Saturday, December 29, 2007

എങ്കില്‍..


നിന്റെ സ്വപ്നങ്ങളില്‍ പൂക്കും നിശഗന്ധീപുഷ്പസുഗന്ധമായെങ്കില്‍!
നിന്റെ കണ്‍കോണിലൊളിയ്ക്കുന്ന രാഗത്തിന്നിന്ദീവരങ്ങളായെങ്കില്‍!
നിന്‍വിരല്‍ത്തുമ്പിന്റെ ലാളനമേല്‍ക്കുന്ന തമ്പുരുവായിരുന്നെങ്കില്‍!
നിന്റെനിശ്വാസങ്ങളേറ്റുവാങ്ങുന്നൊരു ഗദ്ഗദമായ്‌ മാറിയെങ്കില്‍!

നിന്റെപൊന്‍തൂലികത്തുമ്പിലുറയുന്നസ്പന്ദങ്ങളായ്‌ മാറിയെങ്കില്‍!
നിന്റെസങ്കല്‍പമാംശാദ്വലഭൂമിയില്‍ മഞ്ഞായിപെയ്തിരുന്നെങ്കില്‍!
നിന്റെയേകാന്തമാംശ്യാമദു:ഖ്ങ്ങളില്‍സാന്ത്വനമായ്‌ മാറിയെങ്കില്‍!
നിന്റെ മോഹങ്ങളെ പൊന്നലചാര്‍ത്തുവാന്‍ എന്നുമെനിക്കായിയെങ്കില്‍!

നിന്‍ചുമ്പനങ്ങളേറ്റാകെത്തളരുന്ന പൊന്‍വേണുവായിരുന്നെങ്കില്‍!
നിന്റെകടാക്ഷശരങ്ങളേറ്റെന്നുമെന്‍ നെഞ്ചകം നൊന്തിരുന്നെങ്കില്‍!
നിന്‍വിരിമാറില്‍ വനമാലയോടൊത്ത്‌ എന്നുമൊട്ടിക്കിടന്നെങ്കില്‍!
എന്നുമെന്നാശകള്‍ നിര്‍വൃതിനേടുവാന്‍ നിന്നെത്തിരഞ്ഞെത്തിയെങ്കില്‍!!

Friday, December 28, 2007

നെഞ്ചിലെ ചൂട്‌


ഇന്നലെയീവാടിയില്‍ ഇരുന്നേനേറെനേരം
വന്നില്ല കണ്ണന്‍, എന്റെ മോഹങ്ങളേറ്റുവാങ്ങാന്‍
ഇന്നവന്‍ വരുമെന്നെന്‍ മനസ്സിന്‍ തന്ത്രികളില്‍
ഹിന്ദോളമുയരവേ, യമുനേ, യറിവു ഞാന്‍

ചന്ദനക്കുളിര്‍ക്കാറ്റില്‍ നിന്റെയോളങ്ങള്‍ വീണ്ടും
മന്ദമായിളകുവാന്‍ തുടങ്ങീ, കേള്‍പ്പീലേ മാ-
കന്ദത്തളിരുമുണ്ട്‌ പഞ്ചമം പാടീ കുയില്‍
നന്ദനോടൊത്താടാനെന്‍ കാല്‍ത്തള തുടിയ്ക്കുന്നൂ

കണ്‍പൊത്തിക്കളിയ്ക്കുന്നൂ വാനില്‍, മേഘങ്ങള്‍ക്കിടെ
വെണ്‍ചന്ദ്രലേഖ, മെല്ലെച്ചിരിപ്പൂ എന്നെ നോക്കി
മണ്‍ചിരാതിലെ തിരിനാളങ്ങള്‍ കെടാറായീ
നെഞ്ചിലെച്ചൂടേറ്റ്‌ ഞാന്‍ ഉരുകിത്തീരാറായീ..


Monday, December 24, 2007

ആശംസ.



കടലുകള്‍ക്കക്കരെയുള്ള എന്റെ ഒരു
കാണാത്ത ചങ്ങാതി- ജേപിയ്ക്ക്‌:-
------------

എങ്ങിനെയറിയില്ല, നാം തമ്മിലുണ്ടായോരീ-
ചങ്ങാത്തമിത്‌, പൂര്‍വജന്മസുകൃതമാവാം
മങ്ങാതെനില്‍ക്കട്ടെയീസ്നേഹം; നേരുന്നൂ മനം-
തിങ്ങുമാമോദത്തോടെ, "പിറന്നാളാശംസകള്‍"

പോകുന്ന പാതതോറും നിനക്കായ്‌ വിരിയട്ടേ
പൂവുകള്‍,കുളിര്‍ക്കാറ്റ്‌ കൈകളാല്‍ തലോടട്ടെ
പൂംതേന്‍ നിറച്ച പുതു പാനപാത്രങ്ങള്‍ നീളേ,
പൂങ്കുയില്‍ പാടീടട്ടെ എതിരേല്‍ക്കുവാന്‍ നിന്നെ

ഒന്നുമില്ലല്ലോ തോഴാ, തരുവാന്‍ നിനക്കായീ
ഇന്നെന്റെ മനസ്സില്‍, നീ തന്നയോര്‍മ്മകളന്യേ
ഒന്നുമെനിയ്ക്കും വേണ്ടാ പകരം, സ്നേഹം മാത്രം
തന്നെങ്കി, ലതുമതി കൃതാര്‍ത്ഥനായീ യീ ഞാന്‍

Thursday, December 20, 2007

ആശ


പൂനിലാവിലെന്‍കണ്ണന്‍ രാഗലോലനിന്‍ നഗ്ന-
മേനിയില്‍ വിരലിനാല്‍ മെല്ലെത്തഴുകി, തന്റെ
തേനലച്ചുണ്ടാല്‍ മുത്തി, രാഗങ്ങളുതിര്‍ക്കുവാന്‍
കാനന മുരളീ, നീ എന്ത്‌ സൗഭാഗ്യം ചെയ്തു?

എപ്പോഴുമരയിലോ, കയ്യിലോ, ചുണ്ടത്തോ നീ
എപ്പോഴുമുണ്ടാമവന്നടുത്തായ്‌, തുണയായി.
മല്‍പ്രാണനാഥനെന്റെ അരികത്തുണ്ടാമെന്നാ-
ലപ്പൊഴേയ്ക്കുമാരാവ്‌ പെട്ടെന്നൊടുങ്ങിപ്പോവും.

നിന്നോടുണ്ടെനിക്കല്‍പം അസൂയ, പുല്ലാങ്കുഴല്‍-
പ്പെണ്ണേ, നീ മുജ്ജന്മത്തില്‍ സുകൃതം ചെയ്തോളാവാം
കണ്ണന്റെ മാത്രം രാധയാണു ഞാനെന്നാലുമാ-
പ്പൊന്‍വേണുവായീ വീണ്ടും ജനിയ്ക്കാനെനിയ്ക്കാശ


Wednesday, December 19, 2007

പ്രകാശരശ്മികള്‍..


ദൂരെ, യങ്ങപാരതയ്ക്കപ്പുറത്ത്‌ നിന്നൊരു
താരക ചിരിച്ചൂ, ദു:ഖാര്‍ത്തനാമെന്നെനോക്കി
'പോരികെന്നരികത്തേ'യ്കെന്നവള്‍ ക്ഷണിച്ചപ്പോള്‍
കോരിത്തരിച്ചോ സ്നേഹമറിയാത്തൊരെന്മനം.

മോഹങ്ങളില്ല; വേണ്ട, വേറൊന്നുമെനിക്കിന്ന്
സ്നേഹമൊരല്‍പം, പക്ഷേ ലഭിച്ചില്ലിന്നേവരെ
ദാഹനീരേകാനാരും വന്നില്ല ഞാനീ പത്മ-
വ്യൂഹത്തിലൊറ്റയ്ക്കടരാടുവാനാവാം വിധി.

ഇന്നെന്നെനോക്കി ചിരിയ്ക്കുന്ന താരത്തെ ത്തേടി-
ച്ചെന്നാലുമതവിടെ ഉണ്ടാവില്ലെന്നറിയാം.
എന്നോജ്വലിച്ച്‌, പ്രകാശോര്‍ജ്വങ്ങള്‍ അടങ്ങും മുന്‍-
പെന്നോ ചൊരിഞ്ഞ വെറും രശ്മികളാവാമത്‌!


Friday, December 14, 2007

കണ്ണന്റെ മറവി.


മീരതന്‍ ഗാനാലാപ കല്ലോലിനിയില്‍ മുങ്ങി-
യീരാവിലല്‍പംനേരം മറന്നുപോയ്‌ ഞാനെന്നെ.
നീരാഞ്ജനക്കണ്ണാള്‍നീ യമുനാതീരത്തെന്നെ
ഏറെനേരമായ്‌ കാത്തുനില്‍പതും മറന്നൂ ഞാന്‍

ഇന്നലെപ്പിരിയവേ നീയെന്നധരങ്ങളില്‍
തന്നചുംബനത്തിന്റെ ഊഷ്മളാനുഭൂതികള്‍
ഇന്നുണര്‍ന്നെണീറ്റപ്പോള്‍ കുറച്ച്‌ ബാക്കി, അതും
ഇന്നത്തെ മറവികള്‍ക്കുള്ള കാരണമാവാം

മന്ദസ്മിതവുമായി രുഗ്മിണി ചോദിച്ചെന്തേ
സിന്ദൂരക്കുറിയെന്നെ ചാര്‍ത്തിക്കാന്‍ മറന്നു നീ
ഇന്ദീവരക്കണ്ണുകള്‍ മുറുകെപ്പൂട്ടീ വീണ്ടും
സുന്ദരസ്വപ്നങ്ങളില്‍ മുഴുകാനുറങ്ങീ ഞാന്‍.

---------------------------------------------
പേനകൊണ്ട്‌ കടലാസിലെഴുതാതെ,ഒരുമണിക്കൂര്‍കൊണ്ട്‌ വരമൊഴിയില്‍ നേരിട്ടടിച്ചതാണിത്‌.

Sunday, December 9, 2007

സുധാമൃതം


ചെറുകാറ്റിലിളകുമീയോളങ്ങളേ നോക്കി
വെറുതേയീതീരത്തിരുന്നു നമ്മള്‍
ഒരുകാര്യം ചൊല്ലുന്നതിന്‍മുമ്പു വാക്കുകള്‍
ഒരുനിശ്വാസത്തിലലിഞ്ഞു പോയീ

തനിയേയെഴുന്നേറ്റകലേയ്ക്കു പോയിനീ
ഇനി, വേറെ തീരങ്ങള്‍ തേടിയാണോ?
ഇനിയെന്നെയിവിടെയുപേക്ഷിക്കെ ബാക്കിയാം
പനിമതി, പുഴയു,മീരാവും, ഞാനും.

ഒഴുകുമീയോളങ്ങള്‍ ഓര്‍മ്മകളായ്‌ വന്ന്
തഴുകെ, ത്തെളിയും നിന്‍ വദനാംബുജം
മുഴുതിങ്കള്‍ വിരിയുമീ രാവിലീ തീരത്ത്‌
മുഴുകും ഞാന്‍ കവിതാസുധാമൃതത്തില്‍!

--------------------------------------
ഓഫീസിലെ, എന്റെ ഒരു കടുത്ത ആരാധികയായ സുധാകുമാരിയ്ക്കു ട്രാന്‍സ്ഫര്‍ ആയി. സെന്റോഫിന്‌ ഞാന്‍ എന്റെവക ഒരു പേനയും ഈവരികളും നല്‍കി.

Thursday, December 6, 2007

ശരണം അയ്യപ്പാ..


സങ്കടങ്ങളെയിരു കെട്ടായി തലയേറ്റി
സഹ്യാദ്രിവാഴും രാജകുമാരാ, ഞാന്‍വന്നല്ലോ
സര്‍വ്വവും മറന്നു ഞാന്‍ നെയ്യഭിഷേകം കാണ്‍കെ
സന്തോഷസാഗരമൊ ന്നെന്നുള്ളില്‍ നിറഞ്ഞല്ലോ

മെത്തപോല്‍, കല്ലും മുള്ളും നിറഞ്ഞ പാത, നീയെന്‍
ചിത്തത്തിലുള്ളപ്പോള്‍,അതെത്രയോ സുഗമമായ്‌
ആര്‍ത്തനായ്‌ കരി, നീലമലകള്‍ ചവിട്ടിക്കൊ-
ണ്ടെത്തി ഞാന്‍,എന്റെ വ്രതശുദ്ധിയും കൊണ്ടയ്യപ്പാ.

ഒട്ടേറെ ദു:ഖങ്ങളുണ്ടെനിക്കവയെ പതി-
നെട്ടു പടിയ്ക്കും നാഥാ, അകറ്റി കാത്തീടേണം
കഷ്ടങ്ങള്‍വരുന്നേരം അവയെ തടഞ്ഞടി-
തെറ്റാതെ ഇവിടേയ്ക്ക്‌ എത്തുവാന്‍ തുണയ്ക്കണം

Wednesday, December 5, 2007

നന്ദി ചൊല്ലീടണം.


അല്‍പമകലെയീയാരാമ വീഥിയില്‍
പുഷ്പങ്ങളാലേയലങ്കരിച്ചുള്ളൊരീ
തല്‍പ്പത്തിലെന്റെയരികത്തിരിയ്ക്കുമീ
മല്‍പ്രേയസിയ്ക്കു ഞാനെന്ത്‌ നല്‍കീടണം

അന്തിച്ചുവപ്പ്‌ പടരും കവിളിലൊ,
മുന്തിരിത്തേന്‍ചോരും പൂംചെഞ്ചൊടിയിലോ
ചന്ദനശീതള നെറ്റിയിലോ, ചുണ്ട്‌
മന്ദമമര്‍ത്തീയൊരുമ്മ നല്‍കീടണം

എന്നിട്ട്‌, വാരിയെടുത്തെന്റെ മാറത്ത്‌
നന്നായമര്‍ത്തിപ്പിടിക്കേണ, മീജന്മ-
മൊന്നാകുവാനിടയായതിന്നീശന്‌
എന്നുമെന്നും ഏറെ നന്ദി ചൊല്ലീടണം


Monday, December 3, 2007

ഡിസമ്പര്‍


ഇന്നെങ്ങും പൂത്തുവിരിഞ്ഞുനില്‍പ്പൂ, കണി-
ക്കൊന്ന,വിഷുവീ ഡിസമ്പറില്‍ത്തന്നെയോ?
നന്നെ വെളുപ്പിന്നെണീറ്റാല്‍ തിരഞ്ഞെത്തു-
മെന്നെ,ശരണം വിളികള്‍തന്‍ വീചികള്‍..

തെല്ലകലെക്കേള്‍ക്കാം നേര്‍ത്ത കരോള്‍ഗാനം
പള്ളിമണികള്‍തന്‍ താളസ്വനങ്ങളും
മെല്ലെ,അലകളായോടിയെത്തീടുന്നു
നല്ലമനസ്സില്‍ സമാധാന സന്ദേശം..

ഏകദൈവത്തിന്ന് നല്‍കുവാനായി തന്‍
ഏകമകനെ, അതുമീ ഡിസംബറില്‍?
ഏതോനിഗൂഢ ഡിസംബര്‍രഹസ്യങ്ങള്‍
ഏതാണവയെന്നുയെന്നറിഞ്ഞീടും ഞാന്‍?


Thursday, November 29, 2007

മരീചികള്‍ മാറിനില്‍ക്കും..


പാടാന്‍തുടങ്ങിയോരെന്നുള്ളില്‍നിന്നുമാ-
പാഴ്‌സ്വരമെങ്ങോ പറന്നു പോയീ.
ചൂടാന്‍തുടങ്ങിയോരാശകള്‍ നെഞ്ചിലെ
ചൂടേറ്റ്‌ വാടിക്കരിഞ്ഞു പോയീ.

ഓടിത്തളരുമ്പോള്‍ വിശ്രമിക്കാന്‍ നിന്റെ
ഓര്‍മ്മതന്‍ ശീതളഛായയുണ്ട്‌.
ദാഹനീരിന്നായ്‌ തുടിയ്ക്കെ നീ പാടിയ
മോഹനരാഗം മനസ്സിലുണ്ട്‌.

എന്നെയീപാതകൊണ്ടെത്തിച്ചിടുമൊരു
വന്യ മരുഭൂവിലെന്നാകിലും.
നിന്നെക്കിനാക്കണ്ട്‌ മുന്നോട്ടു പോകവേ
മുന്നില്‍, മരീചികള്‍ മാറിനില്‍ക്കും..



നീനു ജോസ്‌


മിണ്ടിയിട്ടുണ്ട്‌; പലതവണ ഫോണി,ലെന്നാല്‍
കണ്ടിട്ടില്ലിന്നേവരെ, എന്‍മകള്‍ നീനുവിനെ
അമ്മയുണ്ടപ്പനുണ്ട്‌ അവള്‍ക്കെന്നാലുമെന്റെ
അമ്മുവാണത്രെയമ്മ, അഛനായീയുള്ളോനും

എട്ടിലാണവള്‍, ചേച്ചി ഒമ്പതില്‍, രക്ഷിതാക്കള്‍
പട്ടിണിമാറ്റാന്‍ കൂലിവേലയ്ക്കു പോവുന്നുണ്ട്‌
'മട്ടമ്മലയില്‍ വീട്‌'; നേര്യമംഗലം പോസ്റ്റ്‌
പട്ടണം എറണാകുളം, കോതമംഗലം വഴി

കത്തവളെഴുതാറുണ്ടിടയ്കീ അങ്കിളിനും
കൃത്യമായ്‌ മറുപടി അയയ്കാറുണ്ടീ ഞാനും
എത്ര മോഹങ്ങളുണ്ടാം ആകൊച്ചു മാലാഖയ്ക്കും
എത്തിപ്പിടിയ്കാനൊരു വള്ളിമാത്രമാണീ ഞാന്‍

Tuesday, November 27, 2007

കബീര്‍...



"നിന്റെ പാതയില്‍ മുള്ള്‌ വിതറിയവര്‍ക്കായി
നീ വിരിയ്ക്കേണം പുഷ്പദളങ്ങളവര്‍ പോകെ
നിന്റെ കാലുകള്‍ മുള്ളാല്‍ വേദനിച്ചേയ്ക്കാം, പക്ഷേ
നിന്റെ പുഷ്പങ്ങളേറ്റാ ഹൃത്തടം വേദനിയ്ക്കും
കല്ലുകളേല്‍ക്കുമ്പോളും മാവെറിയുന്നോര്‍ക്കായി
നല്ല തേന്‍രുചിയേറും മാമ്പഴം കൊടുക്കില്ലേ?
പാന്ഥനല്‍പം തണലോ,തണ്ണീരോ നല്‍കീടാതെ-
യെന്തിനീ പന, വൃഥാ മേലോട്ട്‌ പൊന്തീടുന്നു?
കൊണ്ടുപോവാനാവില്ല; നിന്റെ യാതൊന്നു,മവ
നീണ്ട യാത്രയ്ക്കുമുമ്പായ്‌ ഇവിടെ ഉപേക്ഷിയ്ക്കും"

നീ പറഞ്ഞറുന്നൂറ്‌ വര്‍ഷങ്ങളായെന്നാലും
നേരവയിന്നുമെന്ന് ഞാനറിയുന്നൂ, കബീര്‍!

Monday, November 26, 2007

അനര്‍ഘനിമിഷങ്ങള്‍..


താമരത്തടാകത്തിന്‍ തീരത്ത്‌ സന്ധ്യാരാഗ-
ശ്യാമനീലിമ ചുറ്റും പടരുംനേരത്തന്ന്
ഓമനേ, മടിയില്‍ നീ തലചായ്ച്ചനുരാഗ
കാമനകളെന്നോട്‌ പതുക്കെ മൊഴിഞ്ഞില്ലേ?

അന്നെന്റെകിനാവുകള്‍ കിന്നരക്കൊലുസ്സിട്ട്‌
നിന്നിലേയ്കനസ്യൂതം ഒഴുകിച്ചെല്ലുംനേരം
എന്നെ ഞാന്‍മറന്നേപോയ്‌, എങ്ങനെയറിയില്ല,
പിന്നെയീവിശ്വമാകെ നിറഞ്ഞു നീനിന്നില്ലേ?

(വര്‍ഷങ്ങള്‍! വര്‍ഷങ്ങളുമെത്രയീ ഓര്‍മ്മച്ചെപ്പില്‍
ഹര്‍ഷപൂരിത നിമിഷങ്ങളായ്‌ നിറയുന്നൂ)

ഇന്നാ തടാകമില്ല; സന്ധ്യക്ക്‌ നിറമില്ല;
ഇന്ന് നീയെങ്ങോദൂരെ; ഓര്‍മ്മയുണ്ടാവില്ലെന്നെ
എന്നാലുമെനിക്കൊട്ടും മറക്കാനാവില്ല, നാം
ഒന്നായിക്കഴിഞ്ഞൊരാ അനര്‍ഘനിമിഷങ്ങള്‍!

Sunday, November 25, 2007

ഞാന്‍ നോവിച്ചുവോ?


ഇല്ലപകര്‍ഷതാ ബോധമെനിക്കൊട്ടു-
മില്ലാത്തതിന്മൂലമാകാം
ഉള്ളില്‍വരുന്ന വിചാരങ്ങളെയൊക്കെ
തെല്ലും മടിയില്ലെഴുതാന്‍
നേരായിരിയ്ക്കാം, നുണയായിരിയ്കാമ-
താരോ പറഞ്ഞതുമാകാം
ആരെയും വേദനിപ്പിച്ചുകൂടെന്നുള്ള
കാരിയം ഞാന്‍ മറക്കുന്നൂ
ഉള്ളുനൊന്തോരെങ്ങാനുണ്ടെങ്കിലെന്നോട്‌
തെല്ല് കരുണ തോന്നേണേ
ഇല്ല,യെന്നോട്‌ വെറുപ്പൊട്ടുമില്ലയെ-
ന്നുള്ളില്‍ പറഞ്ഞാല്‍, ഞാന്‍ ധന്യന്‍!


Thursday, November 22, 2007

മറ്റേത്‌



(ഇന്നുച്ചയ്ക്ക്‌, തിരുവല്ലായില്‍നിന്ന് ചങ്ങനാശ്ശേരിവഴി ഒരു ലൊഡക്ക്‌ കെ.എസ്‌.ആര്‍.റ്റി.സി ബസ്സില്‍ ആലപ്പുഴയ്ക്കുപോകവേ, വല്ലാത്ത ദാഹം തോന്നി. റോഡരികില്‍ കുലച്ചുനില്‍ക്കുന്ന തെങ്ങുകള്‍ കണ്ടപ്പോള്‍, കുടുങ്ങുന്ന ബസ്സിലിരുന്ന് ഒരു കടലാസ്സുതുണ്ടില്‍ കുനുകുനെ എഴുതി, ഓഫീസില്‍ ചെന്ന് പകര്‍ത്തി)


മുറ്റത്തുള്ളോരുതെങ്ങില്‍ ചെറിയൊരുമുളകിന്‍ വള്ളി, മേലോട്ട്‌ പൊങ്ങീ
മറ്റേതില്‍, പൂപ്പലുണ്ട്‌; നറുരുചികലരും രണ്ടിളന്നീരുമുണ്ട്‌
‌ മറ്റെങ്ങോപോയ്‌വരുമ്പോള്‍ മനമതിലൊരുദാഹം പൂണ്ട്‌കണ്ണെയ്യുവോര്‍ക്ക്‌
മറ്റേതും ഞാന്‍കൊടുക്കും; അതിനൊരുപിഴയായ്‌ ആയിരം വേറെ വേണം

വൃത്തം:ശ്രഗ്ദരയാണെന്നുതോന്നുന്നു.(ഏഴേഴായ്മൂന്നു ഘണ്ടം മ ര ഭ ന യ യം
ചിലപ്പോള്‍ ശാര്‍ധൂലവിക്രീഡിതവുമാകാം(പന്ത്രണ്ടാല്‍മജസംതതംഗഗുരുവും
അലങ്കാരം: ശ്ലേഷം (രണ്ടുകായ്കളൊരേ ഞെട്ടില്‍ ഉണ്ടാകുമ്പോലെ ഭാഷയില്‍, ഒരേ വാക്കിന്നു രണ്ടര്‍ത്ഥം ഉരയ്ക്കില്‍ ശ്ലേഷമാവത്‌)
പ്രാസം: ആദ്യാക്ഷരവും,ദ്വിതീയാക്ഷരവും
പിന്നെന്തൊക്കെയോയും


Tuesday, November 20, 2007

നീ


നീ യെറിഞ്ഞുടച്ചോരു പുല്ലാങ്കുഴലാണ്‌ ഞാന്‍
നീ മറന്നോരു'വൃന്ദാവനസാരംഗീ' രാഗം
നീ തകര്‍ത്തിട്ട ഞാനാം കണ്ണാടിക്കഷണങ്ങള്‍
നീ തന്നെ പെറുക്കുവാനെന്തിന്നു വന്നൂ, വീണ്ടും

നീ തന്ന മധുരിയ്ക്കും ദംശനപ്പാടുമായ്‌ വി-
നീതനായ്‌ ഞാനീ വഴിയ്കേകനായ്‌ നില്‍പ്പാണിന്നും
നീയറിയുന്നോ സഖീ, നീയാണെന്‍ സ്വപ്നകാവ്യം
നീയാണെന്‍ വെളിച്ചവും, വിശ്വവും, ഹൃല്‍സ്പന്ദവും

നീറുമെന്നാത്മാവിന്റെ നൊമ്പരങ്ങളെയാകെ
നീക്കുമോ, തിരിച്ചെന്നെ നീയെനിക്കേകീടുമോ?
നീണ്ടൊരു ചുംബനത്താലേകുക, പുനര്‍ജ്ജന്മം
നീള്‍മിഴിയാളേ നീ, യെന്‍ ജീവിതം തളിര്‍ക്കട്ടെ!


Sunday, November 18, 2007

അറിവ്‌



നന്നായറിയുന്നതൊന്നുമാത്രം എനി-
ക്കൊന്നുമറിയില്ലയെന്നകാര്യം
എന്നാലുമെന്റെ വിചാര മാര്‍ക്കും
എന്നോളമില്ലറിവെന്നതത്രേ

എല്ലാരുമെത്തുന്നു എന്നരികില്‍
അവര്‍-ക്കുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്
‍നല്ല പരിഹാര മാര്‍ഗങ്ങള്‍ ഞാ
ന്ചൊല്ലിക്കൊടുക്കും സൗജന്യമായി!

എന്നാലു മെന്നിലെ പ്രശ്നങ്ങള്‍ക്ക്‌
എന്നില്‍ പരിഹാരമൊന്നുമില്ല
ഒന്നോര്‍ത്താല്‍ ഈ ഉപദേശമെല്ലാം
നന്ന്, മറ്റുള്ളോര്‍ക്കറിയുന്നു ഞാന്‍

Thursday, November 15, 2007

ബട്ടര്‍ഫ്ലൈ

"നെക്സ്റ്റ്ഡേചെല്ലുമ്പോള്‍, ഒരു ബട്ടര്‍ഫ്ലൈയ്യുടെ
പിക്ച്ചര്‍ ക്ലാസ്സില്‍ കൊണ്ടു പോണം
നെറ്റില്‍നിന്നിപ്പോഴേ ഡൗണ്‍ലോഡ്‌ ചെയ്തൊരു
പ്രിന്റെനിക്കിപ്പത്തരേണം"

വന്നുകേറി,ക്കാല്‍,മുഖവും കഴുകിയി-
ട്ടൊന്നിരുന്നേയുള്ളുടനേ
പൊന്നുവ(ന്നെല്‍ക്കേജിക്കാരിാ‍മടിയേറി-
യൊന്നു ചിരിച്ചുകൊണ്ടോതി

"അമ്മയോടെങ്ങാന്‍ പറയൂ മോളൂ" "ഇല്ലീ-
യമ്മയ്ക്ക്‌ നെറ്ററിയില്ല
ഇപ്പൊഴേവേണം, ചപ്പാത്തി തിന്നാല്‍ ഡാഡി-
യപ്പൊഴേ പൊയിക്കിടക്കും"

ഗൂഗിളില്‍, സെര്‍ച്ചിന്‍ സഹായമോടെ യെന്റെ-
മോളുടെ യാഗ്രഹം തീര്‍ത്തു
പ്രിന്ററില്‍നിന്നൂര്‍ന്ന്‌ വീണ ബട്ടര്‍ഫ്ലൈയ്കൊ-
രുമ്മ കൊടുത്ത്‌, പോയ്‌ പൊന്നു

ചിത്രത്തിലെങ്കിലും പൂമ്പാറ്റയൊന്നിനെ-
യെത്രനാളായി കണ്ടിട്ട്‌?
എന്തൊക്കെയാണ്‌ നേടുന്നത്‌ ഞാന്‍, എനി-
യ്കെന്തൊക്കെ നഷ്ടമാവുന്നൂ?

Wednesday, November 14, 2007

കിളിക്കൊഞ്ചല്‍



കൊഞ്ചുന്ന പൈങ്കിളിയെ ഞാന്‍ വിട്ടു പോന്നിട്ടിന്നേ-
യ്കഞ്ചുമാസമാവുന്നൂ, വിശ്വാസമാവുന്നില്ല
നെഞ്ചിലുണ്ടിപ്പോഴുമാ വശ്യസുന്ദരരൂപം
തേന്‍ചോരും നറുനിലാച്ചിരിയും ചാടുവാക്കും

വന്യഭാവനകളാലെന്മനം പിടയ്കവേ
വന്നു നീ, നിലാവിന്റെ ശീതളസ്പര്‍ശം പോലെ
ചെന്നിണമൊഴുകിയ മുറിവില്‍ കനിവിന്റെ
പൊന്നണിത്തൂവല്‍കൊണ്ട്‌ തഴുകീ മൃദുവായി

പിന്നെയെന്‍ വിഫലമാ മന്വേഷണങ്ങള്‍ തീര്‍ന്നു
ചെന്നു ഞാനെത്തീ കരയ്ക്കലയാഴിയില്‍നിന്നും
എന്നിട്ടുമകലുവാന്‍ മാത്രമാണല്ലോ വിധി
ഒന്നിച്ചു ചേരും, പുനര്‍ജന്മത്തില്‍ നാമൊന്നായി

Tuesday, November 13, 2007

ആദ്യചുംബനം



ആവണിമാസനിലാവ്‌ കുളിരല
തൂവുന്ന രാത്രി ഞാനാദ്യമായ്‌ നിന്‍
പൂമധുവൂറും പവിഴാധരത്തിലെ-
ന്നോമനേ, ചുംബിച്ചതോര്‍മ്മയില്ലേ

തെല്ലുവിറ,ച്ചൊരു പിച്ചക മാലപോല്‍
മെല്ലെയെന്‍നെഞ്ചില്‍ തളര്‍ന്നു വീഴ്കേ
ഇല്ല, നിന്നെ പൂര്‍വജന്മപുണ്യങ്ങളാ-
ലല്ലാതെ കിട്ടില്ലയെന്നറിഞ്ഞു

ഇന്നും, നിലാവെന്റെ ജാലകവാതിലില്‍-
നിന്നെന്നെനോക്കിച്ചിരിച്ചു നില്‍കേ
അന്നത്തെ സ്നിഗ്ദ്ധമാംചുംബനനിര്‍വൃതി-
യിന്നെന്റെയുള്ളില്‍ നിറഞ്ഞിടുന്നൂ




ദാഹം



കാട്ടിലൂടെ,തനി,ച്ചിരുട്ടായല്ലോ
വീട്ടിലേയ്ക്കിവനെങ്ങിനെ പോയിടും?
കൂട്ടുപോകെന്ന നന്ദഗോപന്നാജ്ഞ
കേട്ടകതാരില്‍ മെല്ലെച്ചിരിച്ചു ഞാന്‍

കണ്ണനെ യൊളികണ്ണിനാല്‍ നോക്കവേ
കണ്ണടച്ചു തലയും കുനിച്ചൊരു
ഉണ്ണിയെപ്പോലെ നില്‍പ്പവന്‍, പേടിയ്കീ
പെണ്ണുമാത്രം തുണ, മതിയാകുമോ?

ഒന്നുരണ്ടു വയസ്സിന്നു മൂത്തതാ-
ണിന്നിവളെന്നു മൊന്നുമോര്‍ക്കാതവന്‍
വന്ന് കയ്യില്‍പിടിയ്ക്കവേ നെഞ്ചിതില്‍
നിന്നുയരുമതിദ്രുത താളങ്ങള്‍

എത്ര നിദ്രാവിഹീനമാം രാവുകള്‍!
എത്രയുന്മത്ത മോഹാഗ്നിജ്വാലകള്‍!!
എത്രകോരിക്കുടിയ്ക്കുകിലും ദാഹ-
മത്രമേലുയരുന്നെന്നില്‍, പിന്നെയും...


വരങ്ങളേകണേ..



മനതാരിലെയിരുളാകെമാറ്റിനീ
കനിവോടരുളണമെന്നുമാശ്രയം
തനിയേജീവിതയാത്രചെയ്യവേ
തണലായ്‌എന്നുമനുഗ്രഹിക്കണം

അറിവിന്‍നെയ്‌ത്തിരിനാളമായി നീ
നിറയേണം, ഹൃദയത്തിലെപ്പൊഴും
അറിയാതിതുവരെ ചെയ്ത തെറ്റുകള്‍-
ക്കറിവിന്‍ഉറവേ, മാപ്പു നല്‍കണം

തൊഴുകൈ നെഞ്ചിലമര്‍ത്തി നില്‍പൂ നേര്‍-
വഴിനീകാട്ടണമിന്നു, മെപ്പൊഴും
മിഴികള്‍ നീട്ടുകയെന്റെനേര്‍ക്കു ഞാന്‍
തൊഴുതീടുന്നു; വരങ്ങളേകണം

Friday, November 9, 2007

കസ്തൂരിമാന്‍


സ്വന്തം ശരീരത്തില്‍ നിന്നാണ്‌ വശ്യമീ
ഗന്ധമുയരുന്നതെന്നറിയായ്കയാല്‍
കസ്തൂരിമാനിനെപ്പോലെ ഞാന്‍ കാനന
വിസ്ത്രിതിയിലൂടെയിന്നുമലയുന്നു

രാവ്‌, മെല്ലെത്തഴുകുന്ന കാറ്റ്‌, പൂനി-
ലാവ്‌, മൃദുപഞ്ചമത്തില്‍ പൊതിഞ്ഞൊരു
നോവ്‌ മൂളുന്ന രാപ്പാടി യിവയ്ക്കൊന്നു-
മാവില്ലയെന്റെയലച്ചിലകറ്റുവാന്‍

കാടിന്‍വിജനതയാലെയെനിക്കൊരു
പേടിയും തോന്നിയില്ലിപ്പോഴു മെങ്കിലും
തേടുന്നതെന്നിലാണുള്ളതെന്നെന്നോട-
തോതുന്നൊരാളെത്തിയിട്ടില്ലിതേവരെ..

പോകാം?


അരികത്ത്‌ മുട്ടിയിരുന്നര്‍ത്ഥമില്ലാതെ
വെറുതേയതുമിതും ചൊല്ലിടുമ്പോള്‍
അറിയാത്ത വിസ്മയലോകത്ത്‌ നാം ചെന്ന-
തറിയാതെ നേരം കടന്നു പോകേ

നീലാഞ്ജനക്കണ്ണിലേതോ ദിവാസ്വപ്ന
നീലനളിനങ്ങള്‍ പുഞ്ചിരിച്ചൂ
പൂങ്കവിളേതോ മധുര സ്മരണയാല്‍
പൂവാകതന്‍നിറം പൂണ്ടു നിന്നൂ

അങ്ങ്‌ പടിഞ്ഞാറലകടലില്‍ സൂര്യന്‍
മുങ്ങാന്‍തുടങ്ങുകയായിമെല്ലെ
എങ്ങുനിന്നോ ഇരുള്‍മെല്ലെക്കടന്നു വ-
ന്നിങ്ങോളമെത്തി, 'നമുക്കു പോകാം?'

Monday, November 5, 2007

പ്രിയ ഉമേഷ്ജീ

താങ്കളുടെ സൈറ്റില്‍ പോയിരുന്നു।ചിന്തിയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന,ഡിസ്റ്റെര്‍ബിംഗ്‌ ആയ ചില വസ്തുതകള്‍ അവിടെ കാണുകയുണ്ടായി। താങ്കള്‍ ഒരു ബ്ലോഗര്‍ അല്ലാത്തതുകൊണ്ടും, മെയിലിലായാല്‍ താങ്കള്‍ മാത്രമെ അതു വായിക്കൂ എന്നത്‌ കൊണ്ടും ഫോണ്ടിന്റെ പ്രശ്നങ്ങളുണ്ടായാലോ എന്നു ഭയന്നുമാണ്‌ ഞാന്‍ ഇതൊരു പോസ്റ്റിംഗ്‌ ആയി ഇടുന്നത്‌। ഇത്‌ എന്റെ സ്വന്തം നിരീക്ഷണണ നിഗമനങ്ങളാണ്‌. ഇതിന്റെ ശരി, തെറ്റുകള്‍ പരീക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, അതിനവസരങ്ങള്‍ കിട്ടിയിട്ടുമില്ല

ഒരിടത്ത്‌ സ്വസ്ഥമായിരുന്‍ന്മനസ്സിനേയും ചിന്തകളേയും ഏകീകരിച്ച്‌ മൂക്കിന്റെ രണ്ടു ദ്വാരങ്ങളിലൂടെയും ശ്വാസോച്ച്വാസം
നടെല്ലിന്റെ ഇടത്തുഭാഗത്ത്കൂടെ പോകുന്ന ഇഡ,വലത്ത്‌ ഭാഗത്തുകൂടെ പോകുന്ന പിംഗള എന്നിവയിലൂടെ കടത്തിവിട്ടാല്‍, നടുവിലുള്ള സുഷുമ്നയിലൂടെ, മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന കുണ്ഡാലിനി എന്ന സര്‍പ്പം മുകളിലേയ്ക്കുയര്‍ന്ന് ആറു കേന്ദ്രങ്ങള്‍ താണ്ടി ഏഴാമത്തെ സഹസ്രാരപദ്മത്തില്‍ എത്തുമ്പോള്‍ കൈവല്യാനുഭൂതിയുണ്ടാകുമത്രെ. ഈ പ്രക്രിയ ആര്‍ക്കുവേണമെങ്കിലും അനുഷ്ഠിക്കാവുന്നതാണ്‌ പക്ഷേ, നിരന്തരമായ പരിശ്രമവും സാധനയും ഇതു കൈവരിയ്ക്കാന്‍ ആവശ്യമാണ്‌. മൂന്നാമത്തെ കേന്ദ്രമായ മണീപൂരകം വരെ സര്‍പ്പം എത്തിയാല്‍ അവിടന്നങ്ങോട്ട്‌ പ്രാപ്തനായ ഒരു ഗിരുവിന്റെ ശിക്ഷണത്തില്‍ മാത്രമേ ആകാവൂ എന്നും അല്ലെങ്കില്‍ ഉന്മാദം വരെ വരുമെന്നും പറയപ്പെടുന്നു. ( എന്റെ ഒരു വിദേശി ഡോക്റ്റര്‍ സുഹൃത്ത്‌, ഭ്രാന്ത്‌ കുണ്ഡാലിനിയുടെ ഡിസ്റ്റോര്‍ട്ടഡ്‌ എവൈകനിംഗ്‌ ആണെന്ന് ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി)
ഇത്തരത്തിലുള്ള ഉദ്ധാരണം തനിയെ, അധികം ബുദ്ധിമുട്ടു കൂടാതെതന്നെ ചിലര്‍ക്കു കൈവരാം.അവര്‍ക്ക്‌, അതിനെ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന മാലാഖ തന്നതെന്നോ, സ്വപ്നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ അരുളിച്ചെയ്തതാണെന്നോ ഉള്ള വ്യാഖ്യാനങ്ങള്‍ തരാന്‍ മാത്രമേ സാധിക്കുകയുള്ളു. പിന്നീട്‌ ചുറ്റുമുള്ളവരും, പിന്‍ഗാമികളും കൂടിയിരുന്ന് ക്രോഡീകരിച്ച്‌ അതിനെ സംഹിതകളും മതഗ്രന്ഥങ്ങളുമാക്കുന്നു എന്നുമാത്രം.

വര്‍ണ്ണരാജിയുടെ നടുക്കുള്ള ഭാഗം മാത്രമെ നമുക്കു ഗോചര മാവുന്നുള്ളു എന്നപോലെ മനുഷ്യമനസ്സിന്റെ താഴോട്ടുള്ള നീചന്‍, സ്നേഹം നന്ദി എന്നീ മൂല്യങ്ങളില്ലാത്തവന്‍ രാക്ഷസന്‍ അസുരന്‍ എന്നിവരെപ്പോലെ,മുകളിലേയ്ക്കു യോഗി, അവധൂതന്‍, പരമഹംസന്‍ യക്ഷ കിന്നരന്മാര്‍, ദേവന്മാര്‍ എന്നിങ്ങനെയുള്ളവരുമുണ്ട്‌
കുണ്ഡാലിനി ഉണര്‍ന്ന് മുകളിലെയ്ക്കെത്തുമ്പോള്‍ മനുഷ്യന്‌ അമാനുഷിക ശക്തികല്‍ കൈവരുന്നു സ്ഥല,കാല,സമയബന്ധിത മായ നമ്മുടെ നിയമങ്ങള്‍ക്ക്‌ അവര്‍ അതീതരായിരിയ്ക്കും. ഒരേ സമയം ഒന്നിലധികം സ്ഥലത്ത്‌ പ്രത്യക്ഷപ്പെടാനോ ഗൂഗിള്‍ എര്‍തിലെപ്പോലെ മുകളില്‍നിന്നുകൊണ്ട്‌ ഈഭൂമിയെ കാണാനോസാധ്യമാവും. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്നകാലത്ത്‌, ഭാരതത്തിന്റെ തെക്കേ ഭാഗത്ത്‌ വിന്ധ്യ സത്‌പുര യുടെയും തെക്ക്‌ കാടുകളാണെന്നും, അവിടെ ആശ്രമങ്ങളുണ്ടെന്നും ശബരി എന്നൊരു താപസിയുണ്ടെന്നും, മലകളില്‍ കുരങ്ങന്മാര്‍(ദ്രാവിഡര്‍? കറുത്ത്‌ പൊക്കം കുറഞ്ഞ്‌ ശക്തിയും സ്നേഹവും കൈമുതലായുള്ളവര്‍) ഉണ്ടെന്നും അതിനു തെക്ക്‌ സമുദ്രവും സമുദ്രത്തിനു തെക്ക്‌ ഒരു സുവര്‍ണ്ണ നാഗരികത ഉണ്ടെന്നും പത്ത്‌ മനുഷ്യരുടെ ബുദ്ധിയും ശക്തിയുമുള്ള ഒരു രാജാവ്‌ ഉണ്ടെന്നും വാല്മീകിയ്ക്ക്‌ എങ്ങനെ അറിയാന്‍ കഴിഞ്ഞു?

അതുപോലെ ഭാഷ. രാമന്‍ ശബരിയോട്‌ ഏതു ഭാഷയിലായിരിയ്ക്കാം സംസാരിച്ചിരിയ്ക്കുക. താപസന്മാരോട്‌, കുരങ്ങന്മാരോട്‌ വിഭീഷണനോടും രാവണനോടും? ശബ്ദതന്ത്രികളുടെ പ്രകമ്പനങ്ങളില്ലാതെതന്നെ അന്യോന്യമറിയുന്ന ഒരു ഭാഷയില്ലാതെതന്നെ ആശയങ്ങള്‍ കൈമാറുവാനാവുമായിരിക്കണം. പരസ്പരം നോക്കിയാല്‍ മാത്രം മതിയാവുമായിരിയ്ക്കാം. ഒരുപക്ഷെ അതും വേണ്ടായിരിയ്ക്കാം. മൊബെയിലു പോലും വേണ്ടാതെ നേരിട്ട്‌ മനസ്സിലേയ്ക്ക്‌ മെസ്സേജും ചിത്രങ്ങളുമയയ്ക്കുന്ന, സിസ്റ്റമില്ലാതെതന്നെ ചാറ്റ്‌ ചെയ്യുന്ന വിദ്യ.

ഓഷോ പറയുന്നു (തന്ത്ര വിഷന്‍: എന്‍ ഇന്‍വിറ്റേഷന്‍ റ്റു സെയിലന്‍സ്‌)
കബീറും ഫരീദും തമ്മില്‍ കണ്ട്‌ സംസാരിയ്ക്കുന്നതും ആശയവിനിമയം നടത്തുന്നതും കാണാനും കേള്‍ക്കാനും ശിഷ്യന്മാര്‍കൂടി നില്‍കേ, ഒരക്ഷരംപോലുമുരിയാടാതെ രണ്ടു ദിവസം അവര്‍ ചിലവഴിച്ചു. ഒന്നും മിണ്ടാഞ്ഞതെന്തെന്നു ചോദിച്ചവരോട്‌ ഫരീദ്‌ പറഞ്ഞു. "ആരു പറഞ്ഞു ഞങ്ങള്‍ മിണ്ടിയില്ലെന്ന് ഞങ്ങള്‍ അന്യോന്യം വിരുന്നുകാരായിരുന്നു. ഞങ്ങള്‍ പാടി ആടി, കൂലംകുത്തി ഒന്നിച്ചൊഴുകി.ചിരിച്ചു, കളിച്ചു, കെട്ടിപിടിച്ചു, കഥപറഞ്ഞു"

ഒരുകാര്യം വളരെ വ്യക്തമാണ്‌ ഒട്ടകപ്പുറത്തും അല്ലാതെയും മണല്‍ക്കാടുകളില്‍ക്കൂടി അലഞ്ഞുനടന്നിരുന്ന ഒരു ജനതയെ, ജീവിതത്തിന്‌ ലക്ഷ്യമോ, ചിന്തകള്‍ക്ക്‌ സംസ്കാരമോ ഇല്ലാതിരുന്ന; റ്റോയ്‌ലറ്റില്‍ ഏതു കാല്‍ വച്ച്‌ കയറണം എങ്ങനെ അതു നിര്‍വഹിക്കണം, അതിനുശേഷം എന്തു ചെയ്യണം, ഏതുകാല്‍വച്ച്‌ പുറത്തിറങ്ങണം എന്നുവരെ പഠിപ്പിയ്ക്കുന്ന പുസ്തകങ്ങള്‍ ദൈവം നേരിട്ട്‌ കൊടുത്തതാണെന്നും, അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നും, അതില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ പാടില്ലെന്നും ശഠിക്കുന്ന ഒരുകൂട്ടര്‍. ഇന്റേണല്‍ കംബസ്റ്റ്യന്‍ എഞ്ചിന്റെ ഉപയോഗത്തിനായി എണ്ണ ആവശ്യമാണെന്ന ഒറ്റക്കാരണത്താല്‍ ലോകമനസ്സാക്ഷിയെത്തന്നെ ഹൈജാക്‌ ചെയ്ത്‌ അമ്മാനമാടുന്ന ഭീകരദൃശ്യമാണ്‌ നാമിന്നു കാണുന്നത്‌




Friday, November 2, 2007

പ്രയാണം.



കാണാത്ത കിനാക്കള്‍തന്‍ മാറാപ്പ്‌ തോളിലിട്ടീ-
കാനനവീഥിയിലൂടലഞ്ഞേനേറെക്കാലം
പൂവില്ല, തെന്നലില്ല, ദാഹനീരൊഴുക്കില്ല
പാടുന്ന കിളിയില്ല, നിലാവിന്‍ കുളിരില്ല
കല്ലിലും, മുനകൂര്‍ത്ത മുള്ളിലും നടന്നിപ്പോള്‍
തെല്ലല്ല, കുറച്ചേറെ വേദനിയ്ക്കുന്നൂ പാദം
എന്നാലു, മെവിടേയ്ക്കെന്നറിയാത്തൊരീയാത്ര
എന്നിലേയെന്നെത്തേടി, എന്നിതിന്‍ അവസാനം?
കാണ്മു, ഞാനകലത്തായ്‌ മനോജ്ഞ ഹരിതാഭ
വീണുപോം, മരീചികയാണതിന്‍ പിന്‍പേപോയാല്‍
കാത്തിരിപ്പാണെല്ലാരും, എന്തിനോ; അതിനില്ലൊ-
രര്‍ത്ഥം. ഈപ്രയാണമെന്‍ ജീവിതമറിവൂ ഞാന്‍


Wednesday, October 31, 2007

ലക്ഷിണയ്ക്ക്‌*



ഹേ ലക്ഷിണേ, മിഥിലപുരിതന്‍ കാവ്യങ്ങള്‍ വായിച്ചു ഞാന്‍
ഹാ, ലക്ഷം തവണയുരുവിടാനുള്ളില്‍ വളര്‍ന്നൂ കൊതി
ഈ ലക്ഷണം തികഞ്ഞകവിതാഹാരങ്ങള്‍ കണ്ടോരെനി-
ക്കോ? ലക്ഷണം കെട്ട കവിതാഭാസങ്ങളയ്യോ ശിവാ..!

-----------------------------------------------------
*ലക്ഷിണ- മിഥിലയിലെ പ്രസിദ്ധ കവയിത്രിയായിരുന്നു. ശാസ്ത്രകലാദികളില്‍ നിപുണ. ജ്യോതിഷ്‌ രാശികളെ കൂട്ടിയിണക്കി, ഒരു സുന്ദരിയുടെ സങ്കടം എത്ര മനോഹരമായി അവര്‍ വെളിവാക്കുന്നു

മേഷാരോഹനിഭം നിരീക്ഷ്യ വൃഷഭം മത്വൈവയാ ദ്വന്ദ്വഭാ-
വാപ്ത്യൈ കര്‍ക്കടവത്‌ പ്രതീപഗമനാ സിംഹാവലഗ്നാഞ്ചിത
കന്യാസാ വ തുലാപി വൃശ്ചിക സമൈര്‍ ബാണൈര്‍ ധനുഷ്യര്‍ഷിതൈ-
രാമുക്താ മകരദ്ധ്വജേന കലിതാ കുംഭസ്തനീ മീനദൃക്‌


ഒഴുകിയൊഴുകി..



സിന്ദൂരവര്‍ണ്ണം കവിളിലണിഞ്ഞാണ്‌
സന്ധ്യ, നിന്നെപ്പോലെ, യിന്നലെ വന്നത്‌
ചന്ദനക്കാറ്റായൊരല്‍പനേരം നിന്നു
എന്നന്തരംഗത്തില്‍, മന്ദസ്മിതവുമായ്‌

പിന്നെ; പതുക്കെ യിരുള്‍പരന്നീടവേ
മിന്നിനിന്നൂ, രണ്ടു വൃശ്ചികത്താരകള്‍
എന്നെനോക്കി ചിരിതൂകവേ മാറി ഞാന്‍
കിന്നരനായ്‌, സന്ധ്യയപ്സര കന്യയായ്‌

വിണ്ണിന്നപാരതീരങ്ങളില്‍ കൈകോര്‍ത്ത്‌
പിന്നെയൊഴുകീ, യൊഴുകീ നടക്കവേ
മുന്നിലായ്‌, നെയ്ത്തിരിത്താലങ്ങളുമേന്തി
എണ്ണിയാല്‍തീരാത്ത താരവൃന്ദങ്ങളും

Tuesday, October 30, 2007

കള്ളക്കണ്ണന്‍

ഉണ്ണിക്കണ്ണന്റെയോരോ വികൃതികള്‍ പറയാനമ്മമാര്‍ ആ യശോദ-
പ്പെണ്ണിന്‍മുന്നിലെത്തീട്ടവരുടെദുരിതം മെല്ലെ വര്‍ണ്ണിച്ചിടുമ്പോള്‍
കണ്ണില്‍ നീര്‍നിറച്ചും കപടവിരുതിനാല്‍ ദു:ഖഭാവം നടിച്ചും
കണ്ണന്‍നില്‍ക്കുന്നതോര്‍ക്കേ ചിരിവരുമുള്ളില്‍ ഉള്ളമാലറ്റുപോകും

Monday, October 29, 2007

ഒരു ഗണേശ സ്തുതി



അമ്പത്തൊന്നക്ഷരങ്ങള്‍ മുഴുവനുമെഴുതാനിന്നുമാവില്ലയെന്നാല്‍
അമ്പത്തേഴ്‌ വസന്തമിവനില്‍ പൂക്കാതെ, കായ്ക്കാതെ പോയ്‌
വമ്പത്തംകൊണ്ട്‌ കടലാസ്സില്‍ ചില വരകള്‍ കോറിവയ്ക്കുന്നൊരെന്നെ
തുമ്പിക്കയ്യും കൊമ്പുമുള്ളഭഗവാന്‍ നിത്യം തുണച്ചീടണം


Friday, October 26, 2007

മറന്നേയ്ക്കൂ..


ഒരുമിച്ച്‌ നാം കണ്ട സ്വപ്നങ്ങള്‍ പൂക്കാതെ
വെറുതെ കൊഴിഞ്ഞ്‌ നിലത്തു വീണെപ്പൊഴോ
ഒരു തിരി വെട്ടത്തിലേയ്ക്ക്‌ പറന്നെത്തി
ചിറകറ്റുവീണ ശലഭജാലങ്ങള്‍പോല്‍

പുതുജീവിതം തുടങ്ങുമ്പൊഴെന്‍ നെഞ്ചിലെ
ചിതയിലെത്തീയാല്‍ അടുപ്പുകൂട്ടീടുക
മൃദുമെത്ത തട്ടിവിരിയ്ക്കുമ്പോളോര്‍ക്കേണ്ട
ഹൃദയംപുകഞ്ഞിങ്ങ്‌ നില്‍ക്കുന്നൊരെന്നെ നീ

ഇനിയെന്റെ പേര്‌ നീ മായ്ക്കൂ, മനസ്സിലെ
കനകാമ്പരപ്പൂക്കള്‍ കോര്‍ത്തൊരു മാലകൊ-
ണ്ടണിയിച്ച ചിത്രത്തെ നിന്‍മിഴിനീര്‍വീണ്‌
നനയുന്നതിന്‍മുന്‍പഴിച്ചു നീ മാറ്റുക.

Thursday, October 25, 2007

അമ്മ.


എല്ലാര്‍ക്കുമുണ്ടാമൊരമ്മ,മനസ്സിന്റെ-
യുള്ളില്‍, കരയുമ്പോളാശ്വാസമേകിടാന്‍
അല്ലലകറ്റുവാന്‍, നേര്‍വഴികാട്ടുവാ-
നില്ല, യീയമ്മയല്ലാതെ മറ്റാശ്രയം

തെറ്റുകള്‍, പോയജന്മത്തിലറിയാതെ-
യൊട്ടുവളരെ ഞാന്‍ ചെയ്തിരിയ്കാ, മിരുള്‍
ചുറ്റിലും മൂടിക്കിടപ്പുണ്ടതില്‍ നിന്ന്‌
പെറ്റമ്മയെപ്പോല്‍ ക്ഷമിച്ച്‌ രക്ഷിക്കണം

എന്നും പ്രണവശ്രുതി പോലെയെന്‍കാതില്‍
വന്ന്‌ മുഴങ്ങേണം 'അമ്മേ' വിളിപ്പൂ ഞാന്‍
എന്നുമമൃതായി യെന്നന്തരംഗത്തില്‍
വന്ന്‌ നിറയണം 'അമ്മേ' തൊഴുന്നു ഞാന്‍

---------------------------------------
ഇന്ന്‌, കോട്ടയത്തുനിന്ന്‌ തിരുവല്ലയ്ക്കു പോകവേബസ്സില്‍, അടുത്തിരുന്ന ഒരപരിചിതന്‍ 'അമ്മ'
യുടെ ഒരു ഫോട്ടോ തന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ
ദു:ഖാങ്ങളും അമ്മ അകറ്റുമെന്ന്‌ പറഞ്ഞു.
പിന്നീടൊന്നും പറയാതെ, ചിങ്ങവനത്ത്‌ ഇറങ്ങി.

Monday, October 22, 2007

കൂടും, കിളിയും



കുളിരുന്നുവോ, സഖീ, യീചെറുപൂമര-
ത്തളിരിളംകൂട്ടിലടുത്തിരിയ്കൂ
പുലരി വരുംവരെ നീയെന്റെനെഞ്ചില്‍ നിന്‍-
തളരും ചിറകുകള്‍ ചേര്‍ത്ത്‌ വയ്ക്കൂ

ഇരതേടിയകലേയ്ക്കുപോയ ഞാനെത്തിയി-
ട്ടരനാഴിക പോലുമായതില്ല
ഇരുള്‍വന്നു മൂടുന്നതിന്‍മുന്‍പീകൂട്ടില്‍ നിന്‍-
വരവ്‌ ഞാന്‍ നോക്കിയിരുന്നിരുന്നൂ

ഇനി, നിലാവസ്തമിച്ചുദയം വരുംവരെ,
പനിമതി മാഞ്ഞുപോം നേരംവരെ
നനവാര്‍ന്ന പീലിത്തലോടല്‍പോലൊഴുകുമീ-
യനുഭൂതികള്‍ നമുക്കാസ്വദിക്കാം

ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന
പദവിന്യാസത്തിനായ്‌ കാത്തിരിയ്ക്കാം
ഹൃദയാഭിലാഷങ്ങള്‍ കൊഞ്ചലായ്‌ കുറുകുന്ന
പുതു പുതു സ്വപ്നങ്ങള്‍ കണ്ടിരിയ്ക്കാം..


എന്നെ ഇവിടെ വിട്ടേയ്ക്കൂ



ഒരുമിച്ച്‌ യാത്ര തുടങ്ങിയ നാള്‍മുതല്‍
ഒരു ലക്ഷ്യം ഉണ്ടായിരുന്നൂ
ഒരു നവ ലോകമീയവനിയില്‍ തീര്‍ക്കണം
പൊരുതേണ മതുനേടുവാനായ്‌

ഇടയില്‍, പ്രലോഭനച്ചുഴികള്‍കണ്ട്‌ മന-
മിടറിയോ, ചുവടുകള്‍പിഴച്ചോ?
പടികളുണ്ടേറെയെന്നാലുമീ യാത്ര ഞാന്‍
തുടരുവാന്‍ തന്നേയുറച്ചൂ

പറയാതെതന്നെ നീ നല്‍കിയതൊക്കെയെന്‍
ചിറകറ്റമനസ്സിലുണ്ടെന്നാല്‍
ഇനിയെന്നെയിവിടെവിട്ടേയ്ക്കൂ, ഞാനീവഴി
തനിയേ നടന്നു പൊയ്ക്കൊള്ളാം

--------------------------------------
സുഹൃത്തും, സഹപാഠിയും, സഹയാത്രികനുമായിരുന്ന ഒരു സഖാവിനോട്‌, വേദനയോടെ...


Tuesday, October 16, 2007

വിടില്ല.

കരയുന്നതെന്തിന്നു യമുനയുമെന്നൊപ്പം
കരിമുകില്‍വര്‍ണ്ണനില്ലാഞ്ഞോ?
വിരിയാത്തതെന്തിന്നു കനകാമ്പരപ്പൂക്കള്‍
ഹരിയെന്നരികിലില്ലാഞ്ഞോ?

മനതാരില്‍ ഞാന്‍കണ്ട സ്വപ്നങ്ങളൊക്കെയും
നനയുന്നൂ, കണ്ണീര്‍ മഴയില്‍
ഇനിയിന്നു വരികില്ലവന്‍ ഞാന്‍ കൊരുത്തോരു
വനമാല വാടിക്കരിഞ്ഞൂ

പരിമളം കാറ്റില്‍ പരക്കുന്നു, മുരളിതന്‍
തരളസംഗീതവും കേള്‍പ്പൂ
വരവായവന്‍, വിടില്ലൊട്ടിക്കിടക്കുമാ-
വിരിമാറിലീരാത്രി മുഴുവന്‍.

---------------------------------------

എന്തുകൊണ്ടെപ്പൊഴും രാധ, രാധ എന്ന്
ചിന്തിക്കാറുണ്ട്‌, ഈ ഞാനും
ആ ഒരു പേര്‌ മനസ്സിലൊരുപാട്‌ ബിമ്പങ്ങളെ
കൊണ്ടുവരും. ഇത്രയ്ക്കു സജസ്റ്റീവ്‌ ആയ ഒരു പേര്‌
ഇവിടെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു. പ്രേമം
എന്ന സ്വര്‍ഗീയ വികാരത്തിന്റെ ജീവനുള്ള
സങ്കല്‍പമാണെനിക്ക്‌, രാധ. എന്റെ മനസ്സില്‍
എന്നും രാധയുണ്ടായിരുന്നു. ഇന്നുമുണ്ട്‌. ഇനി
എന്നും ഉണ്ടായിരിക്കണമെന്ന ആഗ്രഹവുമുണ്ട്‌

Monday, October 15, 2007

നീ തിരികെ വരും..

ചിറകുകരിഞ്ഞ രാപ്പാടി ഞാന്‍, ഉണ്ടെന്നില്‍
മുറിവുണങ്ങാത്തൊരു ഹൃദയം
ഒരുനാളില്‍നീവന്ന് തഴുകീടുമാശ്വാസ-
മരുളുമെന്നെന്മനം ചൊല്ലീ

ഒരുപാഴ്ക്കിനാവിന്റെ പിറകേനടന്ന നീ
തിരികെയെന്നെത്തേടിയെത്തും
വരവീണാനാദമന്നുയരുമെന്നില്‍ രാഗ-
സ്വരജതികള്‍ പൂക്കള്‍ വിടര്‍ത്തും

അറിയുമോ, നീമാത്രമേയുള്ളു നെഞ്ചിലി-
ന്നെരിയുന്ന തീയൊന്നണയ്ക്കാന്‍
കരിയുമെന്‍ മോഹപുഷ്പങ്ങള്‍ മനസ്സില്‍, നീ-
യരികത്തണയുകില്ലെങ്കില്‍

Sunday, October 14, 2007

മഴ..


ആഷാഡ മാസത്തിലന്നൊരു സന്ധ്യയില്‍
ആശാമുകുളങ്ങള്‍ നെഞ്ചിലൊളിപ്പിച്ച്‌
ആലോലനീലനയനങ്ങള്‍ കൊണ്ടെന്നില്‍
ആയിരം നൊമ്പരപ്പൂക്കള്‍ വിടര്‍ത്തി നീ

പിന്നെ, നനുത്ത മഴയില്‍ നനഞ്ഞുനാം
നിന്നൂ, പരസ്പരമൊന്നും പറഞ്ഞില്ല-
യെന്നോമലേ, മഴ നമ്മില്‍ സംഗീതമാ-
യന്നാദ്യമായാണ്‌ പെയ്ത്‌ നിറഞ്ഞത്‌

പിന്നെയും വന്നൂ തുലാവര്‍ഷ സന്ധ്യകള്‍
മിന്നലും,ഞെട്ടുമിടിയുമായ്‌ കര്‍ക്കിടം
എന്നോര്‍മയില്‍ മഴത്തുള്ളികള്‍വീഴവേ
നിന്നെയല്ലാതെ മറ്റാരെയോര്‍മിച്ചിടാന്‍?

Friday, October 12, 2007

അപ്സരസ്സിന്റെ പ്രാര്‍ത്ഥന


ദേവാ,ഞാന്‍ വന്നൂ ഭവാനെത്തിരഞ്ഞുകൊ-
ണ്ടീവാന വീഥിയിലൂടെ, മനസ്സിന്റെ
പൂവിലനുരാഗമോടെ, സുഗന്ധനി-
ലാവ്‌ നീലാമ്പരി കേട്ടുനിന്നീടവേ

എത്ര യുഗങ്ങളായ്‌ കാത്തിരുന്നൂ, നിന്നെ-
യെത്ര നിനക്കായി വാര്‍ത്തു ഞാന്‍ കണ്ണുനീര്‍
നക്ഷത്രജാലങ്ങള്‍ പോലെ തിളങ്ങുമാ
നേത്രങ്ങളെന്റെ നേര്‍ക്കൊന്നുയര്‍ത്തീടുമോ?

വിണ്‍ഗംഗ വിട്ടു വരുന്നൊരീയെന്നെ നീ
മണ്‍വീണയാക്കി മടിയിലേറ്റോമനി-
ച്ചൊന്നെന്റെ ദേഹമൃദുലതന്തുക്കളില്‍
നിന്‍വിരല്‍ തൊട്ടൊരു രാഗമുണര്‍ത്തുമോ?

-----------------------------------------

ലെനിന്‍ രാജേന്ദ്രന്‍, രാജാ രവിവര്‍മയെക്കുറിച്ച്‌
ചെയ്യാനിരിയ്ക്കുന്ന ചിത്രത്തില്‍, പുരൂരവസ്സിന്റെ
തപസ്സിളക്കാന്‍ ദേവന്മാര്‍ പറഞ്ഞയച്ച ഊര്‍വശി
യുടെ (കപട)പ്രണയാഭ്യര്‍ഥനയെപ്പറ്റി ഒരു ഗാനം
വേണമെന്ന 'യുവ' മനോരമയുടെ പരസ്യം
കണ്ട്‌ എഴുതി അയച്ചത്‌


Friday, October 5, 2007

രാധ, ഞാന്‍...


രാധ ഞാന്‍; കണ്ണാ എന്നെ മറന്നോ, നിദ്രാഹീന-
രാവുകള്‍, വൃന്ദാവന ലീലാവിലാസങ്ങളും?
രാജീവനയനാ, ഈ യമുനാതീരത്ത്‌ ഞാന്‍
രാഗലോലുപയായി കാത്തിരിയ്ക്കുന്നൂ നിന്നെ

താരങ്ങള്‍, അരിമുല്ലപ്പൂക്കള്‍പോല്‍ ചിരിയ്ക്കുന്നു-
ണ്ടീരാവു വിരിച്ചിട്ട നീലകമ്പളത്തിന്മേല്‍
നേര്‍ത്തൊരു മേഘക്കീറിന്‍പിന്നിലായ്ചന്ദ്രനെന്തോ-
ഓര്‍ത്തു കണ്ണുകള്‍പൊത്തി വെളുക്കെച്ചിരിയ്ക്കുന്നൂ

പുഞ്ചിരിതൂകീ വേഗം വന്നണഞ്ഞാലും നീയീ
നെഞ്ചിലെത്തുടിപ്പുകള്‍ തേങ്ങലായ്‌ തീരുംമുമ്പേ
മഞ്ചമൊന്നൊരുക്കീ കാത്തിരിപ്പൂ രാപ്പാടിതന്‍
കൊഞ്ചലും കളിവാക്കും എത്ര ഞാന്‍ സഹിച്ചീടും

Thursday, October 4, 2007

നെഞ്ചിലെ കുരുവി



ആദ്യമായ്‌കണ്ടന്ന് നിന്നോടനുരാഗ-
മായിരുന്നില്ലെന്റെയുള്ളില്‍
(ആ വികാരം മനസ്സില്‍ തിരിയിട്ടതെ-
ന്നായിരുന്നെന്നറിയില്ല)
ആയിരം നെയ്‌തിരിനാളങ്ങള്‍ തന്‍ പ്രഭ
ആരാധനയോടെ കണ്ടു
ഒന്നുമുരിയാടുവാന്‍ കഴിയാതെ ഞാന്‍
നിന്നുപോയ്‌, വിസ്മയത്താലേ
ഒന്നു തൊഴുതുവോ, കൈക്കുമ്പിള്‍ കൂപ്പി നിന്‍
മുന്നില്‍, പരിഭ്രമത്താലേ
ഇന്നുമോര്‍ക്കുന്നു ഞാന്‍ ആ നിമിഷങ്ങളെ
ഇന്നലെയാണെന്നപോലെ
കണ്ണുനീര്‍ വര്‍ഷങ്ങള്‍,നിശ്വാസ വേനലുകള്‍
ഒന്നിനും മായ്കാനായില്ല
അറിയുമോ?, ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയി-
ന്നെരിയുന്നൂ, നെഞ്ചിലെ ചിതയില്‍
ഒരുചെറു നിശ്വാസമായ്‌ ഇന്നുമുള്ളിലൊരു
കുരുവി കേഴുന്നൂ, മൃദുവായ്‌

Friday, September 28, 2007

അന്നപൂര്‍ണ്ണേ


അന്നപൂര്‍ണ്ണേ തൊഴുകയ്യുമായ്‌ ഞാന്‍ നിന്റെ
സന്നിധി തേടിവന്നല്ലോ
എന്നുമെനിക്കക്ഷരങ്ങളും അന്നവും
തന്നു കാത്തീടേണമമ്മേ

ഇന്നെന്റെയുള്ളില്‍ വിളങ്ങുന്നതെല്ലാം നീ
തന്നതല്ലാതെ വേറില്ല
ഇന്നെന്റെ മുന്നിലെ പാത്രത്തിലുള്ളതും
തന്നത്‌ നീ മാത്രമല്ലോ

കണ്ണീരു വീഴ്ത്താനിടവരാതെന്‍ ഇരു
ഉണ്ണികളെക്കാത്തിടേണം
കണ്ണില്‍ക്കരിന്തിരി കത്തുംവരെ നിന്റെ
കണ്ണുകള്‍ എന്‍ നേര്‍ക്കു വേണം

Thursday, September 27, 2007

ശാരികേ


ശാരികേ, തേന്മാവിന്റെ ചെറുചില്ലകള്‍വിട്ടെന്‍
ചാരത്തണഞ്ഞാലും നീ കാകളിയീണംമൂളി
തോരാത്ത ദു:ഖ്ങ്ങള്‍തന്‍ കണ്ണുനീര്‍മഴനന-
ഞ്ഞീറന്‍മനസ്സോടല്ലോ ഞാന്‍ തനിച്ചിങ്ങു നില്‍പൂ

ഓമനേ, നിനക്കേകാം പുന്നെല്ലിന്‍മണികളും
പൂമധുവൂറും ചെറു പഴങ്ങള്‍, നറും തേനും
താമസം വേണ്ട; അല്‍പ വിശ്രമം, പിന്നെ പുതു-
വ്യോമതീരങ്ങള്‍ തേടി പറന്നു പൊയ്ക്കോളൂ നീ

നീയടുത്തണയുകില്ലെങ്കിലീ ചെറുമുല്ല-
പ്പൂവിന്റെ സുഗന്ധത്തെ എങ്ങിനെയറിയാന്‍ ഞാന്‍
നീയെന്റെ മടിയിലില്ലെങ്കില്‍ ഞാന്‍ നിലാവിന്റെ
ശീതള സ്പര്‍ശങ്ങളെ എങ്ങിനെയണിഞ്ഞീടും

Wednesday, September 19, 2007

കഴിയുമോ...


അകതാരില്‍ നാം മാത്രമായിരുന്നൂ എത്ര-
യകലെയിരുന്നാലു, മോര്‍മയില്ലേ?
അകലാന്‍കഴിയില്ലൊരിക്കലുമെന്നുനാം
അറിയാതഹങ്കരിച്ചെത്ര കാലം!

നിഴല്‍വീണ സന്ധ്യ, നിലാവുള്ളരാത്രികള്‍,
മഴപെയ്ത്‌ തോര്‍ന്ന പുലരികളും
ഒഴുകുമീ പുഴയുടെയോളങ്ങളും നമ്മി-
ലിഴചേര്‍ത്ത മധുരാനുഭൂതികളും.

എഴുതാന്‍മറന്നൊരാ പ്രണയാഭിലാഷങ്ങള്‍
മിഴിനീരില്‍ മാഞ്ഞുപോയെന്നിരിയ്ക്കാം
കഴിയുമോ?, എന്നെ മറക്കുവാനീജന്മം
മുഴുവന്‍ശ്രമിച്ചാലുമെന്നോമനേ

Monday, September 17, 2007

ഉണ്ണിക്കണ്ണാ


കണ്ണുകള്‍ക്കുള്‍ക്കാഴ്ചയേകുവാന്‍ കാര്‍മുകില്‍-
വര്‍ണ്ണാ, നിന്‍ ദര്‍ശനമുണ്ടാവണം
കാതുകള്‍ ഗാനാമൃതം ശ്രവിച്ചീടുവാന്‍
കോലക്കുഴലിന്റെ നാദം വേണം

ജന്മങ്ങളേറെ കടന്നു ഞാനിങ്ങെത്തി
നിന്മേനിയെന്നും കണികാണുവാന്‍
എന്നുള്ളില്‍ ആത്മഹര്‍ഷങ്ങളുണര്‍ത്തുവാന്‍
എന്നുമെന്നോടൊപ്പമുണ്ടാവണം

വെണ്ണ നേദിക്കാനെന്‍ കയ്യിലില്ലാ നിന്നെ-
വര്‍ണ്ണിക്കാന്‍ വാക്കുകളൊട്ടുമില്ല
കണ്ണാ, എനിക്കൊന്നും വേണ്ട; നീയെന്നെതൃ-
ക്കണ്ണാലിടയ്ക്കൊന്നുഴിഞ്ഞാല്‍ മതി..

--------------------------------------

ഇന്നലെ, അംബലപ്പുഴ പോയിരുന്നു.
കണ്ണനെക്കണ്ടെന്റെ കണ്‍ നിറഞ്ഞൂ

Thursday, September 13, 2007

നേരം പുലര്‍ന്നില്ല...


മഞ്ഞല പുല്‍നാമ്പിന്റെ കവിളില്‍ പ്രഭാതത്തില്‍
കുഞ്ഞുവൈഡൂര്യങ്ങള്‍തന്‍ കണങ്ങള്‍തിളക്കവേ,
തേഞ്ഞൊരു ചന്ദ്രക്കല വാനവീഥിയില്‍നിന്ന്‌
മാഞ്ഞുപോവുന്നൂ, നേരം ഉടനേ പുലര്‍ന്നേക്കും

മുത്തേ, ഞാന്‍ കഴിഞ്ഞാഴ്ച നിന്‍പേരിലയച്ചോരു
കത്തിന്റെ മറുപടി കിട്ടിയില്ലിന്നേവരെ
പത്ത്‌നാള്‍ കഴിഞ്ഞല്ലോ, ഇഷ്ടമായില്ലേയെന്റെ
ചിത്തത്തില്‍വിരിഞ്ഞോരാ ചെമ്പനീര്‍ പുഷ്പങ്ങളെ

ഒന്ന് കാണുവാന്‍ നിന്റെ ചെന്തളിര്‍ മുഖം; പിന്നെ
ഒന്നുരിയാടാന്‍; നിന്റെ മഞ്ജീര നാദം കേള്‍ക്കാന്‍
ഒന്നെന്റെ മാറില്‍ചേര്‍ത്ത്‌ പുണര്‍ന്നൊരുമ്മ നല്‍കാന്‍
എന്നുള്ളില്‍ പുലര്‍കാലേ മോഹങ്ങള്‍ പൂവിടുന്നൂ

Saturday, September 8, 2007

ലയനം


എന്ത്‌ ഞാനറിയുന്നൂ; ഈവിശ്വമാകേ നിന്റെ
ചിന്തയിലിളകിയ ഒരു കുഞ്ഞോളമല്ലെ.
മണ്‍തരിതൊട്ട്‌ മഹാബ്രഹ്മാണ്ഡങ്ങള്‍വരെ നിന്‍
വിണ്‍ഗംഗാതീരം തൊട്ട്‌ നമിയ്ക്കും പുല്‍നാമ്പുകള്‍

ഉള്ളതുണ്ടായിരുന്നൂ; ഉണ്ടായിരിയ്കും; എന്നാല്‍
ഇല്ലാത്തതുണ്ടായിരുന്നില്ലിനിയുണ്ടാവില്ല.
ഉള്ളവയില്ലാതാക്കന്‍; ഇല്ലാത്തതുണ്ടാക്കാനും
ഇല്ലൊരുവഴി; നിന്റെയനുവാദമില്ലാതെ.

മറുതീരങ്ങള്‍തേടിയാത്മാക്കള്‍ യാത്രയ്ക്കിടെ
ചെറിയോരിടവേള ഇവിടെത്തങ്ങീ, യെന്നാല്‍
അറിയുന്നീലയെപ്പോള്‍, എന്ന്, ഈ യാത്ര തീര്‍ന്ന്
പരമപദം പൂകി നിന്നുള്ളില്‍ ലയിച്ചീടും

--------------------------------------

ഇന്നലെ(08/09) സ്വാമി സന്ദീപ്‌ ചൈതന്യയുടെ
ഗീതാപ്രഭാഷണം കേട്ടപ്പോള്‍ മനസ്സിലായത്‌

Wednesday, September 5, 2007

ഹരി, മുരളി...


ഹരി;* തന്‍ മുരളിയില്‍ 'മിയാകീ മല്‍ഹാറി'ന്റെ
സ്വരഗംഗയില്‍ നീന്താന്‍ ജീവനിശ്വാസമേകെ
അരികത്തിരുന്നൂനീ, എന്‍കരംഗ്രഹിച്ചന്ന്
ചെറുപുഞ്ചിരിയോടെ ഷണ്മുഖാനന്ദ ഹാളില്‍

നിറഞ്ഞൂ പിന്നെ നിന്റെ മിഴികള്‍, സ്വപ്നങ്ങള്‍തന്‍
നിറദീപങ്ങള്‍, ഏതോ മുജ്ജന്മസ്മരണയാല്‍
വിറച്ചു മെല്ലെ നിന്റെ ചൊടികള്‍, വിരലുകള്‍-
നിറഞ്ഞൂ രാഗാലാപം ഹാളിലും, മനസ്സിലും

വിരഹാര്‍ദ്രയാം രാധ, യമുനാ തീരം, സന്ധ്യ,
കരിമേഘങ്ങള്‍ മെല്ലെ ഉയരുന്നൂ, രാഗവും
അരികേ പ്രാണേശ്വരി വിതുമ്പീടവേ ഞാനും
കരഞ്ഞുപോയീടുമോ എന്നുള്ളില്‍ ഭയം തോന്നി

* ഹരിപ്രസാദ്‌ ചൗരാസിയ

Monday, September 3, 2007

ഒരു സന്ധ്യാനേരത്ത്‌


ഇങ്ങടുത്തില്ലല്ലോ നീ, പിന്നെ നിന്‍കൊലുസ്സിന്റെ
കിങ്ങിണിമണിനാദമെങ്ങിനെ കേള്‍ക്കുന്നൂ ഞാന്‍
എങ്ങുനിന്നോയെത്തുന്നൂ എള്ളെണ്ണതേച്ച; ഇട-
തിങ്ങിയ കാര്‍കൂന്തലിന്‍ തുളസിക്കതിര്‍ഗന്ധം.

മിഴികള്‍ ജ്വലിച്ചല്ലോ കര്‍പ്പൂര നാളംപോലെ
മൊഴികള്‍ നെടുവീര്‍പ്പിന്‍ പടവില്‍ ചിതറിയോ
ഒഴുകീ കണ്ണീര്‍, തുടുകവിളില്‍ക്കൂടി മെല്ലെ-
യഴിഞ്ഞൂ പൂഞ്ചേലയും; സന്ധ്യ സാക്ഷിയായ്‌ നിന്നൂ.

ഇടയ്ക; ഇടനെഞ്ചിന്‍ തേങ്ങലോ കരളിന്റെ
തുടിപ്പാല്‍ ഇടറുന്ന ദ്രുത താളങ്ങളാണോ ?
പിടഞ്ഞു കേഴുന്നൊരു തമ്പുരു, ഏതോരാഗ-
മിടഞ്ഞു; നീയേകിയ രോമഹര്‍ഷങ്ങളോര്‍ക്കെ.

Saturday, September 1, 2007

പ്രണയഗീതങ്ങള്‍...

മനുഷ്യനുണ്ടായ കാലം മുതല്‍
അടിസ്ഥാന വികാരങ്ങളായ ഭയം, വിശപ്പ്‌
എന്നിവയ്കൊപ്പം പ്രണയവുമുണ്ടായിരുന്നു.
കാല,ദേശ, ലിംഗ, പ്രായ ഭേദമില്ലാതെ,
കാരണങ്ങളില്ലാതെ പ്രണയമുണ്ടാവാം.
ആരെയെങ്കിലും, എപ്പോഴെങ്കിലും, ഒരിയ്കലെങ്കിലും
ഒരുവേള, അവനവനെത്തന്നെയെങ്കിലും
പ്രണയിക്കാത്ത ഒരാളുമുണ്ടാവില്ല.
പ്രകൃതിയുള്ളിടത്തോളം, പ്രണയവുമുണ്ടാവും
അനേക രൂപങ്ങളുള്ള, അവര്‍ണ്ണനീയ ഭാവങ്ങളുള്ള
പ്രണയമെന്ന അനിര്‍വചനീയ പ്രതിഭാസത്തെപ്പറ്റി;
പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കുമപ്പുറത്തുള്ള
പ്രണയാനുഭൂതികളെക്കുറിച്ച്‌ ഏതാനും വരികള്‍
എഴുതുകയായിരുന്നു.
ഇപ്പോഴത്‌ നൂറിലേറെ ആയതുകൊണ്ട്‌ അതൊരു
പുസ്തകമാക്കാമെന്നു കരുതുന്നു.
കമന്റടിച്ചും, ഫോണ്‍ വിളിച്ചും, കത്തെഴുതിയും
നേരിട്ടും അഭിപ്രായങ്ങളറിയിച്ചവരോട്‌ എനിക്ക്‌
അളവറ്റ നന്ദിയുണ്ട്‌

Wednesday, August 22, 2007

ഏകതാരം


ഏകാന്തതയില്‍ ഞാനിങ്ങിരിയ്ക്കുമ്പോഴൊ-
രേകതാരം പടിഞ്ഞാറുദിച്ചു
മൂകവിഷാദഭാവങ്ങളാലെന്‍മന-
സ്സാകെ വിതുമ്പി ത്തുളുമ്പി നിന്നു

ഒന്ന് കരഞ്ഞെങ്കിലാശ്വാസമായീടു-
മെന്ന് മനസ്സ്‌ സ്വകാര്യമോതി
മുന്നിലെത്താരക കണ്ടെങ്കില്‍ മോശമാ-
ണെന്ന് കരുതിത്തടഞ്ഞു കണ്ണീര്‍

കാരണമില്ലാത്ത ദു:ഖങ്ങളും പേറി-
യേറെ നടന്ന് വലഞ്ഞവന്‍ ഞാന്‍
താരകയോടത്‌ ചൊല്ലിയാല്‍ വേദന
തീരുമോ? സാന്ത്വനമേകീടുമോ?


Monday, August 20, 2007

വരങ്ങള്‍


ഇരുളിന്റെ ശ്യാമവക്ഷസ്സില്‍ത്തലചേര്‍ത്തി-
ട്ടൊരുപൈതലെപ്പോല്‍ മയങ്ങിടുമ്പോള്‍
കരിയുന്ന തിരികള്‍തന്‍ ഗന്ധവുമായെന്റെ-
യരികിലൊരിളംതെന്നലൊഴുകിയെത്തി

അറിയുന്നു, പൂജയ്ക്കു ഞാന്‍തെളിയിച്ചൊരാ-
ത്തിരിയണഞ്ഞു, സ്നേഹ മില്ലായ്കയാല്‍
നിറമാലചൂടിപ്പരിഭവമില്ലാതെ-
യൊരുദേവി പുഞ്ചിരി തൂകി നിന്നൂ

കരയുമീയെന്‍നേര്‍ക്കൊരമ്മയെപ്പോലെ തന്‍
കരുണാര്‍ദ്രനയനങ്ങള്‍ നീട്ടി മെല്ലേ
ഇരുകൈകളും എന്റെ തലയില്‍ പതുക്കെവ-
ച്ചൊരുവരം...പെട്ടെന്നു ഞാനുണര്‍ന്നു...


അസുലഭ


ഇന്നലെ, ത്രിശ്ശൂര്‍വരെ പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു.
ഗുരുവായൂര്‍ പാസ്സഞ്ചറില്‍ ഭയങ്കര തിരക്കായിരുന്നു.
നാലുപേര്‍ ഇരുന്നിരുന്ന എന്റെ സീറ്റില്‍ ഒരു മുപ്പത്‌-
കാരി സുന്ദരി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച്‌ തിക്കി-
ത്തിരക്കി അഞ്ചാമതായി ഇരുന്നു. പിന്നീട്‌ തല മറ്റേത്തല- യ്ക്കലേയ്ക്കുനീട്ടി വിളിച്ചു.
.
"അസുലഭാ"

ഞെട്ടിപ്പോയി. ഓമനത്തമുള്ള വട്ടമുഖവും നീണ്ടമുടിയും
കണ്ണടയുമുള്ള ഒരു പത്തുവയസ്സുകാരി അടുത്തുവന്ന്‌ നിന്നു.
സുന്ദരിക്കുട്ടിയ്ക്ക്‌ ആ പേര്‌ ഒട്ടും ചേരില്ല. കാരണം അത്‌
ലഭ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതായത്‌
അവൈലബിലിറ്റി. നോട്ട്‌ ഈസിലി അവൈലബിള്‍ എന്ന
അര്‍ത്ഥം ആ കുട്ടിയുടെ പേരാകുന്നു. ആ പേരവള്‍ക്കിട്ടവന്റെ
'ഭാവനയ്കിട്ട്‌' ഒരു തൊഴികൊടുക്കാന്‍ തോന്നി. അതായത്‌
അവൈലബിള്‍, ബട്‌ വിത്‌ സം ഡിഫിക്കള്‍ട്ടി.
ത്രിശ്ശൂരെത്തിയിട്ടും,ദാ ഇപ്പൊഴും, ആ പേരും ആ കുട്ടിയുടെ
മുഖവും മനസ്സീന്നു പോണില്ല.

Saturday, August 18, 2007

ജന്മസാഫല്യം


കണ്മുന്നിലേറെനാള്‍ നില്‍ക്കുകില്ലെകിലേ-
തുണ്മയും മാഞ്ഞുപോമുള്ളില്‍നിന്നെങ്കിലും
കണ്മണീ, നിന്‍തങ്കവിഗ്രഹം ചിന്തതന്‍
വെണ്മേടയില്‍നിന്നു മായില്ല, നിശ്ചയം

വിശ്വസിക്കാമോ, നിന്‍നാമമാണെന്‍ശ്വാസ-
നിശ്വാസ താളക്രമങ്ങളാവുന്നത്‌
നിന്നോര്‍മയാണെന്റെ നെഞ്ചിലെ ജീവനായ്‌
നിന്നു തുടിയ്ക്കുന്ന സ്പന്ദനമത്രയും

എന്നാ നയനങ്ങള്‍തന്നഗാധങ്ങളില്‍
എന്നെമറന്നൊന്ന് മുങ്ങിത്തുടിച്ചിടും?
എന്നാ പവിഴാധരങ്ങളില്‍ ചുണ്ടുചേര്‍-
ത്തെന്നോമലേ, ജന്മസാഫല്യം നേടും ഞാന്‍?

Thursday, August 16, 2007

കവിതാങ്കുരം

ഏതുരാഗത്തിന്നു നീ യേകിയേഴഴകുകള്‍
ഏതുതാളത്തിന്നു നീ യാന്ദോളലയമേകി
ഏതുപുഷ്പത്തിന്നേകി ഗന്ധവും,നൈര്‍മല്യവും
ഏതുവര്‍ണങ്ങള്‍ക്കുനീ ചിത്രചാരുതയേകി
ഏതൊരജ്ഞാതസ്പന്ദമായിനീ ഹൃദയത്തില്‍
ഏതൊരുതപ്താത്മാവിന്‍ മോക്ഷകാരണമായ്‌ നീ
ഏതൊരാഭിചാരത്തിന്‍ വിഹ്വലസ്വപ്നമായ്‌ നീ
ഏതൊരുബീജാക്ഷരപൂജയ്ക്കു മന്ത്രമായ്‌ നീ
ഏതൊരുമനസ്സിന്റെ ലോലതന്ത്രിനീമീട്ടി
ഏതൊരുവിഹായിസ്സിന്‍ ചിറകുവിടര്‍ത്തിനീ
ഏതൊരുമൗനത്തിന്റെ വാത്മീകമുടച്ചുനീ
ഏതൊരുപേനത്തുമ്പില്‍ കവിതാങ്കുരമായ്‌ നീ

Saturday, August 11, 2007

അപേക്ഷ


നവനീതമൃദുമേനി മെല്ലെത്തഴുകി നിന്‍
പവിഴാധരങ്ങളില്‍ ഉമ്മവയ്ക്കാന്‍
നവരാത്രിദീപങ്ങളകലെത്തെളിയവേ-
യിവിടെയിരിപ്പൂ വിവശനായ്‌ ഞാന്‍

ചിറകൊടിഞ്ഞാശാശലഭങ്ങള്‍ വീഴുന്നൂ
മുറിവേറ്റുകരയുന്നരിപ്രാവുകള്‍
കരിയുന്നൂ; കടലാസുപൂവുകള്‍പോലുമി-
ങ്ങിരുള്‍വരവായ്‌ ചുരുള്‍മുടിയഴിച്ച്‌

കരയുമെന്‍നേര്‍ക്ക്‌ നിന്‍ സ്നേഹാര്‍ദ്രനയനങ്ങള്‍
ഒരുകുറിപോലുമുയര്‍ത്തുകില്ലേ..
അറിയില്ല; നിന്‍നാമമെത്ര ഞാനുരുവിട്ടു
ഒരുവട്ടം പോലും നീ കേള്‍ക്കുകില്ലേ..

Tuesday, August 7, 2007

തെറ്റാത്ത അക്ഷരങ്ങള്‍



സിന്ദൂരവര്‍ണ്ണാംഗിതേ യെന്‍മനസ്സിലെ
ചെന്താമരയില്‍ നീ നൃത്തമാടൂ
ചന്ദനഗന്ധമുയരുന്ന മേനിയില്‍
മന്ദാര പുഷ്പാര്‍ച്ചന നടത്താം

അമ്പത്തിയൊന്നക്ഷരങ്ങളും നാവിന്റെ
തുമ്പത്ത്‌ വന്ന് വിളയാടുവാന്‍
കുമ്പിടുന്നേന്‍ തല യായിരംവട്ടമെ-
ന്നമ്പികേ, നീ വരമേകിടേണം

ഒട്ടേറെയുണ്ട്‌ ചിതറി, പായല്‍, വള്ളി
ചുറ്റിക്കിടക്കുന്ന പാഴ്‌ വാക്കുകള്‍
മറ്റുവരമൊന്നും വേണ്ടമ്മേ, നീതരൂ
തെറ്റാതെഴുതുവാന്‍ അക്ഷരങ്ങള്‍

Monday, August 6, 2007

സ്വതന്ത്രന്‍..


ഇന്നലെ രാത്രിയില്‍, എപ്പോഴറിയില്ല
ഒന്ന് മയങ്ങി; ഉടനുണര്‍ന്നൂ
നിന്നോര്‍മകള്‍ ചെറുസ്പന്ദങ്ങള്‍പോലെ വ-
ന്നെന്മേനി മെല്ലെ തലോടിയിട്ടോ.

പിന്നെയുറങ്ങാന്‍ കഴിഞ്ഞില്ല; രാവിന്‌
പിന്നിടാന്‍ യാമങ്ങളേറെയുണ്ട്‌
മുന്നിലെ മാവിലൊരു രാക്കിളിപാടി
മിന്നാമിനുങ്ങുകള്‍ നൃത്തമാടി

നേരംവെളുത്താലിരുളുംവരെയെന്റെ
യാരോമലാളെന്‍മനസ്സിലുണ്ട്‌
നിന്നെക്കിനാവുകണ്ടൊന്നുറങ്ങട്ടെ ഞാന്‍
എന്നെയീരാത്രി സ്വതന്ത്രനാക്കൂ

Friday, August 3, 2007

ആരാമത്തില്‍ ഏകനായ്‌

-
പൊന്‍ചമ്പകത്തിന്‍ സുഗന്ധമണിഞ്ഞാണ്‌
വന്നതിക്കാറ്റെന്നരികിലൂടെ
നിന്നെത്തഴുകിയാണിങ്ങു ഞാന്‍ വന്നതെ-
ന്നെന്നെയറിയിച്ചു തൃപ്തി നേടാന്‍.

ഓരോപനിനീര്‍മലരിന്റെയുള്ളിലു-
മോരായിരം പ്രേമ ഗാഥയുണ്ടെ-
ന്നാരോപറഞ്ഞു; ചിരിച്ചു ഞാനന്നെന്റെ
യാരോമലാളെയറിയില്ലല്ലോ.

മുല്ലയും,നീലോല്‍പലങ്ങളും കാണുമ്പോ-
ഴെല്ലാം മറക്കുന്നു, നിന്നോര്‍മയാല്‍
മെല്ലെയിവിടുന്നെണീറ്റു പോയീടുവാന്‍
ചെല്ലക്കിളികള്‍ ചിലച്ചിടുന്നൂ

ഉണ്ണീശോപ്പൂക്കള്‍


ജാലകവാതില്‍ തുറന്നന്ന് നീ നേര്‍ത്ത
നീലത്തിരശ്ശീല മെല്ലെ നീക്കി.
കാണായി, താരകള്‍മിന്നും മുഖമൊന്നൊ-
രോണനിലാവ്‌ തഴുകിയെന്നെ

വര്‍ണ്ണം വിതറി, മറയായിനിന്നൊരാ
ഉണ്ണീശോപ്പൂക്കള്‍പ്പടര്‍പ്പിലൂടെ
ഒന്ന് കാണാന്‍ മാത്രമായി ഞാനാവഴി
പിന്നെയും, പിന്നെയും എത്ര താണ്ടീ

ഓര്‍മകള്‍തന്‍ മഞ്ചലേറിനിന്മുന്നിലേ-
യ്കോടിയണയാന്‍ കഴിഞ്ഞുവെങ്കില്‍ !
ഒന്നാമുഖാംബുജം മെല്ലെയുയര്‍ത്തിയൊ-
രുമ്മ നല്‍കാമായിരുന്നു; ചുണ്ടില്‍...

ദേവി

തനിയെ മുറിയിലടച്ചിരുന്നു ഞാന്‍
ജനലില്‍ക്കൂടി പുറത്തുനോക്കവേ
ഇനിയും പെയ്തൊഴിയാത്ത പൂമഴ;
നനയും തനുശിഖരങ്ങള്‍ കണ്ടു ഞാന്‍

വഴിപോലൊട്ടു വളഞ്ഞ രേഖയില്‍
കുഴികള്‍, കൊച്ചു ജലാശയങ്ങള്‍പോല്‍
ചളിവെള്ള മതില്‍ച്ചവിട്ടിടാതവ-
യൊഴിവാക്കാനുഴറും ജനത്തെയും

ഒരുപാടകലമതില്ല യെങ്കിലും
ഒരു ദേവാലയവാതില്‍ കാണ്മു ഞാന്‍
അറിയാ;മിരുകൈകള്‍കൂപ്പി തൊഴുതാല്‍
കരുണാമയിയവള്‍ തന്നിടും വരം

Saturday, July 28, 2007

സമയമില്ല..


ഇടഞ്ഞാരോടുമൊന്നുരിയാടീടുവാ-
നിടവരുത്തല്ലേ ഉടയോനേയെന്ന്
പടിയിറങ്ങുമ്പോള്‍ ദിനവും ധ്യാനിക്കു-
മൊടുവില്‍പ്രാര്‍ത്ഥന വിഫലമായ്‌ത്തീരും

കുടുംബ ബഡ്ജറ്റില്‍ കടന്നുകൂടിയ
കടങ്ങള്‍വീട്ടുവാന്‍ പരക്കംപായുമ്പോള്‍
ഇടയില്‍ക്കേറിവന്നുടക്കിനില്‍പ്പോരെ
ഇടിച്ചുമാറ്റിയും കുതിച്ചുപായുന്നൂ

അറിയില്ല; ജന മപരനെയൊട്ടും
പരിഗണിക്കാതെ തിരക്കുകൂട്ടുന്നു
തിരിഞ്ഞുനോക്കുവാന്‍, മനംകുളിര്‍പ്പിക്കു-
മൊരുവാക്കോതുവാന്‍..സമയമില്ലൊട്ടും

Friday, July 27, 2007

കാത്തുനില്‍പ്പ്‌.


പാടുക, പൂങ്കുയിലേ യെന്‍പ്രണയാര്‍ദ്ര
പാരിജാതങ്ങള്‍ വിടര്‍ന്നിടട്ടെ
പാതിവിരിഞ്ഞ മുകുളങ്ങള്‍ ചുമ്പിച്ച്‌
പാതിരാക്കാറ്റേയൊരീണം തരൂ

ഏറെസമയമായ്‌ ഈനദീതീരത്തൊ-
രീറക്കുഴലുമായ്‌ ഞാനിരിപ്പൂ
ആരുമാരുംകണ്ടതില്ലയെന്നാത്മാവില്‍
നീറിപ്പുകയുന്ന നൊമ്പരങ്ങള്‍

രാവില്‍, തുഷാരാശ്രുബിന്ദുക്കള്‍ വീണ നി-
ലാവ്‌ മറയാന്‍ സമയമായി
നീവരില്ലെന്നറിയാമെനിക്കെങ്കിലും
നോവും; എന്നാശയും കാത്ത്‌നില്‍പൂ..

Sunday, July 22, 2007

പ്രതിഭ


പ്രതിഭപട്ടീലിന്ത്യാ മഹരാജ്യത്തിന്‍ പുതു
പ്രസിഡന്റായി, കഷ്ട, മെന്നല്ലാതെന്തോതട്ടെ
പരമയോഗ്യന്മാരും, പാമരച്ചെറ്റകളും
ഇരുന്നിട്ടുണ്ട്‌ മുന്‍പാ കസേരപ്പുറത്തായി
ഏതച്ഛന്‍ വന്നാലുമെന്നമ്മയ്ക്കു പണിയേറും
ഏതുബാധയാണേലും കോഴികള്‍ ചത്തേ തീരൂ

Saturday, July 21, 2007

തിരികെ..

അയഥാര്‍ത്ഥമായോരു പ്രണയത്തിനവസാന-
മലയവേ,മുറിവേറ്റ ഹൃദയവുമായ്‌
അറിയാത്ത വീഥികള്‍,തീരങ്ങള്‍, താണ്ടി ഞാന്‍
ഇരുകാലില്‍ പായും മൃഗങ്ങളേയും
ഇനിമതി, തിരികെയെന്‍ കൂട്ടിലേയ്ക്കെത്തണം
തനിയെ, തിരിച്ചു നടക്കതന്നെ
ഒരുതണല്‍, എഴുതുവാന്‍ തൂലിക, കൂട്ടിനായ്‌
ഒരുവേണു,വിത്രയും മതിയെനിക്ക്‌
മിഴികളാല്‍, പിരിയുമ്പോള്‍ നീയെന്റെ ഹൃദയത്തി-
ലെഴുതിയ ശോകാര്‍ദ്ര വരികളുണ്ട്‌
ചെറുകാറ്റിലുലയുന്നുണ്ടെങ്കിലും വഴികാട്ടാ-
നൊരുദീപനാളമങ്ങകലെയുണ്ട്‌

ഗീത


"എന്നെയെല്ലാരും കണ്ടിട്ടാസ്വദിക്കണം, പിന്നെ
എന്‍ഗന്ധമറിയേണം, തലയില്‍ ചൂടീടേണം"
പൂവിനെന്തവകാശം ഇങ്ങിനെ ചിന്തിക്കുവാന്‍ ?
ആവതു ചെയ്തീടു, 'മാ ഫലേഷു കദാചന'

Thursday, July 19, 2007

ശശിലേഖ


മായികവിഭ്രമമേകും ചിരിയോടെ
നീയെന്റെ മുന്നിലായ്‌ വന്നുനിന്നൂ
ആയിരം സൗഗന്ധികങ്ങള്‍ മനസ്സില്‍ പൂ-
ത്താടിയുലഞ്ഞത്‌ ഞാനറിഞ്ഞു.

ആവണിത്തിങ്കളാരാവില്‍ വിരിച്ചിട്ട
തൂവെള്ളക്കമ്പളം നീക്കി മെല്ലെ
പൂവിതള്‍ക്കണ്‍തുറന്നഞ്ചെട്ടു താരകള്‍
തൂവല്‍ത്തലോടല്‍പോല്‍ എന്നെ നോക്കി

കൈകളാല്‍ കോരിയെടുക്കാന്‍, മൃദുവായി
മെയ്യാകെ മുത്തമിടാന്‍കൊതിക്കെ
നെയ്യാമ്പല്‍പൊയ്കയിലോളമിളകവേ
നീയെങ്ങുപോയ്‌, ശശിലേഖ പോലെ ?

Monday, July 16, 2007

പാല്‍പോലീസ്‌


കാലത്ത്‌ കുട്ടികളെ സ്കൂളില്‍കൊണ്ടാക്കാന്‍ സ്കൂട്ടറില്‍ പായുമ്പോള്‍
ഞങ്ങള്‍ അദ്ദേഹത്തെ പട്ടണത്തിന്റെ പ്രധാന ജംഗ്ഷനില്‍ കാണാറുണ്ട്‌.
ആയിടെമാത്രം ജില്ലാ പദവിലഭിച്ച, കേരളത്തിന്റെ വടക്കേ അറ്റത്തുള്ള
ജില്ലയിലെ ആ ടൗണില്‍,അന്ന് അത്രയ്ക്ക്‌ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ കടന്നുപോകുമ്പോള്‍, ബാങ്കുദ്യോഗസ്ഥനായ എന്നെയോ,
മക്കളേയോ നോക്കി അദ്ദേഹം കൈ വീശി റ്റാറ്റാ കാണിക്കും. വളരെ
ലൂസായ ഒരലമ്പ്‌ യൂണിഫോമായിരുന്നു അദ്ദേഹം സ്ഥിരം ധരിച്ചി-
രുന്നത്‌. സ്വതേ വികൃതമായ ആ മുഖത്ത്‌ ആ വൈകൃതത്തെ ശതഗുണീ ഭവിപ്പിക്കാന്‍ ഒരു കപ്പടാ മീശയുമുണ്ടായിരുന്നു. എല്ലാ കൊമ്പന്‍മീശ-
യുടേയും അര്‍ത്ഥം "നിന്നെ ഞാന്‍ എടുത്തോളാമെടാ" എന്നല്ല, മറിച്ച്‌
"ഞാനൊരു പാവമാണേ. എന്നെയൊന്നും ചെയ്യല്ലേ" എന്നാണെന്നു
നന്നായറിയാവുന്ന ഞാന്‍, തിരിച്ച്‌, ഒന്നു ചിരിച്ച്‌,തലയാട്ടാറുമുണ്ടാ-
യിരുന്നു. ഒഴിവുദിവസങ്ങളില്‍ ടൗണിന്റെ മറ്റുഭാഗങ്ങളില്‍ യൂണിഫോം
ഇടാതെയും, നന്നായി മദ്യപിച്ച നിലയിലും ഞാനും കുട്ടികളും
തനിച്ചും, വെവ്വേറയും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തെ
പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ കുട്ടികളദ്ദേഹത്തെ 'മീശപ്പോലീസ്‌'
എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ എന്റെ രണ്ടാമത്തെ
മകന്റെ ക്ലാസ്‌മേറ്റാണെന്ന് പിന്നീടാണ്‌ ഞാനറിയുന്നത്‌

ഞാന്‍ ജോലിചെയ്തിരുന്ന ബാങ്കിനടുത്തായിരുന്നു പോലീസ്‌ സ്റ്റേഷനും
ക്വാര്‍ട്ടേഴ്സും. ഇപ്പോഴും അങ്ങിനെത്തന്നെ. ഒഴിവുദിവസങ്ങളിലും, ചില
ഞായറാഴ്ചകളിലും, ബാങ്ക്‌ വീടിനടുത്തായതിനാല്‍, ഞാന്‍ ബാങ്കില്‍
പോയി പെന്റിംഗ്‌ ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ,
വീട്ടുജോലികളില്‍ അമ്മയെ ശല്യം ചെയ്യാതിരിയ്ക്കാന്‍ ഞാന്‍ മക്കളേയും
ബാങ്കിലേയ്ക്കു കൊണ്ടുപോകും. അവര്‍ക്കവിടെ ടീ.ടിയോ കാരംസോ
കളിയ്ക്കാം. താഴെ നാലഞ്ചു കടകളുടെ മുകളിലാണ്‌ ബാങ്ക്‌.

അന്നൊരു ഞായറാഴ്ച, പത്ത്‌ പത്തരയായിക്കാണണം, ഞാന്‍ ലെഡ്ജറില്‍
തലതാഴ്ത്തി കുത്തിപ്പിടിച്ചിരുന്നെന്തോ ബാലന്‍സാക്കുന്നു. കുട്ടികള്‍,
അപ്പുറത്ത്‌ റിക്രിയേഷന്‍ റൂമില്‍ ഒച്ചവച്ച്‌ കളിയ്ക്കുന്നു. അപ്പോള്‍..
താഴെ റോഡില്‍ ഒരാക്സിഡെന്റിന്റെ ശബ്ദം!

ഞാനും, കുട്ടികളും ഓടിച്ചെന്നു താഴേയ്ക്കു നോക്കി. പാല്‍പായ്കറ്റുകള്‍, ചെറിയ പ്ലാസ്റ്റിക്‌ പെട്ടികളില്‍നിറച്ച ഒരു ടെമ്പോവാന്‍, ഒരുപെട്ടി
ഓട്ടോയുമായികൂട്ടിയിടിച്ച്‌ രണ്ടും രണ്ടു വശങ്ങളിലേയ്കായി മറിഞ്ഞു
കിടക്കുന്നു. പാലുവണ്ടി മറിഞ്ഞിരിയ്ക്കുന്നത്‌ വെള്ളമില്ലാത്ത കാണ-
യിലേയ്കാണ്‌. പെട്ടിഓട്ടോ, റോഡിലേയ്ക്കും. ഓട്ടോ കാലിയാണ്‌.
ഡ്രൈവര്‍മാര്‍ രണ്ടുപേരും കഷ്ടപ്പെട്ട്‌ ഇഴഞ്ഞ്‌ പുറത്തേയ്ക്കിറങ്ങുന്നു
രണ്ടുപേരുടേയും കൈകാലുകള്‍ ഉരഞ്ഞ്‌ മുറിഞ്ഞ്‌ ചോരവരുന്നുണ്ട്‌.
റോഡില്‍,അവിടവിടെയായി പൊട്ടിയ; പൊട്ടാത്ത പാല്‍പായ്കറ്റുകള്‍
ചിതറിക്കിടക്കുന്നു. ഒന്നുരണ്ടു വഴിപോക്കര്‍ കൂടിയിട്ടുണ്ട്‌. ആരും
അടുക്കുന്നില്ല.

അപ്പോഴതാ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ ക്വാര്‍ട്ടേഴ്സിന്റെ വഴി-
യില്‍നിന്നും റോഡിലേയ്ക്കിറങ്ങുന്നു. ഒരു കള്ളിമുണ്ട്‌ മാത്രമണ്‌വേഷം.
അതൊന്ന്മടക്കിക്കുത്തി,ചുണ്ടിലെ ബീഡി ഒന്നാഞ്ഞുവലിച്ച്‌, മീശ
പിരിച്ച്‌ അദ്ദേഹം രംഗനിരീക്ഷണം നടത്തി. സംഭവത്തെ നന്നായി
വിലയിരുത്തിയശേഷം അദ്ദേഹം ക്വാര്‍ടേഴ്സിലേയ്ക്കു തിരിച്ചുപോയി.
ഉടനെതന്നെ അദ്ദേഹം പുറത്തുവന്നു. അപ്പോള്‍, അദ്ദേഹത്തിന്റെ
കയ്യില്‍, ചുവന്ന ഒരു പ്ലാസ്റ്റിക്‌ ബക്കറ്റും, പിന്നാലെ ട്രൗസറിട്ട ഒരു
കുട്ടിയുമുണ്ടായിരുന്നു. എന്റെ ഇളയ മകന്‍ കുട്ടിയെ തിരിച്ചറിഞ്ഞു.
"ദാ, എന്റെക്ലാസ്സിലെ ഷിന്റോയാണത്‌"

മീശപ്പോലീസ്‌ കുട്ടിയോടെന്തോ പറഞ്ഞു. കുട്ടി, റോഡില്‍ ചിതറി-
ക്കിടന്നിരുന്ന പാല്‍പായ്കറ്റുകളില്‍ പൊട്ടാത്തവ ഓരോന്നായി പെറുക്കി-
യെടുത്ത്‌ അദ്ദേഹം പിടിച്ചിരുന്ന ബക്കറ്റിലിടാന്‍തുടങ്ങി. ബക്കറ്റു
നിറഞ്ഞപ്പോള്‍, അവര്‍ രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ
ക്വാര്‍ടേഴ്സിലേയ്കു തിരിച്ചുപോയി. ഡ്രൈവര്‍മാര്‍ തര്‍ക്കിച്ചുകൊണ്ട്‌
തൊട്ടടുത്ത കുഞ്ഞനന്തന്‍നായരുടെ ക്ലിനിക്കിലേയ്ക്കും.

അന്നു മുതലാണ്‌ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ എന്നയാള്‍
"പാല്‍പോലീസ്‌" ആയത്‌


Friday, July 6, 2007

സുകുമാരന്‍സാറിന്റെ അമ്മ.


സുകുമാരന്‍സാറിന്റെ അമ്മ മരിച്ചു! ഒമ്പതരയ്കെത്തിയ പെര്‍സൊണല്‍ സെക്ഷനിലെ മെസ്സഞ്ചറായ ചേര്‍ത്തലക്കരന്‍ തങ്കപ്പനാണ്‌ ആദ്യം അറിയിച്ചത്‌.
ഭോപാല്‍ റീജിയണില്‍ നിന്നും വന്ന സുകുമാരന്‍
സാറ്‌, സ്റ്റാഫ്‌ സെക്ഷണില്‍ ചാര്‍ജെടുത്തിട്ട്‌
അധികനാളായിട്ടില്ല. ആരോടും അധികം മിണ്ടാതെ
അടുത്ത്‌ പെരുമാറാതെ,വൈകുന്നേരങ്ങളിലെ
ചീട്ടുകളിയില്‍ പങ്കെടുക്കാതെ ജോലിയില്‍ മാത്രം
ആനന്ദം കണ്ടെത്തുന്ന ഒരു ബാങ്ക്‌ ജീവി.
അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചോ, അവരുടെ
ആരോഗ്യത്തെക്കുറിച്ചോ ആര്‍ക്കും ഒരറിവും
ഉണ്ടായിരുന്നില്ല. അയല്‍വാസിയല്ലെങ്കിലും
ചേര്‍ത്തലക്കാരന്‍തന്നെയായിരുന്നതിനാലാണ്‌
തങ്കപ്പന്‍ വിവരമറിഞ്ഞത്‌.

പത്തേകാലുകഴിഞ്ഞ്‌ എത്തിയവരെല്ലാം ഒറ്റയ്ക്കും
കൂട്ടായും, സെക്ഷന്‍തിരിച്ചും, നില തിരിച്ചും
കൂടിയാലോചനകള്‍ നടത്തി.
"പോവണ്ടെ?"
"അതുപിന്നെ ചോദിയ്ക്കാനുണ്ടോ, പോണം."
"നമ്മുടെ സുകുമാരന്‍സാറല്ലെ,തീര്‍ച്ചയായുംപോണം"
ഏഴുനിലകളില്‍നിന്ന്‌ സ്റ്റാഫുകള്‍ ഒറ്റയ്ക്കും കൂട്ടമായും
പുറത്തേയ്കൊഴുകി. ലേഡീസ്റ്റാഫുകള്‍ക്കായിരുന്നു
ഏറെ ധൃതി.
തലമുറിയനായ വിജയകുമാര്‍ ഉറക്കെ പറയുന്നത്‌
കേട്ടു.
"താസില്‍ദാര്‌ ചത്താല്‍ ആരും പോണ്ട. താസില്‍ദാ-
രുടെ അമ്മ ചത്താല്‍,പോയില്ലെങ്കില്‍ വെവരമറിയും"

ഏതാണ്ട്‌ പതിനൊന്ന്‌ മണിയ്ക്ക്‌ ഡി.ജി.എം ക്യാബിനു പുറത്തിറങ്ങിയപ്പോള്‍ ഹാള്‍ കാലി! ലിഫ്റ്റില്‍
താഴെ ചെന്നാപ്പോള്‍ ആ ഫ്ലോറും കാലി!!
സെക്രട്ടറിയേറ്റിലെ ഒരു വര്‍കോഹോളിക്‌ ആയ
ജോസ്‌ മാത്രം കുത്തിപ്പിടിച്ചിരുന്ന്‌ ആരുടേയോ
മെഡിക്കല്‍ ബില്ല്‌ എങ്ങിനെ മടക്കാം എന്ന്‌
തലപുകയ്ക്കുന്നുണ്ടായിരുന്നു.
"വാട്ട്‌ ഹേപ്പന്റ്‌ ടു എവരിബഡി,ജോസ്‌?"
"സര്‍,സുകുമാരന്‍സാര്‍സ്‌ മദര്‍ എക്സ്പയേര്‍ട്‌"
"സോ വാട്ട്‌?"
"എവരിബഡി ഹേസ്‌ ഗോണ്‍ ടു ചേര്‍ത്തല"
"ഓ ഐസീ.യുനോ വെന്‍ ഈസ്‌ ദ ഫ്യൂണെറല്‍?"
"ദെ സെഡ്‌ ഇറ്റ്‌സ്‌ അറ്റ്‌ ത്രീയോ ക്ലോക്‌"

തമിഴ്‌നാട്ടില്‍നിന്ന്‌ ആയിടെമാത്രം വന്ന ഡീ ജീ എം
ന്‌ കുറ്റബോധം തോന്നി.ഇത്രപോപ്പുലറായ തന്റെ
ഒരു ഓഫീസറുടെ അമ്മ മരിച്ചിട്ട്‌ താനത്‌ അറിയാ-
തിരിയ്ക്കുക, ഫ്യൂണറലിനുപോലും പോവാതിരിയ്കുക
ഛെ,തീരെ ശരിയായില്ല.താന്‍മാത്രം ചെന്നില്ലെന്നറിഞ്ഞാല്‍ സുകുമാറന്‍ എന്ന നിനപ്പേന്‍.. ഡീജീയെം
ആകെ ബേജാറായി.

"യൂ നോ വേറീസ്‌ സുകുമാരന്‍സ്‌ ഹൗസ്‌ അറ്റ്‌
ചേര്‍ത്തല?"
"ദറ്റെസ്‌ നോ പ്രോബ്ലം സര്‍.കാള്‍ റാംജീട്രാവല്‍സ്‌.ദേ ഷുഡ്ബി നോയിംഗ്‌.സുകുമാരന്‍ യൂസ്ഡ്റ്റു
ഹയര്‍ ദെം."

ഡീജീയെം തിടുക്കത്തില്‍ ക്യാബിനില്‍ കയറി റാംജീ-
യിലെ അനില്‍കുമാറിനെ വിളിച്ചു.ഭാഗ്യം,അനിലിനു
വീടറിയാം.

ഏതാണ്ട്‌ പന്ത്രണ്ടരയോടെ ഒരുവിധത്തില്‍ ഡീജീയെം
സുകുമാരന്‍സാറിന്റെ വീട്ടിലെത്തി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലില്‍ പത്തുപതിനഞ്ച്‌
പ്ലാസ്റ്റിക്‌ ചെയറുകള്‍. നാലഞ്ചാളുകള്‍ ഇരിപ്പുണ്ട്‌.
ഒന്ന് സുകുമാരന്‍സാറാണ്‌.മറ്റുള്ളവര്‍ ബന്ധുക്കളാവാം
വീടിന്റെ വരാന്തയില്‍,തെക്കോട്ട്‌ തലവച്ച്‌ കത്തിച്ചു
വച്ച വിളക്കിനടുത്ത്‌ വെള്ളത്തുണി പുതപ്പിച്ച്‌,താടി
ഒരു ശീലകൊണ്ട്‌ തലയോട്ചേര്‍ത്തുകെട്ടിയ മൃദദേഹം
അഞ്ച്‌പത്ത്‌ സ്ത്രീകള്‍ ചുറ്റുമിരുന്ന് കരഞ്ഞ്‌
തോര്‍ന്നപോലെ..
അപ്രതീക്ഷിതമായി കാറില്‍വന്നിറങ്ങിയ ഡീജീയെമ്മെ
ക്കണ്ട്‌ സുകുമാരന്‍സാര്‍ അന്ധാളിച്ചു.പരിഭ്രമിച്ചു
എഴുന്നേറ്റ്‌ പുറത്തിറങ്ങി.
"പ്ലീസ്‌ കം സര്‍..പ്ലീസ്‌ സിറ്റ്ഡൗണ്‍ സര്‍"എന്നീ
ഔപചാരിതകള്‍ മൊഴിഞ്ഞു.
ഡീജീയെം കഷ്ടപ്പെട്ട്‌ ഒരുവിധം പ്ലാസ്റ്റിക്ചെയറില്‍
ഇരുന്നു.അല്‍പം കഴിഞ്ഞ്‌ ലേശം ശോകം കലര്‍ത്തി
ചോദിച്ചു
"വെന്‍വാസ്‌ ഇറ്റ്‌?"
"മോണിംഗ്‌,അറ്റെബൗട്‌ സെവന്‍,സര്‍. വെന്‍ വി
വെന്റ്‌ ടു ഹെര്‍ ടു വെയ്ക്‌ ഹെര്‍ അപ്‌,ഷിവാസ്‌
ഗോണ്‍. ദേര്‍വേര്‍ നോ പ്രോബ്ലംസ്‌ യെസ്റ്റര്‍ഡെ.
ഷീ വാസ്‌ നോര്‍മല്‍."
"മൈ ഹാര്‍ട്ടി കണ്ടോളന്‍സസ്‌. വെന്‍ഈസ്‌ ദി
ഫ്യൂണറല്‍?"
"എബൗട്‌ ത്രീ ഒ ക്ലോക്‌,സര്‍. മൈ ബ്രദര്‍ ഈസ്‌
റ്റു കം ഫ്രം കോയമ്പത്തൂര്‍. ഹീ ഈസ്‌ ഓണ്‍ഹിസ്‌ വേ."
"ഡിഡ്‌ അവര്‍ സ്റ്റാഫ്‌ കേയിം ഹിയര്‍?"
"സ്റ്റാഫ്‌? ഓണ്‍ളി യൂ കേയിം സര്‍. ആന്റ്‌ തേങ്ക്യൂ
വെരിമച്ച്‌ സര്‍."

ഡീജീയെമ്മിന്‌ തൊണ്ടയില്‍ ഏത്തപ്പഴംകുരുങ്ങിയതു
പോലെ തോന്നി. മൃദദേഹത്തെ ഒന്നുകൂടി നോക്കാനോ
കുടുംബാംഗങ്ങളെ പരിചയപ്പെടാനോ നില്‍ക്കാതെ
വേച്ച്‌, വേച്ച്‌ കാറില്‍ച്ചെന്നിരുന്ന് സ്വപ്നത്തിലെന്ന-
പോലെ അനിലിനോട്‌ പറഞ്ഞു
"ഓഫീസ്‌"

പിറ്റേന്ന്, മകന്റെ പ്ലസ്‌ റ്റൂ അഡ്മിഷനുവേണ്ടി
ലീവെടുത്തിരുന്ന വാസുദേവന്‍സാര്‍ ജോസഫ്ചക്കോ
സാറിനോട്‌ ചോദിച്ചു.
"നമ്മുടെ സുകുമാരന്‍സാറിന്റെ അമ്മയിന്നലെ
മരിച്ചുവല്ലെ?"
"അതേഡോ. ഒരുപയിന്റ്‌ ജിന്‍, ഒരു ചിക്കന്‍
മീശമാധവന്റെ സീഡീ, ഉച്ച്യ്ക്കു സുഖമായൊരു
ഉറക്കം. അടിപൊളിയായിരുന്നു."
ജോസഫ്ചാക്കോസര്‍ പറഞ്ഞു.ഒരു ലീവ്‌ നഷ്ടമാ-
യതിന്റെ സങ്കടം വാസുദേവന്‍സാറിന്റെ മുഖത്ത്‌
നിഴലാട്ടം നടത്തി

പാവം സുകുമാരന്‍സാര്‍!
അതിലുംപാവം സുകുമാരന്‍സാറിന്റെ അമ്മ!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌:
1750/- രൂപ വീതം രണ്ട്‌ കാറുകള്‍ ചേര്‍ത്തലയ്ക്കു
പ്പൊയതിന്റെ 3500/-രൂപയുടേയും, റീത്ത്‌ വാങ്ങിയ
വകയില്‍ 210/- രൂപയുടേയും ബില്ലുകള്‍ ചാര്‍ജസ്‌
ഡെബിറ്റ്‌ ചെയ്ത വൗച്ചറുകള്‍ കണ്ടപ്പോള്‍ തല കറ-
ങുന്നതായി തോന്നിയ ഡീജീയം ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കിട്ടിയാല്‍ക്കൊള്ളാമെന്നാശിച്ചു

Thursday, July 5, 2007

മഴവില്ല്‌


കാര്‍മുകിലായെന്നുള്ളില്‍ വേദന നിറയവേ
വാര്‍മഴവില്ലായ്‌ വന്ന്‌ നീയുദിച്ചൊരുനാളില്‍.
എല്ലാനിറവുമൊന്നായ്‌ ചേര്‍ന്നു നിന്നീടുമ്പോളാ-
ണല്ലോ വെളുപ്പുനിറ മെന്നതറിഞ്ഞു,നിറ-
മില്ലായ്മയാണ്‌ കറുപ്പെന്ന്‌ നീ ചൊല്ലിത്തന്നു
ഇല്ല, ഞാന്‍ മറക്കില്ലാ,യിതൊന്നു മെന്റെ മുത്തേ.
ഒരിയ്ക്കല്‍ മൃദുവായൊരാമ്പലിന്‍ സ്പര്‍ശംപോല്‍ പി-
ന്നൊരിയ്ക്കല്‍,ചിരിതൂകും അരിമുല്ലപോല്‍, പിന്നെ-
യൊരിയ്ക്കല്‍ ഇടിമിന്നല്‍ പിണരായ്‌, മഴയായ്‌,വേ-
റൊരിയ്ക്കല്‍മഴത്തുള്ളി പതിയ്ക്കു മരുവിപോല്‍
മിന്നി നീ നിന്നൂ, ഉള്ളിലിത്തിരി നേരംമാത്രം
പിന്നെ,നീമാഞ്ഞു,വീണ്ടും കാര്‍മുകില്‍ മാത്രം ബാക്കി!

Wednesday, July 4, 2007

'നാഗപ്പാട്ട്‌'നെപ്പറ്റി


യോഗശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിലെ നട്ടെല്ലിന്റെ
താഴത്തെ അറ്റമാണ്‌ മൂലാധാരം. അതിന്റെ അധിപതി
ഗണപതിയാണ്‌.അവിടെ 'കുണ്ഢലിനി' എന്ന
ഒരു സര്‍പ്പം ഉറങ്ങിക്കിടക്കുന്നുണ്ടത്രെ; എല്ലാവര്‍ക്കും.. നട്ടെല്ലിന്റെ നടുവിലൂടെയുള്ള സുഷുമ്നയിലൂടെ,പ്രാണായാമംകൊണ്ട്‌(നട്ടെല്ലിന്റെ ഇടത്തു വശത്തുള്ള'ഇഡ'യിലൂ-ടെയും വലത്തു വശത്തുള്ള 'പിംഗള'യിലൂടെയും,സഞ്ചരിയ്ക്കാനായി ശ്വാസം ഓരോ മൂക്കിലൂടെയും ഇടവിട്ടിടവിട്ട്‌വലിച്ചുവിട്ട്‌കൊണ്ട്‌) ഈ സര്‍പ്പത്തെ
ഉണര്‍ത്തി, മെല്ലെ മുകളിലെയ്ക്കു കൊണ്ടുവന്ന്,
സ്വാധിഷ്ഠാനം, മണിപൂരകം, വിശുദ്ധി, ആജ്ഞ,എന്നീ
മണ്ഢലങ്ങള്‍ പിന്നിട്ട്‌ ആറാമത്തെ മണ്ഢലമായ
സഹസ്രാരപദ്‌മത്തില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞാല്‍,
ധാരണാശക്തിയും, വൈഭവവും വര്‍ധിച്ച്‌ അഭൗമമായ
അനന്ദവും കഴിവുകളും ഉണ്ടാകുമത്രെ. ഇതിന്റെ
പ്രയോഗം ഒരു ഗുരുവിന്‍കീഴിലല്ലെങ്കില്‍ ചിത്തഭ്രമം
വരെ വരാനിടയായേക്കും.

ഈ വരികള്‍ ആര്‍ക്കും മനസ്സിലാവാതെപോയതില്‍
എനിയ്ക്കു ഏറെ സങ്കടമുണ്ട്‌

Sunday, July 1, 2007

മന്ത്രവാദി


എനിക്ക്‌ 'ഒരുച്ചെന്നിക്കുത്ത്‌' മാറ്റാനുള്ള മന്ത്രമറിയാം
ഒരുച്ചെന്നിക്കുത്തെന്നാല്‍,ഇംഗ്ലീഷില്‍ മൈഗ്രൈന്‍ എന്നു പറയും
എന്റെപ്രപിതാമഹന്മാരെല്ലം മഹാ മന്ത്രികരും 'മുറി'വൈദ്യന്മാരുമായിരുന്നു. മുറിവൈദ്യന്‍ എന്നുപറഞ്ഞാല്‍, മുറിവ്‌ ചികില്‍സിച്ചു ഉണക്കുന്ന വൈദ്യന്‍ എന്നാണര്‍ത്ഥം. അല്ലതെ വ്യാജ ഡോക്ടര്‍
എന്നല്ല. യുദ്ധഭൂമിയില്‍ മുറിവേറ്റ യോദ്ധാക്കളെ ചികില്‍സിച്ചി
രുന്ന ഫീല്‍ഡ്‌ ഡോക്ട്ടേഴ്സ്‌. വസൂരിവന്ന്‌ ചീഞ്ഞളിഞ്ഞ്‌
കിടക്കുന്ന മൃതദേഹങ്ങളെ കുഴിയിലേയ്ക്കു എടുക്കാന്‍ ആളില്ലാതെ
വരുമ്പോള്‍, മുറുച്ചെടുത്ത വാഴത്തണ്ട്‌ ജപിച്ച്‌ കയ്യില്‍പിടിപ്പിച്ച്‌
കുഴിവരെ 'മൃതദേഹങ്ങളെ' അവര്‍ നടത്തിച്ചിരുന്നു പോലും.

ഒരുച്ചെന്നിക്കുത്ത്‌ മാറ്റാനുള്ളമന്ത്രം എന്നെ പഠിപ്പിച്ചത്‌'മുത്തായി'യാണ്‌. അന്നെനിയ്ക്കു വയസ്സു പത്ത്‌. മുത്തായി,എന്റെ അമ്മയുടെ അമ്മയുടെ,അഛന്റെ അനുജനാണ്‌. മഹാമന്ത്രവാദി. ഞങ്ങള്‍
കാണുമ്പോള്‍ത്തന്നെ പ്രായം എണ്‍പതിനോടടുത്താണ്‌. വായില്‍
ഒറ്റപ്പല്ലില്ലെങ്കിലും, നാടന്‍കോഴിയുടെ എല്ല്‌ മോണകൊണ്ട്‌"ഠേ"
എന്നു കടിച്ചുപൊട്ടിക്കുന്നകേട്ടാല്‍ ഞെട്ടിപ്പോകും. ഇടയ്കിടയ്ക്ക്‌
'സാവരന്‍' എന്ന്‌ അദ്ദേഹം ഓമനപ്പേരിട്ടുവിളിയ്ക്കുന്ന നാടന്‍
ചാരായം കുടിയ്ക്കും. കുടിയ്ക്കുമ്പോഴെല്ലാം ഒരുകുപ്പി മുഴുവന്‍
വേണമെന്നത്‌ നിര്‍ബന്ധമാണ്‌.

നാട്ടില്‍, നാലുഭാര്യമാരിലായി പത്തു പന്ത്രണ്ടു മക്കളുണ്ടത്രെ. ഷര്‍
ട്ടിടാറില്ല. മുണ്ടും,മേല്‍മുണ്ടും. ദേഹത്ത്‌ ഇറച്ചി തൊട്ടെടുക്കാനില്ല.എല്ലുകൂടിനെ തോലുകൊണ്ട്‌ പൊതിഞ്ഞപോലെ. എന്നാല്‍
ഭയങ്കര ശക്തിയാണ്‌. കോഴികളെ രണ്ടു വിരലുപയോഗിച്ചാണ്‌
കൊല്ലാറുപതിവ്‌. തലയില്‍ ഒറ്റരോമമില്ല. മുഖത്ത്‌,ഏതാനും
നരച്ചരോമങ്ങളുള്ള പുരികംമാത്രം. മടിയില്‍, ചെറിയ ഒരു ഓല-
ഗ്രന്ഥവും, മുറുക്കാന്‍പൊതിയും, ഒരു പേനക്കത്തിയും കാണും. പേനക്കത്തി ബഹുവിശേഷമാണ്‌. ഒരുപിടിയും,രണ്ടുതലയു-
മുണ്ടതിന്‌. ഒരുതല കത്തിയും,മറ്റേതല എഴുത്താണിയുമാണ്‌
ഏതെങ്കിലും ഒരുതല എപ്പോഴും പിടിയുടെ ഉള്ളിലായിരിയ്ക്കും
കത്തിയ്ക്കു ഭയങ്കര മൂര്‍ച്ചയാണ്‌

വേനലവധിയ്ക്കു അമ്മയുടെവീട്ടില്‍ ചെന്നാല്‍ നഗരത്തില്‍ നിന്നും
വരുന്ന ഞങ്ങള്‍ വി.ഐ.പി കളാണ്‌. കൊല്ലത്തിലൊരിയ്ക്കല്‍
നടത്തുന്ന ഈ യാത്രയ്ക്കുവേണ്ടി ഞങ്ങള്‍ കുട്ടികള്‍, കൊതിച്ച്‌
കാത്തിരിയ്കാറുണ്ട്‌. പത്തു പതിനഞ്ചു ദിവസത്തെ താമസത്തി-
നിടയില്‍,ചിലപ്പോള്‍, ഊരുതെണ്ടിവരുന്ന മുത്തായി ഒന്നുരണ്ടു
ദിവസം അമ്മവീട്ടില്‍ തങ്ങാറുണ്ടായിരുന്നു.
മുത്തായിയുള്ളദിവസം കോഴിക്കറി ഉറപ്പ്‌. അല്ലാത്തപ്പോള്‍
പുഴമീന്‍കൊണ്ടു തൃപ്തിപ്പെടേണ്ടിയിരുന്നു.

ഒരുസന്ധ്യയ്ക്ക്‌ മുത്തായി സാവരനില്‍ കിറുങ്ങി, പേനക്കത്തികൊണ്ട്‌ വെറ്റില,അടയ്ക,പുകയില എന്നിവ ച്രുതായി അരിഞ്ഞ്‌
വായിലിട്ട്‌ തുപ്പലൊലുപ്പിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ ധൈര്യം
സംഭരിച്ച്‌ അടുത്ത്‌ ചെന്ന്‌ പറഞ്ഞു.
"മുത്തായീ, എനിക്കൊരു മന്ത്രം പഠിപ്പിച്ചു തരാമോ"
"പ്‌ഫാാ‍" തുപ്പല്‍ തെറിപ്പിച്ചുകൊണ്ട്‌ ഒരാട്ട്‌
ഞാന്‍ ഞെട്ടിപ്പോയി. എനിക്കു കരച്ചില്‍ വന്നു.എന്നാല്‍ നഗര-
ജീവിതത്തിന്റെ ധൈര്യവും,കൗശലവും,പൂര്‍വസൂരിക്കളുടെ
സൂത്രങ്ങളും ഞാന്‍ സമാഹരിച്ചു.
"എന്റെ പൊന്നുമുത്തായിയല്ലേ, ഏതെങ്കിലും ഒരു മന്ത്രം
ഒരെണ്ണം മാത്രം മതി, പ്ലീീ‍സ്‌"
ആ പ്ലീീ‍സിലെവിടെയോ ആണെന്നു തോന്നുന്നു,മുത്തായി വീണു
വാല്‍സല്യപൂര്‍വം എന്നെ നോക്കിപ്പറഞ്ഞു
"പോയൊരു ഓലകൊണ്ടാറാ"
അടുക്കളയില്‍നിന്നു ഒരു കത്തിയുമെടുത്ത്‌ ഞാന്‍ നേരെപറമ്പിലേയ്കോടി. താഴ്‌ന്നു നിന്ന കുടപ്പനയുടെ ഒരോലമുറിച്ചു മുത്തായിയ്കു
കൊടുത്തു. മടിയില്‍നിന്ന്‌ പേനക്കത്തിയെടുത്ത്‌ നിവര്‍ത്തി
ഓല സൈസ്‌ ചെയ്തതിനുശേഷം മുത്തായി ഒരുമിനിട്ട്‌ എന്തോ
ആലോചിക്കുന്നപോലെ തോന്നി. പിന്നെ എഴുതി.."ശ്രീ....

നാലുവരി എഴുതിക്കഴിഞ്ഞ്‌ മുത്തായി എന്നെ നോക്കി പറഞ്ഞു

"ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രാ.ഒളിച്ചിരുന്ന്‌ കാണാതെപഠിച്ച്‌
എന്നെ ചൊല്ലി കേള്‍പ്പിക്ക്‌"

ഓലയുംകൊണ്ട്‌ ഞാന്‍ പത്തായപ്പുരയിലേയ്ക്കോടി. വാതില്‍ ചാരി
ഒരുമൂലയിലിരുന്ന്‌ അരണ്ട വെളിച്ചത്തില്‍ ഓലനീര്‍ത്തി ഞാന്‍
ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രം പാഠിയ്കാന്‍ തുടങ്ങി

"മന്ത്രം പാട്ടായാല്‍ മണ്ണാനു വെലയില്ല" എന്നു ചൊല്ലുള്ളതിനാല്‍
ഞാനാമന്ത്രം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, അത്‌ ഏതാണ്ട്‌
ഇപ്രകാരമാണ്‌

ആദ്യമായി ഭഗവതിയെ,അതായത്‌ പരദേവതയെ, നമസ്കരിയ്ക്കുന്നു.
പിന്നെ, തലയുടെ മൂന്നു ഭാഗത്തായി വസിക്കുന്ന മൂന്ന്‌ ദേവ-
തകള്‍ ആധാരമായ ഒരുച്ചെന്നിക്കുത്ത്‌ ഒഴിഞ്ഞുപോക, സ്വാമിയും ഗുരുവിനാക സ്വാഹ:
ഇതാണ്‌ മന്ത്രം. ഞാനത്‌ കാണാതെ പഠിച്ച്‌ അരമണിക്കൂറിനകം
തിരിച്ചുചെന്ന്‌ ഓല മുത്തായിയെ ഏല്‍പ്പിച്ച്‌ നീട്ടി ചൊല്ലി
കേള്‍പ്പിച്ചു. മുത്തായിയ്ക്‌ക്‍തൃപ്തിയായെന്നു തോന്നി. പെരുവിരലും
നടുവിരലും കൊണ്ട്‌ നെറ്റിയില്‍പിടിച്ച്‌ ഈ മന്ത്രം 41 തവണ
ചൊല്ലി ഊതേണ്ടവിധം കാണിച്ചുതന്നു.പിന്നെ, കണ്ണടച്ച്‌ അല്‍പ
നേരമിരുന്ന്‌ ആ ഓലയിന്‍ ആഞ്ഞ്‌ ഊതി. "ത്‌ഫൂ.."
എന്നിട്ട്‌ എന്നോടായി പറഞ്ഞു.
"എനി ഈ ഓലേന്ന്‌ ആരു പഠിച്ചാലും ഫലിയ്ക്കില്ല. ഈ ഓല
ഞാന്‍ വെലക്കീര്‍ക്കണു. നീയിത്‌ ആര്‍ക്കും പറഞ്ഞ്‌കൊടുക്കണ്ട
പഠിപ്പിക്ക്യേം വേണ്ട. ഇതു കൊണ്ടോയി ആരും കാണാതെ
അടുപ്പിലിട്‌"
ഞാനാ ഓല ആരും കാണാതെ സൂത്രത്തില്‍ അടുപ്പിലിട്ടു.
മന്ത്രം കത്തി ചാമ്പലായി.

ഞാനിത്‌ ആരോടും പറഞ്ഞില്ല. എന്നാല്‍, തിരിച്ചു നാട്ടിലെത്തി
ഈ മന്ത്രം പ്രയോഗിക്കാന്‍ ഞാന്‍ അവസരം പാര്‍ത്തു നടന്നു.
കിട്ടിയ അവസരമെല്ലാം ഞാനുപയോഗിച്ചു. അത്ഭുതമെന്നുപറയട്ടെ
ഒരുച്ചെന്നിക്കുത്തുകാര്‍ ഒരു പത്തുവയസ്സുകാരന്റെ മന്ത്രവാദത്തില്‍
സുഖംപ്രാപിക്കുന്നത്‌ കുറേപ്പേര്‍ അറിഞ്ഞു.

പിന്നീടാണ്‌ എനിക്കിതിന്റെ ഗുട്ടന്‍സ്‌ മനസ്സിലായത്‌. വേദന
യുള്ള ചെന്നിയില്‍ തള്ളവിരലും മറ്റേ ചെന്നിയില്‍ നടുവിരലും
കൂട്ടിപ്പിടിച്ച്‌ നാല്‍പ്പത്തൊന്ന്‌തവണ മന്ത്രം ചൊല്ലിയൂതുമ്പോള്‍
ഏകദേശം ഏഴു മിനിട്ട്‌ വേദനിയ്ക്കുന്ന ഭാഗത്തെ ഞരമ്പ്‌ തള്ള-
വിരലിനാല്‍ അമര്‍ത്തിപിടിക്കപ്പെടുന്നു. താല്‍കാലികമായി ആ
ഭാഗത്തേയ്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതിനാല്‍, റിലീഫ്‌ അനു-
ഭവപ്പെടുന്നു. അല്ലാതെ മന്ത്രത്തിന്‌ ഇതില്‍ വലിയ പങ്കൊന്നുമില്ലഒരുപക്ഷെ, എനിയ്കറിഞ്ഞുകൂടാത്ത ഏതെങ്കിലും അജ്ഞാത ശക്തി
ഈ മന്ത്രം ചൊല്ലുമ്പോള്‍ എന്റെ വിരലുകളിലൂടെ പ്രവഹിക്കു-
ന്നുണ്ടാവുമോ ആവോ.

പിറ്റേകൊല്ലം കൂടുതല്‍ മന്ത്രങ്ങള്‍ പഠിക്കണമെന്ന മോഹവുമായി
അമ്മവീട്ടിലെത്തിയ ഞാന്‍ ഹൃദയഭേദകമായ വാര്‍ത്തയാണ്‌
കേട്ടത്‌. മുത്തായി രണ്ടാഴ്ച്ച മുമ്പ്‌ മരിച്ചത്രെ! ഒന്നുരണ്ടുകൊല്ലം
കൂടി മുത്തായി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തേക്കാള്‍ വലിയ
ഒരു മഹാമാന്ത്രികനായേനെ!!

----------




.

Saturday, June 30, 2007

ആരുടേയോ മകന്‍


ആരുടേയോ മകനാണവന്‍;നൊമ്പരം
പേറുന്നൊരോര്‍മയായ്‌,പൊക്കിളറുത്തന്ന്
വേര്‍പെടുത്തുമ്പോള്‍ തുടിച്ച കരളിന്റെ
പേരറിയാത്തയിടങ്ങളിലിപ്പൊഴും

കീറിപ്പറിഞ്ഞോരു പാന്‍സും, തലമുടി
പാറിപ്പറന്നും, വിശപ്പിന്റെ ക്രൂരമാം
കോറലേറ്റുള്ളവയറും; നഖം വളര്‍-
ന്നേറെയഴുക്കുപിടിച്ച കരങ്ങളും
എന്തോമറന്നപോലുള്ളൊരു ശൂന്യത
പന്തംകൊളുത്തിജ്ജ്വലിയ്ക്കുന്ന കണ്‍കളും
ആരുടേയോ മകനാണിവന്‍, നൊമ്പരം
പേറുന്നൊരമ്മതന്‍ ഓര്‍മയാണിന്നവന്‍

വന്നവനെന്റെ കമ്പാര്‍ട്ടുമെന്റിന്നുള്ളില്‍
പിന്നെ, കുനിഞ്ഞു തന്‍ കയ്യിലെ ഷര്‍ട്ടിനാല്‍
മുന്നില്‍ക്കിടക്കുമഴുക്കിനെ, യാത്രികര്‍
തിന്ന കടലതന്‍ തൊണ്ടിനെ, കവറിനെ
എല്ലം തുടച്ചരികത്തേയ്ക്കു മാറ്റീട്ട്‌
മെല്ലെയുയര്‍ത്തി, മിഴികളും, കൈകളും
ഏതോചിലര്‍നല്‍കി നാണയത്തുട്ടുകള്‍
ഏതായാലും ഒരു ജോലിചെയ്തോനിവന്‍
ഏതാണ്ട്‌ വൃത്തിയായ്ത്തീര്‍ന്നു ഇരിപ്പടം
ഏതോ വയറിന്റെ കത്തലും തീരില്ലെ

പിന്നെ ഞാന്‍ കണ്ടതൊരത്ഭുതം പാന്‍സിന്റെ
പിന്നിലെ പോക്കറ്റില്‍ നിന്ന് ഇറേസെക്സിന്‍*
കുപ്പികള്‍രണ്ടെണ്ണംതപ്പിയെടുത്തുതന്‍-
ഷര്‍ട്ടിലേയ്കപ്പടി തൂകിത്തിരുമ്മിക്കൊ-
ണ്ടപ്പൊഴേതന്നെ ചുരുട്ടി വായില്‍വച്ച്‌
എത്രയും ശക്തിയിലാഞ്ഞു വലിയ്ക്കുന്നു!
രണ്ടുമിനിറ്റു കഴിഞ്ഞതില്ലിങ്ങനെ
രണ്ടുകണ്ണും ചുവന്നാകേതളര്‍ന്നവന്‍.
വണ്ടിയോടിക്കൊണ്ടിരുന്നൂ, അതിദ്രുതം
രണ്ടുമണിക്കൂര്‍ ഉണര്‍ന്നതേയില്ലവന്‍!!

ആരുടേയോ മകനാണവന്‍, മാത്രമ-
ല്ലാരുടേയോ പൊന്നനുജനോ, ജ്യേഷ്ഠനോ
ഓര്‍മതന്‍ വണ്ടിയില്‍ യാത്രചെയ്തീടവേ
കേറിവരുമവന്‍; വൃത്തിയാക്കീടുവാന്‍?

*ഇറേസെക്സ്‌: പ്രിന്റും,റ്റൈപ്പും മായ്കാനുപയോഗിക്കുന്ന
വെളുത്ത, കട്ടിയുള്ള ദ്രാവകം

Wednesday, June 27, 2007

നാഗപ്പാട്ട്‌


മണിനാഗമെ, വേഗമുണരൂ; നിന്‍ ഘനശ്യാമ-
ഫണവുമുയര്‍ത്തിപ്പുറത്തുവരൂ
ഇണചേര്‍ന്നശേഷമുള്ളാലസ്യനിദ്രവി-
ട്ടുണരൂ, പുറപ്പെടാന്‍ സമയമായി

ഒരുവഴി, മാളത്തിന്‍മുകളിലുണ്ടതുവഴി-
യരുമയായ്‌ മെല്ലെയിഴഞ്ഞു നീങ്ങൂ
ഒരുശ്വാസ, നിശ്വാസ മിടവിട്ട്‌ വഴിയുടെ
ഇരുകരതാണ്ടി നീ യൊഴുകിനീന്തൂ

മണിപൂരകംവിട്ട്‌ മുകളിലേയ്ക്കുയരേണ്ട
ക്ഷണികമീ യാത്രയിലത്രമതി
തുണയായി ഗുരുവൊന്നു വേണമാപത്മത്തിന്‍
കണികകള്‍ ഉണ്ട്‌ സായൂജ്യം നേടാന്‍

Tuesday, June 26, 2007

വാക്കുകള്‍

ഈയിടെമാത്രമെഴുത്തു തുടങ്ങിയോ-
രീയുള്ളവന്റെ മനസ്സില്‍ പദങ്ങള്‍വ-
ന്നൂയലാടുമ്പോളവയെപ്പകര്‍ത്തുവാന്‍
നീയേകണേ നല്‍വരങ്ങള്‍ വാണീശ്വരീ!

അക്ഷരക്കൂട്ടങ്ങള്‍തിക്കിത്തിരക്കിവ-
ന്നക്ഷമരായ്‌ നിന്നു മോചനം കാക്കവേ
ദക്ഷിണയേകാതെ ഭാഷ പഠിച്ചതിന്‍
ശിക്ഷയണോയിതെന്നുല്‍പ്രേക്ഷ തോന്നുന്നു

വേണമെനിയ്ക്ക്‌ തുണയായ്‌ ഗണപതി;
വീണയും പുസ്തകമേന്തുന്ന ദേവിയും;
വേണുവിന്‍ഗാനമുതിര്‍ക്കുന്ന കണ്ണനും;
പ്രാണനില്‍ വാക്കു തളിച്ച ഗുരുക്കളും...

Monday, June 25, 2007

കാല്‍നഖപ്പാടുകള്‍


ശ്രുതിപോയൊരനുരാഗമണിവീണയിതില്‍ രാഗ-
സ്വരജതികളൊരുനാളുമുയരുകില്ല
നറുമണവും നിറവുമില്ലാത്തൊരീപൂവിലൊരു
കരിവണ്ടുപോലുമിനിയണയുകില്ല

ഒരുദേവദര്‍ശന,മൊരുതളിര്‍സ്പര്‍ശന,
മൊരുവാക്ക്‌ ചെവിയില്‍ പകര്‍ന്ന ലാസ്യം
ഒരുമാത്ര മനസ്സിന്റെമൃദുലപ്രതലങ്ങളില്‍
ഒളിമിന്നിമാഞ്ഞ,തൊരു സ്വപ്നമാണോ?

ഇനി, നെഞ്ചില്‍പിടയുന്ന കിളി തന്റെകൂടുവി-
ട്ടകലങ്ങളിലേയ്ക്കുയര്‍ന്നുപോകെ
നനയില്ല കണ്ണുകള്‍, കാണുമപ്പോഴും നീ
മനസ്സില്‍ക്കുറിച്ചിട്ട കാല്‍നഖപ്പാടുകള്‍

Sunday, June 24, 2007

എഴുത്ത്‌

ഞാനെഴുതുന്നത്‌ "നല്ലതോ" "ചീത്തയൊ" എന്നോ;
ഇതു കവിതയാണോ എന്നോ എനിക്കിപ്പൊഴും നല്ല
തിട്ടമില്ല. ചിലപ്പോള്‍ ഭംഗിതോന്നുന്ന ഒരു വാക്ക്‌
മറ്റുചിലപ്പോള്‍ എന്റെ മോഹപ്പക്ഷിയോട്‌ തോന്നിയ
ഒരുദാഹം; അതുമല്ലെങ്കില്‍ അവളെനിക്കുതന്ന ഒരായിരം
മധുരസ്മൃതികളിലൊന്നിന്റെ ഓര്‍മ്മ.. വേറേ ചിലപ്പോള്‍
എന്നെ എപ്പോഴും കാത്തുരക്ഷിക്കുന്ന ദൈവങ്ങളോടുള്ള നന്ദി, അവരോടുള്ള എന്റെ പ്രാര്‍ത്ഥനകള്‍...
മറ്റുപദ്രവങ്ങളൊന്നുമില്ലാതെ ഒരു പതിനഞ്ചു മിനിറ്റ്‌,
പേനയും, ഒരു തുണ്ടു കടലാസും ഇത്രയൊക്കെ ധാരാളം മതിയാകും. ഇതാണെന്റെ ബ്ലോഗുകള്‍. 2007 ജനുവരി
മുതലാണു എനിയ്ക്കിതു കഴിയുമെന്നു ഞാനറിഞ്ഞത്‌.
അതിനുമുന്‍പൊരുവരിയുമെഴുതിയില്ല
അതിനായി തെല്ലും ശ്രമിച്ചുമില്ല
മാര്‍ച്ചിലാണു "ബ്ലോഗി"ല്‍ കയറ്റുന്ന സൂത്രം എന്റെ
ചെറിയ മോന്‍ എന്നെ പഠിപ്പിച്ചത്‌
ആദ്യമൊക്കെ കുറെ വായനക്കാര്‍ 'ഇത്തരം കവിതകള്‍ക്ക്‌
ഇന്നു മാര്‍കറ്റില്ല' 'വേറെ പണിയൊന്നുമില്ലേ' എന്നൊക്കെ കമന്റിട്ടിരുന്നു. പിന്നെ, ഒരുപാടുപേര്‍ നേരിട്ടും, കത്ത്‌
ഫോണ്‍, കമന്റ്‌ എന്നിങ്ങനെയും 'നല്ലത്‌' എന്നു
പ്രതികരിച്ചു
മുന്‍പൊരിയ്കലെഴുതിയപോലെ
"എഴുതാനും, എഴുതിയതൊക്കെ തിരുത്താനും
എഴുതാതിരിയ്ക്കാനും കഴിയുമിന്ന്"
ഇതു വായിക്കാന്‍ സന്മനസ്സു കാണിച്ചതിനു നന്ദി

Saturday, June 23, 2007

വൈക്കത്തപ്പാ..

(തീവണ്ടി ഗതാഗതം ആകെ തകരാറിലായതിനാല്‍ ഇന്ന്
ഉച്ചയ്ക്കൊന്നരയ്ക്‌ തിരുവല്ലയില്‍ നിന്നും എറണാകുളത്തേയ്ക്കുള്ള
ഒരു സൂപ്പര്‍ഫാസ്റ്റ്‌ ബസ്സിലിരിയ്കവേ ഉള്ളിലോര്‍ത്തു...
മൂന്നു മണിക്കൂര്‍കൊണ്ടു നാലു ക്ഷേത്രങ്ങളുടെ മുന്നിലൂടെ
കടന്നുപോകുന്നു..ഏറ്റുമാനൂര്‍,കടുത്തുരുത്തി, വൈക്കം,പിന്നെ
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയേശന്‍.. ബസ്സിലിരുന്നൊരു
കടലാസുതുണ്ടിലെഴുതിയ ഈ വരികള്‍, വൈക്കത്തപ്പന്റെ
മുന്നിലൂടെ കടന്നു പോകവേ മനസ്സില്‍ വൈക്കത്തപ്പനെ
സ്മരിച്ച്‌ സമര്‍പ്പിച്ചു)

എപ്പോഴുമെന്‍കൂടെയുണ്ടാവണേ വൈക്ക-
ത്തപ്പാ, തൊഴുന്നേന്‍ കരങ്ങള്‍കൂപ്പി
തൃപ്പാദപൂജയ്ക്കു വന്നൊരെന്‍ദു:ഖങ്ങ-
ളപ്പാടെ ഗൗരീശ, നീക്കണം നീ

തിന്മതന്‍ കാളകൂടത്തെയെടുത്തു നീ
എന്മനം ശുദ്ധമായ്‌ തീര്‍ത്തീടണം
ജന്മ ജന്മാന്തര പാപങ്ങള്‍ മാറ്റി നീ
സന്മനോഭാവം നിറച്ചീടണം

എന്നില്‍ കുബുദ്ധികള്‍ തോന്നുമ്പോഴൊക്കെയും
എന്നെ നീ നേര്‍വഴി കാട്ടീടണം
മിന്നുന്ന പഞ്ചാക്ഷരീ മന്ത്രമായി നീ
എന്നുമെന്നുള്ളില്‍ വിളങ്ങീടണം

Thursday, June 21, 2007

നിറമുള്ള നാഴികകള്‍



അഴകിനെത്തൊടുകുറി യണിയിച്ചപോലെന്റെ
യരികിലാരോമലാള്‍ വന്നണഞ്ഞൂ
മിഴിയിണയില്‍ ഞാന്‍ പണ്ടു ചൊന്നകളിവാക്കുകള്‍
മിഴിവോടെ മിന്നി ത്തെളിഞ്ഞുനിന്നൂ

ഒരുനിലാച്ചിരിയുടെ കുളിരലച്ചാര്‍ത്തില്‍ ഞാന്‍
അറിയാതെയൊഴുകി നീന്തുന്ന നേരം
അരുകിലിരുകരകളിലുമപ്സരസ്സായിരം
നറുമലരുകളെന്‍ നേര്‍ക്കെറിഞ്ഞിരുന്നൂ

അകലെ നിലാവ്‌; പാടുന്നരാപ്പക്ഷികള്‍;
അരികത്തു ചിരിതൂകി നീയും നില്‍കേ
അറിയുന്നൂ; നേരം വെളുക്കുവാനിനിയെത്ര
നിറമുള്ള നാഴികകള്‍ ബാക്കിയുണ്ട്‌?

ഭാഗ്യം!


മുഴുവനായ്‌ വിടരാത്തൊരീമുകുളങ്ങളെ
തഴുകുവാന്‍, മൃദുവായി മുകരാന്‍
അഴിയുന്ന കാര്‍കൂന്തല്‍കെട്ടിനെ വിരലിനാല്‍
ഉഴിയുവാന്‍; ഒന്ന് ചുംബിക്കാന്‍

കവിളത്തു പണ്ട്‌ ഞാനെന്നോകുറിച്ചിട്ട
കവിതകള്‍ വിരലിനാല്‍ മായ്കാന്‍
പൊടിയുന്ന വേര്‍പ്പിനെ നെറ്റിയില്‍നിന്നെന്റെ
ചൊടികളാലൊപ്പിയെടുക്കാന്‍

പടരുന്നവള്ളിപോലുള്ളൊരാശ്ലേഷത്താല്‍
പിടയുവാന്‍; എല്ലാം മറക്കാന്‍
ഇതിനിടെ, ശ്വാസം നിലച്ചുപോയീടിലും
അതുമൊരു ഭാഗ്യമായ്‌ കരുതും!



Sunday, June 10, 2007

കരിനാഗങ്ങള്‍


ഇരുളില്‍കണ്‍കള്‍തുറന്നു ഞാന്‍ കിട
ന്നുരുകീ നിദ്രയുണര്‍ന്നരാത്രിയില്‍
കരിനാഗങ്ങള്‍ കിനാവില്‍വന്നിഴ-
ഞ്ഞരികത്തൂടെ; വിയര്‍ത്തുപോയ്‌ ഞാന്‍

ഇടതിങ്ങി മരങ്ങളും;കുറേ
ചെടിയും, പേരറിയാത്ത വള്ളിയും
നെടുകെപൊട്ടിയ കല്‍ത്തറയുടെ
പടവില്‍ ചിതറിയ കെട്ടതിരികളും

ഒഴുകും കുട്ടികള്‍ ഞങ്ങള്‍ വേനലിന്‍
ഒഴിവില്‍,മാതൃഗൃഹത്തിലെത്തുവാന്‍
ഒഴിവാക്കുകയില്ല,തൊടിയിലെ-
വഴികള്‍,കേളികളാടിയോടുവാന്‍

വിറയാര്‍ന്നപദങ്ങളോടെയാ-
ചെറുകാവിന്റെയകത്തൊളിയ്ക്കവേ
അറിയാതന്നു മനസ്സില്‍കേറിയോ
ഉരഗങ്ങളിഴഞ്ഞ പാടുകള്‍?

Friday, June 8, 2007

ചെമ്പരത്തി

(ആരാധ്യനായ ശങ്കരക്കുറുപ്പുമാഷിന്റെ "സൂര്യകാന്തി"യോട്‌
ആശയപരമായ കടപ്പാട്‌ ആദ്യമേ അറിയിക്കട്ടെ.
സൂര്യകാന്തിയുടെ പ്രേമം സൂര്യനറിയുന്നില്ല. എന്നാല്‍,
സൂര്യനു തന്നോട്‌ പ്രേമമാണെന്നു എന്റെ ചെമ്പരത്തി
ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതുതന്നെയാണു
ഇവര്‍ തമ്മിലുള്ള വ്യത്യാസവും)

ഇരുളിന്റെകയങ്ങള്‍നീക്കുവാ-
നുരുളുംതേരിലിറങ്ങിടും, ഭവാന്‍
ഒരുനോട്ടമൊളിച്ചു നല്‍കുമീ
ചെറുപൂവിന്നു; വിടര്‍ന്ന നാള്‍മുതല്‍

അറിയേണ്ട; യസൂയമൂത്തിടും
കുറെയേറേ ജനമുണ്ടു ചുറ്റിലും
വെറുതേ ചെറുകാരണങ്ങളാല്‍
ചൊറിയുംനാവിനു വിഷയമാകണോ

ഇനിനാളെ കൊഴിഞ്ഞുവീഴ്കിലും
മനസ്സിന്നുള്ളിലെ മൃദുലതന്ത്രിയില്‍
മണിനാദമുയര്‍ത്തിയോരുനിന്‍
അനുരാഗത്തെ മറക്കുകില്ല ഞാന്‍




Monday, June 4, 2007

കാവിലെ നെയ്‌ത്തിരി



കാവിലെ ഏഴിലംപാലച്ചുവട്ടിലൊ-
രാവണിമാസ ത്രിസന്ധ്യനേരം
നീവന്നു;കയ്യില്‍ ചിരാതുമായ്‌ കണ്‍കളില്‍
പൂവിട്ട പൊന്നിന്‍ കിനാക്കളുമായ്‌

ഇറ്റിറ്റുവീണിരുന്നൂ ജലബിന്ദുക്കള്‍
കെട്ടിയിടാത്ത മുടിയില്‍ നിന്നും
ഒട്ടൊരു സംഭ്രമത്തോടെയല്ലോ നിന്നെ
തൊട്ടതും, കെട്ടിപ്പുണര്‍ന്നതും ഞാന്‍

കാവില്ല; പാലയുമില്ലിന്ന്, ദീപവും
പൂവിടാന്‍ പൊന്‍കിനാവൊട്ടുമില്ല
ഓര്‍മയിലുണ്ട്‌; ജ്വലിക്കും മിഴികളും
ഈറന്‍മുടിയും, നനഞ്ഞ ചുണ്ടും

Friday, June 1, 2007

ശീര്‍ഷകമിടാത്തതും മുഴുമിക്കാത്തതുമായ കുറെ വരികള്‍

1.)

എഴുതാനും, എഴുതിയതപ്പാടെമായ്കാനും
എഴുതാതിരിയ്കാനും കഴിയുമിന്ന്
മഴപെയ്തുപോയപോല്‍ കവിതകളിനിയെന്നില്‍
ഒഴുകുകില്ലെങ്കില്‍, കരഞ്ഞുപോം ഞാന്‍

2.)

തൊഴുകൈകളോടെ ഞാന്‍ ഒരപേക്ഷചൊല്ലട്ടെ
മഴുവുമായെത്തുന്ന വിറകുകാരാ
ഒഴിവാക്കൂ, മുകളിലെശിഖരങ്ങള്‍ പാടുന്ന
കിളികള്‍ക്കിരിയ്കാനും, ചേക്കേറാനും

3.)

എന്തിനാണെന്നറിയില്ലെന്‍മനോവീണ
പന്തുവരാളിയിലീണങ്ങള്‍മൂളുന്നു
വെന്തെരിയുംവിരഹത്തിന്റെചൂടില്‍ ഞാന്‍
നൊന്തുരുകുന്നൊരീയേകാന്തവേളയില്‍


4.)

ഒരുപിടിദു:ഖത്തിന്‍ അവിലുമായ്‌ ഞാനെത്തീ
ഗുരുവായൂരിലെകണ്ണാ
ഇരുകൈയ്യുമുയര്‍ത്തി ഞാന്‍ തൊഴുന്നേന്‍ നിന്‍കരുണാര്‍ദ്ര
തിരുമിഴിയെന്നില്‍ പതിയേണമേ

Tuesday, May 29, 2007

മുല്ലമൊട്ട്‌


ഒരുകൊടുംവേനലിന്നവസാനമിലകളില്‍
ചെറുതായി മഞ്ഞിന്‍കണങ്ങള്‍ വീഴ്കെ
ഒരുപാടുമോഹങ്ങളുള്ളിലൊതുക്കിയ
തളിരിളംമൊട്ടൊന്നു തിരിതെറുത്തു.

ഞാന്‍മുല്ലമൊട്ട്‌, വിടര്‍ന്നിട്ടുവേണമെന്‍
തൂമണമേവര്‍ക്കുമേകീടുവാന്‍
ചിന്തകളിലാണ്ടു കാത്തിരിയ്ക്കെ ഒരു
സന്ധ്യയ്ക്ക്‌ പൂമൊട്ട്‌ കണ്‍മിഴിച്ചു

ഒരുനുള്ള്‌ സൗരഭം കുളിര്‍കാറ്റിനേകിയാ-
കരലാളനത്താല്‍ കൊഴിഞ്ഞുവീഴ്കെ
വിടരാതെ നിന്നിരുന്നെങ്കിലെന്നാ ചെറു
കുടമുല്ല യുള്ളിന്റെയുള്ളിലോര്‍ത്തു...

Saturday, May 19, 2007

യാത്ര..


പിരിയുന്നനേരത്ത്‌ നിന്‍മിഴിക്കോണിലായ്‌
ചെറിയോരുനീര്‍ത്തുള്ളിമിന്നിമാഞ്ഞോ?
കരയാതിരിയ്ക്കാന്‍ശ്രമിച്ചെങ്കിലുമെന്റെ
കരളിലൊരുനോവ്ബാക്കിനിന്നോ?

വരുമായിരുന്നോ,വിളിച്ചിരുന്നെങ്കിലെ-
ന്നരികത്ത്‌ നേര്‍ത്തനിശ്വാസമോടെ?
ഒരുയാത്രചെയ്യാനൊരുമ്പെടുമ്പോളെന്റെ
കരവുംപിടിച്ചുകൊണ്ടല്‍പദൂരം?

വിരിയുമോ കവിതകളിനിയെന്റെയുള്ളത്തി-
ലറിയില്ല, യെന്നാലുമൊന്നറിയാം
ഒരുകുളിര്‍മന്ദഹാസത്തിന്റെയോര്‍മയില്‍
മരുഭൂമികള്‍പോലും മറികടക്കാം

Friday, May 11, 2007

സ്വപ്നങ്ങള്‍..


സ്വപ്നങ്ങളെക്കുറിച്ചാവട്ടെയിന്നു ഞാന്‍
സ്വല്‍പമെന്തെങ്കിലും കുത്തിക്കുറിപ്പത്‌
ഉണ്ടായിരുന്നൂ ചെറുതും വലുതുമായ്‌
പണ്ടുതൊട്ടേയിവര്‍,നിദ്രയില്‍ കൂട്ടിനായ്‌

പേടിതോന്നുംകുറെ ഭൂതങ്ങള്‍,പ്രേതങ്ങള്‍
പേരറിയാത്തസ്ഥലങ്ങള്‍,വനങ്ങളും
വായിച്ചപുസ്തകത്താളിലെയൊട്ടേറെ
നായികാനായകന്മാരും കഥകളും

പിന്നെ,ക്കുറച്ചുമുതിര്‍ന്നതിന്‍ശേഷമാ-
ണെന്നില്‍ ദിവാസ്വപ്നമുല്ലകള്‍പൂത്തത്‌
ഏറെക്കൊഴിഞ്ഞു,വിടരുന്നതിന്‍ മുമ്പി-
ലീറന്മിഴികളുമായീയുണര്‍ന്നു ഞാന്‍

നഷ്ടസ്വപ്നങ്ങളുണ്ടേറെ,യൊരുനാളു-
മിഷ്ടപ്പെടാന്‍ കഴിയാത്തവയുമുണ്ട്‌
എന്നാലുമാത്മസാഫല്യത്തിനെന്നപോല്‍
ഇന്നും കിനാവുകള്‍കാണുന്നു ഞാന്‍,വൃഥാ..

Wednesday, May 9, 2007

നിദ്ര


തങ്കമേനിയിതിലെന്‍ കരാംഗുലികള്‍
മന്ദവേഗതയില്‍ നീങ്ങവേ
പിന്‍കഴുത്തിലൊരുചുമ്പനത്തിലിള-
മഞ്ഞുപോലുരുകി വീണു ഞാന്‍

തുമ്പിതന്‍ചിറകിലേറി ഞാന്‍പഴയ
ചിന്തിനീരടികള്‍മൂളിയും
കുഞ്ഞുറുമ്പുകള്‍ ഞരമ്പിലൂടെ,യിട-
നെഞ്ചിലൂടെയുമിഴഞ്ഞുപോയ്‌

മഞ്ഞണിഞ്ഞയിരുകുന്നിനിടയിലൊഴു-
കുന്നസ്വേദനദിതന്‍തടത്തില്‍ ഞാ-
നിന്നു കണ്ണുകളടച്ച്‌ സ്വപ്നവും
കണ്ടുനിര്‍വൃതിയിലുറങ്ങിടും

കള്ളക്കണ്ണന്‍


വെണ്ണയ്കായാശമൂത്തിട്ടതുകുറെയൊളിവില്‍ കട്ടുതിന്നും; കുളിയ്ക്കും-
പെണ്ണുങ്ങള്‍ നീരില്‍നില്‍ക്കേ യവരുടെതുണിയും പണ്ടുനീ കട്ടതല്ലെ
എന്നാലിതുവരെയൊട്ടും കളവുകള്‍ചെയ്യാതുള്ളൊരീയെന്നെ നീല-
ക്കണ്ണാ,കാരുണ്യസിന്ധോ വിരവിനൊടിനിയും കാത്തുരക്ഷിക്കണം നീ


Tuesday, May 8, 2007

ധന്യന്‍

ആരോമലേ,നിന്നെയാദ്യമായ്‌ തൊട്ടനാള്‍
ആലോലമെന്‍മനം ശൂന്യമായി
ആറാമതായിട്ടൊരിന്ദ്രിയംവേണമെ-
ന്നാദ്യമായ്‌ തോന്നിയതന്നുതന്നെ

പിന്നെ,കരളിന്നഗാധതയില്‍നിന്നു
പൊങ്ങിവരുന്നകുമിളപോല്‍നീ
എന്നിലുറയവേ ഞാനറിഞ്ഞൂ,സഖീ
നിന്നിലലിയുവതെന്തുഭാഗ്യം!

ഇന്നെന്റെയോര്‍മ കുളിരണിയുന്നു നീ
തന്ന മുഹൂര്‍ത്തങ്ങളാലെ,മുത്തേ
ഒന്നറിഞ്ഞാലും,നീ നല്‍കുന്നൊരീസ്നേഹ
മൊന്നുമാത്രം മതി ധന്യനാവാന്‍

വിഭക്തി

ആരാധനാലയില്‍ ദൈവമിരിപ്പുണ്ടെ-
ന്നരോപറഞ്ഞു ഞാന്‍ പണ്ടറിഞ്ഞു
ആരുമവിടില്ല,കല്‍വിളക്കിന്‍മുന്നി-
ലരോപ്രതിഷ്ഠിച്ച ബിംബമന്യെ

എങ്കിലുമാളുകള്‍വന്നൂ കൈകള്‍കൂപ്പി
സങ്കടലക്ഷാര്‍ച്ചന നടത്തി
പങ്കിലമായ തന്‍ ജീവിതപാപങ്ങള്‍
പങ്കുവെച്ചാശ്വാസമൊട്ടുനേടാന്‍

ഇല്ല,ബോധിപ്പിക്കാന്‍ കാണിക്കുമീനാട്യ
മല്ല,ദൈവത്തിന്റെയിഷ്ടപൂജ
മെല്ലെത്തിരിഞ്ഞു നടന്നു ഞാനുള്ളത്തി-
ലില്ലെങ്കില്‍ ദൈവം വേറെങ്ങുമില്ല

Monday, May 7, 2007

ഗണേശാ..

തുമ്പിക്കൈമെല്ലെനീട്ടി; ഇരുചെവികളില്‍കൈകള്‍ചേര്‍ത്തേത്തമിട്ടീടും തല-
കുമ്പിട്ടന്‍പോടെനില്‍ക്കും അടിയനുതരണേ നല്‍വരങ്ങള്‍ ഗണേശാ
വമ്പത്തംതോന്നിചെയ്ത ചെറുകിടപിഴകള്‍ക്കായിനീമെല്ലെയൊന്നര-
ക്കൊമ്പാല്‍ ഉരസുകദേഹേ,ചെറിയൊരുപിഴയായ്‌,വേദനിപ്പിച്ചിടാതെ

Thursday, May 3, 2007

എന്റെ മാത്രം കണ്ണന്‍

നീലോല്‍പലങ്ങളേ,നിങ്ങളെങ്ങാനുമെന്‍
നീലമിഴിയുള്ള കണ്ണനെക്കണ്ടുവോ?
നീലമേഘങ്ങളേ,നിങ്ങളവന്‍ചൂടും
ചേലൊത്തപീലിത്തിരുമുടികണ്ടുവോ?

കാലികള്‍കാതോര്‍ത്തുനില്‍ക്കുന്നു,ണ്ടെങ്ങാനും
കോലക്കുഴലിലെ യീണങ്ങള്‍കേട്ടുവോ?
കാളിന്ദീതീരത്തെപുല്‍ക്കൊടി ഹര്‍ഷത്താല്‍
കോള്‍മയിര്‍കൊള്ളുന്നൂ;കണ്ണനെങ്ങാന്‍ വന്നോ?

കാല്‍ത്തളനാദത്തിനൊപ്പമെന്‍ നെഞ്ചകം
കേള്‍ക്കുന്നു,നിന്റെമധുരഗാനാമൃതം
ഇന്നു ഞാന്‍ നിശ്ചയം,വീണുറങ്ങീടുമാ-
നെഞ്ചില്‍, പുലരിവിളിച്ചുണര്‍ത്തുംവരെ

Wednesday, May 2, 2007

വിട

(എനിയ്ക്കു ത്ശ്ശൂറില്‍ നിന്നു ആലപ്പുഴയ്ക്കു ട്രാന്‍സ്ഫര്‍ ആയി.
റിലീവിംഗ്‌ ഈ മാസം തന്നെ ഉണ്ടായേക്കും.
ഓഫീസിലെ സ്റ്റാഫിനോട്‌)

ഇനിയാത്രപറഞ്ഞിടട്ടെ യി-
ന്നിനിയീപടികളിറങ്ങിടട്ടെ ഞാന്‍
കനിവാര്‍ന്നരുളീടു,മാപ്പു ഞാന്‍
മനമറിയാതെ തൊടുത്ത വാക്കിന്‌

ഒരുയാത്രതുടങ്ങി,നാളുകള്‍
ഒരുപാടായി, യിടയ്കിടയ്ക്കുവ
ന്നൊരുപാട്‌ തണല്‍മരങ്ങളും,
ഒരുപാടാളുകളും കടന്നു പോയ്‌

അരുതെന്നുവിലക്കിടുന്നപോല്‍
കരയുംകണ്ണുകള്‍കാണ്മതുണ്ടു ഞാന്‍
പിരിയാന്‍ വിധിയായൊരീക്ഷണ-
മിരുകൈകൂപ്പിതൊഴുന്നു നിങ്ങളെ

Saturday, April 28, 2007

ശ്യാമപുഷ്പം


മണ്‍ചിരാതിലൊരുസ്നേഹനാളമായ്‌
നെഞ്ചിനുള്ളിലൊളിമിന്നിയിപ്പൊഴും
പുഞ്ചിരിപ്പരിമളംപരത്തുമൊ-
രഞ്ചിതള്‍ ശ്യാമവര്‍ണപുഷ്പമേ

എന്തിനെന്നെകരയിക്കുവാന്‍തുനി-
ഞ്ഞെന്തിനിത്രയകലത്തു നില്‍പു നീ
നൊന്തുവോ തളിരിളം മനസ്സു ഞാ-

നെന്തുചെയ്യണമതൊന്നു ചൊല്ലുമോ?

പൊന്നലുക്കുകളണിഞ്ഞയോര്‍മകള്‍
തുന്നിയോരുഹരിതാഭകമ്പളം
തെന്നിമാറിമറയുന്ന നാള്‍വരെ
നിന്നെയെന്റെഹൃദയംപുണര്‍ന്നിടും

Thursday, April 26, 2007

കൃഷ്ണകൃപ


ഗുരുവും വായുവു മൊരുമിച്ചുവാഴുന്ന
തിരുസന്നിധിയില്‍ ഞാന്‍ ചെന്നൂ
ഒരുനോക്ക്‌ കണ്ണന്റെതിരുമുഖം കണ്ടു എന്‍
നരജന്മം ധന്യമായ്‌ത്തീര്‍ന്നൂ

നിറമനസ്സും,നിറകണ്‍കളുമായ്‌ നിന്റെ
തിരുമുമ്പില്‍ തൊഴുതു ഞാന്‍ നില്‍ക്കെ
അറിയുന്നു ഞാന്‍ കണ്ണാ,നിന്‍ കൃപാനുഗ്രഹ
കരുണയുംവാല്‍സല്യവായ്പും

ഒരുനേരമെങ്കിലും നിന്നെസ്മരിയ്ക്കാതെ,
തിരുനാമ മന്ത്രമോതാതെ,
ഒരുനാളുംതീരില്ല; നിന്നെത്തൊഴാനെനി-
യ്കൊരുജന്മംകൂടിത്തരേണം

Wednesday, April 25, 2007

അമ്മേ...

സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനമേകാനായ്‌
നിന്‍മകന്‍ഭൂമിയില്‍വന്നൂ
അമ്മേ..ലോകമാതാവേ..
ഞങ്ങള്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണേ

(സന്മന...

സ്നേഹിക്ക തങ്ങളില്‍ തങ്ങളിലെന്നോതി
ദ്രോഹിക്കുന്നവരേയും
കല്ലുമായ്‌നിന്നവരോടവന്‍ പാപങ്ങള്‍
ഇല്ലെങ്കിലെറിയുവാന്‍ചൊല്ലീ

(സന്മന...

കാല്‍വരിക്കുന്നിലെ കുരിശില്‍കിടന്നവന്‍
'കൈവിട്ടതെന്തെ'ന്നുകേണൂ
ഞങ്ങള്‍തന്‍പാപങ്ങളൊന്നായവനേറ്റു
മണ്ണിലനശ്വരനായീ

(സന്മന...



ഒരുപെണ്‍കുരുവി..

ഈണവുംമൂളിയൊരോമനക്കുരുവിയെന്‍
ജാലകവാതിലില്‍ വന്നിരുന്നു
തൂമഞ്ഞുവീണുനനഞ്ഞചിറകുക
ളോമനച്ചുണ്ടിനാല്‍ചിക്കിനീര്‍ത്തി

തെല്ലുചെരിച്ചുതലപിടിച്ചു,കണ്ണാല്‍
മെല്ലെത്തിരഞ്ഞെന്‍മുറിയിലാകെ
പിന്നെപ്പറന്നതു ഒട്ടുംകറങ്ങാത്ത
പങ്കച്ചിറകിന്മേല്‍ചെന്നിരുന്നു

കട്ടിലില്‍തന്നെകിടന്നാക്കിളിയെ ഞാ-
നൊട്ടൊരുകൗതുകത്തോടെനോക്കി
കണ്ണാടിനോക്കിചിറകടിച്ചപ്പൊഴേ
പെണ്ണാണിവളെന്നു ഞാന്‍നിനയ്ച്ചു

പിന്നെപ്പൊടുന്നനെവന്നവഴിയ്ക്കവള്‍
എന്നെനോക്കാതേപറന്നുപോയീ
കട്ടിലും;മീതെ,കറങ്ങാത്തപങ്കയും;
ഒറ്റയ്ക്കായ്‌ വീണ്ടും, ഞാന്‍ എന്‍മുറിയില്‍!

Tuesday, April 24, 2007

വീണ്ടും അന്ധനായി


അന്ധനായിരുന്നില്ലജന്മനാ, കാണാന്‍നല്ല
ചന്തമേറുന്നകണ്‍കള്‍ നല്‍കിയിരുന്നൂ ദൈവം
ബാല്യകൗമാരങ്ങളില്‍,യൗവ്വനാരംഭത്തില്‍ തന്‍
ചേലൊത്തമിഴികളാല്‍ ലോകത്തെയവന്‍നോക്കി
നീലനീള്‍മിഴിയുള്ളപെണ്‍കൊടിയൊരുവള്‍തന്‍
ആലസ്യഭാവംകണ്ടൂ;നെഞ്ചകം പിടഞ്ഞന്ന്‌
ഒരുനോട്ടത്തിന്‍ശരമേറ്റകം നീറാനായി
ഒരുപാടലഞ്ഞു,പിന്നതുമാത്രമായ്ചിന്ത
ഇത്തിരിനേരംകൈകള്‍കോര്‍ത്തുപിടിച്ചുംകൊ-
ണ്ടിത്തിരിദൂരം മെല്ലെ നടന്നതായിത്തോന്നി
ഒന്നുകണ്‍ചിമ്മിത്തുറന്നാ ഞൊടിയിടകൊണ്ട്‌
ഒന്നുമേകാണാനില്ലാതായിരുള്‍വന്നൂചുറ്റും
എങ്ങുപോയ്നീലോല്‍പലമിഴിയാള്‍?തുടുവിരല്‍-
ത്തുമ്പിന്റെമൃദുസ്പര്‍ശം?എങ്ങുപോയ്‌ മറഞ്ഞെല്ലാം?
അന്ധകാരത്തിന്‍ലോകത്താശ്വാസംതരാനായി
സാന്ധ്യതാരകയൊന്ന്‌വന്നണഞ്ഞത്‌ ഭാഗ്യം!
ആഴ്ചകള്‍,മാസങ്ങള്‍,വര്‍ഷങ്ങളേറെക്കഴിഞ്ഞ്‌
കാഴ്ചതിരിച്ചുകിട്ടീ; കണ്ടുനീള്‍മിഴിയാളെ
അടുത്തൂ,ജന്മാന്തര സ്മൃതിയാലെന്നപോലെ
തുടിയ്ക്കുംഹ്രുദയത്തിലായിരംപൂക്കള്‍പൂത്തു
പെട്ടെന്നുവിരല്‍നഖത്താലവള്‍കണ്‍കള്‍കുത്തി-
പ്പൊട്ടിച്ചു,നിണംവാര്‍ന്നു,അന്ധനായ്‌ വീണ്ടുമവന്‍
കാരണമറിവീല; എന്തുതെറ്റവന്‍ചെയ്തൂ
കാരുണ്യലേശമില്ലാതിങ്ങനെയവള്‍ചെയ്‌വാന്‍

Thursday, April 19, 2007

ഒരു കുറ്റസമ്മതം

ഏപ്രില്‍ 19

പ്രേമമായിരുന്നില്ല;നിന്നോടുതോന്നിയത്‌
കാമമായിരുന്നെന്നതിപ്പോള്‍ഞ്ഞാനറിയുന്നൂ
സ്നേഹമായിരുന്നില്ല;ഓരോനിമിഷത്തിലും
മോഹിച്ചിരുന്നൂനിന്നെസ്വന്തമായ്കിട്ടാനായി

പേരിനെങ്കിലുമൊരുകാമുകിയില്ലെന്നാകില്‍
ആരോടുചൊല്ലാന്‍,പ്രേമമോലുന്നവരികളെ?
തൂലികത്തുമ്പില്‍വന്ന്ഊയലാടുന്നവാക്ക്‌
പീലിനീര്‍ത്താടാനൊരുകാമുകിയുണ്ടാവണം

അത്രയേനിനച്ചിരുന്നുള്ളു;ഞാനാദ്യമൊക്കെ
എത്രകിട്ടിയോപിന്നീ ടതെല്ലാംസൗഭാഗ്യങ്ങള്‍
എങ്കിലുംനന്ദിയുണ്ട്‌,തന്നതിനൊക്കെ.മുത്തേ
നെഞ്ചില്‍നീയുണ്ടാമെന്നും,നീതന്നൊരോര്‍മകളും

യാത്ര.

ഏപ്രില്‍ 18

ഒരുമിച്ചുനടന്നുനമ്മളീ-
പിരിയുംവഴിയുടെമുമ്പിലെത്തുവാന്‍
ഒരുപാടിനിയുംനടക്കണം
ഇരുളും മുമ്പൊരുദിക്കിലെത്തുവാന്‍

വിരല്‍കോര്‍ത്തുനടന്നവേളയില്‍
ചിരിയും,തങ്ങളില്‍ചാടുവാക്കുമയ്‌
ഒരുവട്ടവുമോര്‍ത്തതില്ലനാം
പിരിയേണ്ടുന്നവരെന്നയുണ്മയെ

ഇനിയുള്ളവയൗപചാരികം
തനിയേപോകണമിക്ഷണംമുതല്‍
ഇനിയീപാതകള്‍കൂട്ടിമുട്ടിയാല്‍
ഇനിയും നാമൊരുമിച്ചുചേര്‍ന്നിടും.


ചൂട്‌

ഏപ്രില്‍ 16

വേനല്‍ചൂടില്‍പുറവുമകവുംവേവുന്നൊരീവേളയില്‍
കാണാകുന്നൂ അവിടവിടെയായ്‌കാനല്‍ജലപ്പാളികള്‍
വേനല്‍ക്കാറ്റില്‍പൊടിയുയരുന്നൂ,വേണ്ടാത്തഗന്ധങ്ങളും
താനേതോന്നുംശിവ!ശിവ!മഴയിങ്ങെത്തുന്നതെന്നൊരിയ്ക്കല്‍

സീലിംഗ്‌ഫാനുകളൊമ്പതെണ്ണമുണ്ടുമുകളില്‍തൂങ്ങുന്നുവെന്നാകിലും
മേലൊട്ടുന്നവിയര്‍പ്പിനെതിരെചൊല്ലുംക്ഷമാപണങ്ങള്‍
നാലോ അഞ്ചോ നിമിഷമിവിടെസപ്പെ്ല‍യില്ലാതെപോയാല്‍
ഭൂലോകത്തെസകലതിനെയുംആകെ ശപിക്കാന്‍ തോന്നും

റോഡാണെങ്കില്‍തണല്‍മരമൊന്നുമില്ല,ഓടുംശകടങ്ങള്‍തന്‍
കാടാണല്ലോ ഇരുപുറവുമായ്‌ പായുന്നതെങ്ങോട്ടഹോ
പേടിയ്ക്കേണംതലതിരിയലോ,ദാഹമോ മറ്റോവന്നാല്‍
ഓടിപ്പോയിതടിയെയൊരുവിധംഡോക്ടറേയേല്‍പ്പിയ്ക്കണം

Wednesday, April 11, 2007

മറുപടി


ചോദിച്ചിരുന്നുനീ,എന്നൊടൊരുനാളി-
ലേതാണ്‌കൂടുതലിഷ്ടമെന്ന്‌
ചേതോഹരം നിന്‍ ശരീരത്തെയൊ?അനു-
ഭൂതികള്‍പൂക്കും മനസ്സിനേയോ?
ഉത്തരം നല്‍കേണ്ടതെന്തെന്നറിയാതെ
ഇത്തിരിനേരം പകച്ചുപോയ്‌ ഞാന്‍
അസ്തികള്‍പൂക്കുമുന്മാദമാണവളെന്ന
വാസ്തവമെങ്ങിനെചൊല്ലേണ്ടു ഞാന്‍
അസ്വസ്തമാമെന്‍ മനസ്സിന്റെസാന്ത്വന-
സ്പര്‍ശമവളെന്നുംചൊല്ലാന്‍വയ്യ
സങ്കല്‍പതീരത്തണയുമൊരോളമാ-
യെങ്കിലും,നീയടുത്തുണ്ടാവണം
കാതങ്ങളോളം നടന്നുവലഞ്ഞൊരാള്‍
ശീതളഛായയിലെത്തിയപോല്‍
തിങ്ങിനില്‍പുണ്ട്‌ വേറായിരം മോഹങ്ങ-
ളെങ്ങിനെ നിന്നോടുചൊല്ലിടുംഞ്ഞാന്‍?

Sunday, April 8, 2007

ജന്മാന്തര ബന്ധം


ആഭിചാരത്താലെയെന്നപോലെന്നുള്ളി-
ലാസക്തിനിന്‍ നേര്‍ക്കുറഞ്ഞതുകാരണം
ആരുമറിയുന്നില്ലയെങ്കിലുമെന്‍ മനം
ആകെപ്പുകയുന്നൂ,അസ്വസ്തമാവുന്നൂ..

രാത്രികള്‍നിദ്രാവിഹീനങ്ങളായ്‌;പകല്‍-
മാത്രകളില്‍ശ്രദ്ധതീരെയില്ലാതെയായ്‌
എത്രമറക്കന്‍ശ്രമിക്കിലും നിന്നോര്‍മ-
മാത്രമാണെന്നന്തരംഗത്തിലെപ്പൊഴും..

ആരുംകവിയാകും,ഗായകനുമാവു-
മാനീലനേത്രങ്ങള്‍നോക്കിനിന്നീടവേ
ആയിരംജന്മങ്ങളെങ്കിലുമൊന്നായ-
താവണം,ഈയാത്മബന്ധത്തിന്‍ കാരണം.

Thursday, April 5, 2007

സ്നേഹിതനൊരു കത്ത്‌


ഒത്തിരിനാളായ്‌ നിന്നെയറിയിച്ചില്ല; ഞാനി-
ന്നിത്തിരിപ്രേമത്തിലാണെന്നകാര്യം,സുഹ്രുത്തെ
ആരാണെന്നതുമാത്രം ചോദിക്കരുത്ചില-
കാരണങ്ങളാലത്‌ വെളിപ്പെടുത്തിക്കൂട
എങ്കിലുംചൊല്ലട്ടെ ഞാന്‍ ഈ'യാത്രാവസാന'ത്തില്‍
ഇങ്ങനെയൊന്നുവന്നുപെട്ടകാരണങ്ങളെ
മോഹിച്ചുപോകും ആരും ഒറ്റനോട്ടത്തില്‍,സ്നേഹം
ദാഹിച്ചുവലഞ്ഞോരെന്‍ ഉള്ളില്‍ചേക്കേറിയവള്‍
ഒന്നുമിണ്ടിയാല്‍മുത്ത്‌ പൊഴിയും വചനങ്ങള്‍
മിന്നുന്ന നയനങ്ങള്‍,ചിരിയോ,ചേതോഹരം!
ചുരുണ്ട്‌,തെല്ലുനീളംകുറഞ്ഞമുടി,സ്വല്‍പ-
മിരുണ്ടനിറം,അവള്‍ക്കിണങ്ങും നന്നായത്‌
താമസംവിനാ ഞങ്ങളൊന്നിയ്ക്കും,എന്നാലെന്റെ
പ്രേമത്തിന്‍ കാര്യം അവള്‍ക്കിപ്പോഴുമറിയില്ല
എങ്കിലുമവളെന്റെകണ്മുന്നിലെങ്ങാന്‍ വന്നാല്‍
നെഞ്ചില്‍ പെരുമ്പറകള്‍ മുഴങ്ങുന്നതായ്‌ തോന്നും
ഇത്രയും എഴുതി ഞാന്‍ തല്‍ക്കാലം നിറുത്തട്ടെ
മിത്രമെ,ഇനിനിന്റെ കത്തുകണ്ടിട്ടെഴുതാം


Monday, April 2, 2007

എന്റ്രന്‍സ്‌


എന്റ്രന്‍സ്‌പരീക്ഷയ്ക്ക്‌ കുട്ടികളെയുംകൂട്ടി
എത്തുന്നൂരക്ഷിതാക്കള്‍,കാലത്തേകൂട്ടത്തോടെ
കാറിലും നടന്നുമായ്‌ സഞ്ചിയുംതൂക്കിയവര്‍
കാക്കനാട്ടുള്ളവരുണ്‍ വിദ്യാലയത്തിന്‍ മുന്നില്‍
തണലോ,നില്‍ക്കാനുള്ളോരിടമോ അവിടില്ല
മണിയൊമ്പതാക്കാനയ്‌ നില്‍ക്കുന്നൂനടുറോട്ടില്‍
പത്തുനാനൂറോളംപേര്‍ വടക്കുഭാഗത്തുനി-
ന്നെത്തിയിട്ടുണ്ടാസ്കൂളില്‍,കേന്ദ്രങ്ങള്‍പലതുണ്ട്‌
രക്ഷിതാക്കളില്‍മിക്കപേരുടേയുംകണ്‍കളില്‍
കത്തിനില്‍ക്കുന്നുണ്ടല്ലൊ ആകാംക്ഷാതിരിനാളം
കാറിലിരുന്നൊരമ്മവീശുന്നു,മകനെയാ-
ഡോറില്‍ചാരിയച്ഛനും,പത്രത്താളുകള്‍കൊണ്ട്‌
കുടിയ്ക്കാന്‍ കുപ്പിവെള്ളംകൊടുക്കുന്നുണ്ടൊരമ്മ
കഴിക്കന്‍ ബിസ്കറ്റുണ്ട്‌ ചോക്ലേറ്റും'ലേസു'മുണ്ട്‌
അറിയുന്നവരുണ്ടാകൂട്ടത്തില്‍പരസ്പരം
പറയുന്നുണ്ട്ചില ഉപചാരവാക്കുകള്‍
ഒമ്പതേകാലിന്നാണ്‌ഗേറ്റൊന്നുതുറന്നത്‌
കമ്പിതഗാത്രത്തോടെകുട്ടികളുള്ളില്‍ കേറി
രക്ഷിതാക്കളോചൊല്ലി'ബെസ്റ്റോഫ്‌ ലക്‌'പിന്നെയവര്‍
ഭക്ഷണം കഴിക്കാതെ നില്‍ക്കണമെങ്ങുപോകാന്‍
മണിയൊന്നരയാകും കുട്ടികള്‍തിരിച്ചെത്താന്‍
മണിക്കൂറുകള്‍മൂന്ന് എങ്ങിനെചിലവാക്കും

Sunday, April 1, 2007

മോഹപുഷ്പങ്ങള്‍


അരുതാത്ത ഒന്നാണിതെന്നെനിക്കെപ്പൊഴു-
മറിയാം, എന്നാലുമെന്‍ മുത്തേ
നിറയുന്നൂ,നിന്നെക്കുറിച്ചുള്ളൊരോര്‍മകള്‍
തിരകള്‍പോല്‍ വന്നെന്റെയുള്ളില്‍..

ഒരുനാളുംവിടരില്ല,നറുമണംചൊരിയില്ലീ-
തരുവിന്റെ മോഹപുഷ്പങ്ങള്‍
ഒരുഗദ്ഗദത്തിലൊടുങ്ങീടുമീചെറു-
കുരുവിതന്‍ പ്രേമഗാനങ്ങള്‍..

കരളിന്‍ ചിരാതില്‍ കരിന്തിരിയായ്‌ മുനി-
ഞൊരുതിരി,സ്നേഹക്കുറവാല്‍
ഒരുപാഴ്ക്കിനാവായി ഇനിയെന്റെസ്വപ്നങ്ങള്‍
വിരിയില്ലൊരിയ്കലും മനസ്സില്‍!

Saturday, March 31, 2007

എന്താണ്‌

എല്ലാവീഥികളും നിന്നിലേക്കെത്തി നിന്നുപോവുന്നതെന്താണ്‌
എല്ലാനിശ്വാസങ്ങളും നിന്നെചൂഴ്‌ന്നുമാത്രം കടന്നുപോവുന്നതെന്താണ്‌
എല്ലഗാനങ്ങളും നിന്നെക്കുറിച്ചുമാത്രമാവുന്നതെന്താണ്‌
എല്ലാരാഗങ്ങളും നിന്നപദാനങ്ങളാവുന്നതെന്താണ്‌
എല്ലതാളങ്ങളും നിന്നെയോര്‍ത്ത്‌മിടിയ്ക്കുന്ന എന്‍ഹ്രുദയതാളങ്ങളാവുന്ന തെന്താണ്‌

സുന്ദരവിഢി

(ഇതൊരു 'പാരഡോക്സ്‌' ആണ്‌
"കണ്ണാടികാണുന്നേരം തന്നുടെമുഖമേറ്റം
നന്നെന്നു നിരൂപിയ്കും, എത്രെയും വിരൂപന്മാര്‍"
എന്നു എഴുത്തച്ഛനാണെന്നുതോന്നുന്നു, പറഞ്ഞിട്ടുണ്ട്‌)


കണ്ണാടിനോക്കവേ എന്നുള്ളിലായ്‌ രണ്ടു-
ഭിന്ന വിചാരങ്ങള്‍ വന്നു
ഇത്രയ്കു സുന്ദരനായൊരെന്നെയവള്‍-
ക്കത്രയ്കങ്ങിഷ്ടമല്ലെന്നൊ?
എത്രയോമെച്ചമാണീമുഖം പല ചല-
ച്ചിത്ര നടന്മാരേക്കാളും
തെല്ലുകറുത്തതാണെങ്കിലും മൊത്തത്തി-
ലില്ലവള്‍ക്കൊന്നും കുറവ്‌
വേണമോ സൗന്ദര്യമിത്രയ്ക്കെനിക്കെന്ന-
താണ്‌ രണ്ടാമത്തെ ചിന്ത

Thursday, March 29, 2007

മോഹം

നേരംവെളുത്താലിരുളുന്നതുവരെ
നീയെന്റെകണ്മുന്നിലുണ്ട്‌
രാവായല്‍പിന്നെയുറങ്ങുന്നതുവരെ
നീയെന്നരികിലുണ്ടാവും
എങ്കിലും,എന്റെസ്വപ്നങ്ങളില്‍നീവന്നു
പങ്കുചേരാതിരിക്കുന്നു...
കണ്ണുകള്‍,ചുണ്ടുകള്‍,നേര്‍ത്തവിരലുകള്‍,
പുഞ്ചിരിയെന്നിവയന്യേ
നിന്നെമുഴുവനായ്ദര്‍ശിച്ചവേളകള്‍
നന്നേകുറവായതെന്തേ?
ഒന്നുകിലെന്റെമോഹത്തിനുതീവ്രത-
യില്ലാത്തകാരണമാവാം
അല്ലെങ്കിലാമോഹമത്രയ്കതിരുക-

ളില്ലാത്തതാകയാലാകാം

Tuesday, March 27, 2007

ബസ്സുകാത്ത്‌



ഒരുപാട്‌ നടന്നലഞ്ഞു ഞാ-
നൊടുവില്‍ നിന്‍സവിധത്തിലെത്തുവാന്‍
ഒരുപാഴ്‌ കനവിന്റെകൂടെയാ-
ണൊഴുകീയെന്നതറിഞ്ഞിടായ്കയാല്‍

മതിവിഭ്രമദര്‍ശനങ്ങള്‍തന്‍
കൊതിയൂറുന്നതടങ്ങള്‍താണ്ടി ഞാന്‍
മതിയാക്കണമെന്നുതോന്നിയി-
ല്ലതിനാലാണുവലഞ്ഞതേറെയും

ഇനിവിശ്രമമാണുനല്ലതീ-
പ്പനിനീര്‍പ്പൂവുതരുന്നഗന്ധവും
തുണയായ്‌ പോതുകളുള്ളൊരീമര-
ത്തണലും; 'ബസ്സുവരുന്നതൂവരെ'...

Monday, March 26, 2007

അറിയില്ല

26-03-2007

അറിയില്ല;നീയെന്റെഹ്രുദയത്തിന്നടിയിലൂ-
ടൊഴുകുമീയനുരാഗ നദിയെ
അറിയില്ല;നീയെന്റെയിടനെഞ്ചിലെരിയുന്ന
തിരികള്‍തന്‍ സ്നേഹഗന്ധത്തെ

മനസ്സിന്റെവീണയില്‍ മ്രുദുപഞ്ചമത്തിലി-
ന്നുണരുമീ രാഗാങ്കുരങ്ങള്‍
ഒരുമാത്രനീകേട്ടിരുന്നെങ്കിലെന്നു ഞാ-
നറിയാതെയാഗ്രഹിച്ചല്ലൊ

ഇരുള്‍നിറഞ്ഞോരെന്റെയുള്ളില്‍ വന്നെത്തിയ
ചെറുതാരയാണുനീ,മുത്തേ
ഒരുവേളയെങ്കിലും എന്റെനേര്‍ക്കാവശ്യ
ചിരിയൊന്നെറിഞ്ഞാല്‍, ഞാന്‍ ധന്യന്‍ !

Sunday, March 25, 2007

മഴനീര്‍

21/03 ഒന്നും എഴുതാനൊത്തില്ല;തിരക്ക്‌ കാരണം
22/03, 23/03 അല്‍പം അശ്ലീലമാ ഓര്‍കട്ടിലെ ബ്ലോഗില്‍ ഇടാനൊക്കാത്തവ
24/03

ആദ്യപ്രേമം ഒരു വാക്സിനേഷനാണ്‌;
പിന്നീടൊരിയ്ക്കലും പ്രേമിയ്കാതിരിയ്ക്കന്‍

വര്‍ഷമേഘങ്ങളാകാശത്തുവന്നെന്നില്‍
ഹര്‍ഷപുളകങ്ങളായ്പെയ്തിറങ്ങവേ
വര്‍ഷങ്ങളേറെയായ്‌ നിന്നോര്‍മകള്‍ ബാഷ്പ-
ഹര്‍ഷങ്ങളെന്നിലുണര്‍ത്തിതുളുമ്പുന്നൂ
ജാലകവാതിലിലൂടെവിരിയുന്ന
നീലോല്‍പലപ്പൂക്കളേയൊന്നുകാണുവാന്‍
താമരപ്പൂമുഖംദീപ്തമാകുന്നൊരാ
തൂമന്ദഹാസങ്ങളേറ്റുവാങ്ങീടുവാന്‍
എന്നുമാ ആല്‍മരച്ചോട്ടില്‍ ഞാന്‍ സന്ധ്യയ്ക്കു
നിന്നിരുന്നൂ, നിന്റെദര്‍ശനം കിട്ടുവാന്‍
ഒന്നുചിരിയ്ക്കാന്‍,പരസ്പരം പറ്റിയാല്‍
ഒന്നോ രണ്ടോചൊല്ലി നിര്‍വൃതികൊള്ളുവാന്‍..
പിന്നെയൊരുനാള്‍പെരുമഴയത്തു ഞാന്‍
നിന്നൂ, നീയെന്നെനോക്കാതേനടന്നുപോയ്‌
പിന്നെനാം കണ്ടതേയില്ലനീയെങ്ങുപോയ്‌
എന്നറിയാതെ വര്‍ഷങ്ങള്‍കടന്നുപോയ്‌
സ്നേഹിച്ചിരുന്നൂനാംതങ്ങളില്‍ തങ്ങളില്‍
മോഹിച്ചു,സ്വപ്നങ്ങളൊത്തിരികണ്ടുനാം
എങ്ങിനെ,എന്തുകൊണ്ടാരാണകന്നതെ-
ന്തങ്ങിനെയത്രയ്ക്കകന്നൂ പരസ്പരം?
ഇന്നുമോര്‍ക്കും ഞാന്‍ മഴമേഘം മാനത്ത്‌
വന്നീടവേ നിന്‍ നനഞ്ഞനേത്രങ്ങളെ

Tuesday, March 20, 2007

അമ്മേനാരായണ..ദേവീനാരായണ

മാര്‍ച്‌..20

അന്നമ്മതന്‍ വിരല്‍ത്തുമ്പില്‍പിടിച്ചു ഞാന്‍
ചെന്നു,ചോറ്റാനിക്കരയമ്മയെക്കണുവാന്‍
അമ്പതിലേറെവര്‍ഷങ്ങളായെങ്കിലും
മുന്‍പിലുണ്ടമ്മമാര്‍ നേര്‍വഴികാട്ടുവാന്‍

പുല്ലുചെത്തുന്നപുലയിയെസ്ഥാപിച്ച
കല്ലും,നാഗങ്ങളും,ശിവനും,ഗജാനനും
തെല്ലുമേമാറിയിട്ടില്ല;കീഴ്ക്കാവിലേയ്‌-
ക്കുള്ളവഴിയും,കുളവു,മാല്‍വൃക്ഷവും

ഭിക്ഷക്കാരില്ല,വെടിവഴിപാടില്ല
ലക്ഷണംചൊല്ലുന്ന ശാസ്ത്രജ്ഞന്മാരില്ല
കാസറ്റിലാക്കിയലറുന്നപാട്ടില്ല
കാശുചോര്‍ത്തുന്നകടകളടുത്തില്ല

കാറ്റിലലിഞ്ഞകുരുതിതന്‍ ഗന്ധവും
പുറ്റുപോലാലിലുള്ളാണികള്‍,മാലകള്‍
വല്ലാത്ത,കൊച്ചുപ്രകമ്പനങ്ങളേറ്റി-
ട്ടല്ലാതെകീഴ്ക്കാവില്‍ നില്‍ക്കാന്‍ വയ്യ

ഇന്നലെപ്പോയിരുന്നമ്മയേക്കണുവാന്‍
മുന്നില്‍ നിന്നൂ,തൊഴുതുള്‍നിറഞ്ഞൂ
തിരുമുമ്പില്‍നിന്നുദേവീമന്ത്രം മുന്നൂറ്റി-
യിരുപത്തിനാലുവട്ടംജപിച്ചൂ

അമ്പലംവിട്ടുപോന്നാലും മനസ്സിലെ
അമ്മേനാരായണമായുകില്ലാ
എന്തുചോദിച്ചാലുംകൊണ്ടെത്തരുമമ്മ
ലക്ഷ്മീനാരയണ,ഭദ്രേനാരായണ...

Monday, March 19, 2007

വിരുന്നുകാരി

മാര്‍ച്‌..19

ഹേമന്തരാത്രിയില്‍ വന്നെന്റെജാലക-
വാതിലിലൂടെയൊളിഞ്ഞുനോക്കീ
പൂനിലാവും,കുളിര്‍കാറ്റും,ചെറുമുല്ല-

പ്പൂവും,അതിന്‍ നേര്‍ത്തസൗരഭവും

ഞാനുറങ്ങാന്‍ കിടന്നേയുള്ളു,മഞ്ഞുപോല്‍
നീവന്നുചേര്‍ന്നരികത്തിരുന്നൂ
പൂവിളംകൈവിരലാലെന്റെനെറ്റിമേല്‍
പീലികൊണ്ടെന്നപോല്‍ നീ തലോടി

പിന്നെ,ഞാനെപ്പൊഴോവീണുറങ്ങിപ്പോയി
പൊന്നിങ്കിനാക്കളെന്‍ കൂട്ടുവന്നൂ
ഇന്നലെയിങ്ങനെയായിരുന്നൂ,മുത്തേ
ഇന്നുനീയെപ്പോള്‍വിരുന്നുവരും?



വരപ്രസാദം

മാര്‍ച്‌..17

എന്നോ ഞാന്‍ കേണുവിളിച്ചതുകാരണ-
മെന്നമ്മതന്നതാണീപ്രസാദം
എല്ലാംതരുന്നോരീയമ്മയ്ക്കു ഞാന്‍ പൂജ-
യല്ലാതെയെന്തു പകരം നല്‍കാന്‍

എന്നെവയറ്റില്‍ചുമന്നുനടന്നതില്‍-
പിന്നെപ്രസവിച്ചു, സ്നേഹവായ്പാല്‍
നന്നെപണിപ്പെട്ടൊരാ അമ്മയാണെന്നെ
നിന്നെക്കുറിച്ചുപഠിപ്പിച്ചത്‌

അക്ഷരം നല്‍കിരക്ഷിക്കയമ്മേ,ദേഹ-
രക്ഷയു,മെന്നുപ്രാര്‍ത്ഥിച്ചിരുന്നു
അക്ഷരം മാത്രം നശിക്കയില്ലെന്നാളു-
മിക്ഷിതിയിലെന്നു ഞാനറിവൂ.

വെള്ളം,..അനുഗ്രഹം...

മാര്‍ച്‌..16

എപ്പൊഴേ ഞാനൊഴിവാക്കി വഴിവിട്ട്‌
തപ്പിത്തടഞ്ഞുള്ളൊരാനടത്തങ്ങളെ
ഇപ്പോഴുമോര്‍ക്കുമ്പോള്‍ ലജ്ജതോന്നറുണ്ട്‌
കയ്പേറുമത്തരം കാര്യങ്ങള്‍ചെയ്തതില്‍

വെള്ളത്തില്‍മുങ്ങിനടന്നൊരാനാളുകള്‍
തുള്ളിയുറഞ്ഞു പറഞ്ഞപാഴ്‌വാക്കുകള്‍
ഉള്ളുനോവിച്ചേറെയാളുടെ,നിര്‍ദ്ദയം
തള്ളിയവര്‍ചൊന്ന സാരോപദേശങ്ങള്‍

അങ്ങിനെയായിരുന്നോരു ഞാനിപ്പോഴി-
തിങ്ങനെയായതെന്താണതൊരത്ഭുതം
മങ്ങാതെകത്താനനുഗ്രഹംകിട്ടീയി-
തെങ്ങിനെ? നന്ദിയാരോടു ചൊല്ലേണ്ടു ഞാന്‍

ഇരുള്‍

മാര്‍ച്‌..8


നീയെന്നടുത്തില്ല,പിന്നെയിന്നീസന്ധ്യ
ചായങ്ങള്‍തേച്ചു ചിരിപ്പതെന്തേ
ഉണ്ടായിരുന്നെങ്കിലീവര്‍ണ്ണമൊക്കെയു-
മുണ്ടാകുമായിരുന്നാകവിളില്‍

മന്ദമായ്‌ വീശുന്ന കാറ്റ്‌ എന്‍ ചെവിയില്‍ വ-
ന്നെന്താണ്‌ ചൊല്ലാന്‍ ശ്രമിയ്ക്കുന്നത്‌
'എങ്ങുപോയ്‌ നിന്‍ സഖി നിങ്ങള്‍പിണങ്ങിയോ'
എന്നൊക്കെയാവാമിതിന്റെയര്‍ത്ഥം

മെല്ലെ ദിവാകരന്‍പോകെ,ചിരിതൂകി
തെല്ലകലത്തൊരു'സാന്ധ്യതാര'
കൂരിരുള്‍മെല്ലെ കടന്നുവന്നൂ കടല്‍-
തീരമിരുളിലായ്‌, എന്മനസ്സും

Sunday, March 18, 2007

മിന്നാമിനുങ്ങ്‌

മാര്‍ച്‌..13

എങ്ങുമിരുട്ടായിരുന്നതിനാ-
ലൊന്നുമേകാണ്മതില്ലയിരുന്നു
ഇത്തിരിവെട്ടവുമായിയെത്തി
കൊച്ചൊരുമിന്നാമിനുങ്ങൊരുനാള്‍

മുന്നിലവള്‍നിന്നുപുഞ്ചിരിയ്ക്കെ
എന്നിലാശാദീപം കണ്മിഴിച്ചൂ
'ഇത്തിരി വെട്ടമെനിയ്ക്കുതരൂ'
ഒത്തിരിവട്ടംകരഞ്ഞുചൊല്ലീ

'മറ്റോൂദീപം'തെളിയിയ്ക്കുവാന്‍
ഒറ്റയ്കീകൂരിരുള്‍മാറ്റീടുവാന്‍
പറ്റായ്കമൂലമാമിന്നാമിന്നീ
മറ്റ്‌ എങ്ങോ പാറിപ്പറന്നുപോയീ


ഉറക്കം

മാര്‍ച്‌..12

രാവേറെയായീയിപ്പൊള്‍ നീയുറങ്ങിക്കാണുമെന്‍
മോഹങ്ങള്‍ കിനാക്കളായ്‌ നിന്നെത്തഴുകുന്നുണ്ടാം
പുഞ്ചിരിയോളമെത്തുമേതോവിചാരങ്ങളെ
ചെഞ്ചൊടിയിണപാതിതുറന്നുചേര്‍ക്കുന്നുണ്ടാം

തണുത്തസ്വേദകണം പൊടിയുംതൂനെറ്റിയില്‍
നുനുത്തകുറുനിര പതിഞ്ഞുകിടപ്പുണ്ടാം
മധുരം പങ്കിട്ടപ്പോളേറ്റഹര്‍ഷോന്മാദത്താല്‍
തുടിച്ചദേഹത്താകേ തളര്‍ച്ച തോന്നീട്ടുണ്ടാം

ഉടുത്ത രാവാടതന്‍ കൊളുത്തുവിട്ടിട്ടെങ്ങോ
കിടക്കുന്നുണ്ടാമവ,സ്ഥാനമാനങ്ങള്‍ തെറ്റി
നിന്നുറക്കത്തെക്കണ്മൂയിങ്ങനെ മനസ്സില്‍ ഞാന്‍
ഒന്നെനിക്കതു നേരില്‍ കാണുവാന്‍ മോഹമുണ്ട്‌

എന്‍.ആര്‍.ഇ

മാര്‍ച്‌..9

മിക്കിമൗസിനെപ്പോലെ നേര്‍ത്തശബ്ദത്തിലൊരാള്‍
'വെല്‍ക'മെന്നോതും നിങ്ങള്‍,ക്കെന്നാറീഡിവിഷനില്‍
തൊട്ടടുത്തായി കണ്ണിനിമ്പമേറുന്ന രണ്ടു-
കുട്ടികളിരിപ്പുണ്ടു,പിന്നെയുണ്ടൊരുകുട്ടി
ചില്ലുപാത്രത്തെപ്പോലെ അപ്പുറംകാണാമവള്‍
മുന്നില്‍നിന്നാലും,നമു,ക്കത്രയ്കുപളുങ്കുപോല്‍
അതിന്റടുത്ത്‌,പഞ്ചാരയും ചായപ്പൊടീം
കലര്‍ന്നമുടിയുമായ്‌ സാറൊരാളിരിപ്പുണ്ട്‌
കൂട്ടിലുണ്ടൊരാള്‍,പണംകൊടുക്കാന്‍,വാങ്ങിയ്ക്കുവാന്‍
കൂട്ടായിപിന്നിലൊളിച്ചിരിപ്പുണ്ടൊരുപയ്യന്‍
പിന്നിലെമുറിയിലെ സാറിനെക്കണ്ടാല്‍തോന്നു
മൊന്നുതൊഴാന്‍,അത്രയ്ക്കു ശുദ്ധാത്മാവാണദ്ദേഹം
ശീതളീകരിച്ചുള്ളമുറിയാണിതെങ്കിലും
വാതിലുംതുറന്നിട്ടാണിരിപ്പൂ നിത്യമിവര്‍!

ഉന്മാദം

മാര്‍ച്‌..7

സാഗരനീലിമയോലും മിഴികളില്‍
ശ്രാവണസന്ധ്യവിരിഞ്ഞുനിന്നൂ
മാമ്പൂവിരിയുന്നമോഹനഗന്ധമെന്‍
മാനസമാകേനിറഞ്ഞുനിന്നൂ

പൂവിതള്‍പോലേതുടുത്തചൊടികളില്‍
പൂമുല്ലപുഞ്ചിരിതൂകിനിന്നൂ
ഏതോജന്മാന്തരപുണ്യമായ്‌ എന്മുന്നില്‍
ചേതോഹരാംഗിനീ വന്നണഞ്ഞൂ

ഏഴുസ്വരങ്ങളെയെന്നുള്ളില്‍ ചേര്‍ത്തുനീ
ഏഴുവര്‍ണ്ണങ്ങള്‍ വാര്‍വില്ലില്‍നിന്നും
ഏതൊരുന്മാദലയത്തിന്റെ വക്കിലേ-
യ്കോമലേ,നീയെന്നെ കൊണ്ടുവന്നൂ.

ശ്രീദേവി

മാര്‍ച്‌..6

മറ്റൊന്നുമെന്റെ മനസ്സിലിപ്പോളില്ല
മറ്റൊരുകാഴ്ച്ചയെന്‍ കണ്ണിലില്ല
അത്രമേല്‍ വശ്യതയുള്ളനിന്‍ മുഖമെനി-
ക്കെത്ര കണ്ടാലും കൊതിതീരില്ല

നീചിരിയ്കെ,വിടരുന്നൂ മുഖാമ്പുജം
സൂര്യകിരണങ്ങളേറ്റപോലെ
ആയതുകൊണ്ടെന്റെയുള്ളിന്റെയുള്ളിലൊ-
രായിരമമ്പുകള്‍ കൊണ്ടപോലെ

കണ്മിഴിച്ചെന്നെനീ നോക്കവേ ഞാനൊരു
മണ്‍തരിയായ്ച്ചുരുങ്ങുന്നപോലെ
ഒന്നുമുരിയാടാനാവാതെ നില്‍പൂ ഞാന്‍
മുന്നില്‍ ശ്രീദേവിവന്നെന്നപോലെ

മേലനങ്ങാതെ

മാര്‍ച്‌..5

മസ്റ്ററിലല്ലാതെ പേനയാല്‍ വേറെങ്ങു-
മൊറ്റക്ഷരംവരച്ചില്ലിന്നു ഞാന്‍
എന്നാലുമെന്‍പേരിലെണ്ണൂറുരൂപയാ-
ണിന്നെഴുതുന്നതെന്‍ തമ്പുരാനെ
കമ്പ്യൂട്ടറോണാക്കിവെച്ചൂ ഞാന്‍ മേശേടെ-
മുമ്പിലാരെങ്കിലും വന്നെങ്കിലോ
ഇങ്ങനെ മേലനങ്ങാതെ ഭുജിയ്ക്കുവാ-
നെങ്ങിനെ വന്നുചേര്‍ന്നീ സൗഭാഗ്യം?
പോയജന്മത്തിലെങ്ങാനും നിരന്തര-
മായി പ്രാര്‍ത്ഥിച്ചതുമൂലമാകം
അന്നൊരടിയാളനായിരുന്നോ ജന്മി
തന്നോ തൊഴിയും, ചവിട്ടും,കുത്തും?
പട്ടിണിമാറ്റാന്‍ അവശതതീര്‍ക്കുവാന്‍
എട്ടണപോലും ലഭിച്ചതില്ലെ?
മുട്ടിപ്പായ്‌ നിന്നോടു പ്രാര്‍ത്തിച്ചതുമൂലം
കിട്ടിയതാവാമെനിക്കീ ജന്മം
അല്ലാതെമറ്റൊരു കാരണംകാണുവാ-
നില്ല; ഞാന്‍ നിന്‍ കഴല്‍ കുമ്പിടുന്നേന്‍

നീയറിയുന്നുവോ

മാര്‍ച്‌..2


രഥമൊന്നില്‍ രവിപോല്‍ നിന്മുന്നിലെത്താന്‍
കൊതിയേറെയുണ്ടെനിക്കെന്നകിലും
ഒരുകൊച്ചുമണ്‍തരിയാമൊരെന്റെ
പരിമിതി; പൂവേനീയറിയുന്നുവോ

ഒരുമിഴിത്തുള്ളിയായ്‌ നെഞ്ചിലെ ചിപ്പിയില്‍
ഒരുപാടുകാലം കിടന്നുറങ്ങി
ഒടുവില്‍പുറത്തുവന്നഴകില്‍ചിരിയ്ക്കുന്ന

മണിമുത്തേ,യെന്‍സ്നേഹമറിയുന്നുവോ

ഒരുമണ്‍ചിരാതിലെ തിരിനാളമായ്‌
എരിയുന്നനിന്‍ ചുറ്റുമരുമയോടെ
കവിതയും മൂളിപ്പറക്കും; എന്‍ ചിറകുകള്‍
കരിയുംവരെ; നീയിതറിയുന്നുവോ

Friday, March 16, 2007

ഓമന

മര്‍ച്‌..1

വണ്ടിയില്‍പോവാന്‍ ജനം നടന്നാപ്പീസിലെത്തും
രണ്ടുചക്രത്തില്‍പായും ബൈക്കിലും സ്കൂട്ടറിലും
മുന്തിയചിലര്‍ കാറില്‍,ജീപ്പ്പിലും,ഓട്ടോയിലും
സ്വന്തമായ്‌ കാറില്ലാത്തോര്‍ ടാക്സിയില്‍കേറിവരും
എന്തു വണ്ടിയായാലും ഓമന പറന്നെത്തും
ചന്തത്തില്‍ ഒരുടിക്കറ്റടിച്ചു കയ്യില്‍ തരും
മിടുക്കിയാണീകുട്ടി ജീവിതത്തിന്റെ വണ്ടി
ഉടക്കിനില്‍ക്കുമ്പോളും പാസ്‌ തന്നു ചിരിതൂകും

ത്രുശ്ശൂര്‍ റെയില്വ്വേസ്റ്റേഷണില്‍
പാര്‍ക്കിംഗ്‌ റ്റിക്കറ്റ്‌ തരുന്ന പെണ്‍കുട്ടികളില്‍
ഒരാള്‍..ഓമന എന്റെ ഒരു പരിചയക്കാരി

മൂക്കുത്തി

ഫെബ്രുവരി..28

കണ്ണാലെ നിന്നെയുഴിയാന്‍ കഴിയാഞ്ഞാ-
ലന്നാദിനം ശുഷ്കമായിരിയ്ക്കും
എന്നുമെനിയ്ക്കു കനിഞ്ഞുനീയേകേണ-

മെന്നോമലേ,നിന്മുഖദര്‍ശനം

ഇന്ന് നീ നാസികാഗ്രത്തിലണിഞ്ഞൊരാ-
സ്വര്‍ണ(?) മൂക്കുത്തിയ്ക്കു നീളമേറും
പൂവിനെ വേറൊരുപൂവു ചൂടിക്കണോ
പൂങ്കാറ്റിനെന്തിനു മറ്റൊരീണം

അല്ലെങ്കില്‍ ഞാനെന്തിനേറെപ്പറയണം
എല്ലാം നിനക്കറിവുള്ളതല്ലേ
എല്ലവരും നിന്നെയാരാധിക്കുമ്പോളീ
പുല്ലായൊരെന്‍ മോഹമെത്ര വ്യര്‍ത്ഥം!


രാജീ..

ഫെബ്രുവരി..24



സങ്കടമൊതുക്കെന്ന വാക്കുകള്‍ക്കര്‍ത്ഥമില്ല
എങ്കിലുംചൊല്ലട്ടെ ഞാന്‍ നിന്നെയാശ്വസിപ്പിക്കാന്‍
എന്തു ത്യാഗങ്ങള്‍,മനോവ്യഥകള്‍ സഹിച്ചു നീ
നൊന്തുപെറ്റതിന്‍ശേഷമവളെ വളര്‍ത്തുവാന്‍

സ്വന്തമല്ലല്ലൊമക്കള്‍ പോറ്റുവാന്‍ ദൈവംതന്നൂ
നന്ദിയോ സ്നേഹവായ്പോ പ്രതീക്ഷിക്കേണ്ടതില്ല
നിന്നെവിട്ടവള്‍പോയീ'കുറച്ചു മുന്‍പേ' പക്ഷേ
നിന്നെയേല്‍പിച്ചതൊക്കെ ഭഗിയായ്‌ ചെയ്തില്ലേനീ
വിളിച്ചാല്‍ കെള്‍ക്കാത്തത്ര ദൂരെനിന്നൊരുപക്ഷേ
വിളിക്കുന്നുണ്ടാമവള്‍ ഉറക്കെ'അമ്മാ' എന്ന്‌
കനിഞ്ഞു മനസ്സില്‍നീ മാപ്പവള്‍ക്കേകീടണം
ജനിയ്ക്കുമവള്‍വീണ്ടും മകളായ്‌ വരും ജന്മം


കാക്കപ്പൂവ്‌

ഫെബ്രുവരി..22

കണ്ടൊരു വാക്കുരിയാടാന്‍, പുണരുവാന്‍
ചുണ്ടുകളാലെന്നില്‍ അഗ്നിയുണര്‍ത്തുവാന്‍
കണ്ടാല്‍ കൊതിതോന്നും സുന്ദരിക്കുട്ടികള്‍
രണ്ടോ, മൂന്നോ എന്റെ സ്വന്തമുണ്ടെങ്കിലും
വണ്ടുപോല്‍ ഞാനീ 'കാക്കപ്പൂ'വിന്റെ ചുറ്റിലും
മണ്ടിപ്പറക്കുന്നതെന്തെന്നറിവീല
എന്തു പേര്‍ ചൊല്ലുമീ ദു:സ്വഭാവത്തെ ഞാ-
നെന്തസംബന്ധം പ്രണയമോ, ശാപമോ

കണ്മഷി

ഫെബ്രുവരി...20

ഇത്രയ്ക്കു നീണ്ട മിഴികളിലെഴുതുവാ-
നെത്രയ്കു കണ്മഷി വേണ്ടി വന്നൂ?
സാഗര നീലിമയോലുന്ന കണ്‍കളില്‍
മേഘവര്‍ണം ചേര്‍ന്നലിഞ്ഞ പോലെ
കണ്മഷിയെഴുതിയിട്ടില്ലെങ്കിലും നിന്റെ
കണ്ണുകള്‍ എത്ര മനോഹരങ്ങള്‍
കൊള്ളുന്നവ, മുള്‍മുനപോല്‍ മനസ്സിന്റെ-
യുള്ളില്‍, മൃദുവായി നോവിക്കുന്നൂ



അന്നുതന്നെ.
ചുമ്മാതിരിയ്ക്കുന്ന നേരമെന്‍ ചിന്തയില്‍
ഒന്നുമുണ്ടാവില്ല; നിന്റെയോമല്‍
ചഞ്ചലമാം രണ്ടു നേത്രങ്ങളും; കിളി-
ക്കൊഞ്ചലുതിര്‍ക്കും ചൊടിയും മാത്രം

Thursday, March 15, 2007

മറക്കാനാവില്ല

ഫെബ്രുവരി..19

പൂജിയ്കാനെന്താണിത്രയ്കുള്ളത്‌ നിന്നിലെന്ന്‌
ചോദിയ്കാറുണ്ടെന്നോട്‌ നിത്യവും ഞാനെന്‍ മുത്ത്‌
ഉത്തരമൊന്നും കിട്ടിയില്ലെനിക്കൊരുനാളും
അത്രമേല്‍ നിന്നെയിഷ്ടപ്പെട്ടതു മൂലമാകാം

പാടില്ല; പാപമാണീ പ്രേമ, മിതിനെയോര്‍ത്ത്‌
പാടില്ല ഒരിയ്ക്കലും, എന്നു ഞാന്‍ നിനയ്ക്കിലും
വാടാത്ത ചെറുമുല്ല പ്പൂവിന്റെ സുഗന്ധം പോല്‍
തേടിയെത്തുന്നൂ നിത്യം നിന്നോര്‍മ വിടാതെന്നെ

ഈ മനോഹര തീരം,വിട്ട്‌ ഞാനെങ്ങോ ദൂരെ
ശ്യമഭംഗികള്‍ പൂക്കും പൂന്തോപ്പിലെത്തീടിലും
ഓമനേ, നീ തന്നൊരീ ശീതളഛായയെ ഞാന്‍
ഓമനിച്ചീടും മനത്തൊട്ടിലില്‍ തരാട്ടോടെ..

ചോറ്റാനിക്കര

ഫെബ്രുവരി...18. ഞായറാഴ്ച

ചോറ്റാനിക്കരയില്‍ ഞാന്‍ പോയത്‌ നൊയ്‌മ്പുകള്‍
നോറ്റല്ല; അമ്മയെ കാണാന്‍ മാത്രം
ഒറ്റവരം മാത്ര മേകമ്മേ 'സല്‍ബുദ്ധി'
മറ്റു വരമൊന്നു മിപ്പോള്‍ വേണ്ട

വീണ്ടും നീ..

ഫെബ്രുവരി..17

എന്മനമെപ്പോഴുമെന്തേ മടങ്ങുന്നൂ
നിന്നോര്‍മതന്‍ ശ്യാമ തീരം തേടി?
എന്മിഴിയെപ്പോഴുമെന്തേ തിരയുന്നൂ
നിന്‍ രൂപമേകും കുളിരുതേടി?

ഒന്നുമുരിയാടിയില്ലെങ്കിലും നീണ്ട
നിന്‍ മിഴിയോതും നിഗൂഢ ഭാഷ
എന്മനസ്സിന്‍ ശുഭ്ര പത്രങ്ങളില്‍ മിന്നി
പൊന്നുകൊണ്ടാലേഖനം ചെയ്തപോല്‍

മെല്ലെ,ചടുല പദങ്ങളിളക്കി നീ
തെല്ലകലത്തായ്‌ നടന്നു പോകേ
ഉള്ളില്‍ ഹ്രുദയത്തുടിപ്പു വേഗത്തിലാ-

ണുള്ളിന്റെയുള്ളില്‍ കടുന്തുടിയും



ഈ എഴുതുന്നതൊക്കെ സത്യം

ഫെബ്രുവരി..14

വൃത്തമോ,പ്രാസമോ,കാവ്യാലങ്കാരമോ
ശക്തിയോ ഭംഗിയോ ഇല്ലാപ്പദങ്ങളേ-
യെത്തൂ എപ്പൊഴുമെന്‍ തൂലികത്തുമ്പില്‍ ഞാ-
നെത്ര ശ്രമിച്ചാലു മെങ്കിലു മെഴുതി ഞാന്‍

നിന്നോടു മാത്രമായ്‌ ഉള്ളിലുദിച്ചോരീ
വര്‍ണ്ണനാതീതമാം തീവ്രാനുരാഗത്തെ;
എന്നോ മനസ്സിന്റെ പൂവള്ളിയില്‍ പൂത്തു-
നിന്നോരിളം ശംഖുപുഷ്പങ്ങളെ നോക്കി

എന്നെ പരിഹസി,ച്ചെന്നെകളിയാക്കി,
നിന്നു നീ എന്മുന്നില്‍ പൂക്കണിക്കൊന്നപോല്‍
നിന്‍ കണ്മുനകളേറ്റെന്‍ നെഞ്ചകം നൊന്തൂ
നിന്‍ കളിവാക്കെന്‍ മനസ്സു നീറ്റീ

എങ്കിലുമോമനേനിന്നെ സ്നേഹിപ്പു ഞാന്‍
എന്ന സത്യം നീയറിഞ്ഞുവെങ്കില്‍!
ഒന്നുമെനിയ്ക്കു വേണ്ടെന്മുത്തെ നിന്നുള്ളില്‍
എന്നെക്കുറിച്ചുള്ളൊരോര്‍മ മാത്രം മതി

ഹര്‍ത്താലാണിന്ന്

ഫെബ്രുവരി..13

എന്തെഴുതേണ്ടു ഞാനിന്ന് ഈ ജില്ലയില്‍
ബന്താണ്‌, പക്ഷെ, പതിവു പോലെ
എന്തെങ്കിലുമിടപാടുകള്‍ ചെയ്യുവാന്‍
ചിന്തിച്ചുറച്ചു ചിലരുവന്നൂ

പത്തരയായപ്പോള്‍ ഗുണ്ടയൊരാള്‍ വന്നി-
ട്ടെത്തി നോക്കീ യേജീയെമ്മൊടോതി
എത്രയും വേഗമടച്ചില്ലേല്‍ ഞങ്ങളി-
ങ്ങെത്തും,വിവരമറിഞ്ഞിടും സാര്‍

ഷട്ടറിട്ടൂ, കാവലാളു നിന്നൂ പക്ഷേ
വീട്ടില്‍ പോകാനനുവാദമില്ല
കെട്ടിക്കിടക്കുന്ന 'പീബീ'ലെ പെണ്ടിങ്ങ്‌
പെട്ടെന്നു തീര്‍ത്തു കൊടുക്കണം പോല്‍

Wednesday, March 14, 2007

പോലെ...

12/02 ന്‌ തന്നെ

എന്മുന്നിലിന്നു നീ ഇല്ലെങ്കിലും എന്റെ
കണ്മുന്നില്‍ നിന്‍ രൂപം മാത്രം
നിന്‍ശ്വാസ നിശ്വാസ താളക്രമങ്ങളെ-
ന്നുള്ളില്‍ പതിയ്ക്കുന്ന പോലെ.
പുഞ്ചിരിതൂവുന്ന നിന്‍ അധരങ്ങളെന്‍
നെഞ്ചിലമരുന്ന പോലെ
എങ്ങുനിന്നോ നിന്റെ നീള്‍മിഴി യാര്‍ദ്രമായ്‌
എന്നെ തിരയുന്ന പോലെ
നിന്മൊഴി കേട്ടതായ്‌ തോന്നി ഞാന്‍ കേള്‍ക്കാന്‍ നീ

എന്തോ പറഞ്ഞതു പോലെ
മാഞ്ഞു നീ യോമലേ പൊയ്പോയതെങ്ങോട്ട്‌
മാനത്തെ മഴവില്ലു പോലെ...