Thursday, September 27, 2007

ശാരികേ


ശാരികേ, തേന്മാവിന്റെ ചെറുചില്ലകള്‍വിട്ടെന്‍
ചാരത്തണഞ്ഞാലും നീ കാകളിയീണംമൂളി
തോരാത്ത ദു:ഖ്ങ്ങള്‍തന്‍ കണ്ണുനീര്‍മഴനന-
ഞ്ഞീറന്‍മനസ്സോടല്ലോ ഞാന്‍ തനിച്ചിങ്ങു നില്‍പൂ

ഓമനേ, നിനക്കേകാം പുന്നെല്ലിന്‍മണികളും
പൂമധുവൂറും ചെറു പഴങ്ങള്‍, നറും തേനും
താമസം വേണ്ട; അല്‍പ വിശ്രമം, പിന്നെ പുതു-
വ്യോമതീരങ്ങള്‍ തേടി പറന്നു പൊയ്ക്കോളൂ നീ

നീയടുത്തണയുകില്ലെങ്കിലീ ചെറുമുല്ല-
പ്പൂവിന്റെ സുഗന്ധത്തെ എങ്ങിനെയറിയാന്‍ ഞാന്‍
നീയെന്റെ മടിയിലില്ലെങ്കില്‍ ഞാന്‍ നിലാവിന്റെ
ശീതള സ്പര്‍ശങ്ങളെ എങ്ങിനെയണിഞ്ഞീടും

4 comments:

  1. കുറുമാനോടും
    ഗിരിജയോടും
    എന്റെ പോസ്റ്റ്‌ വായിക്കന്‍ വന്നതിനും
    കമന്റിട്ടതിനും
    ഒരുപാടൊരുപാട്‌ നന്ദി..

    ReplyDelete
  2. കുട്ടാ,
    വ‌ള‌രെ ന‌ന്നായിരിയ്ക്കുന്നു.

    ReplyDelete