Monday, March 31, 2008

ഒരു രഹസ്യം.


കാവുണ്ട്‌, ചെറുതൊന്നെന്നമ്മവീട്ടില്‍, വിരുന്ന്-
പോവുമ്പൊഴെല്ലാം ഞങ്ങള്‍ കുട്ടികള്‍ അവിടെയ്ക്കും
പോവും, ആ സംഭ്രാന്തിതന്‍ തുരുത്തില്‍ കൈതൊഴാനും;
പൂവുകളിറുക്കാനും; മാമ്പഴം പെറുക്കാനും.

പച്ചമരങ്ങള്‍തീര്‍ക്കും കട്ടിമേലാപ്പിനാല്‍ ന-
ട്ടുച്ചയ്ക്കുപോലും തോന്നും തണുപ്പും; തമസ്സിന്റെ
കച്ചമൂടിക്കിടക്കും നിഗൂഢ ഗന്ധങ്ങളും
തെച്ചിപ്പൂ; കെട്ടതിരി ചിതറിയങ്ങിങ്ങായി.

മണിനാഗങ്ങള്‍, ആരും കാണാതെയവിടെവ-
ന്നിണചേരാറുണ്ടെന്ന് മുത്തശ്ശിപറഞ്ഞിട്ടും
കണിവെയ്ക്കുവാന്‍ പൂക്കള്‍ പെറുക്കാനെന്നപേരില്‍
പണിപറ്റിച്ചൂ; ഞാനന്നൊറ്റയ്ക്ക്‌ കാവില്‍കേറീ

കണ്ടതന്നാണാദ്യമായ്‌ കരിമൂര്‍ഖനെ, ഞാനാ
രണ്ടിണപെട്ടനാവും, തിളങ്ങും ശരീരവും
മിണ്ടുവാനാവാതെ ഞാന്‍ നിന്നൂ; ട്രൗസര്‍ നനഞ്ഞൂ
മിണ്ടിയിട്ടില്ലിക്കാര്യം ആരോടുമിതുവരെ

Sunday, March 30, 2008

വൈകിയോ;ഞാന്‍ ?

നീരസം കളഞ്ഞാലും, രാധേ, ഞാന്‍ വരാന്‍ വൈകി.
ഏറെനേരമായോ നീ കാത്തിരിയ്ക്കുവതെന്നെ ?
കാരണങ്ങളുണ്ടേറെ, പറയാം, സദയം നിന്‍
ചാരത്തിരിയ്ക്കാനെനിയ്ക്കനുവാദമേകുമോ?

പൂമണിത്തേരില്‍ചാരി രുഗ്മിണി നിന്നൂ, കൂടെ
ഭാമയുമുണ്ട്‌ കയ്യില്‍ പൂക്കളും ജലവുമായ്‌
തൂമന്ദഹാസംതൂകിയോതി, "ഞങ്ങളെ ഭവാന്‍
താമസമന്യേ ദേവാലയത്തിലെത്തിക്കേണം"

ആര്‍ത്തയായ്‌, യമുനതന്‍ തീരത്ത്‌ തനിച്ചെന്നെ-
കാത്ത്‌ നീയിരിപ്പുണ്ടെന്നോര്‍ത്തേറെ വലഞ്ഞൂ ഞാന്‍
എത്രയും വേഗം റാണിമാരെ നടയില്‍ വിട്ടാ-
ക്ഷേത്രത്തില്‍നിന്നും തേര്‌ തിരിയ്ക്കെ ഗാനം കേട്ടു.

മീര, തന്‍ എക്‍താരയില്‍ വിരലാല്‍ശൃൂതിമീട്ടി
ഈറന്‍സ്വരങ്ങളാലെ എന്നപദാനം പാടി
തേരങ്ങ്‌ ചേര്‍ത്ത്‌നിര്‍ത്തീട്ടല്‍പമാഗാനംകേട്ടു.
നേരെ ഞാന്‍പോന്നിങ്ങോട്ട്‌- വൈകിയോ ? ചൊന്നാലും നീ


Wednesday, March 26, 2008

യാഗാശ്വം


മടുത്തൂ, യാഗാശ്വത്തെപ്പോലെയീയാത്ര, പിടി-
കൊടുക്കാം, ആരെങ്കിലും എതിരേവരുന്നെങ്കില്‍
പിടിച്ച്‌ കെട്ടാന്‍, പണ്ട്‌, വന്ന രാജാക്കന്‍മാര്‍ക്ക്‌
കടക്കണ്ണേറുപോലും തടുക്കാന്‍ കഴിഞ്ഞില്ല

പട്ടുവസ്ത്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങളും പിന്നെ
പൊട്ടിയ ഹൃദയങ്ങളെന്നിവ കാല്‍ക്കല്‍ വച്ചൂ.
തട്ടിയകറ്റീ, കളിപ്പാട്ടങ്ങള്‍ പോലെ, എന്നെ
കെട്ടുവാനവര്‍ക്കാര്‍ക്കും യോഗ്യത തീരെപ്പോര

മേലുനോവുന്നൂ, കാഴ്ച്ച മങ്ങുന്നൂ, വിയര്‍ക്കുന്നൂ
കാലുകള്‍ കുഴയുന്നൂ, വേഗത കുറയുന്നൂ..
താലവുമേന്തിനിന്നയാളുകള്‍ മറയുന്നൂ
മേല, യീയാത്രയിനി തുടരാനൊട്ടും വയ്യ.

പിടിച്ചുകെട്ടാനെന്നെ യിവിടെയാരുമില്ലേ?
മടുത്തൂ, മതിയായി; തനിച്ചുള്ളൊരീയാത്ര

Tuesday, March 25, 2008

കാരണം


ഈറന്‍ മിഴിയും, തകര്‍ന്ന മനസ്സുമായ്‌
ഏറെയായ്‌ നിന്‍ ജാലകത്തിന്റെ ചില്ലുകള്‍-
തോറും തളര്‍ന്ന ചിറകിട്ടടിയ്ക്കുമീ
ഞാറക്കുരുവിയെ കണ്ടതേയില്ല നീ

പേരറിയാതെയടുത്തതും,പിന്നെ നാം
പേരിന്നുപോലും പിരിയാതിരുന്നതും;
"ആരെതിര്‍ത്താലും നീ വന്നു വിളിയ്ക്കുകില്‍
പോരുമിറങ്ങി ഞാ"നെന്നു പറഞ്ഞതും..

എന്തഴകായിരുന്നൂ മഴവില്ലുകള്‍-
ക്കെന്തായിരുന്നൂ സുഗന്ധമപ്പൂവുകള്‍-
ക്കെന്തായിരുന്നൂ അരുവിതന്‍ സംഗീത-
മെന്തായിരുന്നൂ ചുവന്ന സന്ധ്യാമ്പരം.

എപ്പോഴറിയില്ല; കാര്‍മുകില്‍ വന്നതും
എപ്പൊഴാപ്പൂക്കള്‍കൊഴിഞ്ഞതും; സംഗീത-
മെപ്പോള്‍നിലച്ചതും; സന്ധ്യ കറുത്തതും
എപ്പോഴോ കൂരിരുള്‍ വന്ന് നിറഞ്ഞതും

പിന്നെ, നീയെങ്ങോ പറന്നുപോയ്‌, ദൂരെ,യീ-
യെന്നെ യിവിടെയുപേക്ഷിച്ച്‌ നിര്‍ദ്ദയം.
ഇന്നലെ നീവന്ന്ചേര്‍ന്ന വിവരമാ-
തെന്നലാണെന്നോട്‌ കാതില്‍പ്പറഞ്ഞത്‌.

ഈറന്‍മിഴിയും തകര്‍ന്ന ചിറകുമായ്‌
ഏറെയായ്‌ ഞാനീ മഴയത്തിരിയ്ക്കുന്നു
വേറെയൊന്നും വേണ്ട, യീദു:ഖമേകുവാന്‍
കാരണമെന്തെന്ന് മാത്രം പറയുമോ?

Saturday, March 22, 2008

ശക്തിയില്ല


ദ്രൗപദീ, പൊത്തുന്നു ഞാനെന്റെകണ്ണുകള്‍; തീരാ-
ശാപമിക്കാഴ്ചകാണാന്‍ ശക്തിയീഭീമനില്ല
വേപഥുപൂണ്ടഞ്ചുപേര്‍ നിസ്സഹായരായ്‌ നില്‍പൂ
താപാശ്രുധാരയ്ക്കൊപ്പം രക്തബിന്ദുക്കള്‍ വീഴ്കെ*

നേര്‍ത്തവസ്ത്രത്താല്‍ തീര്‍ത്ത ചുറ്റുകളഴിയവേ
കൂര്‍ത്തകണ്മുനകള്‍ നിന്‍ മേനിയെക്കൊത്തിക്കീറി
ആര്‍ത്തട്ടഹസിപ്പൂ തന്‍മീശതടവിത്തിന്മ
ചീര്‍ത്ത ഊരുവെക്കാട്ടിത്തലോടി, ത്താളംകൊട്ടി

ഒര്‍ത്ത്‌നോക്കുമോ, നീയെന്‍ ജ്യേഷ്ഠനെപ്പുണരുമ്പോള്‍
പാര്‍ത്ഥനായിരുന്നില്ലേ നിന്റെ മനോരഥത്തില്‍?
കാത്ത്‌ ഞാനിരുന്നൂ എന്നൂഴവും നോക്കി നിന്റെ
മൂര്‍ത്തമോഹപ്പൂക്കളെ കൊണ്ടുവന്നര്‍പ്പിയ്ക്കുവാന്‍

കണ്ണനെ വിളിയ്ക്കൂ നീ; കരയൂ മറ്റാര്‍ക്കുമീ
മണ്ണിലിത്തരുണത്തില്‍ രക്ഷനല്‍കാനാവില്ല.
കണ്ണീരുതുടച്ചീടാം, കാര്‍കൂന്തല്‍കെട്ടീടാം ഞാന്‍
പിന്നെ, യിവനെക്കൊന്നാ രക്തത്തില്‍ കൈകള്‍മുക്കി.

ദ്രൗപദീ, പൊത്തുന്നു ഞാനിപ്പൊഴെന്‍ കണ്‍കള്‍, വയ്യാ
പാപമിക്കാഴ്ചകാണാന്‍ ഭീമന്‌ ശക്തിയില്ല.


* വസ്ത്രാക്ഷേപസമയത്ത്‌ ദ്രൗപദി രജസ്വലയായിരുന്നുവത്രെ

Saturday, March 15, 2008

ശരണമയ്യപ്പാ..


എത്രയോ ലക്ഷം ശരണംവിളിച്ചുവ-
ന്നെത്തുന്നിവിടെയിരുമുടിക്കെട്ടുമായ്‌.
ആര്‍ത്തനായ്‌ ഞാനുമിക്കൂട്ടത്തില്‍ നില്‍പൂ നിന്‍
നേത്രങ്ങളെന്‍നേര്‍ക്ക്‌ നീട്ടേണമയ്യപ്പാ..

ഏറെനടന്നു വലഞ്ഞിങ്ങ്‌ ഞാനെത്തി-
യീറന്‍മിഴികളും, തേങ്ങും കരളുമായ്‌
വേറെയില്ലാശ്രയം നീയല്ലാതിന്നെന്റെ
നീറുമഴലുകള്‍ നീക്കേണമയ്യപ്പാ..

പോയജന്മത്തിലറിയാതെ ഞാന്‍ചെയ്തു-
പോയപാപങ്ങള്‍ ക്ഷമിച്ച്‌ മാപ്പേകണം
ഈയൊരുജന്മമൊടുങ്ങുന്നനേരത്ത്‌
നീയെനിക്കേകണം മോക്ഷമെന്നയ്യപ്പാ..

Friday, March 14, 2008

മഴമുത്ത്

ഇറ്റുവീഴുമീ നീര്‍മണിമുത്തുകള്‍‌
ചെറ്റുനേരമെന്‍ കൈക്കുമ്പിളി‌ല്‍‌പിടി-
ച്ചിഷ്ടമോടെന്റെ കണ്‍കളില്‍ ചേര്‍ത്തൊരു
മുത്തമേകാന്‍ മനസ്സ് കൊതിയ്ക്കുന്നു।

ഈമഴയെന്‍‌വരണ്ട മനസ്സാകെ
പൂമഴയായി പെയ്ത് നിറഞെങ്കില്‍!!
മിന്നുമീച്ചെറു മുത്തുക്കുടങളെ
ഇന്ന്കൈവിരലാലെ പെറുക്കും ഞാന്‍।

‍പിന്നെ ഞാനവയെന്റെ കരളിലെ
കിന്നരിയിട്ട പെട്ടിയില്‍ സൂക്ഷിയ്ക്കും!!
എത്തിയോ മഴത്തുള്ളി‍കള്‍ ചിപ്പിയില്‍
മുത്ത്, വേദനയോടെയുണ്ടാക്കുവാന്‍‌ ?


(ഞാനവളെ മാത്രം “മുത്തേ” എന്നു വിളിച്ചു।)

Tuesday, March 11, 2008

നന്ദി


വേര്‍പിരിഞ്ഞോരിണപ്പക്ഷിയെയോര്‍ത്തന്ന്
നീറുംകരളും; നനവാര്‍ന്ന കണ്ണുമായ്‌
കൂരിരുള്‍തിങ്ങും മനസ്സിന്നറവാതില്‍
ചാരി,ഹതാശനായ്‌ ഞാനിരുന്നീടവേ-

നീവന്നു; സ്നേഹത്തിരിയിട്ട കണ്ണുമായ്‌
നോവും മുറിവിലമൃത്‌ പുരട്ടുവാന്‍;
പൂവിന്‍ സുഗന്ധമായെന്നെത്തലോടുവാന്‍;
നാവില്‍ ബീജാക്ഷര മന്ത്രമുണര്‍ത്തുവാന്‍..

ഇന്ന് ഞാന്‍ നിന്നെക്കണികണ്ടുണരുന്നു;
നിന്നെക്കിനാവിലുമോമനിച്ചീടുന്നു;
എന്നുള്ളില്‍ വാക്കുകള്‍ വീണ്ടും വിരിയുന്നു;
നിന്നോട്‌ ചൊല്ലുന്നു നന്ദി; ദൈവത്തോടും.


Friday, March 7, 2008

രാവലിയുന്നൂ


പേരറിയാത്തൊരു ഗാനത്തിന്നീരടി
ചരത്തെവിടെയോനിന്നുയരെ;
ഏറെപ്പരിചിതമാരാഗവും നിന്റെ
ഈറന്‍കവിളുമോര്‍മ്മിയ്ക്കുന്നു ഞാന്‍

പിന്നെ, നിദ്രാഹീനയാമങ്ങള്‍ നീളവേ
നിന്നെ കിനാവുകാണാന്‍കൊതിച്ച്‌
ഒന്നിങ്ങുവന്നിരുന്നെങ്കിലെന്നാശിച്ച്‌
എന്നോമലേ, ഞാന്‍ കരഞ്ഞിരുന്നൂ

താമരമൊട്ടുകള്‍ കൂമ്പിനില്‍ക്കുന്നൊരാ
പൂമേനിയെന്നോട്‌ ചേര്‍ത്ത്‌വച്ച്‌
ആമോദമോടെ ഞാനെന്നെമറക്കുന്ന
രോമഹര്‍ഷങ്ങളില്‍ രാവലിയും..


Tuesday, March 4, 2008

മാനസികാരോഗ്യം


എന്നെയല്ലാതെമറ്റാരെയും നോക്കരു-
തെന്നോടല്ലാതെ നീ മിണ്ടരുതാരോടു-
മെന്നെക്കണികണ്ടുണരണം; രാത്രിയി-
ലെന്നെപ്പുണര്‍ന്ന് കിടക്കണം നിത്യവും

മറ്റാരും കാണാതിരിയ്ക്കാന്‍ പൊതിയണം
ചുറ്റിലും നീ നിന്നെ കട്ടിവസ്ത്രങ്ങളാല്‍
മുറ്റത്ത്‌പോലുമിറങ്ങാതടുക്കള-
ച്ചുറ്റിലടങ്ങിയൊതുങ്ങിക്കഴിയണം

എന്‍പാനപാത്രങ്ങളെന്നും നിറയ്ക്കണം
എന്മുന്നില്‍ മാത്രം നീ ആടണം, പാടണം
എന്‍രുചിനോക്കി നീ വെച്ച്‌ വിളമ്പണം
എന്‍കുഞ്ഞ്‌മക്കളെ പെറ്റുവളര്‍ത്തണം.

ഇത്രയും മാത്രം മതി,യെനിയ്ക്കല്ലാതെ
അത്രയ്ക്കുമേലുന്നും വേണ്ട, തിരിച്ചുട-
നെത്തണം മാനസികാരോഗ്യകേന്ദ്രത്തി-
ലൊട്ടും മുടങ്ങരുതല്ലോ, മരുന്നുകള്‍!

Sunday, March 2, 2008

കരുത്തേകണം..


അല്ല; ഞാന്‍ മുനിയല്ല; കഠിനഹൃദയനു-
മല്ലിവന്‍; പ്രലോഭനങ്ങള്‍ക്കതീതനുമല്ല
ചില്ലുമേടയ്ക്കുള്ളിലാണെന്‍വാസ, മെന്‍നിശ്വാസ-
മല്ലാതെ കൂട്ടായെനിയ്ക്കാരുമേയിവിടില്ല

എന്ത്‌ ഞാന്‍ ചൊന്നാലുമെന്‍ വാക്കുകള്‍ കീറിമുറി-
ച്ചന്തരാര്‍ത്ഥങ്ങള്‍തേടി, എന്നെച്ചവിട്ടിത്താഴ്ത്താന്‍
എന്തുണ്ട്‌ പഴുതെന്ന് ചികഞ്ഞ്‌നോക്കീടുന്ന
ജന്തുക്കള്‍ ഇളിച്ചുംകൊണ്ടരികേതന്നെയുണ്ട്‌

ഒരുകൈ ചിരിച്ചുംകൊണ്ടെന്‍നേര്‍ക്ക്‌ നീട്ടുമ്പോഴും
പിറകില്‍, ഒളിപ്പിച്ച കഠാര, മറുകയ്യില്‍ !
ഒരിയ്ക്കല്‍, അബദ്ധത്തില്‍ വീണെങ്കില്‍ എണീയ്ക്കുവാന്‍
കരുത്തേകണം ഗുരു, ദൈവ,കാര്‍ണവന്മാരെ..

നിന്നെയോര്‍മ്മിച്ചീടുന്നു..


കല്ലുപോലുറച്ചോരീ മെത്തമേല്‍ ശോകം തല-
തല്ലും മനസ്സുമായ്‌ ഞാന്‍ ഉറങ്ങാന്‍ കിടക്കവേ
ചില്ലുവാതിലിലൂടെ വന്ന്,കാറ്റെന്‍ നെറ്റിയില്‍
മെല്ലെത്തലോടുമ്പോള്‍ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു

അന്തിച്ചുവപ്പ്‌പടര്‍ ന്നീറന്‍കവിളുമായി
സന്ധ്യാമ്പരത്തില്‍ ശ്യാമ മേഘങ്ങള്‍ നിരക്കവേ
എന്തിനെന്നറിയാതെന്‍ മനസ്സ്‌ തേങ്ങീടുമ്പോള്‍
സുന്ദരീ, സുമുഖീ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു

മന്ദാരമലര്‍ക്കാടിന്‍ അപ്പുറത്ത്‌നിന്നെത്തും
മന്ദമാരുതന്‍വന്ന്, പുണര്‍ന്ന് മുകര്‍ന്നാര്‍ദ്ര
ചന്ദനസുഗന്ധംപോല്‍ എന്നുള്ളില്‍നിറയുമ്പോള്‍
സിന്ദൂരവര്‍ണാംഗേ ഞാന്‍ നിന്നെയോര്‍മ്മിച്ചീടുന്നു..