Friday, May 16, 2008

ഇന്നലെ നീ വന്നപ്പോള്‍..


സന്ധ്യയ്ക്കുവിടര്‍ന്നോരു സ്വര്‍ണ്ണമന്ദാരപ്പൂപോല്‍
സിന്ദൂരവര്‍ണ്ണാംഗേ, നീ ഇന്നലെ വന്നെന്‍മുന്നില്‍.
ചെന്താമരപ്പൂപോലെ തുടുത്ത കവിളോടെ,
ഇന്ദീവരങ്ങള്‍പോലെ വിടര്‍ന്ന മിഴിയോടെ.

പട്ടുപാവാടപിടിച്ചെപ്പൊഴും നിന്‍പിന്നാലെ
ഒട്ടുന്നൊരനുജനെ കൂട്ടാതെ, തേടി, തനി-
ച്ചൊട്ടുനേരമായ്‌ കാത്ത്‌, കാണാഞ്ഞ്‌ മടുത്താന-
ക്കൊട്ടിലിന്‍പിറകിലെയാല്‍ച്ചോട്ടില്‍ നിന്നോരെന്നെ.

പെട്ടെന്ന് മുന്നില്‍ വന്നാല്‍; അല്ലെങ്കില്‍തന്നെ കണ്ടാല്‍
കിട്ടുകില്ലൊന്നും മിണ്ടാന്‍, വാക്കുകള്‍വറ്റിപ്പോകും.
കെട്ടിപ്പുണരാനൊന്നാ കവിളില്‍ ചുംബിയ്ക്കുവാന്‍
ഒട്ടല്ലമോഹം, നിന്നോടെങ്ങിനെ ചൊല്ലീടും ഞാന്‍?

Tuesday, May 13, 2008

പുലരാതിരുന്നെങ്കില്‍..


രാധേ, നിന്‍മൃദുലാധരങ്ങളില്‍ ചുംബിയ്ക്കെയീ
യാദവകുമാരനില്‍ നിര്‍വൃതി നിറയുന്നൂ
പാദാരവിന്ദങ്ങളെ തഴുകും യമുനയ്ക്കും
ചേതോവികാരം മറ്റൊന്നാകുവാനിടയില്ല.

പാതിരാവായിട്ടും, നിന്‍പൂമുഖം കണ്ടിട്ടാവാം
പാതിമെയ്മറച്ചിതാ നാണിച്ച്‌ തിങ്കള്‍ നില്‍പൂ
പാതികൂമ്പിയമുഖത്തോടെ നെയ്യാമ്പല്‍ നോക്കീ
പാതയോരത്തെ മരച്ചോട്ടില്‍ നാമിരിപ്പത്‌

താരഗണങ്ങള്‍ മഞ്ഞിന്‍ ഹര്‍ഷ‌ബാഷ്പങ്ങള്‍ തൂകി.
ദൂരെരാപ്പക്ഷി മൃദുപഞ്ചമങ്ങളും പാടി.
ചാരെ, യെന്‍മടിയില്‍ നീയാലസ്യ ഭാവംപൂണ്ട്‌..
ഈരാവ്‌ പുലരാതെയിങ്ങനെയിരുന്നെങ്കില്‍!!

Monday, May 12, 2008

ആരുമറിയുന്നില്ല..


ഒഴുകിയോളങ്ങള്‍ ദൂരേയ്ക്ക്‌; തീരങ്ങളെ
തഴുകിയിളംകാറ്റില്‍ മെല്ലെ
മിഴിനീര്‍ കവിളിലൂടിറ്റിറ്റ്‌ വീഴവേ
പുഴയത്‌ കണ്ടതേയില്ല.

ഇടനെഞ്ച്‌പൊട്ടിത്തകര്‍ന്നൊരേകാകിയീ
കടവിലുണ്ടെന്നറിയാതെ
പിടയുന്ന ഗദ്ഗദം ഒന്ന്‌ നോക്കീടാതെ
പടിചാരി സന്ധ്യയും പോയീ.

ഇരുള്‍നിറയുന്നതിന്‍മുന്‍പ്‌ സുഗന്ധിയാം
ചെറുകുളിര്‍കാറ്റൊന്ന്‌ വീശി
കരളിലെകദനങ്ങളാരുമറിഞ്ഞില്ല
വെറുതേയിരുന്ന് ഞാന്‍ തേങ്ങീ

Sunday, May 11, 2008

സ്വപ്നം

പൊട്ടിത്തകര്‍ന്ന ഹൃദയമോടെ, മണ്ണില്‍
ഞെട്ടറ്റു വീഴുന്നതിന്നു മുമ്പായ്‌
മൊട്ടൊന്നു നോക്കി; കരുണാര്‍ദ്ര സൂര്യന്റെ
വെട്ടമെങ്ങാനിങ്ങടുത്തെത്തുമോ?

ഒട്ടരികത്തായ്‌ തെളിഞ്ഞ മരുപ്പച്ച
പെട്ടെന്ന് മാറി, മരീചികയായ്‌.
ഒട്ടകങ്ങള്‍ ദാഹനീരിനായ്‌ ദൂരേയ്ക്ക്‌
കൂട്ടമായ്‌ മെല്ലെ നടന്നു നീങ്ങി

ഇല്ലിനിയെന്നാശ പൂവണിഞ്ഞീടില്ല
ഇല്ല; ഈ മൊട്ട്‌ വിടരുകില്ല
എല്ലാമൊരു സ്വപ്നമായിരിയ്ക്കാം. വിധി-
യല്ലാതെ യെന്താണിതിന്റെയര്‍ത്ഥം?

Thursday, May 8, 2008

ഒരിയ്ക്കല്‍ക്കൂടി


മിഴിയില്‍; മനസ്സില്‍ നീമാത്രമുള്ളോരെന്നെ
ഒഴിവാക്കിടല്ലേ; കരഞ്ഞ്‌പോം ഞാന്‍
മഴമേഘമാലകള്‍ തിങ്ങും മനസ്സിന്റെ
വഴിയാകെയിരുള്‍വന്ന് മൂടുന്നുവോ?

ശ്രുതിതേടുമൊരുമുളംതണ്ടായിരുന്നു ഞാന്‍
ഹൃദയേശ്വരീ, നിന്നെക്കാണുംവരെ-
അതില്‍പിന്നെയെന്നുള്ളിലനുരാഗസ്വരജതികള്‍
അതിലോലമഴകോടെയൊഴുകിനീന്തി

കരള്‍വാര്‍ന്ന്, തിരകളീകരയിലേയ്ക്കെത്തിച്ച
ഒരുജലശംഖായിരുന്നന്ന് ഞാന്‍
കരതാരിലേറ്റി, നിന്‍ചൊടിയോട്‌ചേര്‍ത്തെന്നി-
ലൊരുനാദവൈഖരി നീയുണര്‍ത്തി.

മിഴിയില്‍; മനസ്സില്‍ നിന്‍ശ്വാസമായോരെന്നെ
ഒഴിവാക്കിടല്ലേ; തകര്‍ന്ന്പോം ഞാന്‍
മിഴിവാര്‍ന്നതിരിനാളമായിജ്ജ്വലിയ്ക്കുവാന്‍
കഴിയിമോ? ഒരുമാത്രകൂടിയെന്നില്‍?

Tuesday, May 6, 2008

മടുത്തോ; നിനക്കെന്നെ?


സത്യം പറയൂ; മടുത്തോ നിനക്കെന്നെ?
കത്തുന്ന വേനലില്‍നിന്ന് തളിര്‍ച്ചാര്‍ത്തി-
ലെത്തിയോരെന്നെ? പഴയപോല്‍ നീതരും
മുത്തങ്ങള്‍ക്കെന്തേയാ പൊള്ളുന്ന ചൂടില്ല?

ചേര്‍ത്ത്‌ പിടിക്കവേ ഉള്ളിന്റെയുള്ളില്‍ തി-
മിര്‍ത്ത്‌ പെയ്യുന്ന മഴയില്ലിടിയില്ല?
വര്‍ത്തമാനത്തിലെ കൊഞ്ചലില്ലാ? മണി-
മുത്ത്‌ ചിതറും ചിരിയുമിപ്പോഴില്ല?

ഒറ്റയ്ക്കിരിയ്ക്കുന്ന നേരത്ത്‌ ഞാന്‍ കണ്ട
ഒത്തിരി ഒത്തിരി കൊച്ചു കിനാവുകള്‍
ഒക്കവേ ദൂരേയ്ക്ക്‌ പോയി, ഒരുകാറ്റിന്‍
ഒക്കത്തിരുന്ന്, തിരിഞ്ഞൊന്ന് നോക്കാതെ..

സത്യം പറയൂ; മടുത്തോ? മറന്നുവോ
എത്രകണ്ടാലും കൊതിതീരുകില്ലെന്നു-
മെത്ര പുണര്‍ന്നാലുമാശതീരില്ലെന്നു-
മെത്രപറഞ്ഞ്‌ മോഹിപ്പിച്ചതൊക്കെയും?

Saturday, May 3, 2008

വിളിപ്പേരുകള്‍

പൊന്നാണ്‌; പൊന്നിന്‍കുടമാണെനിയ്ക്കു നീ
കണ്ണാണ്‌; കണ്ണിന്‍തിളക്കമാണ്‌.
വിണ്ണിലെ താരാഗണങ്ങള്‍ക്ക്‌ റാണിയാം
വെണ്ണിലാവാണ്‌; വെളിച്ചമാണ്‌

മുത്താണ്‌; ജീവനെപ്പുല്‍കിയുണര്‍ത്തുന്ന
മുത്തങ്ങളാണതിന്‍ നിര്‍വൃതിയും;
മൊത്തിക്കുടിയ്ക്കുന്ന വീഞ്ഞിന്‍ ലഹരിയും
നൃത്തം ചവിട്ടും മയിലുമാണ്‌

പൂവാണ്‌; പൂവിലെത്തേനാണ്‌; കാണാത്ത
പൂംകുയില്‍ പാട്ടിന്റെ പഞ്ചമവും
നോവുകള്‍ക്കാശ്വാസ സാന്ത്വന സ്പര്‍ശനം
നീയെന്റെ ജീവന്റെ ജീവനാണ്‌

Friday, May 2, 2008

അനുജനും; തുമ്പിയും


മുമ്പില്‍ നീ വന്ന് കണ്ണീര്‍ തൂവേണ്ട, കളിക്കാന്‍ ആ
തുമ്പിയെവേണം നിനക്കത്രയല്ലയേ വേണ്ടൂ?
മുമ്പുമിതുപോലെ നീ കരഞ്ഞ്‌, കൈയെത്താത്ത-
കൊമ്പിലെ പൂവും, കായും കൈക്കലാക്കിയിട്ടില്ലേ?

അമ്മായിപ്രസവിച്ചൊരാണ്‍കിടാവിനെക്കണ്ട്‌
അമ്മയോടന്നേചൊല്ലി; കരഞ്ഞ്‌ ശാഠ്യംകൂട്ടി
അമ്മാതിരിയുള്ളൊരു കുഞ്ഞിനെ വേഗം വേണം
നമ്മള്‍ക്കും; ചിരിച്ചമ്മ; യഛനുമതുകേട്ട്‌

നീവന്നു, പിന്നെ, എന്റെ മാത്രമായിരുന്നൂ നീ
ജീവന്റെ നിശ്വാസംപോല്‍ നിന്നെ ഞാന്‍ നെഞ്ചിലേറ്റി
പൂവിതള്‍ക്കൈകാലുകള്‍ വളര്‍ന്നീടവേ നിന്റെ
നോവുകള്‍, ആഹ്ലാദങ്ങള്‍ ഒക്കവേ എന്റേതായി

തുമ്പിയെ വേണം പോലും! കൂര്‍ത്തുള്ള നിന്റെ മീശ-
ത്തുമ്പ്‌ കണ്ടാലാപാവം പേടിച്ച്‌ കരഞ്ഞേയ്ക്കും
മുമ്പില്‍നിന്നെഴുന്നേല്‍ക്കൂ, കണ്ണുകള്‍ തുടയ്ക്കൂ നീ.
ചെമ്പനീര്‍പൂത്തുമ്പിയെ, ശ്രമിയ്ക്കാം, കൊണ്ടെത്തരാന്‍.

(മെയ്‌ ഒന്ന് രാത്രി 12.30ന്‌ തുടങ്ങി 1.15ന്‌
എഴുതി മുഴുമിച്ചു)

--------------------------------
ഈ കവിത ഞാന്‍ എന്റെ സഹോദരിയ്ക്ക്‌ സമര്‍പ്പിയ്ക്കുന്നു. അടുത്ത വീട്ടിലെ സ്ത്രീ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്‌ പോയിക്കണ്ടുവന്ന് അതുപോലെ 'മണിയുള്ള' ഒരു കുഞ്ഞിനെ നമുക്കും വേണമെന്ന് അമ്മയോട്‌വാശിപിടിച്ച്‌ കരഞ്ഞ ആ മൂന്നുവയസ്സുകാരിയ്ക്ക്‌. എന്നെ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്ന്, എന്റെ ഏതാഗ്രഹവും സാധിപ്പിച്ചുതന്ന, തരുന്ന എന്റെ ചേച്ചിയ്ക്ക്‌..