Tuesday, April 1, 2008

കൂട്ടുകാരി


നീയെനിയ്ക്കാരാണെന്നതിപ്പോഴുമറിയില്ലൊ-
രായിരംവട്ടം ഞാനതെന്നോട്‌ ചോദിച്ചിട്ടും
പോയജന്മത്തിലൊന്നായ്തീര്‍ന്നതിന്‍ ശേഷം വിട്ട്‌-
പോയതിന്‍ തുടര്‍ച്ചയോ; പൂരകങ്ങളോ നമ്മള്‍?

വര്‍ണ്ണരാജികളാലെന്‍ കണ്ണിന്‌ കുളിരേകും
വിണ്ണിലെ വിസ്മയമാം മഴവില്ലെനിയ്ക്ക്‌ നീ
സ്വര്‍ണ്ണനൂല്‍ തന്ത്രികളാല്‍ വീണയില്‍മീട്ടീടുന്ന
കര്‍ണ്ണപീയൂഷഗാനാമൃതമാണെനിയ്ക്ക്‌ നീ

തൂലികത്തുമ്പിലിരുന്നാശയം വിതുമ്പുമ്പോള്‍
പീലിനീര്‍ത്താടാന്‍വരും വാക്കാം മയൂരം നീയേ
പേലവാംഗങ്ങളൊക്കെത്തളരുമ്പോള്‍ സുഗന്ധ
താലവൃന്ദത്താല്‍ നീയെന്‍ കരളിന്‍കുളിരാകും

നിന്നരികേനില്‍ക്കുമ്പോള്‍, നിന്നോട്‌ കൊഞ്ചുമ്പോള്‍ ഞാ-
നെന്നെ മറന്നീടുന്നൂ, ചുറ്റിലും നിന്ന് യക്ഷ-
കിന്നരന്‍മാര്‍ പാടുന്നൂ; ദേവകള്‍ ചൊരിയുന്ന
പൊന്നരിപ്പൂക്കളാലേ മേലാകെ കുളിരുന്നൂ

നീയെനിയ്ക്കാരാണെന്നതറിയാഞ്ഞെന്നോട്‌ ഞാ-
നായിരംവട്ടം ചോദിച്ചുത്തരം ലഭിച്ചീല
പോയജന്മം ഞാന്‍ ചെയ്ത പുണ്യങ്ങളാവാം നിന്നെ
മായികവിസ്മയംപോല്‍ കൂട്ടായി ലഭിച്ചത്‌...

4 comments:

  1. നിന്നരികേനില്‍ക്കുമ്പോള്‍, നിന്നോട്‌ കൊഞ്ചുമ്പോള്‍ ഞാ-
    നെന്നെ മറന്നീടുന്നൂ, ചുറ്റിലും നിന്ന് യക്ഷ-
    കിന്നരന്‍മാര്‍ പാടുന്നൂ; ദേവകള്‍ ചൊരിയുന്ന
    പൊന്നരിപ്പൂക്കളാലേ മേലാകെ കുളിരുന്നൂ
    നല്ല വരിക്കള്‍ പ്രേമ്മം വഴിതെറ്റിയാല്‍ പ്രേതം മരകൊമ്പിലെന്നു പറയാറില്ലെ ഞാനിപ്പൊ പ്രേമ്മം പോട്ടിയ ഒരു പ്രെതാമാണു ആ വിരഹമാണു എന്റെ ലോകം

    ReplyDelete
  2. സാരമില്ല, അനൂപ്. അത് യഥാര്‍ത്ഥ പ്രേമമായിരുന്നിരിയ്ക്കാനിടയില്ല. എല്ല പ്രേമിസ്റ്റ്കളും ഈ ഒരു വഴി എന്നെങ്കിലും കടന്നിട്ടുണ്ടാവണം.

    ശ്രീ, :-)

    ReplyDelete
  3. നീയെനിയ്ക്കാരാണെന്നതറിയാഞ്ഞെന്നോട്‌ ഞാ-
    നായിരംവട്ടം ചോദിച്ചുത്തരം ലഭിച്ചീല
    പോയജന്മം ഞാന്‍ ചെയ്ത പുണ്യങ്ങളാവാം നിന്നെ
    മായികവിസ്മയംപോല്‍ കൂട്ടായി ലഭിച്ചത്‌...

    നല്ല വരികള്‍!
    ശരിക്കും പ്രണയകവിതകള്‍ വായിക്കണമെങ്കില്‍ ഇവിടെ വരണം.

    ReplyDelete
  4. പ്രിയ വാല്‍മീകി,
    താങ്കളെപ്പോലെ ധാരാളം എഴുതുകയും, വായിക്കുകയും ചെയ്യുന്ന ഒരാളില്‍നിന്നും കിട്ടിയ ഈ അഭിപ്രയം ഞാന്‍ ഏറെ വിലമതിയ്ക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ നന്ദി ദയവായി സ്വീകരിയ്ക്കുക..

    ReplyDelete