Friday, January 25, 2008

പുല്‍ക്കൊടിയും മഞ്ഞുതുള്ളിയും

അമ്മുക്കുട്ട്യേ..
അന്നൊരിയ്ക്കല്‍ നീ എന്നോട്‌ ചോദിച്ചൂ'കുട്ടേട്ടന്‍ മഞ്ഞുതുള്ളികളെ ശ്രദ്ധിച്ചിട്ടുണ്ടോ'ന്ന്. എനിക്കതിന്‌ സമയമെവിടെ എന്നൊ മറ്റോ ഞാന്‍ മറുപടിയും തന്നുവെന്ന് തോന്നുന്നു.
നിത്യ ചൈതന്യ യതിയുടെ 'ഹൃദയത്തിലെ ആരാധനാസൗഭഗം' ഞാനിന്നലെ വായിച്ച്‌ തീര്‍ത്തു. അതിലെ, പേജ്‌ 137 എത്തിയപ്പോള്‍ എനിക്ക്‌ നിന്നെക്കുറിച്ച്‌ ഓര്‍ക്കാതിരിയ്ക്കാനായില്ല.
"പുഴയിലെ കല്ലോലങ്ങള്‍ ആടിപ്പാടിപ്പോകുന്നതിനിടയ്ക്ക്‌ പുല്‍ച്ചെടികളെനോക്കി പറയുകയാണ്‌: ജീവികളിലിവയെക്കാള്‍ വിനയമുള്ളവരായി ആരുമില്ല. എന്നാലും, അവര്‍ അവരുടെ കുഞ്ഞിക്കാലുകള്‍വച്ച്‌ ഈ ഭൂമണ്ഡലത്തെ മുഴുവനും അവര്‍ക്കധീനമാക്കിയിരിയ്ക്കുന്നു. എവിടെച്ചെന്നാലും കാണാം ഒരു പുല്‍ക്കൊടി. ഇവയെ എന്തിന്‌ ആര്‍ സൃഷ്ടിച്ചു? ആര്‍ക്കും കഴിയാത്ത ചില ചെയ്തികള്‍ ലോകരചയിതാവ്‌ ഇവരെ ഏല്‍പ്പിച്ചിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ പൂനിലാവ്‌ വന്ന് ലോകത്തെ മുഴുവന്‍ തഴുകുമ്പോള്‍ ഈ കുഞ്ഞോലകള്‍ ഹിമശീകരമായ ചന്ദ്രികയെ പിഴിഞ്ഞെടുത്ത്‌ മഞ്ഞുമണികളുണ്ടാക്കുന്നു. സൂര്യന്‍ വരുമ്പോഴേയ്ക്കും ഓരോ പുല്ലോലയും അവന്‌ കാഴ്ചവയ്ക്കാന്‍ ഒരു മുത്തുണ്ടാക്കി പുല്ലോലയുടെ തുമ്പില്‍ നൃത്തം ചെയ്യാന്‍ വയ്ക്കുന്നു.സൂര്യന്‌ ഇതിനേക്കാള്‍ പ്രിയങ്കരമായി ഒന്നുമില്ല. അവന്‍ കിഴക്കുദിച്ചു വന്നാല്‍ ആദ്യം നോക്കുന്നത്‌ പുല്ലോലത്തുമ്പില്‍ തൂങ്ങുന്ന മഞ്ഞുതുള്ളികളെയാണ്‌. അവന്‍ വെറുതെ നോക്കീട്ട്‌ പോവുകയില്ല, അതില്‍ ചിലതിനെ അവന്‍ ഉമ്മവച്ച്‌ വൈഡൂര്യമാക്കും. മറ്റുചിലതിന്‌ മിന്നിത്തിളങ്ങുന്ന വജ്രകാന്തി നല്‍കും. ചിലതിന്‌ കടും ചുവപ്പാണെങ്കില്‍ മറ്റുചിലതിന്‌ മരതക ഛവി. ജീവരൂപങ്ങളില്‍ പുല്ലിനേക്കാള്‍ കൃശമായതൊന്നുമില്ല. തുഛമായതൊന്നുമില്ല. എന്നാലും, മഹാമരങ്ങള്‍ വേരറ്റ്‌ നിലം പതിയ്ക്കുമ്പോള്‍ അനുനയം പറയുവാനും, ആശ്വസിപ്പിയ്ക്കുവാനും; ചതഞ്ഞുപോയ മാമരങ്ങളുടെ ശരീരത്തില്‍ വൃണ വിരോചനത്തിന്‌ തൈലം പുരട്ടിക്കൊടുക്കുവാനും പുല്ലുകളേയുള്ളു."


4 comments:

  1. Great one. I read it many times because I was born and lived in a place where one can see dewdrops all the time. I like this post very much. thanks for making me happy.............

    ReplyDelete
  2. Thank you, Siva kumar.
    I am so happy that I was able to make you happy. But this gentleman, Yathi, is a man of many dimentions. Try to read him, and that will make you more happy.
    Thank you once again for the visit and the comment.
    with love and regards..

    ReplyDelete
  3. ഫേണ്‍ഹില്ലില്‍ നിന്നു കുറെ പുസ്തകങ്ങളുമായി യാത്ര പറഞ്ഞിറങ്ങും മുന്‍പ് ഞാന്‍ യതിയോടു ചോദിച്ചു.

    ‘ബ്രഹ്മവിദ്യപോലെ ബൌദ്ധികവ്യായാമം ആവശ്യമായ കാര്യങ്ങള്‍ മാറ്റിവെച്ചു പറഞ്ഞാല്‍, എന്താണു താങ്കളുടെ ജീവിതസന്ദേശം?’

    അദ്ദേഹം ഒരു നിമിഷം ആലോചിച്ചു.
    എന്നിട്ട് ജനാലയിലൂടെ പുറത്തേക്കു കൈ ചൂണ്ടി എന്നോടു ചോദിച്ചു.

    ‘ ആ പൂവു കാണുമ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?’

    ‘ഒരു നല്ല പൂവ്..അതു കാണുമ്പോള്‍ ഒരു സന്തോഷം തോന്നുന്നു’- ഞാന്‍ പറഞ്ഞു.

    ‘ആ പാട്ടുകേള്‍കുമ്പോളൊ?’- പുറത്തുകേട്ട ഒരു കിളിശബ്ദത്തെ ഉദ്ദേശിച്ചായിരുന്നു ആ ചോദ്യം.

    ‘സന്തോഷം തന്നെ’- വീണ്ടും ഞാന്‍ പറഞ്ഞു.

    ‘കാരണം ആ പൂവും കിളിയും നിങ്ങള്‍ തന്നെയാണ്.
    ഈ പ്രപഞ്ചത്തിലെ പുല്‍കളും പുഴുക്കളും മരങ്ങളും മലകളും കിളിയും കടലും എല്ലാം പരസ്പരബന്ധിതം..ഒരു വലിയ ഒന്നിന്റെ ഭാഗം തന്നെ..പ്രപഞ്ചത്തിലെ ഈ പരസ്പരബന്ധം മനസ്സിലാക്കി ജീവിയ്ക്കുക’- അദ്ദേഹം പറഞ്ഞുനിര്‍ത്തി.

    ഏറ്റവും നിസ്സാരമെന്നു തോന്നുന്ന വസ്തുപോലും പ്രപഞ്ചത്തിന്റെ ഒരു ഭാഗം തന്നെ.
    പൂവാകട്ടെ...പുല്‍കൊടിയാവട്ടെ...
    മരമാവട്ടെ...അല്ലെങ്കില്‍ മലയാവട്ടെ..
    എല്ലം ഈ പ്രപഞ്ചത്തിന്റെ ഭാഗം..

    എല്ലാത്തിനേയും സമഭാവനയോടെ കാണാനും
    പുല്‍കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയില്‍ സൂര്യനെകാണാനും
    അതില്‍ ആനന്ദിയ്ക്കനും
    ഇതു മനസ്സിലാകുന്ന ഒരു മനസ്സു വേണം..

    ഇന്ന് സഹോദരനെപ്പോലും നമ്മള്‍ ശതുവായിക്കാണുന്നു.
    പുല്‍തുമ്പില്‍ ഉദിയ്ക്കുന്ന സൂര്യനെ കണ്ട് ആനന്ദിയ്ക്കനും നാം മറന്നുപോയിരിയ്ക്കുന്നു.

    ഇതു വീണ്ടും ഓര്‍മ്മിപ്പിച്ച കുട്ടേട്ടന് നന്ദി.

    ‘നിന്നില്‍ കുരുക്കുന്ന കറുകയുടെ നെറുകയിലെ
    മഞ്ഞുനീര്‍ത്തുള്ളിയില്‍ പോലും,
    ഒരു കുഞ്ഞുസൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍
    കരളിലോരു വിസ്മയ വിഭാതം’-
    (ഓ.എന്‍.വിയുടെ ‘ഭൂമിയ്ക്കൊരു ചരമഗീതം’)

    ReplyDelete
  4. ജേപി,
    ഈ ഒരൊറ്റ കമന്റിന് ഞാന്‍ എന്നെന്നും താങ്കളോട് കടപ്പെട്ടിരിയ്ക്കുന്നു. കൂടെ എന്റെ മനസ്സുനിറഞ നന്ദിയും ഞാനറിയിക്കട്ടെ..

    ReplyDelete