Friday, December 21, 2012
കുളിരുന്നുവോ, സഖീ ?
കുളിരുന്നുവോ, സഖീ ?
===============
കുളിരുന്നുവോ സഖീ, യീ ചെറു പൂമര
ത്തളിരിളം കൂട്ടിലടുത്തിരിക്കൂ
പുലരിവരും വരെ നീയെന്റെ നെഞ്ചില്‍ നിന്
തളരും ചിറകുകള് ചേര്‍ത്ത് വയ്ക്കൂ..
.
ഇരതേടിയകലേയ്ക്ക് പോയഞാനെത്തിയി-
ട്ടരനാഴിക പോലുമായതില്ല.
ഇരുള് വന്നു മൂടുന്നതിന് മുന്‍പീ കൂട്ടില്‍ നിന്
വരവു ഞാന്‍ നോക്കിയിരുന്നിരുന്നു..
.
ഇനി നിലാവസ്തമിച്ചുദയം വരും വരെ
പനിമതി മാഞ്ഞുപോം നേരം വരെ
നനവാര്‍ന്ന പീലിത്തലോടല് പോലൊഴുകുമീ-
യനുഭൂതികള്‍ നമുക്കാസ്വദിക്കാം
.
ഇതളിടും പൂക്കളില്‍ ശലഭങ്ങളെത്തുന്ന
പദവിന്യാസത്തിനായ് കാത്തിരിക്കാം
ഹൃദയാഭിലാഷങ്ങള്‍ കൊഞ്ചലായ് കുറുകിയാ
പുതു പുതു സ്വപ്നങ്ങള്‍ കണ്ടിരിക്കാം..
.
കുളിരുന്നുവോ, സഖീ യെന്‍ നെഞ്ചില്‍ നീ നിന്റെ
തളിരിളം ചിറകുകള് ചേര്‍ത്തു വയ്ക്കൂ
പുലരി വരും വരേ നമ്മളൊന്നിച്ചു പൊന്‍ -
പുളകങ്ങളൊക്കെയും പങ്കു വയ്ക്കാം..
.
(22/10/2010 ല്‍ എഴുതിയത്..)
===================================
Subscribe to:
Posts (Atom)