Tuesday, May 29, 2007
മുല്ലമൊട്ട്
ഒരുകൊടുംവേനലിന്നവസാനമിലകളില്‍
ചെറുതായി മഞ്ഞിന്‍കണങ്ങള്‍ വീഴ്കെ
ഒരുപാടുമോഹങ്ങളുള്ളിലൊതുക്കിയ
തളിരിളംമൊട്ടൊന്നു തിരിതെറുത്തു.
ഞാന്‍മുല്ലമൊട്ട്, വിടര്‍ന്നിട്ടുവേണമെന്‍
തൂമണമേവര്‍ക്കുമേകീടുവാന്‍
ചിന്തകളിലാണ്ടു കാത്തിരിയ്ക്കെ ഒരു
സന്ധ്യയ്ക്ക് പൂമൊട്ട് കണ്‍മിഴിച്ചു
ഒരുനുള്ള് സൗരഭം കുളിര്‍കാറ്റിനേകിയാ-
കരലാളനത്താല്‍ കൊഴിഞ്ഞുവീഴ്കെ
വിടരാതെ നിന്നിരുന്നെങ്കിലെന്നാ ചെറു
കുടമുല്ല യുള്ളിന്റെയുള്ളിലോര്‍ത്തു...
Saturday, May 19, 2007
യാത്ര..
പിരിയുന്നനേരത്ത് നിന്‍മിഴിക്കോണിലായ്
ചെറിയോരുനീര്‍ത്തുള്ളിമിന്നിമാഞ്ഞോ?
കരയാതിരിയ്ക്കാന്‍ശ്രമിച്ചെങ്കിലുമെന്റെ
കരളിലൊരുനോവ്ബാക്കിനിന്നോ?
വരുമായിരുന്നോ,വിളിച്ചിരുന്നെങ്കിലെ-
ന്നരികത്ത് നേര്‍ത്തനിശ്വാസമോടെ?
ഒരുയാത്രചെയ്യാനൊരുമ്പെടുമ്പോളെന്റെ
കരവുംപിടിച്ചുകൊണ്ടല്‍പദൂരം?
വിരിയുമോ കവിതകളിനിയെന്റെയുള്ളത്തി-
ലറിയില്ല, യെന്നാലുമൊന്നറിയാം
ഒരുകുളിര്‍മന്ദഹാസത്തിന്റെയോര്‍മയില്‍
മരുഭൂമികള്‍പോലും മറികടക്കാം
Friday, May 11, 2007
സ്വപ്നങ്ങള്‍..
സ്വപ്നങ്ങളെക്കുറിച്ചാവട്ടെയിന്നു ഞാന്‍
സ്വല്‍പമെന്തെങ്കിലും കുത്തിക്കുറിപ്പത്
ഉണ്ടായിരുന്നൂ ചെറുതും വലുതുമായ്
പണ്ടുതൊട്ടേയിവര്‍,നിദ്രയില്‍ കൂട്ടിനായ്
പേടിതോന്നുംകുറെ ഭൂതങ്ങള്‍,പ്രേതങ്ങള്‍
പേരറിയാത്തസ്ഥലങ്ങള്‍,വനങ്ങളും
വായിച്ചപുസ്തകത്താളിലെയൊട്ടേറെ
നായികാനായകന്മാരും കഥകളും
പിന്നെ,ക്കുറച്ചുമുതിര്‍ന്നതിന്‍ശേഷമാ-
ണെന്നില്‍ ദിവാസ്വപ്നമുല്ലകള്‍പൂത്തത്
ഏറെക്കൊഴിഞ്ഞു,വിടരുന്നതിന്‍ മുമ്പി-
ലീറന്മിഴികളുമായീയുണര്‍ന്നു ഞാന്‍
നഷ്ടസ്വപ്നങ്ങളുണ്ടേറെ,യൊരുനാളു-
മിഷ്ടപ്പെടാന്‍ കഴിയാത്തവയുമുണ്ട്
എന്നാലുമാത്മസാഫല്യത്തിനെന്നപോല്‍
ഇന്നും കിനാവുകള്‍കാണുന്നു ഞാന്‍,വൃഥാ..
Wednesday, May 9, 2007
നിദ്ര
തങ്കമേനിയിതിലെന്‍ കരാംഗുലികള്‍
മന്ദവേഗതയില്‍ നീങ്ങവേ
പിന്‍കഴുത്തിലൊരുചുമ്പനത്തിലിള-
മഞ്ഞുപോലുരുകി വീണു ഞാന്‍
തുമ്പിതന്‍ചിറകിലേറി ഞാന്‍പഴയ
ചിന്തിനീരടികള്‍മൂളിയും
കുഞ്ഞുറുമ്പുകള്‍ ഞരമ്പിലൂടെ,യിട-
നെഞ്ചിലൂടെയുമിഴഞ്ഞുപോയ്
മഞ്ഞണിഞ്ഞയിരുകുന്നിനിടയിലൊഴു-
കുന്നസ്വേദനദിതന്‍തടത്തില്‍ ഞാ-
നിന്നു കണ്ണുകളടച്ച് സ്വപ്നവും
കണ്ടുനിര്‍വൃതിയിലുറങ്ങിടും
കള്ളക്കണ്ണന്‍
വെണ്ണയ്കായാശമൂത്തിട്ടതുകുറെയൊളിവില്‍ കട്ടുതിന്നും; കുളിയ്ക്കും-
പെണ്ണുങ്ങള്‍ നീരില്‍നില്‍ക്കേ യവരുടെതുണിയും പണ്ടുനീ കട്ടതല്ലെ
എന്നാലിതുവരെയൊട്ടും കളവുകള്‍ചെയ്യാതുള്ളൊരീയെന്നെ നീല-
ക്കണ്ണാ,കാരുണ്യസിന്ധോ വിരവിനൊടിനിയും കാത്തുരക്ഷിക്കണം നീ
Tuesday, May 8, 2007
ധന്യന്‍
ആരോമലേ,നിന്നെയാദ്യമായ് തൊട്ടനാള്‍
ആലോലമെന്‍മനം ശൂന്യമായി
ആറാമതായിട്ടൊരിന്ദ്രിയംവേണമെ-
ന്നാദ്യമായ് തോന്നിയതന്നുതന്നെ
പിന്നെ,കരളിന്നഗാധതയില്‍നിന്നു
പൊങ്ങിവരുന്നകുമിളപോല്‍നീ
എന്നിലുറയവേ ഞാനറിഞ്ഞൂ,സഖീ
നിന്നിലലിയുവതെന്തുഭാഗ്യം!
ഇന്നെന്റെയോര്‍മ കുളിരണിയുന്നു നീ
തന്ന മുഹൂര്‍ത്തങ്ങളാലെ,മുത്തേ
ഒന്നറിഞ്ഞാലും,നീ നല്‍കുന്നൊരീസ്നേഹ
മൊന്നുമാത്രം മതി ധന്യനാവാന്‍
ആലോലമെന്‍മനം ശൂന്യമായി
ആറാമതായിട്ടൊരിന്ദ്രിയംവേണമെ-
ന്നാദ്യമായ് തോന്നിയതന്നുതന്നെ
പിന്നെ,കരളിന്നഗാധതയില്‍നിന്നു
പൊങ്ങിവരുന്നകുമിളപോല്‍നീ
എന്നിലുറയവേ ഞാനറിഞ്ഞൂ,സഖീ
നിന്നിലലിയുവതെന്തുഭാഗ്യം!
ഇന്നെന്റെയോര്‍മ കുളിരണിയുന്നു നീ
തന്ന മുഹൂര്‍ത്തങ്ങളാലെ,മുത്തേ
ഒന്നറിഞ്ഞാലും,നീ നല്‍കുന്നൊരീസ്നേഹ
മൊന്നുമാത്രം മതി ധന്യനാവാന്‍
വിഭക്തി
ആരാധനാലയില്‍ ദൈവമിരിപ്പുണ്ടെ-
ന്നരോപറഞ്ഞു ഞാന്‍ പണ്ടറിഞ്ഞു
ആരുമവിടില്ല,കല്‍വിളക്കിന്‍മുന്നി-
ലരോപ്രതിഷ്ഠിച്ച ബിംബമന്യെ
എങ്കിലുമാളുകള്‍വന്നൂ കൈകള്‍കൂപ്പി
സങ്കടലക്ഷാര്‍ച്ചന നടത്തി
പങ്കിലമായ തന്‍ ജീവിതപാപങ്ങള്‍
പങ്കുവെച്ചാശ്വാസമൊട്ടുനേടാന്‍
ഇല്ല,ബോധിപ്പിക്കാന്‍ കാണിക്കുമീനാട്യ
മല്ല,ദൈവത്തിന്റെയിഷ്ടപൂജ
മെല്ലെത്തിരിഞ്ഞു നടന്നു ഞാനുള്ളത്തി-
ലില്ലെങ്കില്‍ ദൈവം വേറെങ്ങുമില്ല
ന്നരോപറഞ്ഞു ഞാന്‍ പണ്ടറിഞ്ഞു
ആരുമവിടില്ല,കല്‍വിളക്കിന്‍മുന്നി-
ലരോപ്രതിഷ്ഠിച്ച ബിംബമന്യെ
എങ്കിലുമാളുകള്‍വന്നൂ കൈകള്‍കൂപ്പി
സങ്കടലക്ഷാര്‍ച്ചന നടത്തി
പങ്കിലമായ തന്‍ ജീവിതപാപങ്ങള്‍
പങ്കുവെച്ചാശ്വാസമൊട്ടുനേടാന്‍
ഇല്ല,ബോധിപ്പിക്കാന്‍ കാണിക്കുമീനാട്യ
മല്ല,ദൈവത്തിന്റെയിഷ്ടപൂജ
മെല്ലെത്തിരിഞ്ഞു നടന്നു ഞാനുള്ളത്തി-
ലില്ലെങ്കില്‍ ദൈവം വേറെങ്ങുമില്ല
Monday, May 7, 2007
ഗണേശാ..
തുമ്പിക്കൈമെല്ലെനീട്ടി; ഇരുചെവികളില്‍കൈകള്‍ചേര്‍ത്തേത്തമിട്ടീടും തല-
കുമ്പിട്ടന്‍പോടെനില്‍ക്കും അടിയനുതരണേ നല്‍വരങ്ങള്‍ ഗണേശാ
വമ്പത്തംതോന്നിചെയ്ത ചെറുകിടപിഴകള്‍ക്കായിനീമെല്ലെയൊന്നര-
ക്കൊമ്പാല്‍ ഉരസുകദേഹേ,ചെറിയൊരുപിഴയായ്,വേദനിപ്പിച്ചിടാതെ
കുമ്പിട്ടന്‍പോടെനില്‍ക്കും അടിയനുതരണേ നല്‍വരങ്ങള്‍ ഗണേശാ
വമ്പത്തംതോന്നിചെയ്ത ചെറുകിടപിഴകള്‍ക്കായിനീമെല്ലെയൊന്നര-
ക്കൊമ്പാല്‍ ഉരസുകദേഹേ,ചെറിയൊരുപിഴയായ്,വേദനിപ്പിച്ചിടാതെ
Thursday, May 3, 2007
എന്റെ മാത്രം കണ്ണന്‍
നീലോല്‍പലങ്ങളേ,നിങ്ങളെങ്ങാനുമെന്‍
നീലമിഴിയുള്ള കണ്ണനെക്കണ്ടുവോ?
നീലമേഘങ്ങളേ,നിങ്ങളവന്‍ചൂടും
ചേലൊത്തപീലിത്തിരുമുടികണ്ടുവോ?
കാലികള്‍കാതോര്‍ത്തുനില്‍ക്കുന്നു,ണ്ടെങ്ങാനും
കോലക്കുഴലിലെ യീണങ്ങള്‍കേട്ടുവോ?
കാളിന്ദീതീരത്തെപുല്‍ക്കൊടി ഹര്‍ഷത്താല്‍
കോള്‍മയിര്‍കൊള്ളുന്നൂ;കണ്ണനെങ്ങാന്‍ വന്നോ?
കാല്‍ത്തളനാദത്തിനൊപ്പമെന്‍ നെഞ്ചകം
കേള്‍ക്കുന്നു,നിന്റെമധുരഗാനാമൃതം
ഇന്നു ഞാന്‍ നിശ്ചയം,വീണുറങ്ങീടുമാ-
നെഞ്ചില്‍, പുലരിവിളിച്ചുണര്‍ത്തുംവരെ
നീലമിഴിയുള്ള കണ്ണനെക്കണ്ടുവോ?
നീലമേഘങ്ങളേ,നിങ്ങളവന്‍ചൂടും
ചേലൊത്തപീലിത്തിരുമുടികണ്ടുവോ?
കാലികള്‍കാതോര്‍ത്തുനില്‍ക്കുന്നു,ണ്ടെങ്ങാനും
കോലക്കുഴലിലെ യീണങ്ങള്‍കേട്ടുവോ?
കാളിന്ദീതീരത്തെപുല്‍ക്കൊടി ഹര്‍ഷത്താല്‍
കോള്‍മയിര്‍കൊള്ളുന്നൂ;കണ്ണനെങ്ങാന്‍ വന്നോ?
കാല്‍ത്തളനാദത്തിനൊപ്പമെന്‍ നെഞ്ചകം
കേള്‍ക്കുന്നു,നിന്റെമധുരഗാനാമൃതം
ഇന്നു ഞാന്‍ നിശ്ചയം,വീണുറങ്ങീടുമാ-
നെഞ്ചില്‍, പുലരിവിളിച്ചുണര്‍ത്തുംവരെ
Wednesday, May 2, 2007
വിട
(എനിയ്ക്കു ത്ശ്ശൂറില്‍ നിന്നു ആലപ്പുഴയ്ക്കു ട്രാന്‍സ്ഫര്‍ ആയി.
റിലീവിംഗ് ഈ മാസം തന്നെ ഉണ്ടായേക്കും.
ഓഫീസിലെ സ്റ്റാഫിനോട്)
ഇനിയാത്രപറഞ്ഞിടട്ടെ യി-
ന്നിനിയീപടികളിറങ്ങിടട്ടെ ഞാന്‍
കനിവാര്‍ന്നരുളീടു,മാപ്പു ഞാന്‍
മനമറിയാതെ തൊടുത്ത വാക്കിന്
ഒരുയാത്രതുടങ്ങി,നാളുകള്‍
ഒരുപാടായി, യിടയ്കിടയ്ക്കുവ
ന്നൊരുപാട് തണല്‍മരങ്ങളും,
ഒരുപാടാളുകളും കടന്നു പോയ്
അരുതെന്നുവിലക്കിടുന്നപോല്‍
കരയുംകണ്ണുകള്‍കാണ്മതുണ്ടു ഞാന്‍
പിരിയാന്‍ വിധിയായൊരീക്ഷണ-
മിരുകൈകൂപ്പിതൊഴുന്നു നിങ്ങളെ
റിലീവിംഗ് ഈ മാസം തന്നെ ഉണ്ടായേക്കും.
ഓഫീസിലെ സ്റ്റാഫിനോട്)
ഇനിയാത്രപറഞ്ഞിടട്ടെ യി-
ന്നിനിയീപടികളിറങ്ങിടട്ടെ ഞാന്‍
കനിവാര്‍ന്നരുളീടു,മാപ്പു ഞാന്‍
മനമറിയാതെ തൊടുത്ത വാക്കിന്
ഒരുയാത്രതുടങ്ങി,നാളുകള്‍
ഒരുപാടായി, യിടയ്കിടയ്ക്കുവ
ന്നൊരുപാട് തണല്‍മരങ്ങളും,
ഒരുപാടാളുകളും കടന്നു പോയ്
അരുതെന്നുവിലക്കിടുന്നപോല്‍
കരയുംകണ്ണുകള്‍കാണ്മതുണ്ടു ഞാന്‍
പിരിയാന്‍ വിധിയായൊരീക്ഷണ-
മിരുകൈകൂപ്പിതൊഴുന്നു നിങ്ങളെ
Subscribe to:
Posts (Atom)