Monday, February 16, 2009

ഭാരതീയത

പകയും,വിദ്വേഷവും,മനസ്സില്‍ നിറയവേ;
പുകയും, തീനാളവും ചുറ്റിലുമുയരവേ;
മകനേ,നിന്നോട്‌ഞാന്‍ പറയുന്നൊരീകഥ
പകരേണം നീ നിന്റെ പിറകേ വരുന്നോര്‍‌ക്കായ്..

അക്ഷരമറിയാതെ,ഗഹ്വരങ്ങളി‌ല്‍‌പാര്‍ത്ത്
ഭക്ഷണം‌മാത്രംതേടി മാനുഷരലയവേ,
ഇക്ഷിതിയിലുണ്ടായി വേദങ്ങള്‍ സംസ്കാരങ്ങള്‍!
തക്ഷശ്ശിലകള്‍, വിദ്യാകേന്ദ്രങ്ങള്‍‌,നളന്ദകള്‍‌!!

അത്രയുമൌന്ന്യത്ത്യത്തിലെത്തിടുന്നതിന്നായി
എത്രയോ സംവത്സരം കാത്തിരുന്നീഭാരതം
എത്രയോപുരാണങ്ങള്‍,വേദേതിഹാസങ്ങളും
സത്യമോ?മുനിമാര്‍‌തന്‍ ഭാവന പൂവിട്ടതോ?

ചക്രവര്‍ത്തിയായ്‌ലോകത്തൊരാളേയുണ്ടായുള്ളു
സിക്കന്‍ഡര്‍,കീഴടക്കീയവനന്നത്തെലോകം
അക്രമംചെയ്തോരാണെന്നാകിലും നമുക്കേക-
ഛത്രാധിപതികളായ് ഉണ്ടായിരുന്നാറുപേര്‍

സുവര്‍ണ്ണയുഗം തന്നൂ ഗുപ്തനുമശോകനും
നവരത്നാലംകൃതന്‍‌വിക്രമാദിത്യന്‍,കൃഷ്ണ-
ദേവരായനും,ഹര്‍‌ഷന്‍,അക്ബര്‍ എന്നിവരുമീ
ഭൂവിനെഭ്ഭറിച്ചപ്പോള്‍ ഭാരതം പുകള്‍‌പെറ്റൂ

എങ്ങിനെത്തുടങ്ങി ഈ മഹാരാജാക്കന്‍‌മാര്‍ പിന്നീ-
ടെങ്ങിനെയവര്‍ സ്വര്‍ണ്ണലിപിയാല്‍ ലേഖിതരായ്
മങ്ങിയകള്ളത്തുട്ടാം ഇന്നത്തെ’രാജാക്കള്‍’ ഇ-
തങ്ങിനെയറിഞ്ഞീടാന്‍?ചരിത്രം വായിക്കണ്ടേ?

ആറ്‌ചക്രവര്‍ത്തിമാര്‍ എന്ത് ചെയ്തെന്ന് നോക്കൂ,പിന്നെ
മാറിയോരിക്കാലത്തെ താരതമ്യവും ചെയ്യൂ
ഭാരതീയത്തെയെന്തെന്നറിയുന്നതിന്നായി
വേറെയാതൊന്നും വേണ്ടാ,ദൂരെ നീയെങ്ങും‌പോണ്ടാ‍..

3 comments:

  1. പതിവിനു വിപരീതമായിട്ട്‌ വിഷയമൊന്നു മാറ്റിയല്ലോ.......

    കുറച്ചുവരികള്‍കൊണ്ട്‌ കൂടുതല്‍ പറഞ്ഞിരിയ്ക്കുന്നു.....നന്നായിട്ടുണ്ട്‌........

    ReplyDelete
  2. സുകുമാര്‍ അഴീക്കോടിന്റെ”ഭാരതീയത” (ഡിസി ബുക്സ് 75/- രൂപ)
    യാണ് ഇപ്പോള്‍ വായിക്കുന്ന പുസ്തകം. എനിക്കേറെ ഇഷ്ടമായി..

    ReplyDelete