Wednesday, August 22, 2007

ഏകതാരം


ഏകാന്തതയില്‍ ഞാനിങ്ങിരിയ്ക്കുമ്പോഴൊ-
രേകതാരം പടിഞ്ഞാറുദിച്ചു
മൂകവിഷാദഭാവങ്ങളാലെന്‍മന-
സ്സാകെ വിതുമ്പി ത്തുളുമ്പി നിന്നു

ഒന്ന് കരഞ്ഞെങ്കിലാശ്വാസമായീടു-
മെന്ന് മനസ്സ്‌ സ്വകാര്യമോതി
മുന്നിലെത്താരക കണ്ടെങ്കില്‍ മോശമാ-
ണെന്ന് കരുതിത്തടഞ്ഞു കണ്ണീര്‍

കാരണമില്ലാത്ത ദു:ഖങ്ങളും പേറി-
യേറെ നടന്ന് വലഞ്ഞവന്‍ ഞാന്‍
താരകയോടത്‌ ചൊല്ലിയാല്‍ വേദന
തീരുമോ? സാന്ത്വനമേകീടുമോ?


Monday, August 20, 2007

വരങ്ങള്‍


ഇരുളിന്റെ ശ്യാമവക്ഷസ്സില്‍ത്തലചേര്‍ത്തി-
ട്ടൊരുപൈതലെപ്പോല്‍ മയങ്ങിടുമ്പോള്‍
കരിയുന്ന തിരികള്‍തന്‍ ഗന്ധവുമായെന്റെ-
യരികിലൊരിളംതെന്നലൊഴുകിയെത്തി

അറിയുന്നു, പൂജയ്ക്കു ഞാന്‍തെളിയിച്ചൊരാ-
ത്തിരിയണഞ്ഞു, സ്നേഹ മില്ലായ്കയാല്‍
നിറമാലചൂടിപ്പരിഭവമില്ലാതെ-
യൊരുദേവി പുഞ്ചിരി തൂകി നിന്നൂ

കരയുമീയെന്‍നേര്‍ക്കൊരമ്മയെപ്പോലെ തന്‍
കരുണാര്‍ദ്രനയനങ്ങള്‍ നീട്ടി മെല്ലേ
ഇരുകൈകളും എന്റെ തലയില്‍ പതുക്കെവ-
ച്ചൊരുവരം...പെട്ടെന്നു ഞാനുണര്‍ന്നു...


അസുലഭ


ഇന്നലെ, ത്രിശ്ശൂര്‍വരെ പോകേണ്ട ഒരാവശ്യമുണ്ടായിരുന്നു.
ഗുരുവായൂര്‍ പാസ്സഞ്ചറില്‍ ഭയങ്കര തിരക്കായിരുന്നു.
നാലുപേര്‍ ഇരുന്നിരുന്ന എന്റെ സീറ്റില്‍ ഒരു മുപ്പത്‌-
കാരി സുന്ദരി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച്‌ തിക്കി-
ത്തിരക്കി അഞ്ചാമതായി ഇരുന്നു. പിന്നീട്‌ തല മറ്റേത്തല- യ്ക്കലേയ്ക്കുനീട്ടി വിളിച്ചു.
.
"അസുലഭാ"

ഞെട്ടിപ്പോയി. ഓമനത്തമുള്ള വട്ടമുഖവും നീണ്ടമുടിയും
കണ്ണടയുമുള്ള ഒരു പത്തുവയസ്സുകാരി അടുത്തുവന്ന്‌ നിന്നു.
സുന്ദരിക്കുട്ടിയ്ക്ക്‌ ആ പേര്‌ ഒട്ടും ചേരില്ല. കാരണം അത്‌
ലഭ്യതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതായത്‌
അവൈലബിലിറ്റി. നോട്ട്‌ ഈസിലി അവൈലബിള്‍ എന്ന
അര്‍ത്ഥം ആ കുട്ടിയുടെ പേരാകുന്നു. ആ പേരവള്‍ക്കിട്ടവന്റെ
'ഭാവനയ്കിട്ട്‌' ഒരു തൊഴികൊടുക്കാന്‍ തോന്നി. അതായത്‌
അവൈലബിള്‍, ബട്‌ വിത്‌ സം ഡിഫിക്കള്‍ട്ടി.
ത്രിശ്ശൂരെത്തിയിട്ടും,ദാ ഇപ്പൊഴും, ആ പേരും ആ കുട്ടിയുടെ
മുഖവും മനസ്സീന്നു പോണില്ല.

Saturday, August 18, 2007

ജന്മസാഫല്യം


കണ്മുന്നിലേറെനാള്‍ നില്‍ക്കുകില്ലെകിലേ-
തുണ്മയും മാഞ്ഞുപോമുള്ളില്‍നിന്നെങ്കിലും
കണ്മണീ, നിന്‍തങ്കവിഗ്രഹം ചിന്തതന്‍
വെണ്മേടയില്‍നിന്നു മായില്ല, നിശ്ചയം

വിശ്വസിക്കാമോ, നിന്‍നാമമാണെന്‍ശ്വാസ-
നിശ്വാസ താളക്രമങ്ങളാവുന്നത്‌
നിന്നോര്‍മയാണെന്റെ നെഞ്ചിലെ ജീവനായ്‌
നിന്നു തുടിയ്ക്കുന്ന സ്പന്ദനമത്രയും

എന്നാ നയനങ്ങള്‍തന്നഗാധങ്ങളില്‍
എന്നെമറന്നൊന്ന് മുങ്ങിത്തുടിച്ചിടും?
എന്നാ പവിഴാധരങ്ങളില്‍ ചുണ്ടുചേര്‍-
ത്തെന്നോമലേ, ജന്മസാഫല്യം നേടും ഞാന്‍?

Thursday, August 16, 2007

കവിതാങ്കുരം

ഏതുരാഗത്തിന്നു നീ യേകിയേഴഴകുകള്‍
ഏതുതാളത്തിന്നു നീ യാന്ദോളലയമേകി
ഏതുപുഷ്പത്തിന്നേകി ഗന്ധവും,നൈര്‍മല്യവും
ഏതുവര്‍ണങ്ങള്‍ക്കുനീ ചിത്രചാരുതയേകി
ഏതൊരജ്ഞാതസ്പന്ദമായിനീ ഹൃദയത്തില്‍
ഏതൊരുതപ്താത്മാവിന്‍ മോക്ഷകാരണമായ്‌ നീ
ഏതൊരാഭിചാരത്തിന്‍ വിഹ്വലസ്വപ്നമായ്‌ നീ
ഏതൊരുബീജാക്ഷരപൂജയ്ക്കു മന്ത്രമായ്‌ നീ
ഏതൊരുമനസ്സിന്റെ ലോലതന്ത്രിനീമീട്ടി
ഏതൊരുവിഹായിസ്സിന്‍ ചിറകുവിടര്‍ത്തിനീ
ഏതൊരുമൗനത്തിന്റെ വാത്മീകമുടച്ചുനീ
ഏതൊരുപേനത്തുമ്പില്‍ കവിതാങ്കുരമായ്‌ നീ

Saturday, August 11, 2007

അപേക്ഷ


നവനീതമൃദുമേനി മെല്ലെത്തഴുകി നിന്‍
പവിഴാധരങ്ങളില്‍ ഉമ്മവയ്ക്കാന്‍
നവരാത്രിദീപങ്ങളകലെത്തെളിയവേ-
യിവിടെയിരിപ്പൂ വിവശനായ്‌ ഞാന്‍

ചിറകൊടിഞ്ഞാശാശലഭങ്ങള്‍ വീഴുന്നൂ
മുറിവേറ്റുകരയുന്നരിപ്രാവുകള്‍
കരിയുന്നൂ; കടലാസുപൂവുകള്‍പോലുമി-
ങ്ങിരുള്‍വരവായ്‌ ചുരുള്‍മുടിയഴിച്ച്‌

കരയുമെന്‍നേര്‍ക്ക്‌ നിന്‍ സ്നേഹാര്‍ദ്രനയനങ്ങള്‍
ഒരുകുറിപോലുമുയര്‍ത്തുകില്ലേ..
അറിയില്ല; നിന്‍നാമമെത്ര ഞാനുരുവിട്ടു
ഒരുവട്ടം പോലും നീ കേള്‍ക്കുകില്ലേ..

Tuesday, August 7, 2007

തെറ്റാത്ത അക്ഷരങ്ങള്‍സിന്ദൂരവര്‍ണ്ണാംഗിതേ യെന്‍മനസ്സിലെ
ചെന്താമരയില്‍ നീ നൃത്തമാടൂ
ചന്ദനഗന്ധമുയരുന്ന മേനിയില്‍
മന്ദാര പുഷ്പാര്‍ച്ചന നടത്താം

അമ്പത്തിയൊന്നക്ഷരങ്ങളും നാവിന്റെ
തുമ്പത്ത്‌ വന്ന് വിളയാടുവാന്‍
കുമ്പിടുന്നേന്‍ തല യായിരംവട്ടമെ-
ന്നമ്പികേ, നീ വരമേകിടേണം

ഒട്ടേറെയുണ്ട്‌ ചിതറി, പായല്‍, വള്ളി
ചുറ്റിക്കിടക്കുന്ന പാഴ്‌ വാക്കുകള്‍
മറ്റുവരമൊന്നും വേണ്ടമ്മേ, നീതരൂ
തെറ്റാതെഴുതുവാന്‍ അക്ഷരങ്ങള്‍

Monday, August 6, 2007

സ്വതന്ത്രന്‍..


ഇന്നലെ രാത്രിയില്‍, എപ്പോഴറിയില്ല
ഒന്ന് മയങ്ങി; ഉടനുണര്‍ന്നൂ
നിന്നോര്‍മകള്‍ ചെറുസ്പന്ദങ്ങള്‍പോലെ വ-
ന്നെന്മേനി മെല്ലെ തലോടിയിട്ടോ.

പിന്നെയുറങ്ങാന്‍ കഴിഞ്ഞില്ല; രാവിന്‌
പിന്നിടാന്‍ യാമങ്ങളേറെയുണ്ട്‌
മുന്നിലെ മാവിലൊരു രാക്കിളിപാടി
മിന്നാമിനുങ്ങുകള്‍ നൃത്തമാടി

നേരംവെളുത്താലിരുളുംവരെയെന്റെ
യാരോമലാളെന്‍മനസ്സിലുണ്ട്‌
നിന്നെക്കിനാവുകണ്ടൊന്നുറങ്ങട്ടെ ഞാന്‍
എന്നെയീരാത്രി സ്വതന്ത്രനാക്കൂ

Friday, August 3, 2007

ആരാമത്തില്‍ ഏകനായ്‌

-
പൊന്‍ചമ്പകത്തിന്‍ സുഗന്ധമണിഞ്ഞാണ്‌
വന്നതിക്കാറ്റെന്നരികിലൂടെ
നിന്നെത്തഴുകിയാണിങ്ങു ഞാന്‍ വന്നതെ-
ന്നെന്നെയറിയിച്ചു തൃപ്തി നേടാന്‍.

ഓരോപനിനീര്‍മലരിന്റെയുള്ളിലു-
മോരായിരം പ്രേമ ഗാഥയുണ്ടെ-
ന്നാരോപറഞ്ഞു; ചിരിച്ചു ഞാനന്നെന്റെ
യാരോമലാളെയറിയില്ലല്ലോ.

മുല്ലയും,നീലോല്‍പലങ്ങളും കാണുമ്പോ-
ഴെല്ലാം മറക്കുന്നു, നിന്നോര്‍മയാല്‍
മെല്ലെയിവിടുന്നെണീറ്റു പോയീടുവാന്‍
ചെല്ലക്കിളികള്‍ ചിലച്ചിടുന്നൂ

ഉണ്ണീശോപ്പൂക്കള്‍


ജാലകവാതില്‍ തുറന്നന്ന് നീ നേര്‍ത്ത
നീലത്തിരശ്ശീല മെല്ലെ നീക്കി.
കാണായി, താരകള്‍മിന്നും മുഖമൊന്നൊ-
രോണനിലാവ്‌ തഴുകിയെന്നെ

വര്‍ണ്ണം വിതറി, മറയായിനിന്നൊരാ
ഉണ്ണീശോപ്പൂക്കള്‍പ്പടര്‍പ്പിലൂടെ
ഒന്ന് കാണാന്‍ മാത്രമായി ഞാനാവഴി
പിന്നെയും, പിന്നെയും എത്ര താണ്ടീ

ഓര്‍മകള്‍തന്‍ മഞ്ചലേറിനിന്മുന്നിലേ-
യ്കോടിയണയാന്‍ കഴിഞ്ഞുവെങ്കില്‍ !
ഒന്നാമുഖാംബുജം മെല്ലെയുയര്‍ത്തിയൊ-
രുമ്മ നല്‍കാമായിരുന്നു; ചുണ്ടില്‍...

ദേവി

തനിയെ മുറിയിലടച്ചിരുന്നു ഞാന്‍
ജനലില്‍ക്കൂടി പുറത്തുനോക്കവേ
ഇനിയും പെയ്തൊഴിയാത്ത പൂമഴ;
നനയും തനുശിഖരങ്ങള്‍ കണ്ടു ഞാന്‍

വഴിപോലൊട്ടു വളഞ്ഞ രേഖയില്‍
കുഴികള്‍, കൊച്ചു ജലാശയങ്ങള്‍പോല്‍
ചളിവെള്ള മതില്‍ച്ചവിട്ടിടാതവ-
യൊഴിവാക്കാനുഴറും ജനത്തെയും

ഒരുപാടകലമതില്ല യെങ്കിലും
ഒരു ദേവാലയവാതില്‍ കാണ്മു ഞാന്‍
അറിയാ;മിരുകൈകള്‍കൂപ്പി തൊഴുതാല്‍
കരുണാമയിയവള്‍ തന്നിടും വരം