Tuesday, June 17, 2008

നമ:ശിവായ


നീലകണ്ഠാനിന്‍മാറില്‍ കൂവളത്തിലകോര്‍ത്ത
മാലയൊന്നു ഞാന്‍ ചാര്‍ത്താം നീയനുഗ്രഹിക്കേണം
കാലപാശമെന്‍നേര്‍ക്ക്‌ നീളുമ്പോഴും നിന്‍ വിശ്വ-
താളത്തിനാധാരമാം തുടി ഞാന്‍ കേട്ടീടേണം.

മെയ്‌ പ്പാതിപകുത്ത്‌ നീയന്നെന്റെയമ്മയ്ക്കേകി
സല്‍പ്പേരുനശിപ്പിയ്ക്കാന്‍ ജടയില്‍ മറ്റൊരുത്തി
മുപ്പാരിലുംശിരസ്സ്‌ നമിപ്പെല്ലാരും നിന്നെ
തൃപ്പാദപൂജചെയ്‌വോരെന്നെ നീ തുണയ്ക്കേണം.

ഉണ്ണികള്‍ രണ്ടുണ്ടല്ലോ പേരുകേട്ടവരൊരാള്‍
എണ്ണിയാലൊടുങ്ങാത്ത ഭൂതഗണത്തിന്‍ നാഥന്‍
വര്‍ണ്ണമയിലേറുന്നവന്‍ മറ്റൊരാള്‍, കൈലാസത്തില്‍
പുണ്ണ്യഭൂമിയിലെത്താന്‍ എന്നെ നീ വിളിയ്ക്കേണം.

ശത്രുസംഹാരത്തിന്നായ്‌ തൃക്കണ്ണ്‍ തുറക്ക നീ
മിത്രപാലനത്തിന്നായ്‌ പ്രസാദം തരേണം നീ
യാത്ര, ജീവിതയാത്ര ചെയ്യവേയങ്ങോളം നിന്‍
നേത്രങ്ങളെന്‍രക്ഷയ്ക്കായ്‌ കൂടെയുണ്ടായീടണം.



3 comments:

  1. മാഷെ, ഇതു വിചാരിച്ചത്ര ശരിയായില്ലെന്നു തോന്നുന്നു..

    ചില സംശയങ്ങള്‍:

    1. മെയ്‌ പ്പാതിപകുത്ത്‌ നീയന്നെന്റെയമ്മയ്ക്കേകി
    സല്‍പ്പേരുനശിപ്പിയ്ക്കാന്‍ ജടയില്‍ "മറ്റൊരുത്തി"


    "മറ്റൊരുത്തി" എന്ന പ്രയോഗം ആപ്റ്റല്ലെന്നു തോന്നുന്നു. മുന്പത്തെ വരിയില്‍ പറഞ്ഞത്‌ പാര്‍വ്വതിയെപ്പറ്റിയാണ്‌.. അമ്മയെന്ന്‌.

    2. ഉണ്ണികള്‍ രണ്ടുണ്ടല്ലോ പേരുകേട്ടവരൊരാള്‍

    ഉണ്ണികള്‍ രണ്ടുണ്ടല്ലോ പേരുകേട്ടവര്‍; ഒരാള്‍
    എണ്ണിയാലൊടുങ്ങാത്ത ഭൂതഗണത്തിന്‍ നാഥന്‍

    എന്നോമറ്റോ മാറ്റിയില്ലെങ്കില്‍... 'പേരുകേട്ടവരൊരാള്‍' അര്‍ത്ഥശങ്കയുണ്ടാക്കുന്നു.

    3. "പ്രസാദം തരേണം" ശരിയാണോ? പ്രസാദിക്കണം അല്ലേ ശരി?

    താങ്കളുടെ മറ്റു നല്ല കവിതകള്‍ വായിച്ചിട്ടുള്ളതു കൊണ്ടാണിങ്ങനെ.. വിരോധം തോന്നരുത്‌.

    ReplyDelete
  2. നന്ദി, പ്രിയാ..
    പ്രിയ പാമരന്‍,
    എന്റെയീ രചന താങ്കള്‍ എത്രമാത്രം മനസ്സിരുത്തി വായിച്ചിരിക്കണം.എനിയ്ക്കെത്ര സന്തോഷമായീയെന്നോ.
    ‘തലമുടിനെറുകെ നീ ഗംഗയെവെച്ചുകെട്ടി
    മലമകള്‍തെറികേട്ടിട്ടൊട്ടുവട്ടംകറങ്ങീ’
    എന്ന്‌ പണ്ടാരോ എഴിതിയ വരികളായിരിയ്ക്കണം എന്നില്‍ ആ വാക്കുകളുപയോഗിക്കാന്‍ പ്രേരണ ചെലുത്തിയത്.
    പേരുകേട്ടവര്‍; ഒരാള്‍ എന്നുതന്നെയാണ് വേണ്ടത്
    പ്രസാദം എന്തെങ്കിലും കിട്ടിയാല്‍ തിന്നാമല്ലോ എന്ന ചിന്തയായിരിക്കണം ആ വരികള്‍ എന്നെക്കൊണ്ട് എഴുതിച്ചത്
    വിരോധം തീരെയില്ല, ചങാതീ. പകരം ഒരുപാട് നന്ദിപറയുന്നു..

    ReplyDelete