Tuesday, August 12, 2008
ഓണം 2008
ഇന്ന്കാലത്തൊരാള്‍ ഗേറ്റിന്റെയപ്പുറം
നിന്ന്ചോദിച്ചു. "സര്‍, പൂക്കളം വേണമോ?"
മുന്നിലായ് നീര്‍ത്തിപ്പിടിച്ചപത്രത്താളില്‍-
നിന്ന് മുഖംപൊക്കി ആരെന്ന് നോക്കി ഞാന്‍.
"നോക്ക് സര്‍, ഓണമിങ്ങെത്തി; മുറ്റത്തൊരു
പൂക്കളം വേണ്ടെ? മാവേലിക്കെഴുന്നള്ളുവാന്‍?"
തൂക്കിയിട്ടുണ്ടൊരുസഞ്ചി, തോള,ത്തെന്നെ-
നോക്കിച്ചിരിച്ചയാള്‍ മുറ്റം കടന്നെത്തി.
സിപ്പ് തുറന്ന് പുറത്തേയ്ക്കെടുത്തയാള്‍
പേപ്പറില്‍ നന്നായ് പൊതിഞ്ഞ കാര്‍ഡ്‌ബോര്‍ഡുകള്‍
തപ്പിത്തടഞ്ഞെഴുന്നേല്‍ക്കവേ കണ്ടു ഞാന്‍
മുപ്പതോളം പൂക്കളങ്ങള്‍ ! പ്ലാസ്റ്റിക്കിന്റെ !!
"വാഷബിള്‍, അമ്പത്‌മൈക്രോണിന്‍ താഴെ; റീ-
യൂസബിള്‍; ഫോള്‍ഡബിള്‍; ലാസ്റ്റിങ്ങുമാണിത്.
പൈസ; രണ്ടെണ്ണമെടുത്താല്‍ നൂറ്റമ്പത്.
പൂവിന് പൊന്നിന്‍വിലയല്ലേ മാര്‍കറ്റില്‍?"
പെട്ടെന്ന് ഞാന്‍, കളംതീര്‍ക്കുവാന്‍ പൂതേടും
കുട്ടിയായ്; പിന്നോട്ട്‌പോയ് വര്‍ഷമമ്പത്
കാട്ടിലും, മേട്ടിലും, പാടവരമ്പത്തും
തോട്ടിന്‍കരയിലുമൊക്കെയലഞ്ഞതും
കൊച്ചുപൂക്കള്‍, മഴയത്ത്, കളത്തീന്നൊ-
ലിച്ചുപോയപ്പോള്‍ കരഞ്ഞ്; കോടിയുടു-
ത്തഛന്റെകൂടെയിരുന്ന് വയറുനി-
റച്ചുണ്ടതും; പിന്നെയാര്‍പ്പുവിളിച്ചതും...
വേണ്ടയെനിക്ക് നിന്‍ പ്ലാസ്റ്റിക്ക് പൂക്കളം
വേണ്ട; യിനിനാളെ നീവരും വില്‍ക്കുവാന്‍
രണ്ട്"ക്യാപ്‌സ്യൂളു"മായ് ഒന്നോണസദ്യേടേം
രണ്ടാമത്തേത് പാല്‍പ്പായസത്തിന്റെയും.
Subscribe to:
Post Comments (Atom)
No comments:
Post a Comment