Saturday, July 28, 2007

സമയമില്ല..


ഇടഞ്ഞാരോടുമൊന്നുരിയാടീടുവാ-
നിടവരുത്തല്ലേ ഉടയോനേയെന്ന്
പടിയിറങ്ങുമ്പോള്‍ ദിനവും ധ്യാനിക്കു-
മൊടുവില്‍പ്രാര്‍ത്ഥന വിഫലമായ്‌ത്തീരും

കുടുംബ ബഡ്ജറ്റില്‍ കടന്നുകൂടിയ
കടങ്ങള്‍വീട്ടുവാന്‍ പരക്കംപായുമ്പോള്‍
ഇടയില്‍ക്കേറിവന്നുടക്കിനില്‍പ്പോരെ
ഇടിച്ചുമാറ്റിയും കുതിച്ചുപായുന്നൂ

അറിയില്ല; ജന മപരനെയൊട്ടും
പരിഗണിക്കാതെ തിരക്കുകൂട്ടുന്നു
തിരിഞ്ഞുനോക്കുവാന്‍, മനംകുളിര്‍പ്പിക്കു-
മൊരുവാക്കോതുവാന്‍..സമയമില്ലൊട്ടും

Friday, July 27, 2007

കാത്തുനില്‍പ്പ്‌.


പാടുക, പൂങ്കുയിലേ യെന്‍പ്രണയാര്‍ദ്ര
പാരിജാതങ്ങള്‍ വിടര്‍ന്നിടട്ടെ
പാതിവിരിഞ്ഞ മുകുളങ്ങള്‍ ചുമ്പിച്ച്‌
പാതിരാക്കാറ്റേയൊരീണം തരൂ

ഏറെസമയമായ്‌ ഈനദീതീരത്തൊ-
രീറക്കുഴലുമായ്‌ ഞാനിരിപ്പൂ
ആരുമാരുംകണ്ടതില്ലയെന്നാത്മാവില്‍
നീറിപ്പുകയുന്ന നൊമ്പരങ്ങള്‍

രാവില്‍, തുഷാരാശ്രുബിന്ദുക്കള്‍ വീണ നി-
ലാവ്‌ മറയാന്‍ സമയമായി
നീവരില്ലെന്നറിയാമെനിക്കെങ്കിലും
നോവും; എന്നാശയും കാത്ത്‌നില്‍പൂ..

Sunday, July 22, 2007

പ്രതിഭ


പ്രതിഭപട്ടീലിന്ത്യാ മഹരാജ്യത്തിന്‍ പുതു
പ്രസിഡന്റായി, കഷ്ട, മെന്നല്ലാതെന്തോതട്ടെ
പരമയോഗ്യന്മാരും, പാമരച്ചെറ്റകളും
ഇരുന്നിട്ടുണ്ട്‌ മുന്‍പാ കസേരപ്പുറത്തായി
ഏതച്ഛന്‍ വന്നാലുമെന്നമ്മയ്ക്കു പണിയേറും
ഏതുബാധയാണേലും കോഴികള്‍ ചത്തേ തീരൂ

Saturday, July 21, 2007

തിരികെ..

അയഥാര്‍ത്ഥമായോരു പ്രണയത്തിനവസാന-
മലയവേ,മുറിവേറ്റ ഹൃദയവുമായ്‌
അറിയാത്ത വീഥികള്‍,തീരങ്ങള്‍, താണ്ടി ഞാന്‍
ഇരുകാലില്‍ പായും മൃഗങ്ങളേയും
ഇനിമതി, തിരികെയെന്‍ കൂട്ടിലേയ്ക്കെത്തണം
തനിയെ, തിരിച്ചു നടക്കതന്നെ
ഒരുതണല്‍, എഴുതുവാന്‍ തൂലിക, കൂട്ടിനായ്‌
ഒരുവേണു,വിത്രയും മതിയെനിക്ക്‌
മിഴികളാല്‍, പിരിയുമ്പോള്‍ നീയെന്റെ ഹൃദയത്തി-
ലെഴുതിയ ശോകാര്‍ദ്ര വരികളുണ്ട്‌
ചെറുകാറ്റിലുലയുന്നുണ്ടെങ്കിലും വഴികാട്ടാ-
നൊരുദീപനാളമങ്ങകലെയുണ്ട്‌

ഗീത


"എന്നെയെല്ലാരും കണ്ടിട്ടാസ്വദിക്കണം, പിന്നെ
എന്‍ഗന്ധമറിയേണം, തലയില്‍ ചൂടീടേണം"
പൂവിനെന്തവകാശം ഇങ്ങിനെ ചിന്തിക്കുവാന്‍ ?
ആവതു ചെയ്തീടു, 'മാ ഫലേഷു കദാചന'

Thursday, July 19, 2007

ശശിലേഖ


മായികവിഭ്രമമേകും ചിരിയോടെ
നീയെന്റെ മുന്നിലായ്‌ വന്നുനിന്നൂ
ആയിരം സൗഗന്ധികങ്ങള്‍ മനസ്സില്‍ പൂ-
ത്താടിയുലഞ്ഞത്‌ ഞാനറിഞ്ഞു.

ആവണിത്തിങ്കളാരാവില്‍ വിരിച്ചിട്ട
തൂവെള്ളക്കമ്പളം നീക്കി മെല്ലെ
പൂവിതള്‍ക്കണ്‍തുറന്നഞ്ചെട്ടു താരകള്‍
തൂവല്‍ത്തലോടല്‍പോല്‍ എന്നെ നോക്കി

കൈകളാല്‍ കോരിയെടുക്കാന്‍, മൃദുവായി
മെയ്യാകെ മുത്തമിടാന്‍കൊതിക്കെ
നെയ്യാമ്പല്‍പൊയ്കയിലോളമിളകവേ
നീയെങ്ങുപോയ്‌, ശശിലേഖ പോലെ ?

Monday, July 16, 2007

പാല്‍പോലീസ്‌


കാലത്ത്‌ കുട്ടികളെ സ്കൂളില്‍കൊണ്ടാക്കാന്‍ സ്കൂട്ടറില്‍ പായുമ്പോള്‍
ഞങ്ങള്‍ അദ്ദേഹത്തെ പട്ടണത്തിന്റെ പ്രധാന ജംഗ്ഷനില്‍ കാണാറുണ്ട്‌.
ആയിടെമാത്രം ജില്ലാ പദവിലഭിച്ച, കേരളത്തിന്റെ വടക്കേ അറ്റത്തുള്ള
ജില്ലയിലെ ആ ടൗണില്‍,അന്ന് അത്രയ്ക്ക്‌ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ കടന്നുപോകുമ്പോള്‍, ബാങ്കുദ്യോഗസ്ഥനായ എന്നെയോ,
മക്കളേയോ നോക്കി അദ്ദേഹം കൈ വീശി റ്റാറ്റാ കാണിക്കും. വളരെ
ലൂസായ ഒരലമ്പ്‌ യൂണിഫോമായിരുന്നു അദ്ദേഹം സ്ഥിരം ധരിച്ചി-
രുന്നത്‌. സ്വതേ വികൃതമായ ആ മുഖത്ത്‌ ആ വൈകൃതത്തെ ശതഗുണീ ഭവിപ്പിക്കാന്‍ ഒരു കപ്പടാ മീശയുമുണ്ടായിരുന്നു. എല്ലാ കൊമ്പന്‍മീശ-
യുടേയും അര്‍ത്ഥം "നിന്നെ ഞാന്‍ എടുത്തോളാമെടാ" എന്നല്ല, മറിച്ച്‌
"ഞാനൊരു പാവമാണേ. എന്നെയൊന്നും ചെയ്യല്ലേ" എന്നാണെന്നു
നന്നായറിയാവുന്ന ഞാന്‍, തിരിച്ച്‌, ഒന്നു ചിരിച്ച്‌,തലയാട്ടാറുമുണ്ടാ-
യിരുന്നു. ഒഴിവുദിവസങ്ങളില്‍ ടൗണിന്റെ മറ്റുഭാഗങ്ങളില്‍ യൂണിഫോം
ഇടാതെയും, നന്നായി മദ്യപിച്ച നിലയിലും ഞാനും കുട്ടികളും
തനിച്ചും, വെവ്വേറയും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തെ
പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ കുട്ടികളദ്ദേഹത്തെ 'മീശപ്പോലീസ്‌'
എന്നു വിളിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ എന്റെ രണ്ടാമത്തെ
മകന്റെ ക്ലാസ്‌മേറ്റാണെന്ന് പിന്നീടാണ്‌ ഞാനറിയുന്നത്‌

ഞാന്‍ ജോലിചെയ്തിരുന്ന ബാങ്കിനടുത്തായിരുന്നു പോലീസ്‌ സ്റ്റേഷനും
ക്വാര്‍ട്ടേഴ്സും. ഇപ്പോഴും അങ്ങിനെത്തന്നെ. ഒഴിവുദിവസങ്ങളിലും, ചില
ഞായറാഴ്ചകളിലും, ബാങ്ക്‌ വീടിനടുത്തായതിനാല്‍, ഞാന്‍ ബാങ്കില്‍
പോയി പെന്റിംഗ്‌ ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. അന്നൊക്കെ,
വീട്ടുജോലികളില്‍ അമ്മയെ ശല്യം ചെയ്യാതിരിയ്ക്കാന്‍ ഞാന്‍ മക്കളേയും
ബാങ്കിലേയ്ക്കു കൊണ്ടുപോകും. അവര്‍ക്കവിടെ ടീ.ടിയോ കാരംസോ
കളിയ്ക്കാം. താഴെ നാലഞ്ചു കടകളുടെ മുകളിലാണ്‌ ബാങ്ക്‌.

അന്നൊരു ഞായറാഴ്ച, പത്ത്‌ പത്തരയായിക്കാണണം, ഞാന്‍ ലെഡ്ജറില്‍
തലതാഴ്ത്തി കുത്തിപ്പിടിച്ചിരുന്നെന്തോ ബാലന്‍സാക്കുന്നു. കുട്ടികള്‍,
അപ്പുറത്ത്‌ റിക്രിയേഷന്‍ റൂമില്‍ ഒച്ചവച്ച്‌ കളിയ്ക്കുന്നു. അപ്പോള്‍..
താഴെ റോഡില്‍ ഒരാക്സിഡെന്റിന്റെ ശബ്ദം!

ഞാനും, കുട്ടികളും ഓടിച്ചെന്നു താഴേയ്ക്കു നോക്കി. പാല്‍പായ്കറ്റുകള്‍, ചെറിയ പ്ലാസ്റ്റിക്‌ പെട്ടികളില്‍നിറച്ച ഒരു ടെമ്പോവാന്‍, ഒരുപെട്ടി
ഓട്ടോയുമായികൂട്ടിയിടിച്ച്‌ രണ്ടും രണ്ടു വശങ്ങളിലേയ്കായി മറിഞ്ഞു
കിടക്കുന്നു. പാലുവണ്ടി മറിഞ്ഞിരിയ്ക്കുന്നത്‌ വെള്ളമില്ലാത്ത കാണ-
യിലേയ്കാണ്‌. പെട്ടിഓട്ടോ, റോഡിലേയ്ക്കും. ഓട്ടോ കാലിയാണ്‌.
ഡ്രൈവര്‍മാര്‍ രണ്ടുപേരും കഷ്ടപ്പെട്ട്‌ ഇഴഞ്ഞ്‌ പുറത്തേയ്ക്കിറങ്ങുന്നു
രണ്ടുപേരുടേയും കൈകാലുകള്‍ ഉരഞ്ഞ്‌ മുറിഞ്ഞ്‌ ചോരവരുന്നുണ്ട്‌.
റോഡില്‍,അവിടവിടെയായി പൊട്ടിയ; പൊട്ടാത്ത പാല്‍പായ്കറ്റുകള്‍
ചിതറിക്കിടക്കുന്നു. ഒന്നുരണ്ടു വഴിപോക്കര്‍ കൂടിയിട്ടുണ്ട്‌. ആരും
അടുക്കുന്നില്ല.

അപ്പോഴതാ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ ക്വാര്‍ട്ടേഴ്സിന്റെ വഴി-
യില്‍നിന്നും റോഡിലേയ്ക്കിറങ്ങുന്നു. ഒരു കള്ളിമുണ്ട്‌ മാത്രമണ്‌വേഷം.
അതൊന്ന്മടക്കിക്കുത്തി,ചുണ്ടിലെ ബീഡി ഒന്നാഞ്ഞുവലിച്ച്‌, മീശ
പിരിച്ച്‌ അദ്ദേഹം രംഗനിരീക്ഷണം നടത്തി. സംഭവത്തെ നന്നായി
വിലയിരുത്തിയശേഷം അദ്ദേഹം ക്വാര്‍ടേഴ്സിലേയ്ക്കു തിരിച്ചുപോയി.
ഉടനെതന്നെ അദ്ദേഹം പുറത്തുവന്നു. അപ്പോള്‍, അദ്ദേഹത്തിന്റെ
കയ്യില്‍, ചുവന്ന ഒരു പ്ലാസ്റ്റിക്‌ ബക്കറ്റും, പിന്നാലെ ട്രൗസറിട്ട ഒരു
കുട്ടിയുമുണ്ടായിരുന്നു. എന്റെ ഇളയ മകന്‍ കുട്ടിയെ തിരിച്ചറിഞ്ഞു.
"ദാ, എന്റെക്ലാസ്സിലെ ഷിന്റോയാണത്‌"

മീശപ്പോലീസ്‌ കുട്ടിയോടെന്തോ പറഞ്ഞു. കുട്ടി, റോഡില്‍ ചിതറി-
ക്കിടന്നിരുന്ന പാല്‍പായ്കറ്റുകളില്‍ പൊട്ടാത്തവ ഓരോന്നായി പെറുക്കി-
യെടുത്ത്‌ അദ്ദേഹം പിടിച്ചിരുന്ന ബക്കറ്റിലിടാന്‍തുടങ്ങി. ബക്കറ്റു
നിറഞ്ഞപ്പോള്‍, അവര്‍ രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ
ക്വാര്‍ടേഴ്സിലേയ്കു തിരിച്ചുപോയി. ഡ്രൈവര്‍മാര്‍ തര്‍ക്കിച്ചുകൊണ്ട്‌
തൊട്ടടുത്ത കുഞ്ഞനന്തന്‍നായരുടെ ക്ലിനിക്കിലേയ്ക്കും.

അന്നു മുതലാണ്‌ ഞങ്ങളുടെ പ്രിയപ്പെട്ട മീശപ്പോലീസ്‌ എന്നയാള്‍
"പാല്‍പോലീസ്‌" ആയത്‌


Friday, July 6, 2007

സുകുമാരന്‍സാറിന്റെ അമ്മ.


സുകുമാരന്‍സാറിന്റെ അമ്മ മരിച്ചു! ഒമ്പതരയ്കെത്തിയ പെര്‍സൊണല്‍ സെക്ഷനിലെ മെസ്സഞ്ചറായ ചേര്‍ത്തലക്കരന്‍ തങ്കപ്പനാണ്‌ ആദ്യം അറിയിച്ചത്‌.
ഭോപാല്‍ റീജിയണില്‍ നിന്നും വന്ന സുകുമാരന്‍
സാറ്‌, സ്റ്റാഫ്‌ സെക്ഷണില്‍ ചാര്‍ജെടുത്തിട്ട്‌
അധികനാളായിട്ടില്ല. ആരോടും അധികം മിണ്ടാതെ
അടുത്ത്‌ പെരുമാറാതെ,വൈകുന്നേരങ്ങളിലെ
ചീട്ടുകളിയില്‍ പങ്കെടുക്കാതെ ജോലിയില്‍ മാത്രം
ആനന്ദം കണ്ടെത്തുന്ന ഒരു ബാങ്ക്‌ ജീവി.
അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചോ, അവരുടെ
ആരോഗ്യത്തെക്കുറിച്ചോ ആര്‍ക്കും ഒരറിവും
ഉണ്ടായിരുന്നില്ല. അയല്‍വാസിയല്ലെങ്കിലും
ചേര്‍ത്തലക്കാരന്‍തന്നെയായിരുന്നതിനാലാണ്‌
തങ്കപ്പന്‍ വിവരമറിഞ്ഞത്‌.

പത്തേകാലുകഴിഞ്ഞ്‌ എത്തിയവരെല്ലാം ഒറ്റയ്ക്കും
കൂട്ടായും, സെക്ഷന്‍തിരിച്ചും, നില തിരിച്ചും
കൂടിയാലോചനകള്‍ നടത്തി.
"പോവണ്ടെ?"
"അതുപിന്നെ ചോദിയ്ക്കാനുണ്ടോ, പോണം."
"നമ്മുടെ സുകുമാരന്‍സാറല്ലെ,തീര്‍ച്ചയായുംപോണം"
ഏഴുനിലകളില്‍നിന്ന്‌ സ്റ്റാഫുകള്‍ ഒറ്റയ്ക്കും കൂട്ടമായും
പുറത്തേയ്കൊഴുകി. ലേഡീസ്റ്റാഫുകള്‍ക്കായിരുന്നു
ഏറെ ധൃതി.
തലമുറിയനായ വിജയകുമാര്‍ ഉറക്കെ പറയുന്നത്‌
കേട്ടു.
"താസില്‍ദാര്‌ ചത്താല്‍ ആരും പോണ്ട. താസില്‍ദാ-
രുടെ അമ്മ ചത്താല്‍,പോയില്ലെങ്കില്‍ വെവരമറിയും"

ഏതാണ്ട്‌ പതിനൊന്ന്‌ മണിയ്ക്ക്‌ ഡി.ജി.എം ക്യാബിനു പുറത്തിറങ്ങിയപ്പോള്‍ ഹാള്‍ കാലി! ലിഫ്റ്റില്‍
താഴെ ചെന്നാപ്പോള്‍ ആ ഫ്ലോറും കാലി!!
സെക്രട്ടറിയേറ്റിലെ ഒരു വര്‍കോഹോളിക്‌ ആയ
ജോസ്‌ മാത്രം കുത്തിപ്പിടിച്ചിരുന്ന്‌ ആരുടേയോ
മെഡിക്കല്‍ ബില്ല്‌ എങ്ങിനെ മടക്കാം എന്ന്‌
തലപുകയ്ക്കുന്നുണ്ടായിരുന്നു.
"വാട്ട്‌ ഹേപ്പന്റ്‌ ടു എവരിബഡി,ജോസ്‌?"
"സര്‍,സുകുമാരന്‍സാര്‍സ്‌ മദര്‍ എക്സ്പയേര്‍ട്‌"
"സോ വാട്ട്‌?"
"എവരിബഡി ഹേസ്‌ ഗോണ്‍ ടു ചേര്‍ത്തല"
"ഓ ഐസീ.യുനോ വെന്‍ ഈസ്‌ ദ ഫ്യൂണെറല്‍?"
"ദെ സെഡ്‌ ഇറ്റ്‌സ്‌ അറ്റ്‌ ത്രീയോ ക്ലോക്‌"

തമിഴ്‌നാട്ടില്‍നിന്ന്‌ ആയിടെമാത്രം വന്ന ഡീ ജീ എം
ന്‌ കുറ്റബോധം തോന്നി.ഇത്രപോപ്പുലറായ തന്റെ
ഒരു ഓഫീസറുടെ അമ്മ മരിച്ചിട്ട്‌ താനത്‌ അറിയാ-
തിരിയ്ക്കുക, ഫ്യൂണറലിനുപോലും പോവാതിരിയ്കുക
ഛെ,തീരെ ശരിയായില്ല.താന്‍മാത്രം ചെന്നില്ലെന്നറിഞ്ഞാല്‍ സുകുമാറന്‍ എന്ന നിനപ്പേന്‍.. ഡീജീയെം
ആകെ ബേജാറായി.

"യൂ നോ വേറീസ്‌ സുകുമാരന്‍സ്‌ ഹൗസ്‌ അറ്റ്‌
ചേര്‍ത്തല?"
"ദറ്റെസ്‌ നോ പ്രോബ്ലം സര്‍.കാള്‍ റാംജീട്രാവല്‍സ്‌.ദേ ഷുഡ്ബി നോയിംഗ്‌.സുകുമാരന്‍ യൂസ്ഡ്റ്റു
ഹയര്‍ ദെം."

ഡീജീയെം തിടുക്കത്തില്‍ ക്യാബിനില്‍ കയറി റാംജീ-
യിലെ അനില്‍കുമാറിനെ വിളിച്ചു.ഭാഗ്യം,അനിലിനു
വീടറിയാം.

ഏതാണ്ട്‌ പന്ത്രണ്ടരയോടെ ഒരുവിധത്തില്‍ ഡീജീയെം
സുകുമാരന്‍സാറിന്റെ വീട്ടിലെത്തി. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലില്‍ പത്തുപതിനഞ്ച്‌
പ്ലാസ്റ്റിക്‌ ചെയറുകള്‍. നാലഞ്ചാളുകള്‍ ഇരിപ്പുണ്ട്‌.
ഒന്ന് സുകുമാരന്‍സാറാണ്‌.മറ്റുള്ളവര്‍ ബന്ധുക്കളാവാം
വീടിന്റെ വരാന്തയില്‍,തെക്കോട്ട്‌ തലവച്ച്‌ കത്തിച്ചു
വച്ച വിളക്കിനടുത്ത്‌ വെള്ളത്തുണി പുതപ്പിച്ച്‌,താടി
ഒരു ശീലകൊണ്ട്‌ തലയോട്ചേര്‍ത്തുകെട്ടിയ മൃദദേഹം
അഞ്ച്‌പത്ത്‌ സ്ത്രീകള്‍ ചുറ്റുമിരുന്ന് കരഞ്ഞ്‌
തോര്‍ന്നപോലെ..
അപ്രതീക്ഷിതമായി കാറില്‍വന്നിറങ്ങിയ ഡീജീയെമ്മെ
ക്കണ്ട്‌ സുകുമാരന്‍സാര്‍ അന്ധാളിച്ചു.പരിഭ്രമിച്ചു
എഴുന്നേറ്റ്‌ പുറത്തിറങ്ങി.
"പ്ലീസ്‌ കം സര്‍..പ്ലീസ്‌ സിറ്റ്ഡൗണ്‍ സര്‍"എന്നീ
ഔപചാരിതകള്‍ മൊഴിഞ്ഞു.
ഡീജീയെം കഷ്ടപ്പെട്ട്‌ ഒരുവിധം പ്ലാസ്റ്റിക്ചെയറില്‍
ഇരുന്നു.അല്‍പം കഴിഞ്ഞ്‌ ലേശം ശോകം കലര്‍ത്തി
ചോദിച്ചു
"വെന്‍വാസ്‌ ഇറ്റ്‌?"
"മോണിംഗ്‌,അറ്റെബൗട്‌ സെവന്‍,സര്‍. വെന്‍ വി
വെന്റ്‌ ടു ഹെര്‍ ടു വെയ്ക്‌ ഹെര്‍ അപ്‌,ഷിവാസ്‌
ഗോണ്‍. ദേര്‍വേര്‍ നോ പ്രോബ്ലംസ്‌ യെസ്റ്റര്‍ഡെ.
ഷീ വാസ്‌ നോര്‍മല്‍."
"മൈ ഹാര്‍ട്ടി കണ്ടോളന്‍സസ്‌. വെന്‍ഈസ്‌ ദി
ഫ്യൂണറല്‍?"
"എബൗട്‌ ത്രീ ഒ ക്ലോക്‌,സര്‍. മൈ ബ്രദര്‍ ഈസ്‌
റ്റു കം ഫ്രം കോയമ്പത്തൂര്‍. ഹീ ഈസ്‌ ഓണ്‍ഹിസ്‌ വേ."
"ഡിഡ്‌ അവര്‍ സ്റ്റാഫ്‌ കേയിം ഹിയര്‍?"
"സ്റ്റാഫ്‌? ഓണ്‍ളി യൂ കേയിം സര്‍. ആന്റ്‌ തേങ്ക്യൂ
വെരിമച്ച്‌ സര്‍."

ഡീജീയെമ്മിന്‌ തൊണ്ടയില്‍ ഏത്തപ്പഴംകുരുങ്ങിയതു
പോലെ തോന്നി. മൃദദേഹത്തെ ഒന്നുകൂടി നോക്കാനോ
കുടുംബാംഗങ്ങളെ പരിചയപ്പെടാനോ നില്‍ക്കാതെ
വേച്ച്‌, വേച്ച്‌ കാറില്‍ച്ചെന്നിരുന്ന് സ്വപ്നത്തിലെന്ന-
പോലെ അനിലിനോട്‌ പറഞ്ഞു
"ഓഫീസ്‌"

പിറ്റേന്ന്, മകന്റെ പ്ലസ്‌ റ്റൂ അഡ്മിഷനുവേണ്ടി
ലീവെടുത്തിരുന്ന വാസുദേവന്‍സാര്‍ ജോസഫ്ചക്കോ
സാറിനോട്‌ ചോദിച്ചു.
"നമ്മുടെ സുകുമാരന്‍സാറിന്റെ അമ്മയിന്നലെ
മരിച്ചുവല്ലെ?"
"അതേഡോ. ഒരുപയിന്റ്‌ ജിന്‍, ഒരു ചിക്കന്‍
മീശമാധവന്റെ സീഡീ, ഉച്ച്യ്ക്കു സുഖമായൊരു
ഉറക്കം. അടിപൊളിയായിരുന്നു."
ജോസഫ്ചാക്കോസര്‍ പറഞ്ഞു.ഒരു ലീവ്‌ നഷ്ടമാ-
യതിന്റെ സങ്കടം വാസുദേവന്‍സാറിന്റെ മുഖത്ത്‌
നിഴലാട്ടം നടത്തി

പാവം സുകുമാരന്‍സാര്‍!
അതിലുംപാവം സുകുമാരന്‍സാറിന്റെ അമ്മ!!

പോസ്റ്റ്‌ സ്ക്രിപ്റ്റ്‌:
1750/- രൂപ വീതം രണ്ട്‌ കാറുകള്‍ ചേര്‍ത്തലയ്ക്കു
പ്പൊയതിന്റെ 3500/-രൂപയുടേയും, റീത്ത്‌ വാങ്ങിയ
വകയില്‍ 210/- രൂപയുടേയും ബില്ലുകള്‍ ചാര്‍ജസ്‌
ഡെബിറ്റ്‌ ചെയ്ത വൗച്ചറുകള്‍ കണ്ടപ്പോള്‍ തല കറ-
ങുന്നതായി തോന്നിയ ഡീജീയം ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കിട്ടിയാല്‍ക്കൊള്ളാമെന്നാശിച്ചു

Thursday, July 5, 2007

മഴവില്ല്‌


കാര്‍മുകിലായെന്നുള്ളില്‍ വേദന നിറയവേ
വാര്‍മഴവില്ലായ്‌ വന്ന്‌ നീയുദിച്ചൊരുനാളില്‍.
എല്ലാനിറവുമൊന്നായ്‌ ചേര്‍ന്നു നിന്നീടുമ്പോളാ-
ണല്ലോ വെളുപ്പുനിറ മെന്നതറിഞ്ഞു,നിറ-
മില്ലായ്മയാണ്‌ കറുപ്പെന്ന്‌ നീ ചൊല്ലിത്തന്നു
ഇല്ല, ഞാന്‍ മറക്കില്ലാ,യിതൊന്നു മെന്റെ മുത്തേ.
ഒരിയ്ക്കല്‍ മൃദുവായൊരാമ്പലിന്‍ സ്പര്‍ശംപോല്‍ പി-
ന്നൊരിയ്ക്കല്‍,ചിരിതൂകും അരിമുല്ലപോല്‍, പിന്നെ-
യൊരിയ്ക്കല്‍ ഇടിമിന്നല്‍ പിണരായ്‌, മഴയായ്‌,വേ-
റൊരിയ്ക്കല്‍മഴത്തുള്ളി പതിയ്ക്കു മരുവിപോല്‍
മിന്നി നീ നിന്നൂ, ഉള്ളിലിത്തിരി നേരംമാത്രം
പിന്നെ,നീമാഞ്ഞു,വീണ്ടും കാര്‍മുകില്‍ മാത്രം ബാക്കി!

Wednesday, July 4, 2007

'നാഗപ്പാട്ട്‌'നെപ്പറ്റി


യോഗശാസ്ത്രപ്രകാരം മനുഷ്യ ശരീരത്തിലെ നട്ടെല്ലിന്റെ
താഴത്തെ അറ്റമാണ്‌ മൂലാധാരം. അതിന്റെ അധിപതി
ഗണപതിയാണ്‌.അവിടെ 'കുണ്ഢലിനി' എന്ന
ഒരു സര്‍പ്പം ഉറങ്ങിക്കിടക്കുന്നുണ്ടത്രെ; എല്ലാവര്‍ക്കും.. നട്ടെല്ലിന്റെ നടുവിലൂടെയുള്ള സുഷുമ്നയിലൂടെ,പ്രാണായാമംകൊണ്ട്‌(നട്ടെല്ലിന്റെ ഇടത്തു വശത്തുള്ള'ഇഡ'യിലൂ-ടെയും വലത്തു വശത്തുള്ള 'പിംഗള'യിലൂടെയും,സഞ്ചരിയ്ക്കാനായി ശ്വാസം ഓരോ മൂക്കിലൂടെയും ഇടവിട്ടിടവിട്ട്‌വലിച്ചുവിട്ട്‌കൊണ്ട്‌) ഈ സര്‍പ്പത്തെ
ഉണര്‍ത്തി, മെല്ലെ മുകളിലെയ്ക്കു കൊണ്ടുവന്ന്,
സ്വാധിഷ്ഠാനം, മണിപൂരകം, വിശുദ്ധി, ആജ്ഞ,എന്നീ
മണ്ഢലങ്ങള്‍ പിന്നിട്ട്‌ ആറാമത്തെ മണ്ഢലമായ
സഹസ്രാരപദ്‌മത്തില്‍ എത്തിയ്ക്കാന്‍ കഴിഞ്ഞാല്‍,
ധാരണാശക്തിയും, വൈഭവവും വര്‍ധിച്ച്‌ അഭൗമമായ
അനന്ദവും കഴിവുകളും ഉണ്ടാകുമത്രെ. ഇതിന്റെ
പ്രയോഗം ഒരു ഗുരുവിന്‍കീഴിലല്ലെങ്കില്‍ ചിത്തഭ്രമം
വരെ വരാനിടയായേക്കും.

ഈ വരികള്‍ ആര്‍ക്കും മനസ്സിലാവാതെപോയതില്‍
എനിയ്ക്കു ഏറെ സങ്കടമുണ്ട്‌

Sunday, July 1, 2007

മന്ത്രവാദി


എനിക്ക്‌ 'ഒരുച്ചെന്നിക്കുത്ത്‌' മാറ്റാനുള്ള മന്ത്രമറിയാം
ഒരുച്ചെന്നിക്കുത്തെന്നാല്‍,ഇംഗ്ലീഷില്‍ മൈഗ്രൈന്‍ എന്നു പറയും
എന്റെപ്രപിതാമഹന്മാരെല്ലം മഹാ മന്ത്രികരും 'മുറി'വൈദ്യന്മാരുമായിരുന്നു. മുറിവൈദ്യന്‍ എന്നുപറഞ്ഞാല്‍, മുറിവ്‌ ചികില്‍സിച്ചു ഉണക്കുന്ന വൈദ്യന്‍ എന്നാണര്‍ത്ഥം. അല്ലതെ വ്യാജ ഡോക്ടര്‍
എന്നല്ല. യുദ്ധഭൂമിയില്‍ മുറിവേറ്റ യോദ്ധാക്കളെ ചികില്‍സിച്ചി
രുന്ന ഫീല്‍ഡ്‌ ഡോക്ട്ടേഴ്സ്‌. വസൂരിവന്ന്‌ ചീഞ്ഞളിഞ്ഞ്‌
കിടക്കുന്ന മൃതദേഹങ്ങളെ കുഴിയിലേയ്ക്കു എടുക്കാന്‍ ആളില്ലാതെ
വരുമ്പോള്‍, മുറുച്ചെടുത്ത വാഴത്തണ്ട്‌ ജപിച്ച്‌ കയ്യില്‍പിടിപ്പിച്ച്‌
കുഴിവരെ 'മൃതദേഹങ്ങളെ' അവര്‍ നടത്തിച്ചിരുന്നു പോലും.

ഒരുച്ചെന്നിക്കുത്ത്‌ മാറ്റാനുള്ളമന്ത്രം എന്നെ പഠിപ്പിച്ചത്‌'മുത്തായി'യാണ്‌. അന്നെനിയ്ക്കു വയസ്സു പത്ത്‌. മുത്തായി,എന്റെ അമ്മയുടെ അമ്മയുടെ,അഛന്റെ അനുജനാണ്‌. മഹാമന്ത്രവാദി. ഞങ്ങള്‍
കാണുമ്പോള്‍ത്തന്നെ പ്രായം എണ്‍പതിനോടടുത്താണ്‌. വായില്‍
ഒറ്റപ്പല്ലില്ലെങ്കിലും, നാടന്‍കോഴിയുടെ എല്ല്‌ മോണകൊണ്ട്‌"ഠേ"
എന്നു കടിച്ചുപൊട്ടിക്കുന്നകേട്ടാല്‍ ഞെട്ടിപ്പോകും. ഇടയ്കിടയ്ക്ക്‌
'സാവരന്‍' എന്ന്‌ അദ്ദേഹം ഓമനപ്പേരിട്ടുവിളിയ്ക്കുന്ന നാടന്‍
ചാരായം കുടിയ്ക്കും. കുടിയ്ക്കുമ്പോഴെല്ലാം ഒരുകുപ്പി മുഴുവന്‍
വേണമെന്നത്‌ നിര്‍ബന്ധമാണ്‌.

നാട്ടില്‍, നാലുഭാര്യമാരിലായി പത്തു പന്ത്രണ്ടു മക്കളുണ്ടത്രെ. ഷര്‍
ട്ടിടാറില്ല. മുണ്ടും,മേല്‍മുണ്ടും. ദേഹത്ത്‌ ഇറച്ചി തൊട്ടെടുക്കാനില്ല.എല്ലുകൂടിനെ തോലുകൊണ്ട്‌ പൊതിഞ്ഞപോലെ. എന്നാല്‍
ഭയങ്കര ശക്തിയാണ്‌. കോഴികളെ രണ്ടു വിരലുപയോഗിച്ചാണ്‌
കൊല്ലാറുപതിവ്‌. തലയില്‍ ഒറ്റരോമമില്ല. മുഖത്ത്‌,ഏതാനും
നരച്ചരോമങ്ങളുള്ള പുരികംമാത്രം. മടിയില്‍, ചെറിയ ഒരു ഓല-
ഗ്രന്ഥവും, മുറുക്കാന്‍പൊതിയും, ഒരു പേനക്കത്തിയും കാണും. പേനക്കത്തി ബഹുവിശേഷമാണ്‌. ഒരുപിടിയും,രണ്ടുതലയു-
മുണ്ടതിന്‌. ഒരുതല കത്തിയും,മറ്റേതല എഴുത്താണിയുമാണ്‌
ഏതെങ്കിലും ഒരുതല എപ്പോഴും പിടിയുടെ ഉള്ളിലായിരിയ്ക്കും
കത്തിയ്ക്കു ഭയങ്കര മൂര്‍ച്ചയാണ്‌

വേനലവധിയ്ക്കു അമ്മയുടെവീട്ടില്‍ ചെന്നാല്‍ നഗരത്തില്‍ നിന്നും
വരുന്ന ഞങ്ങള്‍ വി.ഐ.പി കളാണ്‌. കൊല്ലത്തിലൊരിയ്ക്കല്‍
നടത്തുന്ന ഈ യാത്രയ്ക്കുവേണ്ടി ഞങ്ങള്‍ കുട്ടികള്‍, കൊതിച്ച്‌
കാത്തിരിയ്കാറുണ്ട്‌. പത്തു പതിനഞ്ചു ദിവസത്തെ താമസത്തി-
നിടയില്‍,ചിലപ്പോള്‍, ഊരുതെണ്ടിവരുന്ന മുത്തായി ഒന്നുരണ്ടു
ദിവസം അമ്മവീട്ടില്‍ തങ്ങാറുണ്ടായിരുന്നു.
മുത്തായിയുള്ളദിവസം കോഴിക്കറി ഉറപ്പ്‌. അല്ലാത്തപ്പോള്‍
പുഴമീന്‍കൊണ്ടു തൃപ്തിപ്പെടേണ്ടിയിരുന്നു.

ഒരുസന്ധ്യയ്ക്ക്‌ മുത്തായി സാവരനില്‍ കിറുങ്ങി, പേനക്കത്തികൊണ്ട്‌ വെറ്റില,അടയ്ക,പുകയില എന്നിവ ച്രുതായി അരിഞ്ഞ്‌
വായിലിട്ട്‌ തുപ്പലൊലുപ്പിച്ചിരിയ്ക്കുമ്പോള്‍ ഞാന്‍ ധൈര്യം
സംഭരിച്ച്‌ അടുത്ത്‌ ചെന്ന്‌ പറഞ്ഞു.
"മുത്തായീ, എനിക്കൊരു മന്ത്രം പഠിപ്പിച്ചു തരാമോ"
"പ്‌ഫാാ‍" തുപ്പല്‍ തെറിപ്പിച്ചുകൊണ്ട്‌ ഒരാട്ട്‌
ഞാന്‍ ഞെട്ടിപ്പോയി. എനിക്കു കരച്ചില്‍ വന്നു.എന്നാല്‍ നഗര-
ജീവിതത്തിന്റെ ധൈര്യവും,കൗശലവും,പൂര്‍വസൂരിക്കളുടെ
സൂത്രങ്ങളും ഞാന്‍ സമാഹരിച്ചു.
"എന്റെ പൊന്നുമുത്തായിയല്ലേ, ഏതെങ്കിലും ഒരു മന്ത്രം
ഒരെണ്ണം മാത്രം മതി, പ്ലീീ‍സ്‌"
ആ പ്ലീീ‍സിലെവിടെയോ ആണെന്നു തോന്നുന്നു,മുത്തായി വീണു
വാല്‍സല്യപൂര്‍വം എന്നെ നോക്കിപ്പറഞ്ഞു
"പോയൊരു ഓലകൊണ്ടാറാ"
അടുക്കളയില്‍നിന്നു ഒരു കത്തിയുമെടുത്ത്‌ ഞാന്‍ നേരെപറമ്പിലേയ്കോടി. താഴ്‌ന്നു നിന്ന കുടപ്പനയുടെ ഒരോലമുറിച്ചു മുത്തായിയ്കു
കൊടുത്തു. മടിയില്‍നിന്ന്‌ പേനക്കത്തിയെടുത്ത്‌ നിവര്‍ത്തി
ഓല സൈസ്‌ ചെയ്തതിനുശേഷം മുത്തായി ഒരുമിനിട്ട്‌ എന്തോ
ആലോചിക്കുന്നപോലെ തോന്നി. പിന്നെ എഴുതി.."ശ്രീ....

നാലുവരി എഴുതിക്കഴിഞ്ഞ്‌ മുത്തായി എന്നെ നോക്കി പറഞ്ഞു

"ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രാ.ഒളിച്ചിരുന്ന്‌ കാണാതെപഠിച്ച്‌
എന്നെ ചൊല്ലി കേള്‍പ്പിക്ക്‌"

ഓലയുംകൊണ്ട്‌ ഞാന്‍ പത്തായപ്പുരയിലേയ്ക്കോടി. വാതില്‍ ചാരി
ഒരുമൂലയിലിരുന്ന്‌ അരണ്ട വെളിച്ചത്തില്‍ ഓലനീര്‍ത്തി ഞാന്‍
ഒരുച്ചെന്നിക്കുത്തിന്റെ മന്ത്രം പാഠിയ്കാന്‍ തുടങ്ങി

"മന്ത്രം പാട്ടായാല്‍ മണ്ണാനു വെലയില്ല" എന്നു ചൊല്ലുള്ളതിനാല്‍
ഞാനാമന്ത്രം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, അത്‌ ഏതാണ്ട്‌
ഇപ്രകാരമാണ്‌

ആദ്യമായി ഭഗവതിയെ,അതായത്‌ പരദേവതയെ, നമസ്കരിയ്ക്കുന്നു.
പിന്നെ, തലയുടെ മൂന്നു ഭാഗത്തായി വസിക്കുന്ന മൂന്ന്‌ ദേവ-
തകള്‍ ആധാരമായ ഒരുച്ചെന്നിക്കുത്ത്‌ ഒഴിഞ്ഞുപോക, സ്വാമിയും ഗുരുവിനാക സ്വാഹ:
ഇതാണ്‌ മന്ത്രം. ഞാനത്‌ കാണാതെ പഠിച്ച്‌ അരമണിക്കൂറിനകം
തിരിച്ചുചെന്ന്‌ ഓല മുത്തായിയെ ഏല്‍പ്പിച്ച്‌ നീട്ടി ചൊല്ലി
കേള്‍പ്പിച്ചു. മുത്തായിയ്ക്‌ക്‍തൃപ്തിയായെന്നു തോന്നി. പെരുവിരലും
നടുവിരലും കൊണ്ട്‌ നെറ്റിയില്‍പിടിച്ച്‌ ഈ മന്ത്രം 41 തവണ
ചൊല്ലി ഊതേണ്ടവിധം കാണിച്ചുതന്നു.പിന്നെ, കണ്ണടച്ച്‌ അല്‍പ
നേരമിരുന്ന്‌ ആ ഓലയിന്‍ ആഞ്ഞ്‌ ഊതി. "ത്‌ഫൂ.."
എന്നിട്ട്‌ എന്നോടായി പറഞ്ഞു.
"എനി ഈ ഓലേന്ന്‌ ആരു പഠിച്ചാലും ഫലിയ്ക്കില്ല. ഈ ഓല
ഞാന്‍ വെലക്കീര്‍ക്കണു. നീയിത്‌ ആര്‍ക്കും പറഞ്ഞ്‌കൊടുക്കണ്ട
പഠിപ്പിക്ക്യേം വേണ്ട. ഇതു കൊണ്ടോയി ആരും കാണാതെ
അടുപ്പിലിട്‌"
ഞാനാ ഓല ആരും കാണാതെ സൂത്രത്തില്‍ അടുപ്പിലിട്ടു.
മന്ത്രം കത്തി ചാമ്പലായി.

ഞാനിത്‌ ആരോടും പറഞ്ഞില്ല. എന്നാല്‍, തിരിച്ചു നാട്ടിലെത്തി
ഈ മന്ത്രം പ്രയോഗിക്കാന്‍ ഞാന്‍ അവസരം പാര്‍ത്തു നടന്നു.
കിട്ടിയ അവസരമെല്ലാം ഞാനുപയോഗിച്ചു. അത്ഭുതമെന്നുപറയട്ടെ
ഒരുച്ചെന്നിക്കുത്തുകാര്‍ ഒരു പത്തുവയസ്സുകാരന്റെ മന്ത്രവാദത്തില്‍
സുഖംപ്രാപിക്കുന്നത്‌ കുറേപ്പേര്‍ അറിഞ്ഞു.

പിന്നീടാണ്‌ എനിക്കിതിന്റെ ഗുട്ടന്‍സ്‌ മനസ്സിലായത്‌. വേദന
യുള്ള ചെന്നിയില്‍ തള്ളവിരലും മറ്റേ ചെന്നിയില്‍ നടുവിരലും
കൂട്ടിപ്പിടിച്ച്‌ നാല്‍പ്പത്തൊന്ന്‌തവണ മന്ത്രം ചൊല്ലിയൂതുമ്പോള്‍
ഏകദേശം ഏഴു മിനിട്ട്‌ വേദനിയ്ക്കുന്ന ഭാഗത്തെ ഞരമ്പ്‌ തള്ള-
വിരലിനാല്‍ അമര്‍ത്തിപിടിക്കപ്പെടുന്നു. താല്‍കാലികമായി ആ
ഭാഗത്തേയ്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതിനാല്‍, റിലീഫ്‌ അനു-
ഭവപ്പെടുന്നു. അല്ലാതെ മന്ത്രത്തിന്‌ ഇതില്‍ വലിയ പങ്കൊന്നുമില്ലഒരുപക്ഷെ, എനിയ്കറിഞ്ഞുകൂടാത്ത ഏതെങ്കിലും അജ്ഞാത ശക്തി
ഈ മന്ത്രം ചൊല്ലുമ്പോള്‍ എന്റെ വിരലുകളിലൂടെ പ്രവഹിക്കു-
ന്നുണ്ടാവുമോ ആവോ.

പിറ്റേകൊല്ലം കൂടുതല്‍ മന്ത്രങ്ങള്‍ പഠിക്കണമെന്ന മോഹവുമായി
അമ്മവീട്ടിലെത്തിയ ഞാന്‍ ഹൃദയഭേദകമായ വാര്‍ത്തയാണ്‌
കേട്ടത്‌. മുത്തായി രണ്ടാഴ്ച്ച മുമ്പ്‌ മരിച്ചത്രെ! ഒന്നുരണ്ടുകൊല്ലം
കൂടി മുത്തായി ജീവിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്നത്തേക്കാള്‍ വലിയ
ഒരു മഹാമാന്ത്രികനായേനെ!!

----------




.