Saturday, February 28, 2009

യാത്ര.

വഴിയറിയാതേയിരിപ്പൂ ഞാനൊരു
പഴയലയിന്‍ബസ്സില്‍,അതിന്റെനെറ്റിയില്‍
എഴുതിയിട്ടുണ്ട്‌,'ജനന-മരണ' മെ-
ന്നിഴഞ്ഞിഴഞ്ഞാണീ ശകടംപോവതും.

ഒരുവെളുപ്പിന്‌ കയറി ഞാന്‍, നിന്ന്-
തിരിയാനില്ലിടമിവിടെയെങ്കിലും
ഒരുപാടാളുകള്‍കയറുന്നുണ്ടിതില്‍,
ഇറങ്ങുന്നോര്‍തുലോം കുറവാണെങ്കിലും

ചിലരുറങ്ങുന്നു, ഉറക്കവും ഭാവി-
ച്ചലസരായ്ചിലര്‍ ചടഞ്ഞിരിയ്ക്കുന്നു.
നിലവിളിയ്ക്കുന്നു ചെറിയകുട്ടികള്‍,
കലമ്പുന്നുണ്ടാരോ, ചവിട്ടിയോ കാലില്‍?

തുടക്കമെങ്ങെന്നും എവിടേയ്ക്കാണെന്നും
ഇടയിലോര്‍ക്കുന്നില്ലിവിടിരുപ്പവര്‍
ഒടുവിലാണല്ലോ അറിവതീയാത്ര
തുടരലാണല്ലോ യിതിന്റെലക്ഷ്യവും.

ഒരുമണിനാദം മുഴക്കി കണ്ടക്റ്റര്‍
ഇറക്കിവിട്ടിടും, സ്ഥലമടുക്കുമ്പോള്‍.
അറിയില്ലെത്രയോ അകലെയാണെനി-
ക്കിറങ്ങേണ്ടുന്നിടം- ശിവനേ! കാക്കണേ..

Friday, February 27, 2009

തിരിച്ച്‌ വരൂ..

ദൂരെയായിരിയ്ക്കാമിന്നെന്നാലുമൊരു സാന്ധ്യ-
താരപോല്‍ജ്വലിയ്ക്കുന്നെന്‍ ഹൃദയാകാശത്തില്‍ നീ.
ആരുമേയറിയുന്നില്ലെങ്കിലും ഹര്‍ഷോന്മാദ-
ധാരയെന്‍കവിളിലൂടൊഴുകീടുന്നൂ നിത്യം.

തിരിച്ച്‌വരും നീയെന്നുറപ്പാണതിനാല്‍ ഞാ-
നൊരുക്കിവച്ചൂ ശയ്യാഗൃഹവും, പൂമുറ്റവും,
അറപ്പുരതന്‍മുന്നില്‍ കൊളുത്തുവാനായ്‌സ്നേഹം
നിറച്ചവിളക്കും, സൗഗന്ധികപ്പുഷ്പ്പങ്ങളും

തിരിച്ച്‌വരൂ! വരണ്ടുണങ്ങിക്കിടക്കുമീ
തരിശുഭൂവില്‍ കുളിര്‍മഴയായ്‌ പെയ്തിറങ്ങാന്‍..
തിരിച്ച്‌വരൂ! പിടഞ്ഞൊടുങ്ങാന്‍ തുടങ്ങുമീ
തിരിയെക്കൈക്കുമ്പിളാല്‍ പൊതിയാന്‍ ജീവന്‍നല്‍കാന്‍!!

Thursday, February 26, 2009

കൊയ്‌ത്ത്‌പാട്ട്‌

ഒറ്റവരമ്പില്‍ ഞാന്‍ കാല്‍തെറ്റാതെ നടക്കുമ്പോള്‍
പെട്ടെന്ന്മനസ്സേതോകൊയ്‌ത്തുപാട്ടോര്‍മ്മിച്ചല്ലോ
കൊറ്റികള്‍നില്‍പ്പുണ്ടല്‍പമകലെ, മണ്ണില്‍ എന്തോ
കൊത്തിപ്പെറുക്കി, വേറിട്ടൊന്നിലും ശ്രദ്ധിയ്ക്കാതെ

നെന്മണികൊയ്യുന്നവര്‍,നിരന്ന്‌നിന്ന്‌‌പാടീ
പൊന്മാന്‌വേണ്ടി പെണ്ണാള്‍ കരഞ്ഞ്‌വിളിച്ചതും
മണ്‍മകളവളെ വീണ്ടെടുക്കാന്‍ രാമന്‍ചെന്ന്
തിന്മചെയ്തോരാലങ്കേശ്വരനെ വധിച്ചതും;

ലോകാപവാദംഭയന്നവളെകാട്ടില്‍ക്കള-
ഞ്ഞാഗാനമൊഴുകവേ മറന്നോ ഞാനെന്നെയും?
ആകാശമിരുളുന്നൂ; വരമ്പില്‍ ഞാനൊറ്റയ്ക്കാ-
യാഗാനമില്ല, കൊയ്ത്തുകാരില്ല, കൊറ്റികളും..

കൊയ്‌ത്ത്‌പാട്ട്‌

ഒറ്റവരമ്പില്‍ ഞാന്‍ കാല്‍തെറ്റാതെ നടക്കുമ്പോള്‍
പെട്ടെന്ന്മനസ്സേതോകൊയ്‌ത്തുപാട്ടോര്‍മ്മിച്ചല്ലോ
കൊറ്റികള്‍നില്‍പ്പുണ്ടല്‍പമകലെ, മണ്ണില്‍ എന്തോ
കൊത്തിപ്പെറുക്കി, വേറിട്ടൊന്നിലും ശ്രദ്ധിയ്ക്കാതെ

നെന്മണികൊയ്യുന്നവര്‍,നിരന്ന്‌നിന്ന്‌‌പാടീ
പൊന്മാന്‌വേണ്ടി പെണ്ണാള്‍ കരഞ്ഞ്‌വിളിച്ചതും
മണ്‍മകളവളെ വീണ്ടെടുക്കാന്‍ രാമന്‍ചെന്ന്
തിന്മചെയ്തോരാലങ്കേശ്വരനെ വധിച്ചതും;

ലോകാപവാദംഭയന്നവളെകാട്ടില്‍ക്കള-
ഞ്ഞാഗാനമൊഴുകവേ മറന്നോ ഞാനെന്നെയും?
ആകാശമിരുളുന്നൂ; വരമ്പില്‍ ഞാനൊറ്റയ്ക്കാ-
യാഗാനമില്ല, കൊയ്ത്തുകാരില്ല, കൊറ്റികളും..

Tuesday, February 24, 2009

ഓം

ആകാശഗംഗകള്‍ക്കുമപ്പുറത്തായി കാണാ-
നാകാത്തനിരവധി 'യൂഥ'ങ്ങളുണ്ടാമതില്‍
ഏകാന്തമൊരുതാരാപഥത്തിലൊരിടത്തായ്‌
ഹാ!,കാത്തിരിപ്പുണ്ടാമോ ജീവന്റെകണികകള്‍?

എത്രയുഗങ്ങള്‍വേണ്ടിവന്നൂ ധൂളികളീ ധ-
രിത്രിയായ്‌ മാറാന്‍, ജീവകോശങ്ങളുണ്ടായീടാന്‍?
രാത്രികള്‍, പകലുകള്‍ മാറിമാറിവന്നൂ പി-
ന്നെത്രനാള്‍കഴിഞ്ഞൂ വാനരനീനരനാവാന്‍?

ആദിയന്തങ്ങളില്ലാതുള്ളൊരീപ്രപഞ്ചത്തെ
ബോധമണ്ഢലത്തിലൂടറിഞ്ഞ ഋഷീശ്വര്‍തന്‍
സാധന നമുക്കേകീ പ്രണവബീജാക്ഷരം
സാദരം ഓം കാരത്തെ നമുക്കും ജപിച്ചീടാം



Saturday, February 21, 2009

കുളിര്‍മഴ

കാത്തിരിപ്പൂ ഞാന്‍ നിന്നെ, എത്രയോനേരമായ്‌ ഈ
പൂത്തപൂമരക്കൊമ്പിന്‍താഴെ, എന്‍പ്രാണേശ്വരാ
നേര്‍ത്തൊരിളംകാറ്റല്ലാതാരുമില്ലിവിടെ ദു:-
ഖാര്‍ത്തയെന്‍നിശ്വാസങ്ങള്‍ ഏറ്റുവാങ്ങുവാനായി..

ഇന്നലെ,യാത്രാമൊഴി ചൊല്ലുന്നനേരം കാതില്‍
ചൊന്നകാര്യങ്ങള്‍ നീയിന്നെങ്ങനെ മറന്നീടും?
എന്നെ ലഭിച്ചീടുകില്‍ ജന്മം സഫലം വേറെ-
യൊന്നുമേവേണ്ടായെന്നും;മറ്റുമോര്‍മ്മിയ്ക്കുന്നില്ലേ?

തെല്ലകലത്തായൊരു പൂംകുയില്‍നാദംകേട്ട്‌
പുല്ലാങ്കുഴലാണെന്ന് ധരിച്ചൂ, വിവശ ഞാന്‍
പല്ലവാധരങ്ങളാക്കവിളില്‍ചേര്‍ത്ത്‌,കാതില്‍
മെല്ലവേ നിന്‍നാമങ്ങള്‍ ചൊല്ലുവാന്‍ കൊതിയായീ..

വന്നണഞ്ഞാലും വേഗം മാധവാ മനോഹരാ
വന്നണഞ്ഞാലും നിന്നെ വിളിപ്പൂ യമുനയും
വന്നണഞ്ഞാലും എന്നില്‍ നിലാവായ്‌ നിറഞ്ഞീടാന്‍
വന്നണഞ്ഞാലും കുളിര്‍ മഴപോല്‍പെയ്തിറങ്ങാന്‍

Friday, February 20, 2009

പ്രജാപതി.

ചൊല്ലിടാം, ഉപദേശം നല്‍കുവാന്‍വേണ്ടുംവളര്‍-
ന്നില്ല ഞാനെന്നാകിലും,തുടക്കക്കാരേ നിങ്ങള്‍
നല്ലൊരുകമ്മ്യൂണിറ്റിനോക്കി,മെമ്പറായ്‌ചേര്‍ന്ന്
തെല്ലുമേമടിയാതെ രചന പോസ്റ്റിക്കോളൂ..

പിന്നീട്‌, വായിച്ചവര്‍ കമന്റ്‌സ്‌ആയഭിപ്രായം
ചൊന്നിടും, അത്‌വായിക്കരുതേ; വായിച്ചാലും
ഒന്നുമേചെയ്യേണ്ടതിന്നായൊരുമറുപടി,
പൊന്ന്‌വാഗ്ദാനംചെയ്‌തെന്നാകിലും, കൊടുക്കേണ്ട..

അറിയൂ, എഴുത്തിനെക്കാള്‍എളുപ്പമാണെല്ലാ-
മറിയുന്നവനെപ്പോല്‍ അഭിപ്രായങ്ങള്‍ ചൊല്ലല്‍.
ആവിധംപറയുന്നോര്‍ പറഞ്ഞോട്ടെ,യോര്‍ക്കുക
കവിമാത്രം രാജാവ്‌* വിമര്‍ശിക്കുന്നോനല്ല..


*"അപാരേ കാവ്യസംസാരേ,കവിരേവപ്രജാപതി"
ആനന്ദവര്‍ദ്ധനന്‍

Wednesday, February 18, 2009

ദൂത്‌.

കാര്‍മുകില്‍ക്കൂട്ടങ്ങളോടോതി ഞാന്‍,കാറ്റിന്‍കയ്യി-
ലേറിപ്പടിഞ്ഞാട്ടെങ്ങാന്‍ പോയീടുമെങ്കില്‍, എന്റെ
മാരനെ,ജീവന്നുടയായവനെയുംകാത്ത്‌
ദൂരെ ഞാനിവിടിരുപ്പുണ്ടെന്ന് ചൊല്ലീടുവാന്‍

പേരറിയാതേയുള്ള ദേശത്തുനിന്നും ദിശി-
മാറാതെപതിവായിയെത്തിടുംപക്ഷികളേ,
വേറെയല്ലതുവഴി പോകുമ്പോള്‍ ചൊല്ലീടാമോ
നീറുമെന്നാത്മാവിന്റെ നൊമ്പരമവനോട്‌?

വിണ്ണില്‍നിന്നെന്നെനോക്കിച്ചിരിയ്ക്കും പൂനിലാവേ,
കണ്ണുകളിറുക്കുന്ന താരകക്കുഞ്ഞുങ്ങളേ,
കണ്ണീരുതുടയ്ക്കുവാനെന്നെയാശ്വസിപ്പിയ്ക്കാന്‍
കണ്ണിനുകണ്ണായോരെന്‍ കണ്ണനോടൊന്നോതാമോ?



Tuesday, February 17, 2009

ഞാന്‍ മാറിപ്പോയോ?

ഇന്നലെ,കോലായിലൊറ്റയ്ക്കിരുന്നെന്റെ
മുന്നിലെപ്പുസ്തകത്താളില്‍,നീവന്നതില്‍-
പ്പിന്നെയുണ്ടായ മാറ്റങ്ങള്‍ പകര്‍ത്തവേ,
പിന്നില്‍ പതുക്കെവന്നെത്തി മൊഴിഞ്ഞു നീ.

"എണ്ണതീര്‍ന്നേട്ടാ,കടുകുവറക്കുവാന്‍,
ഉണ്ണുവാന്‍നേരമാവുമ്പൊഴേയ്ക്കും മതി"
പിന്നെയിരുന്നില്ലുടനേയെഴുന്നേറ്റ്‌
മുന്നിലെറോഡിലിറങ്ങി നടന്നു ഞാന്‍.

എല്ലാം മറക്കുന്നു ഞാനാമിഴികളില്‍
തെല്ല്നേരം നോക്കിനില്‍ക്കുമ്പൊഴോമനേ,
വല്ലാത്തൊരാജന്മബന്ധം മനസ്സിന്റെ
കല്ലോലിനിയിതിലോളങ്ങള്‍തീര്‍ക്കുന്നു.

എന്തായിരുന്നു ഞാന്‍ കൊണ്ടുനടന്നോരു
ചിന്തകള്‍? ആര്‍ക്കുംപിടികൊടുത്തീടാത്ത;
ബന്ധനങ്ങള്‍ തീരെയിഷ്ടമില്ലാത്ത ഞാന്‍
എന്തായിമാറി,ആ സ്നേഹാര്‍ദ്രധാരയില്‍?

ഞാനിന്നറിയുന്നു,ശക്തി,സ്നേഹത്തിന്റെ
പൂനിലാവിന്റെ തണുപ്പെങ്കിലുമഗ്നി-
യാണതിന്നുള്ളില്‍; മരങ്ങള്‍,മലകളെ
വേണമെന്നുണ്ടെങ്കില്‍ മാറ്റിമറിച്ചിടും..

Monday, February 16, 2009

ഭാരതീയത

പകയും,വിദ്വേഷവും,മനസ്സില്‍ നിറയവേ;
പുകയും, തീനാളവും ചുറ്റിലുമുയരവേ;
മകനേ,നിന്നോട്‌ഞാന്‍ പറയുന്നൊരീകഥ
പകരേണം നീ നിന്റെ പിറകേ വരുന്നോര്‍‌ക്കായ്..

അക്ഷരമറിയാതെ,ഗഹ്വരങ്ങളി‌ല്‍‌പാര്‍ത്ത്
ഭക്ഷണം‌മാത്രംതേടി മാനുഷരലയവേ,
ഇക്ഷിതിയിലുണ്ടായി വേദങ്ങള്‍ സംസ്കാരങ്ങള്‍!
തക്ഷശ്ശിലകള്‍, വിദ്യാകേന്ദ്രങ്ങള്‍‌,നളന്ദകള്‍‌!!

അത്രയുമൌന്ന്യത്ത്യത്തിലെത്തിടുന്നതിന്നായി
എത്രയോ സംവത്സരം കാത്തിരുന്നീഭാരതം
എത്രയോപുരാണങ്ങള്‍,വേദേതിഹാസങ്ങളും
സത്യമോ?മുനിമാര്‍‌തന്‍ ഭാവന പൂവിട്ടതോ?

ചക്രവര്‍ത്തിയായ്‌ലോകത്തൊരാളേയുണ്ടായുള്ളു
സിക്കന്‍ഡര്‍,കീഴടക്കീയവനന്നത്തെലോകം
അക്രമംചെയ്തോരാണെന്നാകിലും നമുക്കേക-
ഛത്രാധിപതികളായ് ഉണ്ടായിരുന്നാറുപേര്‍

സുവര്‍ണ്ണയുഗം തന്നൂ ഗുപ്തനുമശോകനും
നവരത്നാലംകൃതന്‍‌വിക്രമാദിത്യന്‍,കൃഷ്ണ-
ദേവരായനും,ഹര്‍‌ഷന്‍,അക്ബര്‍ എന്നിവരുമീ
ഭൂവിനെഭ്ഭറിച്ചപ്പോള്‍ ഭാരതം പുകള്‍‌പെറ്റൂ

എങ്ങിനെത്തുടങ്ങി ഈ മഹാരാജാക്കന്‍‌മാര്‍ പിന്നീ-
ടെങ്ങിനെയവര്‍ സ്വര്‍ണ്ണലിപിയാല്‍ ലേഖിതരായ്
മങ്ങിയകള്ളത്തുട്ടാം ഇന്നത്തെ’രാജാക്കള്‍’ ഇ-
തങ്ങിനെയറിഞ്ഞീടാന്‍?ചരിത്രം വായിക്കണ്ടേ?

ആറ്‌ചക്രവര്‍ത്തിമാര്‍ എന്ത് ചെയ്തെന്ന് നോക്കൂ,പിന്നെ
മാറിയോരിക്കാലത്തെ താരതമ്യവും ചെയ്യൂ
ഭാരതീയത്തെയെന്തെന്നറിയുന്നതിന്നായി
വേറെയാതൊന്നും വേണ്ടാ,ദൂരെ നീയെങ്ങും‌പോണ്ടാ‍..

Thursday, February 12, 2009

തീരാത്ത ആശ

ചെമ്പനീര്‍പ്പൂപോല്‍തുടുത്തകവിള്‍ത്തടം
ചുംബനമേറ്റ്‌ ചുവന്നു.
ചമ്പകപ്പൂമരച്ചോട്ടില്‍സന്ധ്യക്കവള്‍
കമ്പിതഗാത്രയായ്‌ നിന്നു..

ഇല്ല,സമയമധികമായിട്ടൊന്നു-
മില്ല,നിലാവുദിച്ചില്ല.
അല്ലിമലര്‍ക്കാവില്‍പൂജയ്ക്ക്‌ നേരമായ്‌
മല്ലീശരന്‍വിടുന്നില്ല..

എത്രലഭിച്ചാലുമാസ്നേഹസാമീപ്യ-
മെത്രയനുഭവിച്ചാലും,
കത്തുമെന്നാശതീരില്ല,അത്‌എന്റെ
മുത്തിനും നന്നായറിയാം..

Tuesday, February 10, 2009

കാട്‌

ഒരുപൂങ്കുയില്‍നാദമകലെനിന്നുയരുന്നു.
അരുവിതന്നോളത്തില്‍ ചെറുമത്സ്യമിളകുന്നു.
ഒരുകുളിര്‍ത്തെന്നല്‍വന്നരികത്തണയുന്നു.
അരുമയാമൊരുഗന്ധമകതാരില്‍നിറയുന്നു.

തലമൂടി,മ‍ഞ്ഞിന്‍പുതപ്പിട്ടചില്ലകളില്‍
മലയണ്ണാക്കൂട്ടങ്ങളോടിക്കളിയ്ക്കുന്നു.
ഇലകള്‍ക്കിടയിലൂടുദയാര്‍ക്കരശ്മികള്‍
തലനീട്ടി,വെള്ളിനൂലിഴകള്‍നെയ്തീടുന്നു.

കരിയിലകള്‍,കാട്ടുകമ്പിവകളാല്‍മൂടിയ
ചെറിയൊരുനടപ്പാതയിവിടെത്തുടങ്ങുന്നു.
അറിയില്ല,തെവിടെയാണെത്തുക,കാടിന്റെ
മറുഭാഗവും വിജനസ്ഥലിതന്നെയായിടാം.

നനുനനുത്തോരീയിളംവായുവെന്നുടെ
മനസ്സില്‍നിറയ്ക്കുന്നൊരനുഭൂതി ചുറ്റിലും
മണിവേണുനാദമായുയരുന്നീ കാട്ടിലും
അനുരാഗിണിയെന്റെയരികത്ത്‌വന്നപോല്‍

Monday, February 9, 2009

എന്റെ സായൂജ്യം

പൊക്കിള്‍ക്കൊടിയാലെ ബന്ധമാവുന്നതി-
ന്നെത്രയോമുമ്പെന്റെയമ്മയായ്‌മാറിനീ.
തെക്കേവളപ്പിലെ മാവിന്‍വിറകിന്റെ
മെത്തയില്‍ നീ നിദ്രയായതിന്‍ശേഷവും
കത്തുന്നുനീ,നിറദീപമായോര്‍മ്മയി-
ലെത്രയോജന്മങ്ങളായെന്റെയമ്മ നീ..

ഓരോചുവടിലും കാലിടറാതെന്നെ
വാരിയെടുക്കുവാന്‍,ഉമ്മനല്‍കീടുവാന്‍;
നേരായമാര്‍ഗ്ഗങ്ങള്‍ കാട്ടുവാനെപ്പൊഴും;
പാരംതളര്‍ന്നപ്പൊഴൊക്കെയും താങ്ങായി;
തോരാത്തവാല്‍സല്യവാരിധിയായെന്റെ
ചാരത്ത്‌നീനിന്നതിന്നുമോര്‍മ്മിപ്പു ഞാന്‍..

കുഞ്ഞായിരുന്നെന്നും നിന്‍കണ്ണില്‍ ഞാനന്ന-
മ്മിഞ്ഞകുടിയ്ക്കുമ്പോള്‍തൊട്ട്‌; കയ്യില്‍ ഞാനെന്‍
കുഞ്ഞുമായെത്തിയപ്പോഴുമാദ്യം എന്നെ
നെഞ്ചോട്ചേര്‍ത്തതും,എന്‍ബാല്യമാപിഞ്ച്‌
കുഞ്ഞിന്മുഖത്ത്‌കണ്ടുണ്ടായനിര്‍വൃതി
മഞ്ഞായുരുകിയതിന്നുമോര്‍മ്മിപ്പു ഞാന്‍..

നിന്മുന്നിലൂടെവളര്‍ന്നപ്പൊഴൊക്കെയും
എന്നുള്ളില്‍നീവളരുന്നതറിഞ്ഞു ഞാന്‍.
എന്നിലിന്നുള്ളോരു നന്മകളൊക്കെയും
നിന്നില്‍നിന്നല്ലോയെനിയ്ക്ക്‌ ലഭിച്ചതും.
ജന്മങ്ങളെത്രയുണ്ടായാലുമമ്മയായ്‌
വന്നീടണം, എന്റെ സായൂജ്യമാണ്‌ നീ..

Friday, February 6, 2009

ഭീരു.

ഞാനീതണലിലേകാകിയായുണ്ടെന്ന-
താണീവഴിക്കവളെത്തുവാന്‍ കാരണം.
കാണേണമെന്നുള്ളിലാശയില്ലാത്തതി-
ലാണേ, യൊഴിഞ്ഞിങ്ങ്‌മാറി ഞാന്‍ നിന്നത്‌.

ആരോ ചെവിയിലവളോട്ചൊല്ലിയ-
താരായിരിയ്ക്കാം? അയല്‍വീട്ടുകാരിയോ?
തോരാതെവായിട്ടലച്ചുകൊണ്ടെപ്പൊഴും
ചാരേനടക്കുന്നൊരാകൂട്ടുകാരിയോ?

യാത്രചോദിയ്ക്കുവാനാകാം, ഇനിവൃഥാ
കാത്തിരിയ്ക്കേണ്ടെന്ന്‌ചൊല്ലി; മിഴികളില്‍
സൂത്രത്തിലശ്രു നിറച്ച്‌, കുറച്ചെണ്ണ
കത്തുമെന്‍നെഞ്ചിലൊഴിച്ചെരിയിക്കുവാന്‍?

"എന്നെ നിനക്കുവേണ്ടല്ലേ, സമയമു-
ണ്ടൊന്നുവിളിയ്ക്കൂ, വരാം നിന്റെകൂടെ ഞാന്‍"
എന്നവള്‍ചൊല്ലീ;യിരുട്ടുപരന്നെന്റെ-
കണ്ണില്‍ അതിന്‍ശേഷമോര്‍മ്മകള്‍ മാഞ്ഞുപോയ്‌.

പിന്നെ,യിരുട്ടിന്റെ മാറാലമെല്ലെയെന്‍
കണ്ണില്‍നിന്നല്‍പ്പാല്‍പ്പമൂര്‍ന്നിറങ്ങീടവേ,
മുന്നില്‍ അകലെയായ്‌ പോകുന്നകണ്ടവള്‍
ചൊന്നിരിയ്ക്കാം "ഭീരു"വെന്നരണ്ടക്ഷരം

Tuesday, February 3, 2009

മരുപ്പച്ച.

സാഗരനീലമിഴികളില്‍ മോഹന-
രാഗമുണര്‍ന്ന് നിറഞ്ഞൊഴുകീടവേ,
ഏകാകിയാമെന്റെ വന്യദു:ഖങ്ങളില്‍
ആ ഗാനവീചികള്‍ സ്നേഹാര്‍ദ്രധാരയായ്‌..

താനേമുഴങ്ങുന്നൊരിക്‍താരയില്‍നിന്ന്
തേനൂറുമാഗാനമെന്നില്‍ നിറയവേ,
തീനാളമാണെന്റെചുറ്റുമെന്നാകിലും
ഹാ! നിന്റെയോര്‍മ്മകള്‍ ചേതോഹരം, സഖീ..

ഏതോ ശരത്‌കാലസന്ധ്യ, മനസ്സിന്റെ
വാതായനങ്ങളില്‍ക്കൂടി നിലാവിന്റെ
ശീതളസ്പര്‍ശം, ചകോരങ്ങള്‍ പാടുന്ന
ശോകാന്തഗീതം; ഇവകളോര്‍മ്മിപ്പു ഞാന്‍..

ഈമണല്‍ക്കാട്ടിന്‍വിജനതയില്‍ എന്റെ-
യോമല്‍ക്കിനാക്കള്‍ ചിറകറ്റ്‌വീഴവേ,
നീമാത്രമുണ്ടെനിയ്ക്കാശ്വാസമേകുവാന്‍
ഹേ മധുപാത്രമേ, നിന്നെത്തൊഴുന്നു ഞാന്‍..