Wednesday, April 29, 2009

നിര്‍ഭാഗ്യവാന്‍

നഷ്ടപ്പെടുത്തീടുവാനാവാത്തയത്ര നിന്നോ-
ടിഷ്ടമായിരുന്നെന്ന് നീമാത്രമറിഞ്ഞില്ല.
ദൃഷ്ടിയെന്‍നേര്‍ക്കെങ്ങാനുമുയര്‍ന്നീടുകില്‍, പക്ഷേ,
കഷ്ട,മെന്‍നാവില്‍നിന്നൊരക്ഷരം വരുകില്ല.

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ ശ്രമിയ്ക്കും വാക്യങ്ങളെ
ചിട്ടപ്പെടുത്താന്‍, നീയെന്‍മുന്നിലെത്തുമ്പോള്‍ ചൊല്ലാന്‍
പറ്റില്ല, വൃഥാവിലെന്‍ തൊണ്ടയിലപ്പോള്‍ ജലം
വറ്റിടും, അസ്പഷ്ടമായ്‌ പുലമ്പും വേറേയെന്തോ.

പിന്നിട്ടവര്‍ഷങ്ങളില്‍നിന്നു ഞാനറിയുന്നൂ
നിന്നെനേടുവാന്‍വേണ്ടും ഭാഗ്യമീയെനിയ്ക്കില്ല
ഇന്നുമെന്‍കിനാക്കളില്‍ പൂപ്പുഞ്ചിരിയുംതൂകി
വന്ന്നീനില്‍ക്കാറുണ്ട്‌, എന്നെക്കൊതിപ്പിയ്ക്കുവാന്‍ !

Tuesday, April 28, 2009

മാധുര്യം

നീലനിലാവിന്‍‌കുളിരലയിന്നലെ
ജാലകവാതിലൂടെന്നെനോക്കി.
കോലക്കുഴല്‍നാദമെങ്ങോഉയരുന്ന-
പോലെ; കരളില്‍തുടിമുഴങ്ങീ.

ചെല്ലക്കുളിര്‍ക്കാറ്റ്കൊണ്ടുവന്നൂ മോഹ-
സല്ലാപസംഗീതധാര;യുടന്‍
ചെല്ലേണമെന്‍‌മുകില്‍‌വര്‍ണ്ണന്റെ ചാരത്ത്
അല്ലെങ്കിലാവില്ലുറങ്ങീടുവാന്‍.

മെല്ലെ,യുറങ്ങുന്നനാഥന്റെയാകര-
പല്ലവങ്ങള്‍ വേര്‍പെടുത്തി, ശബ്ദം-
തെല്ലുമുണ്ടാക്കാതിറങ്ങി ഞാന്‍, മാറത്ത്
മല്ലീശരന്‍‌ബാണമേറ്റതല്ലേ..

ചെന്നു ഞാന്‍; പുഞ്ചിരിതൂകി, കൈകള്‍നീട്ടി
നിന്നിരുന്നൂ കണ്ണന്‍; കാളിന്ദിയും.
പിന്നെ,യേറെക്കഴിഞ്ഞെത്തി, തിരിച്ചു ഞാ-
നിന്നുമെന്‍‌ചുണ്ടിലുണ്ടാമധുരം
..

Friday, April 24, 2009

കിളിയും, കൂടും.

ആ മുളം‌കാടിന്നരികിലൊരുദിനം
കാമിനിയേക്കാത്ത്‌നിന്നീടവേ
പൂമരക്കൊമ്പത്ത്‌കൂടുകൂട്ടാന്‍‌വന്നൊ-
രോമനപ്പൈങ്കിളിയെന്നെനോക്കി.

ചുണ്ടില്‍,ഒരുനേര്‍ത്തുണങ്ങിയ കമ്പവള്‍
കൊണ്ടുവന്നിട്ടുമുണ്ടായിരുന്നു.
പണ്ടേ ഉറപ്പുള്ളൊരുകൊമ്പതിന്നവള്‍
‍കണ്ടുവെച്ചിട്ടുമുണ്ടായിരിയ്ക്കാം.

ഒട്ടൊരുസംശയത്തോടെനോക്കി എന്നെ-
യൊട്ടും‌പ്രതീക്ഷിച്ചിരുന്നില്ലവള്‍‌,
പെട്ടെന്ന്‌തന്നെപറന്നല്‍‌പദൂരത്ത്
മറ്റൊരുകൊമ്പത്ത്‌പോയ് ഇരുന്നു.

പിന്നെ,ഞാന്‍‌വേഗംനടന്നൂ‍ അവിടെനി-
ന്നന്നെത്തിയില്ലെന്‍ കരള്‍പ്പൂംകിളി;
ഒന്നുമല്ലെങ്കിലും വേറൊരുജീവിയ്ക്ക്
വന്നു, ഞാന്‍‌മൂലം മന:പ്രയാസം.

പിന്നെ, ഞാന്‍‌നാലഞ്ച് നാളുകള്‍‌ക്കപ്പുറം
ചെന്നാമരത്തിലെക്കൂടുകണ്ടു.
ഒന്നിച്ചിരുന്നകിളികളില്‍ പെണ്‍കിളി
എന്നെത്തിരിച്ചറിഞ്ഞെന്ന്‌തോന്നി.

എത്രയോവര്‍ഷംകഴിഞ്ഞാണ് ഞാന്‍ എന്റെ-
മുത്തിനെക്കണ്ടതും ഒന്നായതും.
ഇത്തിരിമണ്ണ്‌വാങ്ങിച്ചതും, രണ്ടാളു-
മെത്രപണിപ്പെട്ടു കൂടുകൂട്ടാന്‍ !

Tuesday, April 21, 2009

തൃക്കാര്‍ത്തിക

ചുറ്റിക്കറങ്ങിഞാനെത്തി നിന്‍‌വീടിന്റെ-
മുറ്റത്ത്, നിന്‍‌മുഖമൊന്ന് കാണാന്‍
ചുറ്റുംചിരാതുകള്‍‌കത്തിനിന്നൂ വഴി-
തെറ്റിയൊ? ഞാന്‍‌തെല്ല്‌സംശയിച്ചു.

കത്തുംതിരിയൊന്ന്‌കയ്യില്‍‌പിടിച്ചത്
പൊത്തി,യിടംകൈവിടര്‍ത്തി, മന്ദം
എത്തി നീ, പിന്നെ, മുഖമുയര്‍ത്തി,സ്നേഹം
കത്തും‌മിഴികളെന്‍‌നേര്‍ക്കുയര്‍ത്തി.

പിന്നില്‍, നിന്‍‌പാവാടത്തുമ്പില്‍‌പിടിച്ചന്ന്
നിന്ന അനുജത്തിയെന്നെനോക്കി
പിന്നെ, നിലാവുപോല്‍‌നിങ്ങള്‍ ചിരിതൂകി..
അന്ന് തൃക്കാര്‍ത്തികയായിരുന്നു !

Monday, April 20, 2009

ദര്‍ശനം

വാതായനങ്ങള്‍പതുക്കെത്തുറന്ന് നീ
ചേതോഹരമാമധരത്താല്‍ സന്ദേശ-
മോതാനൊരുങ്ങവേയെന്റെയിടനെഞ്ചി-
ലേതോശരത്കാലസന്ധ്യകള്‍പൂത്തുവോ ?

കെട്ടിയിട്ടില്ലാത്തൊരാമുടിത്തുമ്പില്‍നി-
ന്നിറ്റിറ്റുവീണസ്ഫടികബിന്ദുക്കളെ
ഒട്ടൊരശ്രദ്ധയോടെന്നപോല്‍‌‍ റ്റവ്വലാല്‍
തട്ടി, കുളികഴിഞ്ഞെത്തിയതാവണം.

കുന്നിറങ്ങിപ്പോയിസൂര്യന്‍, സന്ധ്യക്കെന്റെ
മുന്നില്‍ നിലാവായി നീനില്‍ക്കവേയെന്റെ
പൊന്നേ, ഈ ദര്‍ശനംമാത്രം‌മതിയെനി-
യ്ക്കെന്നാളുമോര്‍മ്മയില്‍ സൂക്ഷിച്ചുവയ്ക്കുവാന്‍ !

Friday, April 17, 2009

വെറുതേ..

അരികിലല്ലെങ്കിലും നിന്റെ ശയ്യാഗൃഹം
ഒരുപാട്‌ദൂരെയല്ലല്ലോ
ഒരുവിളിയ്ക്കായി ഞാന്‍കാത്തിരുന്നെങ്കിലും
വെറുതേ, നിരാശത തോന്നി..

അരികത്തൊരല്‍പമിരുന്നാല്‍മതി, എനി-
യ്ക്കൊരുവാക്കുമുരിയാടിടേണ്ട.
പറയാതെതന്നെനാമന്യോന്യമെപ്പോഴു-
മറിയുന്നു ഹൃദയാഭിലാഷം.

മഴമുകില്‍മൂടിയാകാശത്തിലെന്നാലെന്റെ
മിഴിയിണകള്‍മാത്രം പെയ്തു
തഴുകിക്കടന്നുപോയൊരുചുടുകാറ്റെന്റെ-
യഴലിനെയൂതിയുണര്‍ത്താന്‍.

ഇനിയിന്ന്,സെല്‍ഫോണില്‍ ഞാന്‍കാത്തിരിയ്ക്കുന്ന
മണിനാദമുയരുകയില്ല
നിനയാതെയൊരുവേള വളരെത്തിരക്കുള്ള
പണിവല്ലതും വന്നുകാണും..

Saturday, April 11, 2009

പഥികനും വേഴാമ്പലും

മിഴികളില്‍ കണ്ണീരുമായൊരു വേഴാമ്പല്‍
മഴകാത്തിരുന്നചില്ലയ്ക്കുതാഴെ;
മൊഴിയുവാനൊന്നുമാകാതെയിരുന്നു ഞാന്‍
വഴിമുന്നില്‍ താണ്ടുവാനെത്രദൂരം..

നെറുകയില്‍, കാലമേല്‍പ്പിച്ചൊരുണങ്ങാത്ത
മുറിവതില്‍നിന്നുമൊലിച്ചിറങ്ങീ
മറവിയ്ക്കുപോലും തുടയ്ക്കുവാനാകാത്ത
കറ, ആദ്യസ്നേഹനിരാസത്തിന്റെ..

അറിയുന്നു, ചക്രവാളത്തിലൊരുപക്ഷി
ചിറക്‍വിടര്‍ത്തിയലഞ്ഞിടുന്നു
ഒരുനാളില്‍, എന്റെയും, വേഴാമ്പലിന്റെയും
മുറിവിലാകൊക്കുകളാഴ്‌ന്നിറങ്ങും..

Thursday, April 9, 2009

വിഷു-2009

പൊന്നണിഞ്ഞെങ്ങും നിരന്ന്നില്‍പ്പായ്‌ കണി-
ക്കൊന്നയീമീനമാസത്തില്‍ത്തന്നെ
എന്നോചെറുപ്പത്തില്‍കണ്ട കണികളെ
ഇന്നുമതോര്‍മ്മപ്പെടുത്തിടുന്നു.

ഉണ്ണികള്‍ ഞങ്ങളുറങ്ങീടവേ അമ്മ
കിണ്ണത്തിലെല്ലാം ഒരുക്കിവയ്ക്കും
കണ്ണുകള്‍പൊത്തി,വിളിച്ചുണര്‍ത്തും ഉണ്ണി-
ക്കണ്ണന്റെരൂപം കണികാണുവാന്‍.

എണ്ണത്തിരി,നാളികേരത്തില്‍; പൂക്കളും,
പൊന്നും, പണവും, കണിക്കൊന്നയും,
കണ്ണാടിയും, കൊതിതോന്നുംപഴങ്ങളും;
പിന്നെയഛന്‍തരും കൈനീട്ടവും.

വെട്ടമാകുന്നതിന്‍മുന്‍പ്‌, മത്താപ്പിന്റെ-
പെട്ടിതുറക്കും, തുടര്‍ന്ന് പടക്കങ്ങള്‍
പൊട്ടിയ്ക്കും, കമ്പിത്തിരിപ്പൂക്കള്‍കത്തിച്ച്‌
പൊട്ടിച്ചിരിയ്ക്കും, മറക്കുമെല്ലാം.

ഇന്ന്,വിഷു, ചാനലില്‍ക്കൂടി റ്റീവീടെ
മുന്നിലിരുന്നാസ്വദിയ്ക്കുമ്പൊഴും
എന്നോകടന്നുപോയാസുദിനങ്ങളെ
ഇന്നുമോര്‍ക്കുന്നു, വിഷാദത്തൊടേ

Tuesday, April 7, 2009

എന്റെ ശാരിക.

ശാരികേ, എന്നെക്കൊതിപ്പിയ്ക്കുവാനെന്തി-
നാരാമമുല്ലപ്പടര്‍പ്പിലൊളിച്ചിരു-
ന്നോരോമധുരിതഗാനങ്ങളുംമൂളി-
യാരോമലിന്നെനീയോര്‍മ്മപ്പെടുത്തുന്നു ?

എത്രയോദൂരെയാണിന്നവളെന്നടു-
ത്തെത്തുവാന്‍സാദ്ധ്യതയില്ലെങ്കിലുമെന്റെ-
ഹൃത്തില്‍പ്പതിഞ്ഞൊരാശബ്ദമധുരിമ
എത്രനന്നായ്‌നീയനുകരിച്ചീടുന്നു.

പെട്ടെന്നൊരുനിമിഷത്തേയ്ക്കതുകേട്ട്‌
ഞെട്ടിത്തിരിഞ്ഞു ഞാന്‍ചുറ്റുംതിരയവേ,
കേട്ടത്‌ പാദസ്സരത്തിന്‍കിലുക്കമോ ?
പൊട്ടിച്ചിരിച്ചത്‌നീയോ ? അറിയില്ല

Monday, April 6, 2009

എന്റെ സ്വപ്നങ്ങള്‍

ഇന്നലെ, എന്തെന്നറിയില്ല, നിദ്രയില്‍
വന്നെത്തിയില്ല സ്വപ്നങ്ങളൊന്നും.
എന്നും മനോഹരദൃശ്യങ്ങളുമായി
വന്ന് മോഹിപ്പിച്ചിരുന്നെങ്കിലും.

ഉണ്ടെനിയ്ക്കാശ അതില്‍ചിലതെങ്കിലും
രണ്ടാമതും ആസ്വദിച്ചീടുവാന്‍
കണ്ടില്ല, ഇന്നേവരേയ്ക്കുമാസൗഭാഗ്യ-
മുണ്ടായതില്ല, ശ്രമിച്ചെങ്കിലും.

ഇഷ്ടമില്ലാത്തസ്വപ്നങ്ങള്‍ എനിയ്ക്കാദ്യ-
നോട്ടത്തില്‍തന്നെ തിരിച്ചറിയാം.
കഷ്ടം, ഇവയെന്തിനെന്റെയുറക്കത്തെ
നഷ്ടമാക്കാനെത്തിനോക്കിടുന്നു.

Friday, April 3, 2009

വേനല്‍മഴ

പൊള്ളുംവെയിലില്‍നില്‍ക്കുമ്പോള്‍ മഴ-
ത്തുള്ളികള്‍പെട്ടെന്ന് വീണൂ
ഉള്ളംതണുത്തില്ല, ചൂടോ, അതി-
നെള്ളോളമില്ലാ കുറവും.

തിങ്ങുംപരിഭ്രമത്താലേ ജന-
മങ്ങോട്ടുമിങ്ങോട്ടും പാഞ്ഞൂ.
എങ്ങിനെ വീട്ടില്‍ചെന്നെത്തും ചില-
രങ്ങിനെയോര്‍ത്ത്‌ വലഞ്ഞൂ.

തൊട്ടപ്പുറത്തെക്കടയില്‍ സ്ഥലം
കഷ്ടിയായ്‌, ആള്‍ക്കൂട്ടമേറി.
പെട്ടെന്നുതന്നെനിലച്ചു മഴ-
യൊട്ടുനനഞ്ഞില്ല മണ്ണും.

വാനിലൊരുപാട്‌ദൂരെ കൊള്ളി-
യാനൊന്ന് മിന്നിമറഞ്ഞൂ
വേനല്‍മഴയതില്‍നില്‍ക്കേ, അല്‍പം
മേനി നനഞ്ഞത്‌ മിച്ചം.