Saturday, February 28, 2009

യാത്ര.

വഴിയറിയാതേയിരിപ്പൂ ഞാനൊരു
പഴയലയിന്‍ബസ്സില്‍,അതിന്റെനെറ്റിയില്‍
എഴുതിയിട്ടുണ്ട്‌,'ജനന-മരണ' മെ-
ന്നിഴഞ്ഞിഴഞ്ഞാണീ ശകടംപോവതും.

ഒരുവെളുപ്പിന്‌ കയറി ഞാന്‍, നിന്ന്-
തിരിയാനില്ലിടമിവിടെയെങ്കിലും
ഒരുപാടാളുകള്‍കയറുന്നുണ്ടിതില്‍,
ഇറങ്ങുന്നോര്‍തുലോം കുറവാണെങ്കിലും

ചിലരുറങ്ങുന്നു, ഉറക്കവും ഭാവി-
ച്ചലസരായ്ചിലര്‍ ചടഞ്ഞിരിയ്ക്കുന്നു.
നിലവിളിയ്ക്കുന്നു ചെറിയകുട്ടികള്‍,
കലമ്പുന്നുണ്ടാരോ, ചവിട്ടിയോ കാലില്‍?

തുടക്കമെങ്ങെന്നും എവിടേയ്ക്കാണെന്നും
ഇടയിലോര്‍ക്കുന്നില്ലിവിടിരുപ്പവര്‍
ഒടുവിലാണല്ലോ അറിവതീയാത്ര
തുടരലാണല്ലോ യിതിന്റെലക്ഷ്യവും.

ഒരുമണിനാദം മുഴക്കി കണ്ടക്റ്റര്‍
ഇറക്കിവിട്ടിടും, സ്ഥലമടുക്കുമ്പോള്‍.
അറിയില്ലെത്രയോ അകലെയാണെനി-
ക്കിറങ്ങേണ്ടുന്നിടം- ശിവനേ! കാക്കണേ..

4 comments:

  1. കുട്ടേട്ടന്‍റെ കവിത കുറുകി വരുന്നുണ്ട്. അടിയില്‍ തീയ്യ് കുറച്ചു സമയം കൂടി മതിയാവും. പിന്നെ തിയ്യു കുറയ്ക്കാം. അടുത്തുതന്നെ ഉണ്ടാവണം. വിട്ടു പോകരുത്.

    ReplyDelete
  2. Nalla chintha. Lalithamayath avatharippichirikkunnu. Janana maranangalude vandiyil kurachchu kppttukare kandetham nammalkk. urangunnavare unarththam. yathra valare cheruthalle. kazhchakal kalayenda

    ReplyDelete
  3. വളരെ നന്ദി, ബിനീഷ്. ഇനിയും ഇതുവഴിവരാനും, ഈ തിണ്ണയിലല്പം ഇരിയ്ക്കാനും, എന്നെ വായിക്കാനും ഒരഭിപ്രായം രേഖപ്പെടുത്താനും ക്ഷണിയ്ക്കുന്നു. ഞാന്‍ താങ്കളെ നിരാശപ്പെടുത്തില്ലെന്നുറപ്പ്‌തരുന്നു.

    ReplyDelete