Tuesday, April 22, 2008

അമ്മ


എന്നായിരുന്നെന്റെയമ്മ മരിച്ചത്‌?
ഇന്നലെയോ, മിനിയാന്നോ? *
ഇന്നെന്റെകൂടെയില്ലമ്മ; യാവാല്‍സല്യ-
മെന്നാലുമെന്നില്‍ നിറവൂ.

ഏറെക്കരഞ്ഞോ വ്യഥയാല്‍?, വയറ്റില്‍ ഞാ-
നൂറിയകാലം മുതല്‍ക്കേ?
മാറിടം രണ്ടു, മമ്മായി പൊക്കിള്‍ക്കൊടി
വേര്‍പെടുത്തുമ്പോള്‍ തുടിച്ചോ?

ഓരോചുവടിലും കൈവിരല്‍ത്തുമ്പായി
ഓരോ കളിയ്ക്കും തുണയായ്‌
ഓരോമൊഴികള്‍ക്കുമര്‍ത്ഥാന്തരങ്ങളായ്‌
ഓരോപടവിലും താങ്ങായ്‌..

ആരോവിരിച്ചിട്ടു, ജീവിതപ്പാതയില്‍
കാരിരുമ്പാണികള്‍, പിന്നെ
കൂരിരുള്‍ കണ്‍കളെ മൂടവേയുള്ളില്‍നി-
ന്നാരോ വിളിച്ചിടും- 'മോനേ..'

എന്നായിരുന്നെന്റെയമ്മ മരിച്ചത്‌?
ഇന്നലെയോ, മിനിയാന്നോ?
എന്നിലെയമ്മ മരിച്ചില്ലയിന്നുമെന്‍
മുന്നിലുണ്ടെന്നുള്ളിലുണ്ട്‌

------------------
* ആശയത്തിന്‌ ആല്‍ബേര്‍ കമ്മ്യുവിനോടുള്ള
കടപ്പാട്‌ മറച്ച്‌ വയ്ക്കുന്നില്ല

4 comments:

  1. നോവുന്ന ഓര്‍‌മ്മകള്‍‌ കോറിയിടുന്ന വരികള്‍‌

    ReplyDelete
  2. എന്തു സുന്ദരമീ കവിത....

    ReplyDelete
  3. കുഞിക്കയോടും, ശിവകുമാറിനോടും നന്ദി പറയുന്നു..

    ReplyDelete
  4. “എന്നിലെയമ്മ മരിച്ചില്ലയിന്നുമെന്‍
    മുന്നിലുണ്ടെന്നുള്ളിലുണ്ട്‌...”

    എന്നും ഉണ്ടാകട്ടേ...

    ReplyDelete