Friday, September 19, 2008

കുറ്റബോധം


അറിയാതെ കയറിപ്പെരുത്തോരു ലഹരിപോല്‍
അരുതാത്തൊരുസ്നേഹമുറവെടുത്തു
അറിയില്ല; ആരാണതാദ്യമായ്‌ ചൊല്ലിയ-
തൊരുപക്ഷേ നീയായിരുന്നിരിയ്ക്കാം

കരള്‍ പിന്നെ നൊന്തു; നിണമൊഴുകി; ഏതോ
കരിനാഗദംശനമേറ്റപോലെ
കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാ-
ത്തൊരുതോണിപോലെ മനസ്സലഞ്ഞു

എന്തോ ഒരാഭിചാരംചെയ്തു നീയെന്നില്‍.
എന്തായിരുന്നു നിന്‍ ഗൂഢലക്ഷ്യം?
വെന്തുരുകിപ്പുകഞ്ഞീടുമ്പൊഴൊക്കെയും
ചിന്തയില്‍ നിന്‍മുഖം മാത്രമാകാന്‍?

പനിമതിപോല്‍ നിന്നില്‍ പെയ്തപ്പൊഴൊക്കെയും
മനതാരില്‍ കുറ്റബോധം നിറഞ്ഞു.
കനിവാര്‍ന്ന് തിരികെത്തരൂ നീയെനിക്കെന്നെ
ഇനിയെങ്കിലും തരൂ ശാപമോക്ഷം.

6 comments:

  1. ഉള്ള പാപം മുഴുവന്‍ ചെയ്ത് ഇപ്പോ ശാപമോക്ഷം വേണല്ലേ...

    “കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാ-
    ത്തൊരുതോണിപോലെ മനസ്സലഞ്ഞു“

    “കരകാണാക്കടലിന്‍ കയങ്ങളില്‍ തുഴയില്ലാത്തോണി പോലലിഞ്ഞു ചിത്തം”- അങ്ങനാക്ക്യാ നല്ല ഈണം തോന്നുന്നു... തെറ്റെങ്കില്‍ ക്ഷമി

    ReplyDelete
  2. തെറ്റാണു ചെയ്തത്‌ എന്ന തോന്നലുണ്ടാവുമ്പോഴാണ്‌ കുറ്റബോധമുണ്ടാകുന്നത്‌..എന്നിട്ടും തെറ്റുചെയ്യാതിരിയ്ക്കാനാവുന്നില്ല..ഓരോമനുഷ്യന്റേയും അവസ്ഥയാണിത്‌....നന്നായിട്ടുണ്ട്‌....

    ReplyDelete
  3. പോലലിഞ്ഞു
    ആയേനെ, പ്രിയാ.. മനസ്സ്, തോ‍ണിപോലെ ‘അലഞ്ഞു’. എന്റെ മനസ്സ് ‘അലിഞ്ഞി‘ല്ല..അത്രേ ഉള്ളൂ വ്യത്യാസം.
    നന്ദി, മയില്‍പ്പീലീ..
    “INCEST“ എന്നൊരു ഇംഗ്ലീഷ് പദമുണ്ട്. തത്ത്വില്ല്യ മലയാള പദം എനിക്കറിയില്ല. ആയതിനാലാണ് ‘കുറ്റബോധ‘മാക്കിയത്

    ReplyDelete
  4. കിട്ടി. ഒരു സുഹൃത്ത് പറഞ്ഞുതന്നു.
    “അഗമ്യഗമനം”

    ReplyDelete
  5. കിട്ടി. ഒരു സുഹൃത്ത് പറഞ്ഞുതന്നു.
    “അഗമ്യഗമനം”

    ReplyDelete
  6. njanithile pokunnu.orupaadu parayaan thonnunnathukond onnum mindaathe.

    ReplyDelete