Saturday, June 30, 2007
ആരുടേയോ മകന്‍
ആരുടേയോ മകനാണവന്‍;നൊമ്പരം
പേറുന്നൊരോര്‍മയായ്,പൊക്കിളറുത്തന്ന്
വേര്‍പെടുത്തുമ്പോള്‍ തുടിച്ച കരളിന്റെ
പേരറിയാത്തയിടങ്ങളിലിപ്പൊഴും
കീറിപ്പറിഞ്ഞോരു പാന്‍സും, തലമുടി
പാറിപ്പറന്നും, വിശപ്പിന്റെ ക്രൂരമാം
കോറലേറ്റുള്ളവയറും; നഖം വളര്‍-
ന്നേറെയഴുക്കുപിടിച്ച കരങ്ങളും
എന്തോമറന്നപോലുള്ളൊരു ശൂന്യത
പന്തംകൊളുത്തിജ്ജ്വലിയ്ക്കുന്ന കണ്‍കളും
ആരുടേയോ മകനാണിവന്‍, നൊമ്പരം
പേറുന്നൊരമ്മതന്‍ ഓര്‍മയാണിന്നവന്‍
വന്നവനെന്റെ കമ്പാര്‍ട്ടുമെന്റിന്നുള്ളില്‍
പിന്നെ, കുനിഞ്ഞു തന്‍ കയ്യിലെ ഷര്‍ട്ടിനാല്‍
മുന്നില്‍ക്കിടക്കുമഴുക്കിനെ, യാത്രികര്‍
തിന്ന കടലതന്‍ തൊണ്ടിനെ, കവറിനെ
എല്ലം തുടച്ചരികത്തേയ്ക്കു മാറ്റീട്ട്
മെല്ലെയുയര്‍ത്തി, മിഴികളും, കൈകളും
ഏതോചിലര്‍നല്‍കി നാണയത്തുട്ടുകള്‍
ഏതായാലും ഒരു ജോലിചെയ്തോനിവന്‍
ഏതാണ്ട് വൃത്തിയായ്ത്തീര്‍ന്നു ഇരിപ്പടം
ഏതോ വയറിന്റെ കത്തലും തീരില്ലെ
പിന്നെ ഞാന്‍ കണ്ടതൊരത്ഭുതം പാന്‍സിന്റെ
പിന്നിലെ പോക്കറ്റില്‍ നിന്ന് ഇറേസെക്സിന്‍*
കുപ്പികള്‍രണ്ടെണ്ണംതപ്പിയെടുത്തുതന്‍-
ഷര്‍ട്ടിലേയ്കപ്പടി തൂകിത്തിരുമ്മിക്കൊ-
ണ്ടപ്പൊഴേതന്നെ ചുരുട്ടി വായില്‍വച്ച്
എത്രയും ശക്തിയിലാഞ്ഞു വലിയ്ക്കുന്നു!
രണ്ടുമിനിറ്റു കഴിഞ്ഞതില്ലിങ്ങനെ
രണ്ടുകണ്ണും ചുവന്നാകേതളര്‍ന്നവന്‍.
വണ്ടിയോടിക്കൊണ്ടിരുന്നൂ, അതിദ്രുതം
രണ്ടുമണിക്കൂര്‍ ഉണര്‍ന്നതേയില്ലവന്‍!!
ആരുടേയോ മകനാണവന്‍, മാത്രമ-
ല്ലാരുടേയോ പൊന്നനുജനോ, ജ്യേഷ്ഠനോ
ഓര്‍മതന്‍ വണ്ടിയില്‍ യാത്രചെയ്തീടവേ
കേറിവരുമവന്‍; വൃത്തിയാക്കീടുവാന്‍?
*ഇറേസെക്സ്: പ്രിന്റും,റ്റൈപ്പും മായ്കാനുപയോഗിക്കുന്ന
വെളുത്ത, കട്ടിയുള്ള ദ്രാവകം
Subscribe to:
Post Comments (Atom)
വായിച്ചു. കൊള്ളാമെന്നു വെറുതേ പറയാന്‍ വേണ്ടി പറയുന്നതല്ല. നന്നായി.
ReplyDelete:)
ReplyDeleteമറ്റു രചനകളെയും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ നന്നാകാനുണ്ട്. ഒരപൂര്‍ണത.
അടുത്തത് പ്രതീക്ഷിക്കുന്നു.