Thursday, August 20, 2009

എന്റെ ഓണം

മധുരാനുഭൂതികള്‍ മനതാരില്‍‌പെയ്യുന്ന
ഹൃദയവികാരമാണെന്റെയോണം।
വ്യഥകളില്ലാതെ, മനുഷ്യരൊന്നായ് വാണ
ഗതകാലസ്വപ്നത്തിന്നോര്‍മ്മയോണം।

ദലമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കുകില്‍ അത്
മലയാളഭാഷയാണെന്നു തോന്നും
പുലരികള്‍, സന്ധ്യകള്‍, പൂക്കള്‍, ശലഭങ്ങള്‍‌
‍മലയാളമോതുന്നു, കിളികള്‍പോലും!

ഒരുപാടുനാളൊന്നുമായില്ല,ബാല്യത്തില്‍,
തിരുവോണമെത്തുന്നതിന്നുമുന്‍പേ,
ഒരുനൂറുമോഹങ്ങളതിലേറെപുഷ്പങ്ങള്‍‌
‍നിറയെ വര്‍ണ്ണങ്ങളുമായിയെത്തും.

തറവാടുകള്‍പോയി,യണുകുടുമ്പങ്ങള്‍ക്ക്‍
തിരുവോണം കടലാസ്സുപൂക്കളിലായ്.
ഇരയായിമാറുന്നു കമ്പോളസംസ്ക്കാര-
ത്തിരയിതില്‍, ഇനിയില്ല തിരികെയാത്ര.

ഇനിയെനിയ്ക്കാസ്വദിച്ചീടുവാനാവില്ല
തനിനാട്യമായ്മാറി തിരുവോണവും!
ഇനിയൊരുനാളിലും കൈവന്നിടാത്തൊരു
തനിമയെഴും സ്വപ്നം; എന്റെയോണം!!

2 comments:

  1. ഓണം മാത്രമല്ല ഇന്നെല്ലാം നാട്യങ്ങള്‍ മാത്രമായിത്തീര്‍ന്നിരിയ്ക്കുന്നു.....എങ്കിലും മനസ്സില്‍ ഓണത്തെക്കുറിച്ചിപ്പോഴും മധുരിയ്ക്കുന്ന ഓര്‍മ്മകളില്ലേ.....

    എന്തായാലും ആദ്യത്തെ ഓണാശംസകള്‍ എന്റെ വക......ഹാപ്പി ഓണം......

    ReplyDelete
  2. അല്ലാ, ഇതാരാ വന്നേക്കണേ..
    ഓര്‍മ്മകള്‍.. അതുതന്നെയാണല്ലോ സങ്കടവും..

    ReplyDelete