Wednesday, November 14, 2007

കിളിക്കൊഞ്ചല്‍



കൊഞ്ചുന്ന പൈങ്കിളിയെ ഞാന്‍ വിട്ടു പോന്നിട്ടിന്നേ-
യ്കഞ്ചുമാസമാവുന്നൂ, വിശ്വാസമാവുന്നില്ല
നെഞ്ചിലുണ്ടിപ്പോഴുമാ വശ്യസുന്ദരരൂപം
തേന്‍ചോരും നറുനിലാച്ചിരിയും ചാടുവാക്കും

വന്യഭാവനകളാലെന്മനം പിടയ്കവേ
വന്നു നീ, നിലാവിന്റെ ശീതളസ്പര്‍ശം പോലെ
ചെന്നിണമൊഴുകിയ മുറിവില്‍ കനിവിന്റെ
പൊന്നണിത്തൂവല്‍കൊണ്ട്‌ തഴുകീ മൃദുവായി

പിന്നെയെന്‍ വിഫലമാ മന്വേഷണങ്ങള്‍ തീര്‍ന്നു
ചെന്നു ഞാനെത്തീ കരയ്ക്കലയാഴിയില്‍നിന്നും
എന്നിട്ടുമകലുവാന്‍ മാത്രമാണല്ലോ വിധി
ഒന്നിച്ചു ചേരും, പുനര്‍ജന്മത്തില്‍ നാമൊന്നായി

5 comments:

  1. കൊഞ്ചുന്ന പൈങ്കിളി വീണ്ടും പറന്നുവരട്ടേയെന്നാശംസിക്കുന്നു.

    കഴിഞ്ഞ പോസ്റ്റിലെ എന്റെ കമന്റ് കണ്ടിരുന്നില്ലേ?

    ReplyDelete
  2. വന്യഭാവനകളാലെന്മനം പിടയ്കവേ
    വന്നു നീ, നിലാവിന്റെ ശീതളസ്പര്‍ശം പോലെ
    ചെന്നിണമൊഴുകിയ മുറിവില്‍ കനിവിന്റെ
    പൊന്നണിത്തൂവല്‍കൊണ്ട്‌ തഴുകീ മൃദുവായി

    ഈ കവിതയില്‍ ഈ വരികള്‍ വായിച്ചുകഴിഞ്ഞു ഞാന്‍ ബാക്കിയെല്ലാം മറന്നുപോകുന്നു. എനിക്കിങ്ങനെ പറയാന്‍ തോന്നുന്നു.

    ചങ്ങമ്പുഴ മരിച്ചിട്ടില്ല.. ഇതാ ഇവിടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

    ReplyDelete
  3. കൊള്ളാം. ഇഷ്ടായി.

    ReplyDelete
  4. ഹൃദ്യം കുട്ടാ

    ReplyDelete
  5. മഴത്തുള്ളിയോട്‌
    കണ്ടു, വളരെ നന്ദി പറയുന്നു. അതില്‍ കാണിച്ച സൈറ്റില്‍ ഞാന്‍ പോയി പോസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല. ഒന്നുകൂടെ ശ്രമിക്കുന്നുണ്ട്‌
    ശിശൂ
    മഹാരഥികളോടൊന്നും ഉപമിക്കേണ്ട. അവര്‍ വിരാജിച്ചിരുന്ന ഔന്നത്യം സ്വപ്നത്തില്‍പോലും ആര്‍ക്കും കിട്ടില്ല.
    മുരളി മേനോന്‍, നിഷ്‌, എന്റെ നന്ദി അറിയിക്കുന്നു.

    ReplyDelete