Monday, August 31, 2009

കണി..

കണ്ടു, ഞാനൊരു വിഭാതവേളയില്‍
ചുണ്ടില്‍ തേന്‍‌ചിരിയുമായി വന്ന്‌‍, ഞാന്‍
പണ്ടുതൊട്ടുമനതാരില്‍ കണ്ട പൂ‌-
ച്ചെണ്ടുപോലെയഴകുള്ളപെണ്ണിനെ.

ചാരിടാത്ത കതകിന്റെ പാളിയില്‍
ചാരിനിന്നവള്‍; മനസ്സിലോര്‍ത്തു ഞാന്‍.
ചാരുചന്ദ്രനിവിടേയുദിച്ചുവോ?
നേരമിത്രയധികം വെളുത്തുവോ?

പിന്നെ,യെന്നുമുണരുന്ന നേരമെന്‍
മുന്നിലെത്തുമവള്‍, കൊന്നപൂത്തപോല്‍ !
ഇന്നുരാവിലെയുമെന്‍‌കിടക്കയില്‍
നിന്നെണീറ്റു കണികണ്ടതാമുഖം !!

Saturday, August 29, 2009

ഇനി, നമ്മളകലുകയില്ല..

ഇനി നമുക്കൊന്നായിപാടാം, പ്രിയസഖീ !
അനുരാഗമധുരിത ഗാനം.
ഇനി നമുക്കൊന്നിച്ചിരിയ്ക്കാം, കിനാവിലെ
പനിമതി പൊഴിയും പടവില്‍.

ഒരുപാട് മോഹപുഷ്പങ്ങള്‍ വിരിയുവാന്‍‌
തരുശാഖി തിരിനീട്ടിനില്‍ക്കേ,
ഒരുകാറ്റ്‌വന്നവ തല്ലിക്കൊഴിച്ചപ്പോള്‍‌
കരള്‍‌നൊന്ത് നാം കരഞ്ഞില്ലേ?

അകലെയിരുന്ന് നാം കണ്ടകിനാവുകള്‍‌
മുകിലിന്റെ വെണ്‍‌ചിറകേറി,
അകതാരിലാശ്വാസമേകീടുവാനെത്തി
പകലു മിരവിലുമരികില്‍‌.

ഗതിവേര്‍‌പിരിഞ്ഞോരരുവികള്‍ പിന്നീട്
വിധിമൂലമൊരുമിച്ച് ചേര്‍ന്നു.
ശ്രുതിപോയൊരനുരാഗവീണതന്‍‌തന്ത്രിയില്‍‌
പുതുരാഗമുയരാന്‍‌തുടങ്ങീ..

ഇനി നമുക്കൊന്നായി പാടാം, മധുരമാം
അനുരാഗ ഹൃദയരാഗങ്ങള്‍.
ഇനി നമുക്കൊന്നിച്ച് കാണാം കിനാവുകള്‍.
ഇനി, നമ്മളകലുകയില്ല...

Sunday, August 23, 2009

“ഈവന്റ് മാനേജേഴ്സ്”

അച്ചായന്‍, മൊതലാളി, മരിച്ചൂ മിനിഞ്ഞാന്നൊ-
രുച്ചയ്യോടടു ത്തെന്തു കഷ്ടമായ്പ്പോയീ യല്ല്യോ?
അച്ചനാണിളയമോന്‍, മൂത്തവന്നെസ്റ്റേറ്റാണേ,
അച്ചാമ്മ, യൊരേമകള്‍, നേഴ്സാണു യൂയെസ്സേയില്‍.

ഇന്നുച്ചയ്ക്കാണ് ദേഹം, ആശുപത്രീന്ന്; മകള്‍-
വന്നതിന്‍‌ശേഷം; വീട്ടില്‍ മൊബൈല്‍ മോര്‍ച്ചറീല്‍ വച്ചെ.
വന്നോരില്‍ ബിഷപ്പുണ്ട്, അച്ചന്‍‌മാര്‍, കന്യാസ്ത്രീകള്‍,
ഇന്നാട്ടിലുള്ള മത, രാഷ്ട്രീയ നേതാക്കളും.

നെഞ്ചത്തടിച്ച്, ശവപ്പെട്ടിതന്‍ ചുറ്റും ഇരു-
ന്നഞ്ചെട്ട് ’മിസ്സിന്ത്യ‘കള്‍ കരയുന്നതു കണ്ടോ?
അഞ്ചായിരമാണൊരാള്‍‌ ‍ക്കൊരുമണിക്കൂറിന്ന്.
പഞ്ചനക്ഷത്രത്തില്‍ ഊണു വേറെയും കൊടുക്കേണം.

കാറുകള്‍, അലങ്കാരവണ്ടികള്‍, ഭക്ഷണവും,
നൂറുതൊട്ടഞ്ഞൂറാളെ ജാഥയില്‍ ചേര്‍ത്തീടാനും
ആരുമേചെയ്യേണ്ടൊന്നും, മോര്‍ച്ചറീല്‍നിന്നും സെമി-
ത്തേരിയിലെത്തി, ശവം സംസ്ക്കരിക്കുന്നവരെ.

ചിന്തിച്ചു നോക്കൂ, ഇവ,യിത്രഭംഗിയായ് ചെയ്യാന്‍
ബന്ധുക്കള്‍മാത്രം ഒത്തുപിടിച്ചാല്‍ മതിയാമോ?
എന്തുവാ പരിപാടി? എന്നതാണേലും അത്
സന്തോഷമായിച്ചെയ്യാം; ഗംഭീരമാക്കാം ഞങ്ങള്‍!!

Friday, August 21, 2009

നിന്നെയും കാത്ത്..

നീവരുന്നുണ്ടെന്നെന്നെയറിയിക്കുവാൻ, മുൻ‌പേ
കൈവളകിലുക്കത്തിൻ കളനിസ്വനമെത്തി.
പൂവിതൾ തുടുത്തപ്പോൾ;കാറ്റിൻ‌സുഗന്ധം ചൊല്ലീ
നീവന്നുചേരാനൊട്ടും വൈകില്ലയിനിയെന്ന്.

കാത്തുകാത്തിരുന്നെന്റെ കവിളിൽ കണ്ണീരിന്റെ
നേർത്തചാലുകൾവറ്റീ; നിന്നോട് ചൊല്ലീടുവാൻ
മാത്രമായ് മനസ്സിൽ ഞാൻ പൊന്നലുക്കുകളിട്ട്
ഓർ‌ത്തുവച്ചവയൊക്കെ മായുവാൻ തുടങ്ങവേ..

നിൻ‌നാദമടുത്തെങ്ങോ കേട്ടതായ്ത്തോന്നി, യുള്ളിൽ
വെൺപ്രാക്കൾ ചിറകുകൾ കുടയുന്നതായ് തോന്നി.
മൺ‌ചിരാതിലെതിരിനാളമൊന്നുയർത്തട്ടേ
നിൻ‌ചിരിതൂകും മുഖം കാണുവാൻ തിടുക്കമായ് !

Thursday, August 20, 2009

എന്റെ ഓണം

മധുരാനുഭൂതികള്‍ മനതാരില്‍‌പെയ്യുന്ന
ഹൃദയവികാരമാണെന്റെയോണം।
വ്യഥകളില്ലാതെ, മനുഷ്യരൊന്നായ് വാണ
ഗതകാലസ്വപ്നത്തിന്നോര്‍മ്മയോണം।

ദലമര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കുകില്‍ അത്
മലയാളഭാഷയാണെന്നു തോന്നും
പുലരികള്‍, സന്ധ്യകള്‍, പൂക്കള്‍, ശലഭങ്ങള്‍‌
‍മലയാളമോതുന്നു, കിളികള്‍പോലും!

ഒരുപാടുനാളൊന്നുമായില്ല,ബാല്യത്തില്‍,
തിരുവോണമെത്തുന്നതിന്നുമുന്‍പേ,
ഒരുനൂറുമോഹങ്ങളതിലേറെപുഷ്പങ്ങള്‍‌
‍നിറയെ വര്‍ണ്ണങ്ങളുമായിയെത്തും.

തറവാടുകള്‍പോയി,യണുകുടുമ്പങ്ങള്‍ക്ക്‍
തിരുവോണം കടലാസ്സുപൂക്കളിലായ്.
ഇരയായിമാറുന്നു കമ്പോളസംസ്ക്കാര-
ത്തിരയിതില്‍, ഇനിയില്ല തിരികെയാത്ര.

ഇനിയെനിയ്ക്കാസ്വദിച്ചീടുവാനാവില്ല
തനിനാട്യമായ്മാറി തിരുവോണവും!
ഇനിയൊരുനാളിലും കൈവന്നിടാത്തൊരു
തനിമയെഴും സ്വപ്നം; എന്റെയോണം!!

Saturday, August 15, 2009

തിരികെ വരൂ

ഒരുനാളില്‍‌വിരുന്നുവന്നുവെന്‍‍
കരളിന്‍‌തന്ത്രിയിലീണമേറ്റുവാന്‍
വിരല്‍‌തൊട്ടൊരുവേള പൂത്തുപോയ്‌
വിരിയാന്‍‌‌വെമ്പിയകുഞ്ഞുമൊട്ടുകള്‍‌.

കളനാദമുയര്‍ന്നവേളയില്‍
പു ളകംകൊണ്ടു വിടര്‍ന്നു മാനസം.
കളിചൊല്ലിനടന്നുവെണ്ണിലാ-
വൊളിയില്‍‌, പിന്നെയുമെത്രനാഴിക.

ഒരുസൂചനപോലുമേകിടാ-
തരികില്‍‌നിന്നകലേയ്ക്കുപോയിനീ
തിരികേവരികെന്റെയുള്ളിലെ
എരിതീയിന്നുകെടുത്തിടൂ സഖീ..

Tuesday, August 11, 2009

മഞ്ഞ്..

പാതിരാപ്പക്ഷിതന്നീണവും, മഞ്ഞേറ്റ്
പാതിവിടര്‍ന്നരാപ്പൂമണവും,
പാതിതുറന്ന് കിടന്നൊരെന്‍‌ജാലക-
വാതിലിലൂടെ കടന്നു വന്നു.

നീയുറങ്ങിക്കാണുമിപ്പോള്‍‌, കിനാക്കളി-
ലൂയലാടുന്ന മനസ്സുമായി.
മായികമാമൊരു പുഞ്ചിരി, പൂവിടു-
മായിരിയ്ക്കാം, നിന്‍‌ചൊടിയിണയില്‍‌.

യാമങ്ങളെണ്ണിയുറങ്ങാതിരിപ്പു ഞാന്‍
‌ഓമനേ, നീമാത്രമെന്‍‌കരളില്‍.
ഈ മഞ്ഞുവീഴും നിശീഥിനിതന്നിലെന്‍‌
കാമനകള്‍‌ പൂത്തുലഞ്ഞുവെങ്കില്‍ !

Saturday, August 8, 2009

വിടില്ല; ഞാന്‍‌..

ചുടുനെടുവീര്‍‌പ്പുകള്‍‌ കണ്ണീരിലലിയവേ
ഒടുവില്‍‌, നീയരികത്തണഞ്ഞനേരം,
പിടയുമെന്നാത്മാവിനാശ്വാസമായെന്റെ-
യിടനെഞ്ചിലൊരുരാഗശ്രുതിയുണര്‍ന്നൂ..

കരപല്ലവങ്ങളാല്‍ മുറുകെപ്പുണര്‍ന്നെന്റെ
തരളാധരങ്ങളില്‍ മധുപകര്‍ന്നും;
വിരലുകളാല്‍ അതിമൃദുവായ്‌തലോടിയി-
ട്ടൊരുരോമഹര്‍ഷത്തിന്നിതള്‍‌വിരിച്ചു..

പനിനീര്‍‌കുടഞ്ഞെന്നിലതിലോലസാന്ദ്രമാ-
മനുഭൂതിനിറയിച്ചതറിയുന്നു ഞാന്‍‌.
ഇനി, നിന്നെ ഞാന്‍‌വിടില്ലെന്നെയീതീരത്ത്‌
തനിയേവെടിഞ്ഞകലേയ്ക്ക്‌ പോകാന്‍‌..

Monday, August 3, 2009

തുണയായ്

കരളില്‍ കിനാക്കള്‍ക്ക് വീണുറങ്ങീടുവാന്‍‌
‍ഒരുമണിമണ്ഡപം ഞാനൊരുക്കി.
ഒരുനാളില്‍ നീ വിരുന്നെത്തുമെന്നോര്‍ത്ത്‌ ഞാന്‍‌
‍തിരിനാളമണയാതെ കാത്ത് വച്ചു.

ജലശംഖിലുയരുന്നമൃദുനാദമിന്നെന്നി-
ലലയുന്നു രാഗാര്‍ദ്രഭാവങ്ങളായ്‌
ചിലനേരമൊരു വേണുനാദത്തിലെന്നപോല്‍
‌‍അലിയുന്നു ഞാനതില്‍, നിന്നോര്‍മ്മയാല്‍‌.

പറയൂ, പ്രിയംവദേ, ഇനിയെന്ന് നീയെന്നില്‍‌
‍നിറയും, ഒരാനന്ദഭൈരവിയായ്‌
ചിറകറ്റൊരെന്‍‌മോഹശലഭത്തിനെന്ന് നീ
മറുതീരമണയുവാന്‍ തുണയായ്‌വരും ?

Saturday, August 1, 2009

ഓര്‍മ്മ

കണ്ണില്‍, കിനാവിന്റെ പൂത്തിരികത്തിച്ച്‌
പെണ്ണെന്റെനെഞ്ചില്‍ അമര്‍ന്ന് നിന്നു.
വിണ്ണിലെചന്ദ്രിക നാണിച്ചു; കണ്‍ചിമ്മി,
എണ്ണിയാല്‍ തീരാത്ത താരകളു..

അന്നാദ്യമായ് രാഗ താള ശ്രുതിയോടെ
കിന്നരന്മാരുടെ പാട്ട് കേട്ടു.
എന്നെമറന്നു, ഞാനെല്ലാം മറന്നൊരു
മിന്നലായ് കത്തിജ്വലിച്ചണഞ്ഞു.

പിന്നെയുമെത്രയോരാവുകളില്‍ നമ്മ-
ളൊന്നായി, സ്വപ്നങ്ങള്‍ പങ്കുവച്ചു.
ഇന്ന്, ഏകാന്തയാമങ്ങളില്‍, ഓര്‍മ്മകള്‍‌
‍ചിന്നിച്ചിതറിടുന്നെന്‍‌മനസ്സില്‍