Tuesday, September 2, 2008

മകളേ, മറക്കല്ലേ


ഓര്‍ക്കണമച്ഛനിപ്പോള്‍ പറയുന്നൊരീ
വാക്കുകളെന്നും, മകളേ
നേര്‍ക്കുനേര്‍വന്ന് ചിരിച്ചുകാട്ടുന്നവ-
രൊക്കെ മനുഷ്യരാവില്ല

വല്ലാത്ത കാലമാണിപ്പോള്‍ മനസ്സുകള്‍-
ക്കുള്ളില്‍ മൃഗീയത മാത്രം
ഇല്ലിറ്റു സ്നേഹം, ദയ, ഭയഭക്തികള്‍
തെല്ലുമില്ലാ മനുഷ്യത്വം

നന്മ തിന്മാദികള്‍ വെവ്വേറെ കാണണം
ഉണ്മയും പൊയ്യുമേതെന്നും
അമ്മയും ഞാനും നിനക്ക്‌ നല്‍കീടുന്ന
ഉമ്മ, തിരിച്ചറിയേണം

തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
പെട്ടെന്നു നീ അറിയേണം
ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
റിട്ടര്‍ത്ഥം എന്തതിനെന്നും

വാക്കിനാല്‍ നോവിച്ചിടാ, മധുരിയ്ക്കുന്ന
വാക്കില്‍ മയങ്ങിവീഴല്ലേ
ഓര്‍ക്കേണമെപ്പൊഴും എന്തുചെയ്യുമ്പൊഴും
ആര്‍ക്കാണതില്‍ ചേതമെന്നും

ഒറ്റയ്ക്ക്‌ പോകണം നീ നിന്റെ പാതയില്‍
മറ്റൊരാളെത്തുംവരേയ്ക്കും
തെറ്റുകണ്ടാല്‍ തിരുത്തീടുവാനച്ഛന്‌
പറ്റുമോ, അന്നറിയില്ല.

ഓര്‍ക്കുക, അച്ഛനിപ്പോള്‍ നിന്നോടോതിയ
വക്കുകള്‍, എന്നും മകളേ...


5 comments:

  1. വളര്‍ന്നുവരുന്ന മകളുള്ള ഒരച്ഛന്റെ ഹൃദയത്തിന്റെ വേവലാതി അറിയുന്നു....

    അമ്മമനസ്സിലെ തീയ്ക്ക് ഇതില്‍ നിന്നും ചൂടുണ്ടാവും......

    നല്ല കവിത.

    ReplyDelete
  2. വളരെ നല്ല കവിത...പെണ്മക്കളുള്ള എല്ലാവരും സ്വന്തം ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന വേവലാതി...എത്രഉപദേശിച്ചാലും എവിടെയൊക്കെയോ പിഴയ്ക്കുന്നു..കിരാതന്മാര്‍ ആര്‍ത്തട്ടഹസിയ്ക്കുന്നു..പേടമാനുകള്‍ കൂരമ്പേറ്റു തളര്‍ന്നു വീഴുന്നു

    ReplyDelete
  3. ഗീതാഗീതികള്‍, മയില്‍‌പീലീ..
    പെണ്മക്കള്‍ ജനിയ്ക്കാതെപോയ എനിക്ക്, പെണ്മക്കളുള്ള ഓരോ അച്ഛന്റെയും ഇന്നത്തെ വേവുന്ന ഹൃദയത്തെ അറിയാം. ആരുടേയും കുറ്റമല്ല. കാലമതായിപ്പോയി...

    ReplyDelete
  4. ഈ കവിത വായിക്ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു തീ നെഞ്ചില്‍ പുകയുന്നു...

    മകളും അച്ഛ്നും തമ്മിലുള്ള ഒരെണ്ണം ഞാനുമെഴുതിയ്യിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ നോക്കൂ

    ReplyDelete
  5. തൊട്ടതാരെന്നും, അതെന്തിനായിട്ടെന്നും
    പെട്ടെന്നു നീ അറിയേണം
    ഏട്ടനോ, ഞാനോ തൊടുന്നതില്‍ നിന്നുവേ-
    റിട്ടര്‍ത്ഥം എന്തതിനെന്നും
    ========================
    കാലത്തെ ഉള്‍ക്കൊണ്ട കവിത...
    മകളോടുള്ള അച്ഛന്‍റെ സ്നേഹമാണെങ്കില്‍ കൂടി
    സ്വന്തം പിതാക്കളില്‍നിന്നുകൂടി വേദനകള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഇന്നിന്‍റെ ബാല്യത്തെ നാം മറക്കരുത്.
    കുഞ്ഞുങ്ങളെ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് നമ്മിലെ നിസ്വാര്‍ഥ സ്നേഹം പക്കര്‍ന്നുകൊടുക്കാനുള്ള ആഗ്രഹത്തെ നാം ദുഃഖത്തോടെ മറക്കേണ്ടിവരുന്നു.....അതുകിട്ടാതെ വളരുന്ന കുഞ്ഞുബാല്യത്തിന്‍റെ വേദനകളും ...

    ReplyDelete