Thursday, March 5, 2009

ബാലികാവധു

എപ്പൊഴോവിളിച്ചെന്നെയുണര്‍ത്തി,പിന്നെ,പട്ടു-
കുപ്പായമിടുവിച്ചു,മാലകളണിയിച്ചു,
കുപ്പിവളയിടീച്ചു,കണ്മഷി,ചാന്തുംതേച്ചു.
തപ്പ്‌താളങ്ങള്‍ചുറ്റുമുയരുന്നത്‌ കേട്ടു.

അമ്മയോടിവന്നെത്തി,ചേര്‍ത്ത്‌പിടിച്ചു,തന്നൊ-
രുമ്മയെന്‍കവിളത്ത്‌; നനഞ്ഞോകണ്‍പീലികള്‍?
പൊന്‍മണിക്കുപ്പായത്തിന്‍ ചുളിവ്‌നീര്‍ത്തി ചൊല്ലീ
കണ്മണീ, നിനക്കിന്ന് കല്ല്യാണമാണോര്‍ത്തോളൂ..

എന്താണ്‌കല്ല്യാണമെന്നമ്മയോടാരായവേ,
പൊന്തിയാരവം,"വരന്‍എത്തി"യെന്നാരോചൊല്ലീ.
മുന്തിയകുപ്പായവുമിട്ടൊരുകുട്ടി മുന്നില്‍
എന്തതിശയം! ഇവന്‍എന്‍കളിക്കൂട്ടുകാരന്‍!!

ഉത്തരീയങ്ങള്‍തമ്മില്‍കെട്ടിയഗ്നികുണ്ഡത്തിന്‍
ചുറ്റിലുംവലംവയ്ക്കെ ഓര്‍ത്തു, ഞാനറിയാതെ
പുത്തനാം കളിപ്പാട്ടക്കെട്ടുകള്‍, കൂട്ടായിയവന്‍
എത്രയാഭരണങ്ങള്‍!, കല്ല്യാണമിത്‌കൊള്ളാം..

(വടക്കേഇന്ത്യയില്‍ ഇന്നും നടപ്പുണ്ടത്രേ ശിശുവിവാഹങ്ങള്‍!)

1 comment:

  1. Great!!

    അവള്‍ അറിയുന്നുണ്ടോ, വിവാഹം എന്ന പദത്തിന്റെ അര്‍ത്ഥം പോലും...

    I love your writing.

    ReplyDelete