Saturday, March 22, 2008

ശക്തിയില്ല


ദ്രൗപദീ, പൊത്തുന്നു ഞാനെന്റെകണ്ണുകള്‍; തീരാ-
ശാപമിക്കാഴ്ചകാണാന്‍ ശക്തിയീഭീമനില്ല
വേപഥുപൂണ്ടഞ്ചുപേര്‍ നിസ്സഹായരായ്‌ നില്‍പൂ
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കള്‍ വീഴ്കെ*

നേര്‍ത്തവസ്ത്രത്താല്‍ തീര്‍ത്ത ചുറ്റുകളഴിയവേ
കൂര്‍ത്തകണ്മുനകള്‍ നിന്‍ മേനിയെക്കൊത്തിക്കീറി
ആര്‍ത്തട്ടഹസിപ്പൂ തന്‍മീശതടവിത്തിന്മ
ചീര്‍ത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഒര്‍ത്ത്‌നോക്കുമോ, നീയെന്‍ ജ്യേഷ്ഠനെപ്പുണരുമ്പോള്‍
പാര്‍ത്ഥനായിരുന്നില്ലേ നിന്റെ മനോരഥത്തില്‍?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂര്‍ത്തമോഹപ്പൂക്കളെ കൊണ്ടുവന്നര്‍പ്പിയ്ക്കുവാന്‍

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാര്‍ക്കുമീ
മണ്ണിലിത്തരുണത്തില്‍ രക്ഷനല്‍കാനാവില്ല.
കണ്ണീരുതുടച്ചീടാം, കാര്‍കൂന്തല്‍കെട്ടീടാം ഞാന്‍
പിന്നെ, യിവനെക്കൊന്നാ രക്തത്തില്‍ കൈകള്‍മുക്കി.

ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെന്‍ കണ്‍കള്‍, വയ്യാ
പാപമിക്കാഴ്ചകാണാന്‍ ഭീമന്‌ ശക്തിയില്ല.


* വസ്ത്രാക്ഷേപസമയത്ത്‌ ദ്രൗപദി രജസ്വലയായിരുന്നുവത്രെ

2 comments:

  1. ഖമിക്കാനും സഹനശക്തിയെ ചെറുതായെങ്കിലും കൂട്ടുപിടിക്കാന്‍ ദ്രൌപദി മറന്നു. അതിനേക്കാള്‍ ആളുകളെ പ്രകോപിതയാക്കാനും കഴിഞ്ഞു.

    ദ്രൌപദിയ്ക്ക് കൃഷ്ണനെ വിളിക്കാം, എല്ലാം മുങ്കൂട്ടിക്കാണുന്നവനല്ലേ...

    ദ്രൌപദിയെക്കുറിച്ച് ഞാനുമെഴുതിയിരുന്നു ഒരു കവിത...

    ReplyDelete
  2. പ്രിയാ,
    കണ്ണന്റെ വസ്ത്രദാനത്തിന് തൊട്ടുമുന്‍പ് ഭീമന്റെ മനോവ്യാപാരങളെ ഞാന്‍ ഇങ്ങിനെയാണ് കണ്ടത്.
    പ്രിയയുടെ രചന (നവം.2007) ഞാനിന്നാണ് കണ്ടത്. ഒരുപാടാളുകള്‍ കമന്റിയതില്‍ ‘ദ്രൌപദി’യുടെ നിരീക്ഷണം എനിക്കേറെ ഇഷ്ടമായി.
    ദ്രൌപദിയ്ക്ക് കൃഷ്ണനെ വിളിക്കാം,നമുക്ക് ഉണ്ണിക്രുഷ്ണനേയും..ന്താ?.
    കമന്റിന് നന്ദി.

    ReplyDelete