Friday, December 21, 2012

കുളിരുന്നുവോ, സഖീ ?

കുളിരുന്നുവോ, സഖീ ? =============== കുളിരുന്നുവോ സഖീ, യീ ചെറു പൂമര ത്തളിരിളം കൂട്ടിലടുത്തിരിക്കൂ പുലരിവരും വരെ നീയെന്റെ നെഞ്ചില്‍ നിന്‍ തളരും ചിറകുകള്‍ ചേര്‍ത്ത് വയ്ക്കൂ.. . ഇരതേടിയകലേയ്ക്ക് പോയഞാനെത്തിയി- ട്ടരനാഴിക പോലുമായതില്ല. ഇരുള്‍ വന്നു മൂടുന്നതിന്‍ മുന്‍പീ കൂട്ടില്‍ നിന്‍ വരവു ഞാന്‍ നോക്കിയിരുന്നിരുന്നു.. . ഇനി നിലാവസ്തമിച്ചുദയം വരും വരെ പനിമതി മാഞ്ഞുപോം നേരം വരെ നനവാര്‍ന്ന പീലിത്തലോടല്‍ പോലൊഴുകുമീ- യനുഭൂതികള്‍ നമുക്കാസ്വദിക്കാം . ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന പദവിന്യാസത്തിനായ് കാത്തിരിക്കാം ഹൃദയാഭിലാഷങ്ങള്‍ കൊഞ്ചലായ് കുറുകിയാ പുതു പുതു സ്വപ്നങ്ങള്‍ കണ്ടിരിക്കാം.. . കുളിരുന്നുവോ, സഖീ യെന്‍ നെഞ്ചില്‍ നീ നിന്റെ തളിരിളം ചിറകുകള്‍ ചേര്‍ത്തു വയ്ക്കൂ പുലരി വരും വരേ നമ്മളൊന്നിച്ചു പൊന്‍ - പുളകങ്ങളൊക്കെയും പങ്കു വയ്ക്കാം.. . (22/10/2010 ല്‍ എഴുതിയത്..) ===================================

Tuesday, August 9, 2011

ശ്രീലതാ..

---------
ജന്മാന്തരങ്ങളായ്
ഞാന്‍ കൊതിച്ചിരുന്ന
മോഹസാഫല്യത്തിന്റെ,
നിര്‍വൃതിയുടെ
ഈ നിമിനേരങ്ങളില്‍ ;
ദുര്‍ബലമായ
എന്റെ പ്രാണന്‍
പിടഞ്ഞൊടുങ്ങിയിരുന്നെങ്കില്‍ !
എനിക്കിനി
സ്വപ്നങ്ങള്‍ വേണ്ടാ
അവയിലെ രത്നങ്ങളും വേണ്ടാ;
ജന്മങ്ങള്‍ വേണ്ടാ,
അവയിലെ പുണ്യങ്ങളും വേണ്ടാ;
അക്ഷരങ്ങള്‍ വേണ്ടാ,
അവയിലെ അമൃതും വേണ്ടാ...

അഷിത..

-----------
ഇന്നലേയും
എന്റെ സ്വപ്നങ്ങളില്‍
നീ വിരുന്ന് വന്നിരുന്നു.
വാര്‍മഴവില്ലിന്റെ തുഞ്ചത്തുനിന്നും
താഴോട്ടൂര്‍ന്നിറങ്ങി,
ഹരിതാഭമായ പാടത്തിന്റെ
അങ്ങേക്കരയില്‍ നിന്നും
വഴുക്കുന്ന വരമ്പിലൂടെ
രണ്ടുകൈകളും വശങ്ങളിലേയ്ക്കുയര്‍ത്തി,
നീ
എന്നരികിലോടിയെത്തി..
പുഷ്പശയ്യവിരിച്ച
അരളിമരത്തണലില്‍
ഒന്നുമൊന്നുമുരിയാടാതെ,
നാമന്യോന്യം നോക്കിയിരുന്നു.
എത്ര പെട്ടെന്നാണ്
സന്ധ്യയായത്?
മഴവില്ല് അപ്പോഴും മാഞ്ഞിരുന്നില്ല.
എഴുന്നേറ്റ്, വന്നപോലെതന്നെ
നീ തിരിച്ചു പോയി..
ഈ വെളുപ്പാന്‍ കാലത്ത്,
കിടക്കയില്‍ തനിച്ചെങ്കിലും,
അഷിതാ,
നിന്റെ സാമീപ്യം
ഞാനറിയുന്നു...

നീ..

-----
നിലാവിലുതിര്‍ന്ന
ഒരു മഞ്ഞുതുള്ളി,
എന്റെ ചുണ്ടത്ത്;
കിനാവിലുണര്‍ന്ന
ഒരുവളകിലുക്കം
എന്റെ നെഞ്ചകത്ത്..
പറന്നകന്ന
ഒരു രാപ്പാടിയുടെ മൃദുസ്വനം,
എന്റെ കാതുകള്‍ക്ക്.
പിടഞ്ഞുവീണ
ഒരാത്മാവിന്റെ രോദനം,
എന്റെ പ്രാണനാളത്തിന് ‍‌..‌

Tuesday, July 26, 2011

അദൃശ്യ

-------

സ്വപ്നങ്ങളില്‍‌നിന്നൂര്‍‌ന്നുവീണ
വാക്കുകളുടെ വെണ്‍‌മുത്തുകള്‍ പെറുക്കി,
മനസ്സിലെ വര്‍ണ്ണനൂലില്‍‌ കോര്‍ക്കാനൊരുങ്ങേ,
എന്നെയെന്റെ മോഹനിദ്രയില്‍‌നിന്നും
ഉള്ളുരുക്കുമൊരു കാതരശബ്ദത്താല്‍
വിളിച്ചുണര്‍‌ത്തിയതെന്തേ ?
അശാന്തിയുടെ തീരങ്ങളില്‍ ,
അഗ്നിച്ചിറകുള്ളകാറ്റു‌മേറ്റ്,
ശാപഗ്രസ്തമായൊരു ജന്മം‌പോലെ
എങ്ങോട്ടെന്നില്ലാതെയലയവേ,
ആര്‍ദ്രമായൊരുഗാനാലാപത്താല്‍
പിന്‍‌വിളിവിളിച്ചതെന്തേ ?
ചെരാതിലെ ഒറ്റത്തിരി
പൊടുന്നനെ അണഞ്ഞപ്പോള്‍
രാവെളിച്ചം പോലുമില്ലാത്ത കൂരിരുട്ടില്‍
ഞാന്‍ തീര്‍ത്തും തനിച്ചായപ്പോള്‍
എന്റെയാകാശതാമരേ !
നീയും അദൃശ്യയായിനിന്നതെന്തേ ?

സീനാ.

-------

ദൂരെയെങ്ങോനിന്നുയരുന്ന
സാരംഗിയുടെ തേങ്ങല്‍‌ പോലെ
കാണാമറയത്ത്നിന്നും
പൊടുന്നനെ
നിന്‍‌വിളി കേള്‍ക്കാനായെങ്കിലെന്നോര്‍ത്ത്​‌
ഞാനെന്റെ മനസ്സിന്റെ
ജാലകങ്ങള്‍ ചാരിയതേയില്ല...
പാതിയുറക്കത്തില്‍ കണ്ട
കിന്നരിചാര്‍ത്തിയ ഒരു കിനാവിലെന്നപോലെ
നീയടുത്തെത്തിയാല്‍
കാണാനായെങ്കിലെന്നോര്‍ത്ത്‌
ഞാനെന്റെ കണ്ണിന്റെ
വാതായനങ്ങള്‍ അടച്ചതുമില്ല...
നീയറിയുന്നുവോ ?
തിരകളാടിത്തിമിര്‍‌ത്ത കടല്‍‌പോലെ
അശാന്തമായ മനസ്സിന്റെ ഇരുളറകളില്‍
ഇന്നും,
ഇരുട്ടും, നിശബ്ദതയും മാത്രം !

Wednesday, July 20, 2011

തകര്‍ന്ന മുരളിക.

--------------
ഈറന്‍മിഴിയുമിടറും ചുവടുമായ്‌
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തി-
നീരടിയൂതിയവനലഞ്ഞൂ

ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.

പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍ .

പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്‌
ഞെട്ടിയുണരവേ കാണുമാറായ്‌
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..