Friday, October 10, 2008

മുത്തപ്പാ..


കത്തിപ്പടരും കുറേ ദു:ഖങ്ങളുമായി ഞാ
നെത്തീ പറശ്ശീനിയില്‍; ഇന്നലെ വൈകുന്നേരം
മുത്തപ്പനപ്പോള്‍ തന്റെ വെള്ളാട്ടിനായിട്ടങ്ങോ-
ട്ടെത്തി; ഞാന്‍ കണ്ടു ചേതോഹരമാം തിരുരൂപം

തെച്ചിയും തുളസിയും ചേര്‍ത്ത്‌കെട്ടിയ മാല
ഉച്ചിയില്‍, കൊടുമുടിക്കിരീടം നിറച്ചുണ്ട്‌
പച്ചരി, മഞ്ഞള്‍, ചുണ്ണാമ്പരച്ച്‌ കൂട്ടുണ്ടാക്കി-
ത്തേച്ച്‌, മേനിയിലാകെ; വരകള്‍ വര്‍ണ്ണങ്ങളും.

മയ്യിട്ട കണ്ണ്‍, കരിമഷിയാല്‍; വളയിട്ട
കയ്യൊന്നില്‍ വാളും; വില്ലു,മമ്പുമറ്റേക്കയ്യിലും
മെയ്യാകെയിളക്കിക്കൊണ്ടിങ്ങെത്തിയീമുത്തപ്പന്‍-
തെയ്യത്തിനുണ്ട്‌ താടി, നരച്ച മേല്‍മീശയും

വട്ടത്തില്‍ കഴുത്തില്‍ക്കെട്ടരയില്‍ ചെന്തില്‍ക്കെട്ട്‌
മുട്ടോളമെത്തും കാണിമുണ്ട്‌, പട്ടുകച്ചയും
എട്ടുദിക്കുകള്‍ ഞെട്ടും 'മലയിറക്കത്താളം'
കൊട്ടുന്ന ചെണ്ട,കുഴല്‍, ഇലത്താളമേളവും.

മേളം മുറുകേ, കാലില്‍ ചിലമ്പ്‌കിലുക്കിക്കൊ-
ണ്ടാളുകള്‍ക്കിടയൂടെ നടന്നൂ, മുത്തപ്പനും
മേലൊന്നുമിടാതെ, മുണ്ടരയില്‍ ചുറ്റിക്കൃട്ടി
താളത്തില്‍ നടക്കുന്നൂ, കൂടെയാ 'മടയന്‍'ഉം

വേട്ടയ്ക്ക്‌ പോവാനൊരുങ്ങുന്നപോല്‍ ഒരുക്കങ്ങള്‍
കൂട്ടി മുത്തപ്പന്‍ പിന്നെയനുഗ്രഹിച്ചെല്ലാരേം
കൊട്ട്‌ നിലച്ചു, പീഠം നീട്ടിയ മടയനെ
തൊട്ടനുഗ്രഹിച്ചതിലിരുന്നൂ മുത്തപ്പനും

പിന്നെ, അനുഗ്രഹങ്ങള്‍ തേടി ഭക്തന്മാരെല്ലാം
മുന്നോട്ട്‌ ചെന്ന് കൈകള്‍കൂപ്പി, ദക്ഷിണവച്ചു
എന്നോട്‌ ചൊല്ലീ "ഒരു രക്ഷകനെപ്പോലെ ഞാന്‍
എന്നുമുണ്ടായാല്‍പോരെ?" "മതി", ഞാന്‍ തലതാഴ്ത്തി

ഒന്നോര്‍ക്കുകില്‍ ഇത്രയ്ക്ക്‌ ജനകീയദൈവത്തെ
പിന്നോക്കവര്‍ഗ്ഗക്കാര്‍ക്ക്‌ കിട്ടിയതെന്തിന്നാവാം
പിന്നെ, മലബാറിലെ വിവിധ മതക്കാര്‍ക്ക്‌
ഒന്ന് വിളിച്ചാല്‍ മതി. എത്തുമത്രേ മുത്തപ്പന്‍.

6 comments:

  1. മുത്തപ്പനെപ്പറ്റിയെഴുതിയതു വളരെ നന്നായിട്ടുണ്ട്‌...എപ്പോഴും മുത്തപ്പന്റെ അനുഗ്രഹം എല്ലാവര്‍ക്കുമുണ്ടാകട്ടേ.......ആശംസകള്‍....

    ReplyDelete
  2. കുട്ടന്‍ ജീ

    ഈ സോഷ്യലിസ്റ്റ് ദൈവത്തിനെ പിന്നോക്ക‌വര്‍ഗ്ഗക്കാര്‍ക്ക് “കിട്ടിയതല്ല”; മറിച്ച് ഇത് ബ്രാഹ്മണ്യത്തിന്റെ കുത്തക‌യായിരുന്ന അല്ലെങ്കില്‍ ഇപ്പോഴും ആയ പൌരോഹിത്യ പൊങ്ങച്ചങ്ങ‌ള്‍ക്കും അസ്പൃശ്യതക‌ള്‍ക്കും എതിരെയുണ്ടായ ഒരു നാടന്‍ “നേട്ടം” ആണ്. ശ്രീകോവിലിന്റെ വാതില്‍ കൊട്ടിയടച്ചും മറ്റും ചെയ്യപ്പെടുന്ന പരമ്പരാഗത ബ്രാഹ്മണ‌പൂജകളിലുള്ള “നിഗൂഡത” പറശ്ശിനിക്കടവില്‍ ഇല്ല. അത് “എല്ലാവര്‍ക്കും” സുതാര്യമാണല്ലോ. മടപ്പുരയെപ്പറ്റിയും മുത്തപ്പന്റെ സല്‍ക്കാരത്തെപ്പറ്റിയും എഴുതാഞ്ഞത് എന്തേ?

    ReplyDelete
  3. പ്രിയ നിഷ്...
    മടപ്പുരയും, മുത്തപ്പന്റെ ‘സല്‍ക്കാര‘വും, പ്രസാദവുമൊക്കെ മന:പൂര്‍വം ഒഴിവാക്കിയതാണ്.
    ഈ ജനകീയ ദൈവം ഇത്ര പോപ്പുലറാവാനും മുത്തപ്പനെ നെഞ്ചേറ്റി ആദരിയ്ക്കാനും, പ്രാര്‍ത്ഥനയോടെ സമീപിയ്ക്കാനും കാരണം താങ്കള്‍‍ പറഞ്ഞതുതന്നെ..
    എഴുതാനൊരുപാടുണ്ട്..
    നന്ദി..

    ReplyDelete
  4. കവിത നന്നായിരിക്കുന്നു


    മുത്തപ്പൻ ക്ഷേത്രത്തിൽ പണ്ടൊരിക്കൽ പോയിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് നായേ പ്രവേശിപ്പിക്കുന്നതും തേങ്ങാക്കൊത്ത് ചേർത്ത പ്രസാദം ആദ്യം നായ്ക്ക് നൽകുന്നതും ഒക്കെ പുതിയ അറിവായിരുന്നു.

    ReplyDelete
  5. പ്രിയ ലക്ഷ്മി,
    നായ, മുത്തപ്പന്റെ വാഹനമാണത്രെ. കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ക്ക് നായയാണല്ലോ തുണ. മുന്‍പ്, തേങാകൊത്തിനുപകരം ഉണക്കമീന്‍ ചുട്ടതായിരുന്നു.പയര്‍‌പുഴുങിയതിന്റെകൂടെ ഞാനും അത് കഴിച്ചിട്ടുണ്ട്.
    ഒരു പ്രാക്തനസങ്കല്‍പ്പദൈവമെന്നനിലയ്ക്ക് മുത്തപ്പനെ എനിയ്ക്ക് സ്നേഹമാണ്‍്,ബഹുമാനമാണ്.
    പിന്നെ, ചിത്രങള്‍ ഞാന്‍ കണ്ടു. മനോഹരമായിട്ടുണ്ട്. അതില്‍‌പ്പിന്നെയാണ് ഞാന്‍ ഇന്നത്തെ പോസ്റ്റായ ‘വൃന്ദാവനസാരംഗ’ എഴുതിയത്.
    വന്നതിനും വായിച്ചതിനും ഒക്കെ നന്ദി..

    ReplyDelete