Tuesday, August 9, 2011

ശ്രീലതാ..

---------
ജന്മാന്തരങ്ങളായ്
ഞാന്‍ കൊതിച്ചിരുന്ന
മോഹസാഫല്യത്തിന്റെ,
നിര്‍വൃതിയുടെ
ഈ നിമിനേരങ്ങളില്‍ ;
ദുര്‍ബലമായ
എന്റെ പ്രാണന്‍
പിടഞ്ഞൊടുങ്ങിയിരുന്നെങ്കില്‍ !
എനിക്കിനി
സ്വപ്നങ്ങള്‍ വേണ്ടാ
അവയിലെ രത്നങ്ങളും വേണ്ടാ;
ജന്മങ്ങള്‍ വേണ്ടാ,
അവയിലെ പുണ്യങ്ങളും വേണ്ടാ;
അക്ഷരങ്ങള്‍ വേണ്ടാ,
അവയിലെ അമൃതും വേണ്ടാ...

അഷിത..

-----------
ഇന്നലേയും
എന്റെ സ്വപ്നങ്ങളില്‍
നീ വിരുന്ന് വന്നിരുന്നു.
വാര്‍മഴവില്ലിന്റെ തുഞ്ചത്തുനിന്നും
താഴോട്ടൂര്‍ന്നിറങ്ങി,
ഹരിതാഭമായ പാടത്തിന്റെ
അങ്ങേക്കരയില്‍ നിന്നും
വഴുക്കുന്ന വരമ്പിലൂടെ
രണ്ടുകൈകളും വശങ്ങളിലേയ്ക്കുയര്‍ത്തി,
നീ
എന്നരികിലോടിയെത്തി..
പുഷ്പശയ്യവിരിച്ച
അരളിമരത്തണലില്‍
ഒന്നുമൊന്നുമുരിയാടാതെ,
നാമന്യോന്യം നോക്കിയിരുന്നു.
എത്ര പെട്ടെന്നാണ്
സന്ധ്യയായത്?
മഴവില്ല് അപ്പോഴും മാഞ്ഞിരുന്നില്ല.
എഴുന്നേറ്റ്, വന്നപോലെതന്നെ
നീ തിരിച്ചു പോയി..
ഈ വെളുപ്പാന്‍ കാലത്ത്,
കിടക്കയില്‍ തനിച്ചെങ്കിലും,
അഷിതാ,
നിന്റെ സാമീപ്യം
ഞാനറിയുന്നു...

നീ..

-----
നിലാവിലുതിര്‍ന്ന
ഒരു മഞ്ഞുതുള്ളി,
എന്റെ ചുണ്ടത്ത്;
കിനാവിലുണര്‍ന്ന
ഒരുവളകിലുക്കം
എന്റെ നെഞ്ചകത്ത്..
പറന്നകന്ന
ഒരു രാപ്പാടിയുടെ മൃദുസ്വനം,
എന്റെ കാതുകള്‍ക്ക്.
പിടഞ്ഞുവീണ
ഒരാത്മാവിന്റെ രോദനം,
എന്റെ പ്രാണനാളത്തിന് ‍‌..‌

Tuesday, July 26, 2011

അദൃശ്യ

-------

സ്വപ്നങ്ങളില്‍‌നിന്നൂര്‍‌ന്നുവീണ
വാക്കുകളുടെ വെണ്‍‌മുത്തുകള്‍ പെറുക്കി,
മനസ്സിലെ വര്‍ണ്ണനൂലില്‍‌ കോര്‍ക്കാനൊരുങ്ങേ,
എന്നെയെന്റെ മോഹനിദ്രയില്‍‌നിന്നും
ഉള്ളുരുക്കുമൊരു കാതരശബ്ദത്താല്‍
വിളിച്ചുണര്‍‌ത്തിയതെന്തേ ?
അശാന്തിയുടെ തീരങ്ങളില്‍ ,
അഗ്നിച്ചിറകുള്ളകാറ്റു‌മേറ്റ്,
ശാപഗ്രസ്തമായൊരു ജന്മം‌പോലെ
എങ്ങോട്ടെന്നില്ലാതെയലയവേ,
ആര്‍ദ്രമായൊരുഗാനാലാപത്താല്‍
പിന്‍‌വിളിവിളിച്ചതെന്തേ ?
ചെരാതിലെ ഒറ്റത്തിരി
പൊടുന്നനെ അണഞ്ഞപ്പോള്‍
രാവെളിച്ചം പോലുമില്ലാത്ത കൂരിരുട്ടില്‍
ഞാന്‍ തീര്‍ത്തും തനിച്ചായപ്പോള്‍
എന്റെയാകാശതാമരേ !
നീയും അദൃശ്യയായിനിന്നതെന്തേ ?

സീനാ.

-------

ദൂരെയെങ്ങോനിന്നുയരുന്ന
സാരംഗിയുടെ തേങ്ങല്‍‌ പോലെ
കാണാമറയത്ത്നിന്നും
പൊടുന്നനെ
നിന്‍‌വിളി കേള്‍ക്കാനായെങ്കിലെന്നോര്‍ത്ത്​‌
ഞാനെന്റെ മനസ്സിന്റെ
ജാലകങ്ങള്‍ ചാരിയതേയില്ല...
പാതിയുറക്കത്തില്‍ കണ്ട
കിന്നരിചാര്‍ത്തിയ ഒരു കിനാവിലെന്നപോലെ
നീയടുത്തെത്തിയാല്‍
കാണാനായെങ്കിലെന്നോര്‍ത്ത്‌
ഞാനെന്റെ കണ്ണിന്റെ
വാതായനങ്ങള്‍ അടച്ചതുമില്ല...
നീയറിയുന്നുവോ ?
തിരകളാടിത്തിമിര്‍‌ത്ത കടല്‍‌പോലെ
അശാന്തമായ മനസ്സിന്റെ ഇരുളറകളില്‍
ഇന്നും,
ഇരുട്ടും, നിശബ്ദതയും മാത്രം !

Wednesday, July 20, 2011

തകര്‍ന്ന മുരളിക.

--------------
ഈറന്‍മിഴിയുമിടറും ചുവടുമായ്‌
ഈ മുളംകാടിന്നരികിലൂടെ
ഈറക്കുഴലിലിഴയുമൊരീണത്തി-
നീരടിയൂതിയവനലഞ്ഞൂ

ഗാനമുതിര്‍ക്കാതെ പൂമരക്കൊമ്പൊന്നില്‍
കാനനമൈന കാതോര്‍ത്തിരുന്നു,
പൂനിലാത്തുണ്ടൊന്ന് മേഘപ്പുതപ്പിനാല്‍
വാനിലൊളിച്ചിരുന്നെത്തിനോക്കി.

പാടേമറന്നവനൂതിയവേണുവി-
ലൂടേയൊഴുകി, ശിവരഞ്ജിനി.
കോടമഞ്ഞോ, ഇലച്ചാര്‍ത്തിന്റെ കണ്ണീരോ
മോടിയിലിറ്റിറ്റുവീണുഭൂവില്‍ .

പെട്ടെന്ന് ഗാനം നിലച്ചു, മുളങ്കാട്‌
ഞെട്ടിയുണരവേ കാണുമാറായ്‌
ഒട്ടും ചലനമില്ലാത്തൊരു ദേഹവും,
പൊട്ടിപ്പൊളിഞ്ഞ മുരളികയും..

Tuesday, July 19, 2011

ഞാനിന്നു പ്രണയത്തിലാണ് !

---------------------
പ്രപഞ്ചം മുഴുവന്‍
ഒരു ബിന്ദുവിലേയ്ക്ക്
എത്തിനിന്നാലെന്ന പോലെ,
അന്യോന്യം അറിയാതെ തന്നെ
അടുത്തടുത്തുനില്‍‌ക്കുമ്പോള്‍ ,
മധുരമനോഹരമായ ഒരസ്വസ്ഥത
മനസ്സിന്റെ അടിത്തട്ടിലൂടെ
ഒഴുകിയടിയുന്നെങ്കില്‍ ..
അറിയൂ..
നിങ്ങള്‍ പ്രണയത്തിലാണ്‌ !
കണ്ണുകള്‍ കൂട്ടിമുട്ടാതെ തന്നെ
പരസ്പരം കാണാതെ തന്നെ
ആ ആള്‍ അടുത്തുണ്ടെന്നറിയാനും ;
ഒരു വാക്ക്,
ഒരു നോട്ടം,
ഒരു ചെറു ചിരി
നിങ്ങളെ ഹര്‍ഷോന്മാദത്തോളം
എത്തിക്കാനുമാവുമെങ്കില്‍ ,
അറിയൂ..
നിങ്ങള്‍ പ്രണയത്തിലാണ്‌ !
ആ സാമീപ്യത്തിനായി,
ഒരുവാക്കുരിയാടാനായി,
ഒന്ന് സ്പര്‍ശിക്കാനായി
മനസ്സ്
ഒരു കടലോളം ദാഹിക്കുന്നെങ്കില്‍ ,
അറിയൂ
നിങ്ങള്‍ പ്രണയത്തിലാണ്‌..!
ഞാനിവയറിയുന്നു..
ഞാനിന്നു പ്രണയത്തിലാണ്‌..!!

നിശബ്‌ദത..

----------
കാതങ്ങള്‍ക്കപ്പുറത്തെങ്ങോ നിന്ന്
എന്നും,
ഒരു കുറിഞ്ഞിപ്പൂച്ചയുടെ കുറുങ്ങല്‍ പോലൊരു ശബ്ദം
എന്നെ തേടിയെത്തുമായിരുന്നു..
അതുകേള്‍ക്കാന്‍ ,
കാതുകള്‍ക്കൊരായിരം
കുതിരശക്തിയും കൊടുത്ത്
ഞാന്‍
ദിവസവും
കാത്തുകാത്തിരിക്കുമായിരുന്നു..​ ..
പിന്നീട്,
കാരണമൊന്നുമില്ലാത്ത ഒരുകാര്യം പറഞ്ഞ്
ആ നാദധാര നിലച്ചു..
ഇങ്ങ്,
വിളിച്ചാല്‍‌കേള്‍ക്കാത്തത്ര ദൂരെയിരുന്ന്
ഞാനന്നൊരുപാട് കരഞ്ഞു.
പിന്നെ, എപ്പൊഴോ
എനിക്കു ശ്രവണശക്തി നഷ്ടമായതായി
വേദനയോടെ
ഞാന്‍ അറിഞ്ഞു.

കേഴുന്ന നീലാംബരി.

--------------------
ഞാനാരോടുരചെയ്തിടേണ്ടു ഹൃദയാകാശത്തിനങ്ങേത്തല-
യ്കായ്‌ നീറിപ്പുകമൂടിടുന്ന ചെറുതാം മേഘങ്ങള്‍തന്‍ വേദന
താനേപെയ്തുനിറഞ്ഞുലഞ്ഞൊഴിയുവാന്‍‌ തെല്ലൊന്നു മോഹിപ്പതി-
ന്നാണോയെന്നറിയുന്നതില്ലയിടയില്‍ ജ്യോതിസ്സുകള്‍ കാണ്മതും ?

ഓരോ മോഹമുയര്‍ന്നിടുന്ന സമയത്താരോമലാളിന്‍ മൊഴി-
ത്താരോര്‍‌മ്മിച്ചു വൃഥാ മനോവ്യഥയില്‍ ഞാന്‍ മുങ്ങിത്തുടിക്കുമ്പൊഴും
ആരോ ജാലകവാതിലിന്നുപിറകില്‍‌ നിന്നെന്റെപേരും വിളി-
ച്ചീരോമാഞ്ചമുയര്‍ത്തിടുന്നു, കുളിരേറ്റാലെന്നപോലോമനേ !

താരാകാന്തിയൊടെന്റെമുന്നില്‍ നിറവായ് നീ വന്നൊരാവേളയില്‍
തീരാദാഹമുയര്‍ന്നു, നിന്റെ ‌കവിളില്‍‌ ചുണ്ടൊന്നു ചേര്‍ത്തീടുവാന്‍‌‌ ...
ആരാവന്നു പകര്‍ന്നു തന്നു, മധുര സ്വപ്നങ്ങളില്‍ കണ്ടതാ-
മാരോമാഞ്ചമുയര്‍ത്തിടുന്ന വിടരാ മൊട്ടിന്റെ സൌഗന്ധവും..

ചൂടാനന്നുകഴിഞ്ഞതില്ല കനിവാര്‍‌ന്ന‌ര്‍പ്പിച്ചൊരച്ചമ്പകം‌
വാടാതിന്നുമിരിക്കയാണു നിറസൌരഭ്യത്തൊടെന്‍‌നെഞ്ചിലായ്‌
ആടാനാവണിയെത്തി, കാല്‍‌ത്തള കിലുങ്ങീടുന്ന നേരത്തു ഞാന്‍
പാടാനോര്‍ത്തു, മറന്നുപിന്നെ, കരളില്‍ കേഴുന്നു‌ നീലാംബരി..

മനസ്സിലൊരു വളപ്പൊട്ട്..

------------------------
കടുത്തവേനലില്‍ , അറയ്ക്കകത്തിരുള്‍ കനക്കവേ
യടുത്തുവന്നുനിന്നു നീ, പനിച്ചുഞാന്‍ കിടന്നനാള്‍‌ ..
തുടുത്തൊരക്കവിള്‍ത്തടത്തിലൊന്നുതൊട്ടവേളയില്‍
പിടച്ചുവോ, പറന്നുയര്‍‌ന്നു പൊങ്ങിയോ കരള്‍ക്കിളി
നനഞ്ഞ,നേര്‍ത്തചുണ്ടുകൊണ്ടു നീയെനിക്കു തന്നൊരാ
നനുത്തചുംബനത്തിലെന്റെയുള്ളുപൊള്ളിയോമലേ
വിളിച്ചുനിന്നെ, നിന്റെയമ്മയപ്പുറത്തടുക്കള-
ത്തളത്തില്‍ നിന്നു, മോടിനീയകന്നതിന്നുമോര്‍പ്പുഞാന്‍
തിളച്ചവേനല്‍ ജാലകത്തിലൂടെയെത്തിനോക്കവേ
മുളച്ചിടുന്നു പണ്ടുഞാന്‍ മനസ്സില്‍ നട്ട വിത്തുകള്‍ ..

ആകാശതാമര..

----------------
താരകേ ! കണ്ടുവോ നീയെന്റെയാകാശ-
താമരപ്പെണ്ണിനെ ? ചേതോഹരാംഗിയെ ?
ഏതോ വിദൂര വിജനസ്ഥലികളില്‍
വേദനതന്‍ തപ്തബാഷ്പങ്ങള്‍ വീഴ്ത്തുവോള്‍ ?

തീരങ്ങള്‍ തേടും തിരകളേ! കേട്ടുവോ
ആരോമലാളിന്റെ തേന്‍ മൊഴിച്ചിന്തുകള്‍ ?
ആരോഹണങ്ങളവരോഹണങ്ങളാ-
മീണങ്ങള്‍ ആ മണിവീണയുതിര്‍ത്തുവോ ?

ഓര്‍മ്മകള്‍പോലും വിറങ്ങലിച്ചിങ്ങുഞാ-
നീമരച്ചോട്ടില്‍ തനിച്ചിരുന്നീടവേ,
ആ മുഖം മാത്രം തെളിയുന്നു, മായ്ക്കുവാ-
നാവാതെ, കണ്ണീര്‍ മറയ്ക്കുന്നുവെങ്കിലും...

ഞാന്‍ മാത്രം, തനിയെ..

----------------------
ദിനരാത്രങ്ങളുടെ അകലങ്ങളേയും
സ്ഥല കാലങ്ങളുടെ രഥവേഗങ്ങളേയും
ശബ്ദതന്‍‌മാത്രകളാല്‍ അതിജീവിച്ച്;
നീയെന്റെ കര്‍ണ്ണപുടങ്ങളില്‍ പ്രണയമായി,
ജീവനില്‍ മൃതസഞ്ജീവനിയായി,
ആത്മാവില്‍ അമൃതവര്‍‌ഷിണിയായി
എന്നിലേയ്‌ക്കലിഞ്ഞൊഴുകിയിറങ്ങി..
നിബിഢവനങ്ങളും
സപ്തസാഗരങ്ങളും, മണലാരണ്യങ്ങളും
നമുക്കിടയില്‍നിന്നും തെന്നിവഴിമാറി.
സ്വപ്നച്ചിറകുകളില്‍
പറന്നുയരുമ്പോളൊക്കെ
ചുറ്റും താരകങ്ങള്‍
കണ്‍‌ചിമ്മുന്നുണ്ടായിരുന്നു.
പിന്നീട്
ആ ഗാനധാര നിലച്ചപ്പോള്‍
ഞാന്‍ തനിച്ചായെന്നറിഞ്ഞു
ഞാന്‍ മാത്രം
ഇവിടെ
തനിയെ...

കൃഷ്ണാ, ഗുരുവായൂരപ്പാ!

---------------------
ഗുരുവായൂര്‍ വരുമ്പോഴൊക്കെ
കണ്ണനെ തൊഴുതശേഷം
കല്യാണപ്പന്തലിനരികെ ചെന്നു നില്‍ക്കാറുണ്ട്.
ഇന്നു മുന്നൂറിലേറെ...
തിക്കിലും, തിരക്കിലും പെട്ട്,
വിയര്‍ത്തുകുളിച്ച്,
അവശരും, വിവശരുമായ വധൂവരന്മാരും, ബന്ധുക്കളും
ഒരുക്കുന്ന കോമഡി സീന്‍ കാണാനെന്തു രസം ...
ഒന്നരമിനിറ്റുകൊണ്ട് കെട്ടു കഴിഞ്ഞാല്‍ ,
ആ മുഖങ്ങളെല്ലാം വിളിച്ചു പറയും...
“ഹവൂ ! രക്ഷപ്പെട്ടെന്നാ തോന്നുന്നേ, ന്റെ കണ്ണാ..”
“ആപ്പിലായെന്നാ തോന്നുന്നേ, കൃഷ്ണാ..”
“ഒരെണ്ണം ഒരു വിധം കഴിച്ചിലായി, ഗുരുവായൂരപ്പാ !”
പാന്‍ കേക്കും, റൂഷും, ലിപ്സ്റ്റിക്കും ഒലിച്ചിറങ്ങുന്ന വധുവിന്റെ
മുഖത്ത്, തന്റെ മുഖം മോര്‍ഫ് ചെയ്തും;
കഴുത്തില്‍ ,നെറ്റിപ്പട്ടം ചാര്‍ത്തിയാലെന്നപോലെയും
കയ്യില്‍‌ ‍, മുട്ടോളം നിറയുന്നതുമായ
മഞ്ഞലോഹപ്പൊലിമകണ്ടും ആശങ്കപ്പെടുന്ന
ഭാവി വധുകുമാരികള്‍ ..
അവകണ്ട്, അസൂയയോടെ നെടുവീര്‍പ്പിടുന്ന
ഭാവി വരകുമാരന്മാര്‍ ..
ഛായാഗ്രാഹകപ്പരിഷകളുടെ
വിവിധതരം അഭ്യാസപ്രകടനങ്ങള്‍ ..
കെട്ടുകഴിഞ്ഞുള്ള സദ്യയെപ്പറ്റിയോര്‍ത്ത്‌
മനസ്സുകലുഷിതമാക്കുന്നവര്‍
ശരണാര്‍ത്തരായെത്തിയവരും,
കല്യാണത്തിനെത്തിയവരും,
വെറുതെ തൊഴാനെത്തിയവരും,
വഴിവാണിഭക്കാരും,
വായീനോക്കികളും,
ഭിക്ഷക്കാരും...
ആകെ പത്തു പതിനയ്യായിരത്തിനുമീതെ വരും..
പൂഴിവാരിവിതറിയാല്‍ , താഴെവീഴില്ല..
എല്ലാരെയും കാത്തുരക്ഷിപ്പാന്‍
ഒരേ ഒരു ഗുരുവായൂരപ്പനും..
കൃഷ്ണാ, ഗുരുവായൂരപ്പാ !

അന്ധന്‍ .

------------
എനിക്ക് കിനാവുകളുണ്ടായിരുന്നില്ല.
അനുഭവങ്ങളുടെ ചാട്ടവാറടിയേറ്റ്
മരവിച്ച മനസ്സെങ്ങിനെ കിനാവു കാണും ?
എനിക്ക് മോഹങ്ങളുണ്ടായിരുന്നില്ല.
ദാഹജലം‌പോലുമില്ലാതെ
വലഞ്ഞലഞ്ഞ മരുഭൂവില്‍
മോഹങ്ങള്‍ മരീചികകളായി.
എനിക്ക് മധുരിക്കുന്ന ഓര്‍മ്മകളുണ്ടായിരുന്നില്ല
സ്നേഹരാഹിത്യത്താല്‍ വരണ്ട മനസ്സിലെ
ഓര്‍മ്മകളെല്ലാം കയ്പ്പേറിയതായിരുന്നു.
നീയാണെനിക്ക്
കിനാക്കളും, മോഹങ്ങളും,
മധുരോദാരമായ ഓര്‍മ്മകളും തന്നത്..
എന്നിട്ട് ?
എന്നില്‍നിന്നും അവയെയൊക്കെ
ചോദിക്കാതെ തിരിച്ചെടുത്ത്,
യത്രപോലും പറയാതെ നടന്നകന്നു..
കാഴ്ച്ച തിരിച്ചുകിട്ടിയശേഷം,
വീണ്ടും അന്ധനായപോലെ
ഇന്ന് ഞാന്‍ .....

വേനലറുതി..

വേനലറുതി..
-----------------
ആഷാഢമേഘങ്ങളേ,
നിങ്ങള്‍ക്ക് സ്വാഗതം .!
മകരമഞ്ഞേറ്റ് തണുത്തുറഞ്ഞ ഹൃദയങ്ങളെ,
ഒരു പ്രണയച്ചൂടാലെന്നവണ്ണം
ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍
എന്നാലാവുന്നത് ഞാന്‍ ചെയ്തു.
പൂവാക, രുധിരശോഭയേറ്റിയ വീഥികള്‍ ;
ഉത്സവമേളങ്ങളുടെ തിമിര്‍പ്പുകള്‍ ;
കൊതിയൂറുന്ന മാമ്പഴത്തിന്റെ മണം, രുചി ;
തണല്‍തേടാനുഴറുന്ന മദ്ധ്യാഹ്നങ്ങള്‍‌ ;
ആലസ്യമധുരിമയാര്‍ന്ന സായാഹ്നങ്ങള്‍ ;
മനസ്സിലും, ശരീരത്തിലും
സ്വേദകണങ്ങളുയര്‍ത്തുന്ന രാത്രികള്‍ ...
എല്ലാം മതിയാക്കുന്നു.
ഇനി, ഞാനിറങ്ങട്ടെ..
ചിങ്ങമെത്തുമ്പൊഴും,
ഒന്നു പുറത്തിറങ്ങാനാവാത്ത
“ഈ നശിച്ച മഴ“
എന്നു പറയേണ്ടിവരുമ്പോഴെങ്കിലും
നിങ്ങള്‍ എന്നെയോര്‍ക്കും..
അതു വരെ..