പഴംകഞ്ഞിയുണ്ടടുക്കളേല്‍
പച്ചവെള്ളവുംകൂട്ടി കുടിച്ചാല്‍ വിശക്കില്ല.

ഉള്ളതില്‍ പുതിയതു, മത്രയ്ക്കു കീറാതെയു-
മുള്ളകുപ്പായമിട്ടു; അനുജത്തിയും ഞാനും.
പള്ള കാലിയാണേലും പൂവിട്ടു; ബലിയെഴു-
ന്നള്ളിയിങ്ങെത്തീടുമ്പോള്‍ വരവേല്‍ക്കേണ്ടെ, നമ്മള്‍.?

പ്രിയപ്പെട്ട എന്റെ മോളൂ,

വന്നിട്ട്‌ മൂന്നാലുമാസമായെങ്കിലും
ഒന്നിനോടും നല്ലപോലെ പൊരുത്തമായ്‌-
ത്തീര്‍ന്നില്ല; ആകെ മടുപ്പ്‌തോന്നുന്നെന്റെ
പൊന്നേ, കരയരുതെന്നെയോര്‍ത്തിന്ന് നീ

ഓരോദിവസവും, ഓരോനിമിഷവും
ഓരോനിശ്വാസത്തിലും നിന്റെയോര്‍മ്മകള്‍..
പോരാഞ്ഞ്‌, നീയെന്നെ കെട്ടിപ്പിടിച്ചന്ന്
പോരാനിറങ്ങവേ കാതില്‍മൊഴിഞ്ഞതും..

എന്നാണ്‌ ഞാന്‍ തിരിച്ചെത്തിയെന്‍കൈകളാല്‍
പൊന്നിന്‍കുടത്തെയെന്‍മാറോട്ചേര്‍ത്തിട്ടാ-
കണ്ണില്‍നോക്കി,ചുണ്ടിലുമ്മവെയ്ക്കാന്‍ മോഹ-
മെന്നിലിരുന്ന് തുടിയ്ക്കയാണെപ്പൊഴും

Wednesday, September 3, 2008

എന്റെ ഓണം


മറവി, മാറാലതീര്‍ക്കുംമനസ്സില്‍ നേര്‍ത്ത
ചിറകുമായെത്തുന്ന തുമ്പിയാണോണം
നിറവ്‌, നറുംനിലാവായ്‌ചിരിയ്ക്കും ഞാറ്റു-
പുരയിലെ പുന്നെല്ലിന്‍ ഗന്ധമാണോണം

പൂക്കളമിട്ട്‌, മാവേലിയെത്തുന്നതും
നോക്കിനില്‍ക്കും മുഗ്ദ ബാല്യമാണോണം
പപ്പടം, പായസം, തുമ്പില; അച്ഛന്റെ-
യൊപ്പമിരുന്നുണ്ട സദ്യയാണോണം

നീര്‍ച്ചാലിന്‍പാട്‌ കവിളിലുള്ളമ്മതന്‍
നേര്‍ത്തൊരു തൂമന്ദഹാസമാണോണം
പുത്തനുടുപ്പിട്ട്‌ കൊഞ്ചിക്കുഴഞ്ഞാടി-
യെത്തുന്ന പൊന്നനുജത്തിയാണോണം

എത്തിയ്ക്കുവാനുള്ള രണ്ടറ്റവും തമ്മില്‍
എത്താതിരിയ്ക്കുമ്പോളെന്തിനിണോണം
കത്തിയൊടുങ്ങുമീ ജീവനില്‍ പൂക്കാല-
മെത്തീടുമെന്നുള്ളൊരാശയാണോണം !

(മധുസൂദനന്‍സാറിനോടുള്ള കടപ്പാട്‌
മറച്ചുവയ്ക്കുന്നില്ല...)

Tuesday, September 2, 2008

മകളേ, മറക്കല്ലേ


ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല

വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം

നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക്‌ നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം

തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും

വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും

ഒറ്റയ്ക്ക്‌ പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്‌
പറ്റുമോ, അന്നറിയില്ല.

ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...