Friday, January 30, 2009

മെയിലില്‍ കിട്ടിയത്‌.

ആരാധിക
ആരാധകര്‍ നിന്റെ ചുറ്റും നിന്ന്
നിന്നെ ആശംസകള്‍കൊണ്ട്‌ മൂടവേ;
ദൂരെ, വിടര്‍ന്നമിഴികളോടെ
നിന്നെമാത്രം നോക്കിനിന്ന
എന്നെ നീ കണ്ടതേയില്ല.
കാതടപ്പിയ്ക്കുന്ന കയ്യടിക്കിടയില്‍
എന്റെ ഹൃദയം മുഴക്കിയ പെരുമ്പറ
നീ കേട്ടതേയില്ല.
നിന്റെ ഗാനങ്ങള്‍കേട്ട്‌
ശ്രോതാക്കള്‍ ലയിച്ചിരിക്കവേ
ഞാന്‍ കോരിത്തരിച്ചത്‌
നീ അറിഞ്ഞതേയില്ല.

അന്നൊരു രാവില്‍,
നിലാവില്‍, നദിക്കരയില്‍
മനസ്സും ശരീരവും തളര്‍ന്ന്
നീയെന്റെ മടിയില്‍കിടക്കവേ
എന്റെ മുന്തിരിച്ചുണ്ടുകളല്ലേ
നിന്റെ നേര്‍ത്ത നിശ്വാസങ്ങളെറ്റുവാങ്ങിയത്‌?
എന്റെ കരപല്ലവങ്ങളല്ലേ നിന്നെയുണര്‍ത്തിയത്‌?
എന്റെ ആലിംഗനങ്ങളല്ലേ
നിന്നെ ജീവിതത്തിലേയ്ക്ക്‌
തിരിച്ചുകൊണ്ടുവന്നത്‌?

നീപാടിയതൊക്കെ
എന്നെക്കുറിച്ചായിരുന്നെന്നത്‌
ആരാധകരെങ്ങനെ അറിയാന്‍?
നിന്റെ വെറുമൊരാരാധികയല്ല, ഞാന്‍.
നിന്നില്‍ തുടിയ്ക്കുന്നത്‌
എന്റെ ജീവനാണ്‌..


Thursday, January 29, 2009

മുജ്ജന്മപുണ്യം.

ഇന്നലെ, സന്ധ്യാംബരത്തിന്നരുണിമ
നിന്നിലലിയുന്ന കാഴ്ചകണ്ടു.
വിണ്ണിലെത്താരകളായിരം നിന്‍നീല-
ക്കണ്ണിലപ്പോള്‍ ചിരിതൂകിനിന്നൂ..

ആളൊഴിന്‍ഞ്ഞോരാക്കടപ്പുറമണ്ണില്‍ തീ-
നാളവിശുദ്ധിയായ്‌ നീയിരിയ്ക്കേ,
ഓളങ്ങളോര്‍മയായോടിയെത്തീ ദൃത-
താളം കരളില്‍തുടിമുഴക്കീ..

എന്തെന്നറിയാത്ത നിര്‍വൃതിയാണിവള്‍
സന്തതം എന്നരികത്തിരിയ്ക്കേ,
സ്വന്തമായ്‌കിട്ടാനിവളെ ഞാന്‍ മുജ്ജന്മ-
മെന്തെന്ത്‌ പുണ്യങ്ങള്‍ ചെയ്തിരിയ്ക്കാം...

Tuesday, January 27, 2009

ഇരിങ്ങോള്‍ക്കാവ്‌

ഞാനിരിങ്ങോള്‍ക്കാവില്‍ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍-
മാനസംപോലെ, ഇരുള്‍നിറഞ്ഞ്‌..

പേരറിയാത്തമരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്‌,
പേരിനുപോലുമാക്കാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല..

ചുറ്റുമിടതൂര്‍ന്ന്നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്‌..

ചന്ദനത്തിരികളോ, ഗന്ധപുഷ്പങ്ങളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്‌ !
എന്തുംതരുമത്രേ, ചോദിയ്ക്കുകില്‍..

ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ഗൗരിയെ
ഉള്ളിലാവാഹിച്ച്‌ കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ..!!


(ആലുവ-പെരുമ്പാവൂര്‍ റോഡില്‍, കോതമംഗലത്തേയ്ക്ക് വരുന്നവഴിയില്‍, २ കി.മീ. .. ഇന്നലെ പോയിരുന്നു. എന്നുമോര്‍മ്മിയ്ക്കാന്‍ പോന്ന ഒരനുഭവം..)

ഇരിങ്ങോള്‍ക്കാവ്

ഞാനിരിങ്ങോള്‍ക്കാവില്‍ ചെന്നു, ശ്രീദേവിയെ-
ഇരിങ്ങോള്‍ക്കാവ്

ഞാനിരിങ്ങോള്‍ക്കാവില്‍ ചെന്നു, ശ്രീദേവിയെ-
ക്കാണുവാന്‍, കൈകൂപ്പിവന്ദിച്ചിടാന്‍.
കാനനമാണമ്പലത്തിന്റെ ചുറ്റുമെന്‍
മാനസം‌പോലെ, യിരുള്‍നിറഞ്ഞ്..

പേരറിയാത്ത മരങ്ങളെച്ചുറ്റുന്നു
വേരുകള്‍, എങ്ങുമടുത്തടുത്തായ്;
പേരിനുപോലുമാകാട്ടില്‍ നറുമണ-
മോരുന്നപൂക്കള്‍ ഞാന്‍ കണ്ടതില്ല.

ചുറ്റുമിടതൂര്‍ന്ന്‌നില്‍ക്കുമിലച്ചാര്‍ത്തി-
ലിറ്റിറ്റുവീണു തുഷാരബിന്ദു;
പൊട്ടുകള്‍‌പോലര്‍ക്കരശ്മികള്‍ അമ്പല-
മുറ്റത്ത്‌മാത്രം പ്രകാശമുണ്ട്..

ഗന്ധപുഷ്പങ്ങളോ, ചന്ദനത്തിരികളോ
അമ്പലത്തിന്നുള്ളില്‍ കേറ്റുകില്ല;
എന്തൊരുതേജസ്സാണാവിഗ്രഹത്തിന്
എന്തും തരുമത്രേ, ചോദിയ്ക്കുകില്‍ !

ഉള്ളംതുടിച്ചതറിഞ്ഞു, ഞാന്‍ ദുര്‍ഗ്ഗയെ
ഉള്ളിലാവാഹിച്ച് കൈകൂപ്പവേ;
തുള്ളിത്തുളുമ്പും കടാക്ഷങ്ങളെന്നുമെ-
ന്നുള്ളിലുണ്ടാവണേ, കാവിലമ്മേ...!!

Thursday, January 22, 2009

ശിവനേ..

വന്നതെന്തിന്‍് ഞാനീ, കര്‍മ്മങ്ങള്‍ ചെയ്തീടുവാന്‍
തന്നതെന്തിനീ ജന്മം? ഒന്നുമേയറിയില്ല.
പിന്നെ, ഉദിച്ചാലന്തിയെത്തുന്നവരേ വൃഥാ
എന്നിലെയെന്നെത്തേടി അലയുന്നൂ ഞാനെന്നും.

ഓരോന്ന്‌ചിന്തിച്ചീടില്‍ കിട്ടില്ലയുത്തരങ്ങള്‍
പോരാഞ്ഞ്‌കേള്‍ക്കുന്നതോ, പൊള്ളയാം ശബ്ദങ്ങളും.‌
ആരാനുമിവിടല്‍പ്പം കുനിഞ്ഞാല്‍ തലയൂരി-
പ്പോരാനുമനുവദിയ്ക്കില്ല, ചുറ്റിലുംനില്‍പ്പോര്‍‌..‌

ഞാനാര്, തിരുത്തുവാന്‍?, തടുക്കാന്‍?, ഗതിമാറ്റാന്‍?
തീനാളമെരിയിക്കാന്‍?,കെടുത്താന്‍?, നശിപ്പിയ്ക്കാന്‍?
ഹാ, നാളെയിവിടംവിട്ടകലേ പോകുന്നേരം
ആനാമമുണ്ടാകണേ, ചുണ്ടിലും, മനസ്സിലും..

Wednesday, January 21, 2009

എട്ടുനാഴികപ്പൊട്ടന്‍

ഇന്നലെ, സായന്തനവേളയില്‍ വിളിച്ചെന്നെ
ചൊന്നതാണതുവഴി ചെല്ലുവാന്‍, പ്രാണേശ്വരി.
പിന്നെയാലോചിച്ചില്ല ഒന്നു,മാസവിധത്തില്‍
ചെന്നു, കാത്തുനില്‍‌പ്പുണ്ടായിരുന്നു, മനോഹരി..

കഞ്ചുകം വിരല്‍‌ത്തുമ്പാല്‍ പതുക്കെയഴിച്ചവള്‍
കൊഞ്ചുന്ന ചെറുചിരി തൊടുത്തൂ കടക്കണ്ണാല്‍.
നെഞ്ചിലാശരമേറ്റെന്‍ ഉള്‍ത്തടം പിടച്ചപ്പോള്‍
പഞ്ചസായകന്‍ അത് കണ്ട് പുഞ്ചിരിതൂകി..

കത്തുന്നകനല്‍ നെഞ്ചില്‍, ഹൃദയം കടുന്തുടി
കൊട്ടുന്നസ്വരം കാതില്‍ മുഴങ്ങുന്നതായ് തോന്നി.
കട്ടിലിന്നടുത്തെത്തി; പിന്നെയോര്‍മ്മകള്‍ മങ്ങി
എട്ടുനാഴികപ്പൊട്ടന്‍ എത്തിനോക്കീടുംവരെ..

Sunday, January 18, 2009

എന്നോട്തന്നെ

വിട്ടയയ്ക്കുക,സ്നേഹപഞ്ജരവാതില്‍‌തുറ-
ന്നിഷ്ടമാക്കിളിയോട് അത്രമേല്‍ നിനക്കുണ്ടേല്‍
എത്തിടും, തിരികെനിന്‍ ദിവ്യാനുരാഗത്തിന്റെ
കൂട്ടിലാക്കിളിപ്പെണ്ണ്, നിന്നെസ്നേഹിയ്ക്കുന്നെങ്കില്‍.‌

വെണ്ണിലാച്ചിരിതൂകി ദൂരെ താരകള്‍നിന്ന്
കണ്ണുകളിറുക്കിപ്പൂപ്പുഞ്ചിരി തൂകുന്നേരം
മണ്ണിലീപ്പുല്‍‌മേടയില്‍, കൊഴിയും സ്വപ്നങ്ങളെ
കണ്ണീരില്‍‌ക്കഴുകി നീ സമയം കളയല്ലേ.

വന്നിടുമൊരുനാളില്‍, നിശ്ചയം, നിന്‍‌താരക
അന്ന് നിന്‍‌കിനാക്കള്‍ക്ക് പൊന്നിന്റെ നിറമാകും.
വിങ്ങുമാഹൃദയത്തിനാശ്വാസമേകീടുവാന്‍
ചൊന്നതാണീവാക്കുകള്‍, സദയം ശ്രദ്ധിച്ചാലും..

Friday, January 16, 2009

പ്രാര്‍ത്ഥന

മുത്തേ, അകന്ന് നീപോയെങ്കിലുമെന്റെ
ഹൃത്തിന്റെ ജാലകച്ചില്ലില്‍ ചിറകടി-
ച്ചെത്തുന്നു ഓര്‍മ്മക്കിളിയെന്നെത്തേടിയീ-
യെത്താത്തകൊമ്പിലെച്ചില്ലയില്‍ നിത്യവും.

നിന്നാത്മദു:ഖങ്ങള്‍, തേങ്ങും മനസ്സില്‍ നീ
എന്നുമൊളിപ്പിച്ച ചാട്ടവാര്‍പ്പാടുകള്‍‍..‌
എന്നോട്ചൊല്ലിയതേയില്ലൊരിയ്ക്കലും
നിന്നോടതൊന്നുമേ ചോദിച്ചുമില്ല ഞാന്‍.

രാവേറെയായിട്ടുമെന്തിനോ എന്‍‌മനം
നീവേറെയെങ്ങോ അകലെയാണെങ്കിലും,
നോവേറുമാമനശ്ശാന്തിയ്ക്ക് പ്രാര്‍ത്ഥിപ്പൂ...
ഹാ!,വേറെയെന്ത് ഞാന്‍ ചെയ്യുവാന്‍ മത്സഖീ..

Tuesday, January 13, 2009

എന്റെ ദമയന്തി

കളിവിളക്കിന്‍‌തിരിനാളമിളം‌കാറ്റി-
ലിളകവേ, നിന്‍‌മുഖപദ്മത്തില്‍, ഓമനേ,
തെളിയുന്ന ഭാവരസത്തിലലിഞ്ഞന്ന്
നളനായിമാറിഞാന്‍, വേഷപ്പകര്‍ച്ചയാല്‍ ..‌

ദൂതുമായെത്തിയ ‘ഹംസ’ ത്തിനോട് നീ-
യോതിയതെല്ലാമവള്‍തിരിച്ചെത്തിയെന്‍‌
കാതിലുണര്‍ത്തിച്ചനേരം മുതല്‍‌ക്കെന്റെ
ചേതനയില്‍ നിന്റെയോര്‍മ്മകള്‍ മാത്രമായ് ..

കണ്ടെങ്കില്‍!, ഉള്ളില്‍‌നിറഞ്ഞോരു മോഹങ്ങള്‍
മിണ്ടാന്‍ കഴിഞ്ഞെങ്കില്‍! എന്നൊക്കെയാശിച്ച്,
ചുണ്ടിലൊരീണവുമായ്‌ഞാനണഞ്ഞത്
കണ്ടില്ല നീ, കരള്‍പൊട്ടിക്കരഞ്ഞു ഞാന്‍..

പിന്നെ, അഭൌമമാമേതോ വികൃതിയാല്‍
നിന്നെയെനിയ്ക്ക് ലഭിച്ചതും, കൈകോര്‍ത്ത്
മുന്നോട്ട് നമ്മളൊരുപാട് പോയതും,
ഇന്നുമോര്‍ക്കുമ്പോള്‍ ഹൃദയം തളിര്‍ക്കുന്നൂ..

Wednesday, January 7, 2009

കനല്‍‌ക്കാട്

കണ്ണില്ല, എന്‍‌ചുറ്റിലും അന്ധകാരമാണേലും
കണ്ണ് രണ്ടുണ്ടായിട്ടും അന്ധരാണല്ലോ നിങ്ങള്‍.‌
കണ്ണില്ല, ഞാനൊന്നുമേ കണ്ടിട്ടില്ലെന്നാകിലും
കണ്ണിന്റെകണ്ണിന്‍‌വെട്ടം എന്നുള്ളില്‍ നിറയുന്നു.

പോയജന്മത്തില്‍ മനസ്സറിയാതേ ഞാന്‍ ചെയ്ത്-
പോയപാപത്താലാവാം; വെളിച്ചം മറഞ്ഞൊരീ
മായയില്‍ ജനിച്ചതും; വിധിയാല്‍.പുല്ലായ്, പുഴു-
വായി ഞാന്‍ ജനിച്ചേയ്ക്കാം..ഒടുവില്‍ നരനാവാന്‍.

ഇത്തിരി വെട്ടം തരൂ, അല്പനേരത്തേയ്ക്ക് ഞാ‍ന്‍
ഇത്തണല്‍‌ത്താഴ്വാരത്തിലൊട്ടു വിശ്രമിച്ചോട്ടെ.
എത്തുവാനെനിയ്ക്കായി ഉണ്ടാകാമേതോ തീരം
കത്തുമീ കനല്‍‌ക്കാട്ടിന്നപ്പുറം...സുനിശ്ചയം.

Friday, January 2, 2009

ഇഷ്ടം

പിന്നെ ചോദിച്ചവള്‍, "ഏത്‌ നിനക്കിഷ്ട-
മെന്നെയോ, എന്റെ ശരീരത്തെയോ?"
എന്നോട്‌, ഞാനെത്ര ചോദിച്ചതീചോദ്യ-
മിന്നോളമുത്തരം കിട്ടിയില്ല.

നീണ്ടൊരഭൗമസുരതാവസാനമാ
നീണ്ടമിഴികളെന്‍നേര്‍ക്കുയര്‍ത്തി,
വീണ്ടു, മൊരുത്തരത്തിന്നായവളെന്നെ
നീണ്ടൊരാലിംഗനത്തില്‍ മുറുക്കി.

എന്നെമറക്കുന്നു, എല്ലാം മറക്കുന്നു
നിന്നെ ഞാനുമ്മവയ്ക്കുന്നനേരം.
എന്നിലലിയുന്ന ദേഹമുള്ളൊരെന്റെ-
പെണ്ണെ, എനിയ്ക്കിഷ്ടമാണ്‌, നിന്നെ...