Monday, November 26, 2007

അനര്‍ഘനിമിഷങ്ങള്‍..


താമരത്തടാകത്തിന്‍ തീരത്ത്‌ സന്ധ്യാരാഗ-
ശ്യാമനീലിമ ചുറ്റും പടരുംനേരത്തന്ന്
ഓമനേ, മടിയില്‍ നീ തലചായ്ച്ചനുരാഗ
കാമനകളെന്നോട്‌ പതുക്കെ മൊഴിഞ്ഞില്ലേ?

അന്നെന്റെകിനാവുകള്‍ കിന്നരക്കൊലുസ്സിട്ട്‌
നിന്നിലേയ്കനസ്യൂതം ഒഴുകിച്ചെല്ലുംനേരം
എന്നെ ഞാന്‍മറന്നേപോയ്‌, എങ്ങനെയറിയില്ല,
പിന്നെയീവിശ്വമാകെ നിറഞ്ഞു നീനിന്നില്ലേ?

(വര്‍ഷങ്ങള്‍! വര്‍ഷങ്ങളുമെത്രയീ ഓര്‍മ്മച്ചെപ്പില്‍
ഹര്‍ഷപൂരിത നിമിഷങ്ങളായ്‌ നിറയുന്നൂ)

ഇന്നാ തടാകമില്ല; സന്ധ്യക്ക്‌ നിറമില്ല;
ഇന്ന് നീയെങ്ങോദൂരെ; ഓര്‍മ്മയുണ്ടാവില്ലെന്നെ
എന്നാലുമെനിക്കൊട്ടും മറക്കാനാവില്ല, നാം
ഒന്നായിക്കഴിഞ്ഞൊരാ അനര്‍ഘനിമിഷങ്ങള്‍!

9 comments:

  1. കവിതയല്ല. അല്ലല്ലോ
    ഗാനം പോലെ.
    വളരെ നല്ലത്
    :)
    ഉപാസന

    ReplyDelete
  2. Dear Upaasana,
    enikkumaRiyilla, athenthaaNennu- sathyam
    Thank you, dear

    ReplyDelete
  3. കവിതയൊ..!? കഥയൊ..!? ഗാനമൊ..!? എന്തായാലും നന്നായി..:)

    ReplyDelete
  4. dear prayaasee,
    ippo aake confusion aayi
    any way, thank you, dear..

    ReplyDelete
  5. നഷ്ടപ്രണയത്തിന്റെ സ്മൃതികള്‍..
    അതൊരിയ്ക്കലും മധുരമാവണമെന്നില്ല.
    എന്നാലും വിഷാദസ്മൃതികള്‍ക്കിടയിലും
    എന്തെങ്കിലുമൊക്കെയുണ്ടാവും ഇതേപോലെയുള്ള
    അനര്‍ഘനിമിഷങ്ങളായി.
    കിന്നരക്കൊലുസ്സിട്ട കിനാക്കള്‍ തന്റെ
    പ്രണയിനിയിലേക്ക് ഒഴുകിയിറങ്ങുന്ന നിമിഷങ്ങള്‍
    വര്‍ഷങ്ങളെത്ര കഴിഞ്ഞാലും
    ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിയ്ക്കുന്ന
    ആ അനര്‍ഘനിമിഷങ്ങള്‍..
    അത് വര്‍ണ്ണിയ്ക്കാന്‍
    വാക്കുകള്‍ക്കു പരിമിതികളുണ്ടാവും.
    പ്രണയം അത്രമാത്രം സ്വകീയമായവും തീവ്രവുമായ ഒരനുഭവമായതു കൊണ്ടാകാമത്..

    ഇനിയും പോരട്ടെ കൂടുതല്‍ പ്രണയകവിതകള്‍..
    അല്ലെങ്കിലും കുട്ടേട്ടനു കവിത വരുന്നതെപ്പോഴൊക്കെയെന്നാര്‍ക്കറിയാം..?

    നെരൂദ പാടിയപോലെ..
    'And the verse falls on my soul
    Like due on to grass'-
    വിഷയം പ്രണയമാകുമ്പോള്‍
    കവിത താനേ വന്നു വീണുകൊള്ളൂമല്ലോ.

    ReplyDelete
  6. ജേപീ,എന്റെ പ്രിയപ്പെട്ടവനേ
    നിന്നോട്‌ ഞാന്‍ നന്ദിപറയില്ല.നിന്നോടുമെനിക്ക്‌ പ്രണയം തോന്നിത്തുടങ്ങിയോ എന്നു സംശയിക്കുന്നു. അരൂപികളുടെ ലോകത്തെ ഒരു മാലാഖ!.ദയവായി ഇനിയും വരിക. ഞാന്‍ കാത്തിരിയ്ക്കും

    ReplyDelete
  7. മ‌നോഹ‌രമായ കവിത കുട്ടന്‍ ജി!

    ReplyDelete