Wednesday, November 26, 2008

ശരണമയ്യപ്പാ...

തലയിലുണ്ടിരുമുടിക്കെട്ട്‌; മനസ്സിലീ
മലവാഴുമയ്യപ്പനും....(2)
കലിയുഗവരദാ,യിരുള്‍മൂടുമെന്നില്‍നീ
പുലരിയായ്‌ വന്നുദിയ്ക്കൂ; പൊന്നമ്പിളി-
ക്കലപോലെ നീ തിളങ്ങൂ
(തലയിലുണ്ടിരുമുടിക്കെട്ട്‌...)

ഒരുനൂറ്‌ ജന്മമെടുത്തു; ഞാന്‍ പാപങ്ങള്‍
ഒരുപാട്‌ചെയ്തതിനാല്‍....(2)
എരിയുന്ന കര്‍പ്പൂരത്തിരിപോലെയെന്നില്‍ നീ
നിറയേണമെന്നയ്യപ്പാ; നീവരം
ചൊരിയേണമെന്നിലയ്യാ
(തലയിലുണ്ടിരുമുടിക്കേട്ട്‌...)

കളഭാഭിഷേകവും കണ്ട്‌, ഞാന്‍ മെല്ലെയീ
മലയിറങ്ങുന്നനേരം....(2)
അലമാലപോല്‍ പുനര്‍ജന്മത്തിന്‍ പൊരുളെന്നില്‍
അലയടിച്ചെത്തിടുന്നു; പൊന്നമ്പലം
തെളിയുന്നുയെന്‍മനസ്സില്‍
(തലയിലുണ്ടിരുമുടിക്കെട്ട്‌...)


(ഉടുക്കിന്റെ താളത്തോടൊപ്പം പാടാന്‍ ചിട്ടപ്പെടുത്തിയത്‌..)

Thursday, November 20, 2008

മണിത്താലി.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയതിന്ന് ശ്രമിയ്ക്കിലും ?
എന്നെന്നെയിഷ്ടമെന്നാദ്യം പറന്‍ഞ്ഞതിന്‍
മുന്നെയറിഞ്ഞു ഞാന്‍, നീയെന്‍സഖിയെന്ന്

വിണ്ണില്‍ ‍താരങ്ങള്‍ചിരിയ്ക്കെ, കൂത്തമ്പല-
മണ്ണില്‍ കളികണ്ടലിഞ്ഞിരുന്നീടവേ,
കണ്ണിമയ്ക്കാതന്ന് നിന്നുപോയ്‌ ഞാന്‍ കഴല്‍-
ക്കണ്ണിയെനോക്കി;യറിഞ്ഞതില്ലന്ന് നീ.

എത്രവസന്തങ്ങള്‍ പിന്നെക്കടന്നുപോയ്‌
എത്രവര്‍ഷങ്ങള്‍, ശിശിരങ്ങള്‍, നാം രണ്ടു-
മത്രമേല്‍ സ്നേഹിച്ചിരുന്നൂ പരസ്പര-
മെത്രതാലോലിച്ചിരുന്നു കിനാക്കളെ...

കണ്ണില്‍തീ യച്ഛന്റെ; ജാലകവാതിലില്‍
കണ്ണുകള്‍നിന്റെ, കരഞ്ഞ്‌ കലങ്ങിയും.
തിണ്ണയില്‍നിന്ന് മുറ്റത്തേയ്ക്കിറങ്ങി ഞാന്‍
കണ്ണിലിരുട്ടും, തകര്‍ന്ന മനസ്സുമായ്‌.

എന്നെ നിനക്ക്‌ മറക്കുവാനാകുമോ
പൊന്നേ, നീയെത്രയകലേയ്ക്‌ക്‍പോകിലും ?
അന്ന് ഞാനുണ്ടാവുകില്ല, നിന്‍മാറത്ത്‌
പൊന്നിന്‍ മണിത്താലി വേറൊരാള്‍ ചാര്‍ത്തിയാല്‍

Tuesday, November 18, 2008

പഥികന്‍

ആരെന്നെയോര്‍ത്തിടാന്‍, ഞാനൊരുനാളിലീ-
തീരംവെടിഞ്ഞകലേയ്ക്‌ക്‍പോയീടുകില്‍ ?
ആരുമുണ്ടാവില്ലറിയാമെനിയ്കെന്റെ-
യാരോമലാള്‍പോലുമെന്നെമറന്നിടും.

പേരറിയാത്ത വിജനസ്ഥലികളില്‍,
കൂരിരുള്‍തിങ്ങും നിബിഢവനങ്ങളില്‍,
പാരം നടക്കേണമീഭാണ്ഡവുമേറ്റി
തോരാമഴയിലും, വേനല്‍ത്തിളപ്പിലും.

ഏതോനിലാപ്പക്ഷിയെന്നോ മനസ്സിന്റെ
വേദനതീര്‍ക്കുവാന്‍ പാടിയ പാട്ടുകള്‍,
പാതയോരത്തല്‍പനേരമിരിയ്ക്കവേ
കാതിലൊരാശ്വാസമായ്‌ മുഴങ്ങീടുമോ ?

എന്നിലെയെന്നെത്തിരഞ്ഞുനടന്നു ഞാ-
നിന്നേവരെക്കണ്ടതില്ലതിന്‍ശേഷമാ-
ണിന്നെന്റെയാത്ര തുടരുവാനിപ്പാത-
മുന്നോട്ട്‌നീളുന്നിടത്ത്‌ നില്‍ക്കുന്നു, ഞാന്‍..

Tuesday, November 11, 2008

ശ്വസിയ്ക്കുന്ന മൃതദേഹം.

വീണുടഞ്ഞാദ്യരാവില്‍ത്തന്നെയെന്‍ സ്വപ്ന-
വീണയും; മോഹതാരങ്ങളും ഭൂമിയില്‍
കാണാക്കയത്തിന്നഗാധതലങ്ങളില്‍
വീണപോലന്ന് ചിതറിയെന്‍മാനസം

മായികവിഭ്രമജാലങ്ങളാലെന്നെ-
യായിരംകൈകളാല്‍ കോരിത്തരിപ്പിച്ച
നീയെവിടേയെന്ന് ഞാന്‍തിരഞ്ഞീടവേ-
യായിരുന്നാശരമെന്നെത്തുളച്ചത്‌.

കണ്ണിലിരുട്ട്‌പടര്‍ന്നൂ; ഒരുതുള്ളി-
ത്തണ്ണീരിനായ്‌ കരള്‍കേണുവെന്നാകിലും
മണ്ണിലിറ്റിറ്റായ്പതിച്ചത്‌ ചൂടുള്ള
കണ്ണുനീരെല്ല; നിണമെന്നറിഞ്ഞു ഞാന്‍.

എത്രയോനേരം കഴിഞ്ഞ്‌ ശവഘോഷ-
യാത്രയ്ക്കൊരുങ്ങിയെറുമ്പുകള്‍ വന്നതും;
നൃത്തം ചവിട്ടി, താളത്തിലാത്മാവുകള്‍.
അത്രയേ ഉണ്ടായിരുന്നുള്ളു ഓര്‍മ്മകള്‍

ഇന്നീജനലിന്നഴിയില്‍ തലചായ്ച്ച്‌
മുന്നോട്ട്‌നീങ്ങും പൊടിപ്പാതയെനോക്കി
കണ്ണീരുവറ്റി; മരപ്പാവപോലൊരു-
പെണ്ണ്- ശ്വസിയ്ക്കും മൃതദേഹമാണിവള്‍ !