Wednesday, September 3, 2008
എന്റെ ഓണം
മറവി, മാറാലതീര്‍ക്കുംമനസ്സില്‍ നേര്‍ത്ത
ചിറകുമായെത്തുന്ന തുമ്പിയാണോണം
നിറവ്, നറുംനിലാവായ്‌ചിരിയ്ക്കും ഞാറ്റു-
പുരയിലെ പുന്നെല്ലിന്‍ ഗന്ധമാണോണം
പൂക്കളമിട്ട്, മാവേലിയെത്തുന്നതും
നോക്കിനില്‍ക്കും മുഗ്ദ ബാല്യമാണോണം
പപ്പടം, പായസം, തുമ്പില; അച്ഛന്റെ-
യൊപ്പമിരുന്നുണ്ട സദ്യയാണോണം
നീര്‍ച്ചാലിന്‍പാട് കവിളിലുള്ളമ്മതന്‍
നേര്‍ത്തൊരു തൂമന്ദഹാസമാണോണം
പുത്തനുടുപ്പിട്ട് കൊഞ്ചിക്കുഴഞ്ഞാടി-
യെത്തുന്ന പൊന്നനുജത്തിയാണോണം
എത്തിയ്ക്കുവാനുള്ള രണ്ടറ്റവും തമ്മില്‍
എത്താതിരിയ്ക്കുമ്പോളെന്തിനിണോണം
കത്തിയൊടുങ്ങുമീ ജീവനില്‍ പൂക്കാല-
മെത്തീടുമെന്നുള്ളൊരാശയാണോണം !
(മധുസൂദനന്‍സാറിനോടുള്ള കടപ്പാട്
മറച്ചുവയ്ക്കുന്നില്ല...)
Subscribe to:
Post Comments (Atom)
മലയാളിയ്ക്ക് ഓര്‍മ്മകളിലാണിന്നോണം...ബാക്കിയെല്ലാം പായ്ക്കറ്റുകളില്‍കിട്ടും ഓണക്കോടിമുതല്‍ ഓണസദ്യവരെ എല്ലാം...എങ്കിലും ഐശ്വര്യവും സമ്പല്‍സമൃദ്‌ധിയും നിറഞ്ഞ ഓണാശംസകള്‍
ReplyDeleteവളരെ നന്നായിരിയ്ക്കുന്നു മാഷേ.
ReplyDeleteഓണാശംസകള്‍!
:)
മയില്പീലീ,ശ്രീ,
ReplyDeleteനന്ദി, യീരണ്ടക്ഷരങ്ങള്‍ക്കുമാവില്ല-
യിന്നെന്റെയുള്ളിലെ വിസ്മയം കാട്ടുവാന്‍!
This comment has been removed by the author.
ReplyDeleteകുട്ടേട്ടാ..അതീവഹൃദ്യം..
ReplyDeleteതാങ്കള്‍ക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ഞാനിത് കേരളക്ലിക്സില്‍ ഇടുന്നു..
കുട്ടേട്ടാ,
ReplyDeleteഓണം മധുരമായ ഗതകാലസ്മരണകളും
സ്വാന്തനമേകുന്ന പ്രത്യാശകളും നമ്മിലുളവാക്കുന്നു.
കവിത ഇഷ്ടമായി.
കേരളക്ലിക്സിലാണ് ആദ്യം കണ്ടത്.
http://www.flickr.com/groups/kearala_clicks/discuss/72157607008057473/
കുട്ടേട്ടനും കുടുംബത്തിനും ഓണാശംസകള്‍
കുട്ടേട്ടാ... കവിത നന്നായി.. ഹൃദ്യമായ അനുഭവം. ഇവിടുത്തെ ഓണവിശേഷങ്ങളിലാണ് കവിത കണ്ടത്... 14-)മത്തേ വരിയിലേത് ഒരു അക്ഷരം പിശകിയതാണോ..? “എത്താതിരിയ്ക്കുമ്പോളെന്തിനിന്നോണം” എന്നല്ലേ..?
ReplyDeleteസഞ്ജു,
ReplyDeleteഒരുപാട് നന്ദിയുണ്ട്, എനിക്കുനല്‍കിയ വിശേഷണത്തിനും, കവിത പോസ്റ്റ് ചെയ്തതിനും.
ജേപി,
താങ്കളെനിയ്ക്കേറെ പ്രിയപ്പെട്ടവന്‍. എന്ന്നെപ്പറ്റി നല്‍കിയ വിവരണത്തിന്..വാക്കുകളില്ല സുഹൃത്തേ...
സന്തോഷ്,
അതുതന്നെ. താങ്കള്‍ക്ക് തെറ്റിയിട്ടില്ല meeting the both ends എന്നാണുദ്ദേശ്യമാക്കിയത് എത്താതിരിയ്ക്കുമ്പോളെന്തിനിന്നോണം.. എന്നുതന്നെ.
എന്റെ ഹൃദയം നിറഞ്ഞ നന്ദി, എല്ലാവരോടും..