Tuesday, March 25, 2008
കാരണം
ഈറന്‍ മിഴിയും, തകര്‍ന്ന മനസ്സുമായ്
ഏറെയായ് നിന്‍ ജാലകത്തിന്റെ ചില്ലുകള്‍-
തോറും തളര്‍ന്ന ചിറകിട്ടടിയ്ക്കുമീ
ഞാറക്കുരുവിയെ കണ്ടതേയില്ല നീ
പേരറിയാതെയടുത്തതും,പിന്നെ നാം
പേരിന്നുപോലും പിരിയാതിരുന്നതും;
"ആരെതിര്‍ത്താലും നീ വന്നു വിളിയ്ക്കുകില്‍
പോരുമിറങ്ങി ഞാ"നെന്നു പറഞ്ഞതും..
എന്തഴകായിരുന്നൂ മഴവില്ലുകള്‍-
ക്കെന്തായിരുന്നൂ സുഗന്ധമപ്പൂവുകള്‍-
ക്കെന്തായിരുന്നൂ അരുവിതന്‍ സംഗീത-
മെന്തായിരുന്നൂ ചുവന്ന സന്ധ്യാമ്പരം.
എപ്പോഴറിയില്ല; കാര്‍മുകില്‍ വന്നതും
എപ്പൊഴാപ്പൂക്കള്‍കൊഴിഞ്ഞതും; സംഗീത-
മെപ്പോള്‍നിലച്ചതും; സന്ധ്യ കറുത്തതും
എപ്പോഴോ കൂരിരുള്‍ വന്ന് നിറഞ്ഞതും
പിന്നെ, നീയെങ്ങോ പറന്നുപോയ്, ദൂരെ,യീ-
യെന്നെ യിവിടെയുപേക്ഷിച്ച് നിര്‍ദ്ദയം.
ഇന്നലെ നീവന്ന്ചേര്‍ന്ന വിവരമാ-
തെന്നലാണെന്നോട് കാതില്‍പ്പറഞ്ഞത്.
ഈറന്‍മിഴിയും തകര്‍ന്ന ചിറകുമായ്
ഏറെയായ് ഞാനീ മഴയത്തിരിയ്ക്കുന്നു
വേറെയൊന്നും വേണ്ട, യീദു:ഖമേകുവാന്‍
കാരണമെന്തെന്ന് മാത്രം പറയുമോ?
Subscribe to:
Post Comments (Atom)
വളരെ നല്ല വരികള്‍. പ്രണയവും വിരഹവും നന്നായി ആലേഖനം ചെയ്തിരിക്കുന്നു.
ReplyDeleteനിങ്ങള്‍ക്ക് ജന്മസിദ്ധമായ കവിത്വമുണ്ട്. ബ്ലോഗിലും പ്രിന്റ് മീഡിയയിലും വികാരശൂന്യവും ചിന്താശൂന്യവും വിരസവുമായ ഗദ്യത്തില്‍ വ്യാജകവിത എഴുതിവിടുന്ന വ്യാജ കവികള്‍ക്ക് നിങ്ങള്‍ എഴുതുന്നപോലെ നൈസര്‍ഗ്ഗികമായ ഒരു വരി എഴുതാന്‍ ഈ ജന്മം കഴിയില്ല.
ReplyDeleteഒരു കുസൃതിക്കമന്റിടാന്‍ പറ്റുന്നില്ല ഇതിന്, അത്രയ്ക്ക് മനോഹരമായ വരികള്‍...
ReplyDeleteസ്നേഹവും കാത്തിരിപ്പും വിരഹവും ലയിച്ചിരിക്കുന്നു വരികളില്‍
ഓ.ട്ടോ: എന്നാലും വെറുതെ പോവൂല്ല. കുടയും പിടിച്ച് വരും ന്നെ. അതുവരെ അവിടിരി
വരികള്‍ വളരെ മനോഹരമായിരിയ്ക്കുന്നു. പാടാനറിയുന്നവരൊക്കെ ഈ വഴി വന്നാല്‍ ഇതൊന്നു പാടിക്കേള്‍ക്കാമായിരുന്നു.
ReplyDelete:)
വാല്‍മീകീ,
ReplyDeleteവളരെ നന്ദിയുണ്ട്..
നരിമാന്‍,
താങ്കളുടെ കമന്റിലെ ആര്‍ജ്ജവം എന്റെ കണ്ണുകള്‍ നിറയിക്കുന്നൂ.വരികല്‍ നന്നായെങ്കില്‍, ഞാനെന്റെ അമ്മമാരോട് നന്ദിപറയണം; താങ്കള്‍ക്കും..
പ്രിയാ,
എന്നെ വെറുതേ വിടരുതേ.
കുടയെങ്കില്‍, പോപ്പിക്കുടതന്നെ വേണം.
ശ്രീ,
താങ്കളുടെ സന്മനസ്സിന് വളരെ നന്ദിയുണ്ട്..
വായിച്ചവരോടും, കമന്റിട്ടവരോടും, ഇടാത്തവരോടും നന്ദി. ദയവായി സ്വീകരിയ്ക്കുക.