Wednesday, May 6, 2009

പ്രതിഫലം

തെറ്റുപറ്റീടുന്നെനിക്കെപ്പൊഴും ആരാണെന്റെ
കൂട്ടുകാരെന്നും, ശത്രു ആരെന്നുമറിഞ്ഞീടാന്‍.
ഒറ്റുകാരനാരെന്നും, തളരും‌നേരംതാങ്ങായ്
കിട്ടുക ആരേയെന്നും ഇന്നുമജ്ഞാതംതന്നെ.

സ്നേഹമേയുള്ളൂ എനിക്കേകുവാന്‍ എല്ലാവര്‍ക്കും
മോഹിച്ചതില്ല, തിരിച്ചൊന്നുമേ പകരമായ്.
ദേഹങ്ങളല്ല, തലച്ചോറിന്റെ വികസന-
ദാഹമായിരുന്നല്ലോ ഞാന്‍‌തിരഞ്ഞിരുന്നത്.

സ്വന്തമായൊന്നുംതന്നെ തലയിലില്ലാത്തവര്‍
ചിന്തകള്‍പോലും കട്ടും, കടമായെടുപ്പോരും,
എന്തസംബന്ധത്തിനും കൂടെനില്‍‌പ്പോരും ഇവ-
രെന്തിനായ്തുനിയുന്നു, അന്യരെദ്രോഹിക്കുവാന്‍‌‍ ?

മുന്നില്‍‌വന്നെന്നെനോക്കിച്ചിരിയ്ക്കുമ്പോളും കയ്യില്‍,
പിന്നിലായുണ്ടായേക്കാം ഉറയൂരിയ കത്തി.
പിന്നെ ഞാന്‍ സമാധാനപ്പെടും, ആ ‘സര്‍വ്വസാക്ഷി’-
തന്നെയവന്നേകിടും നിറയെ പ്രതിഫലം !

3 comments:

  1. തെറ്റുപറ്റീടുന്നെനിക്കെപ്പൊഴും ആരാണെന്റെ
    കൂട്ടുകാരെന്നും, ശത്രു ആരെന്നുമറിഞ്ഞീടാന്‍.
    ഒറ്റുകാരനാരെന്നും, തളരും‌നേരംതാങ്ങായ്
    കിട്ടുക ആരേയെന്നും ഇന്നുമജ്ഞാതംതന്നെ.
    * * *

    തളരും നേരം താങ്ങായാരാനും വരും തീര്‍ച്ച;
    പലരും കണ്ണില്‍ക്കാക്കും കപട്യം മറയ്ക്കിലും
    മറഞ്ഞേ നില്ക്കുന്നുണ്ടാം മറ്റൊരാളവസാനം
    പകരം ഒന്നും നല്കാനാവാത്ത നാളില്‍ കാണും...

    ReplyDelete
  2. സ്നേഹമേയുള്ളൂ എനിക്കേകുവാന്‍ പകരമില്ലാതെ
    ആശംസകള്‍

    ReplyDelete
  3. ഷാജിയോടും, പാവപ്പെട്ടവ(?)നോടും നന്ദിപറയുന്നു.

    ReplyDelete