ഞാനിരിങ്ങോള്‍ക്കാവില്‍ ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍.
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍
മാനസംപോലെ, യിരുള്‍നിറഞ്ഞ്..
പേരറിയാത്ത മരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്;
പേരിനുപോലുമാകാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല.
ചുറ്റുമിടതൂര്‍ന്ന്‌നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്..
ഗന്ധപുഷ്പങ്ങളോ, ചന്ദനത്തിരികളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്
എന്തും തരുമത്രേ, ചോദിയ്ക്കുകില്‍ !
ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ദുര്‍ഗ്ഗയെ
ഉള്ളിലാവാഹിച്ച് കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ...!!
Tuesday, January 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment