Saturday, December 29, 2007
എങ്കില്‍..
നിന്റെ സ്വപ്നങ്ങളില്‍ പൂക്കും നിശഗന്ധീപുഷ്പസുഗന്ധമായെങ്കില്‍!
നിന്റെ കണ്‍കോണിലൊളിയ്ക്കുന്ന രാഗത്തിന്നിന്ദീവരങ്ങളായെങ്കില്‍!
നിന്‍വിരല്‍ത്തുമ്പിന്റെ ലാളനമേല്‍ക്കുന്ന തമ്പുരുവായിരുന്നെങ്കില്‍!
നിന്റെനിശ്വാസങ്ങളേറ്റുവാങ്ങുന്നൊരു ഗദ്ഗദമായ് മാറിയെങ്കില്‍!
നിന്റെപൊന്‍തൂലികത്തുമ്പിലുറയുന്നസ്പന്ദങ്ങളായ് മാറിയെങ്കില്‍!
നിന്റെസങ്കല്‍പമാംശാദ്വലഭൂമിയില്‍ മഞ്ഞായിപെയ്തിരുന്നെങ്കില്‍!
നിന്റെയേകാന്തമാംശ്യാമദു:ഖ്ങ്ങളില്‍സാന്ത്വനമായ് മാറിയെങ്കില്‍!
നിന്റെ മോഹങ്ങളെ പൊന്നലചാര്‍ത്തുവാന്‍ എന്നുമെനിക്കായിയെങ്കില്‍!
നിന്‍ചുമ്പനങ്ങളേറ്റാകെത്തളരുന്ന പൊന്‍വേണുവായിരുന്നെങ്കില്‍!
നിന്റെകടാക്ഷശരങ്ങളേറ്റെന്നുമെന്‍ നെഞ്ചകം നൊന്തിരുന്നെങ്കില്‍!
നിന്‍വിരിമാറില്‍ വനമാലയോടൊത്ത് എന്നുമൊട്ടിക്കിടന്നെങ്കില്‍!
എന്നുമെന്നാശകള്‍ നിര്‍വൃതിനേടുവാന്‍ നിന്നെത്തിരഞ്ഞെത്തിയെങ്കില്‍!!
Friday, December 28, 2007
നെഞ്ചിലെ ചൂട്
ഇന്നലെയീവാടിയില്‍ ഇരുന്നേനേറെനേരം
വന്നില്ല കണ്ണന്‍, എന്റെ മോഹങ്ങളേറ്റുവാങ്ങാന്‍
ഇന്നവന്‍ വരുമെന്നെന്‍ മനസ്സിന്‍ തന്ത്രികളില്‍
ഹിന്ദോളമുയരവേ, യമുനേ, യറിവു ഞാന്‍
ചന്ദനക്കുളിര്‍ക്കാറ്റില്‍ നിന്റെയോളങ്ങള്‍ വീണ്ടും
മന്ദമായിളകുവാന്‍ തുടങ്ങീ, കേള്‍പ്പീലേ മാ-
കന്ദത്തളിരുമുണ്ട് പഞ്ചമം പാടീ കുയില്‍
നന്ദനോടൊത്താടാനെന്‍ കാല്‍ത്തള തുടിയ്ക്കുന്നൂ
കണ്‍പൊത്തിക്കളിയ്ക്കുന്നൂ വാനില്‍, മേഘങ്ങള്‍ക്കിടെ
വെണ്‍ചന്ദ്രലേഖ, മെല്ലെച്ചിരിപ്പൂ എന്നെ നോക്കി
മണ്‍ചിരാതിലെ തിരിനാളങ്ങള്‍ കെടാറായീ
നെഞ്ചിലെച്ചൂടേറ്റ് ഞാന്‍ ഉരുകിത്തീരാറായീ..
Monday, December 24, 2007
ആശംസ.
കടലുകള്‍ക്കക്കരെയുള്ള എന്റെ ഒരു
കാണാത്ത ചങ്ങാതി- ജേപിയ്ക്ക്:-
------------
എങ്ങിനെയറിയില്ല, നാം തമ്മിലുണ്ടായോരീ-
ചങ്ങാത്തമിത്, പൂര്‍വജന്മസുകൃതമാവാം
മങ്ങാതെനില്‍ക്കട്ടെയീസ്നേഹം; നേരുന്നൂ മനം-
തിങ്ങുമാമോദത്തോടെ, "പിറന്നാളാശംസകള്‍"
പോകുന്ന പാതതോറും നിനക്കായ് വിരിയട്ടേ
പൂവുകള്‍,കുളിര്‍ക്കാറ്റ് കൈകളാല്‍ തലോടട്ടെ
പൂംതേന്‍ നിറച്ച പുതു പാനപാത്രങ്ങള്‍ നീളേ,
പൂങ്കുയില്‍ പാടീടട്ടെ എതിരേല്‍ക്കുവാന്‍ നിന്നെ
ഒന്നുമില്ലല്ലോ തോഴാ, തരുവാന്‍ നിനക്കായീ
ഇന്നെന്റെ മനസ്സില്‍, നീ തന്നയോര്‍മ്മകളന്യേ
ഒന്നുമെനിയ്ക്കും വേണ്ടാ പകരം, സ്നേഹം മാത്രം
തന്നെങ്കി, ലതുമതി കൃതാര്‍ത്ഥനായീ യീ ഞാന്‍
Thursday, December 20, 2007
ആശ
പൂനിലാവിലെന്‍കണ്ണന്‍ രാഗലോലനിന്‍ നഗ്ന-
മേനിയില്‍ വിരലിനാല്‍ മെല്ലെത്തഴുകി, തന്റെ
തേനലച്ചുണ്ടാല്‍ മുത്തി, രാഗങ്ങളുതിര്‍ക്കുവാന്‍
കാനന മുരളീ, നീ എന്ത് സൗഭാഗ്യം ചെയ്തു?
എപ്പോഴുമരയിലോ, കയ്യിലോ, ചുണ്ടത്തോ നീ
എപ്പോഴുമുണ്ടാമവന്നടുത്തായ്, തുണയായി.
മല്‍പ്രാണനാഥനെന്റെ അരികത്തുണ്ടാമെന്നാ-
ലപ്പൊഴേയ്ക്കുമാരാവ് പെട്ടെന്നൊടുങ്ങിപ്പോവും.
നിന്നോടുണ്ടെനിക്കല്‍പം അസൂയ, പുല്ലാങ്കുഴല്‍-
പ്പെണ്ണേ, നീ മുജ്ജന്മത്തില്‍ സുകൃതം ചെയ്തോളാവാം
കണ്ണന്റെ മാത്രം രാധയാണു ഞാനെന്നാലുമാ-
പ്പൊന്‍വേണുവായീ വീണ്ടും ജനിയ്ക്കാനെനിയ്ക്കാശ
Wednesday, December 19, 2007
പ്രകാശരശ്മികള്‍..
ദൂരെ, യങ്ങപാരതയ്ക്കപ്പുറത്ത് നിന്നൊരു
താരക ചിരിച്ചൂ, ദു:ഖാര്‍ത്തനാമെന്നെനോക്കി
'പോരികെന്നരികത്തേ'യ്കെന്നവള്‍ ക്ഷണിച്ചപ്പോള്‍
കോരിത്തരിച്ചോ സ്നേഹമറിയാത്തൊരെന്മനം.
മോഹങ്ങളില്ല; വേണ്ട, വേറൊന്നുമെനിക്കിന്ന്
സ്നേഹമൊരല്‍പം, പക്ഷേ ലഭിച്ചില്ലിന്നേവരെ
ദാഹനീരേകാനാരും വന്നില്ല ഞാനീ പത്മ-
വ്യൂഹത്തിലൊറ്റയ്ക്കടരാടുവാനാവാം വിധി.
ഇന്നെന്നെനോക്കി ചിരിയ്ക്കുന്ന താരത്തെ ത്തേടി-
ച്ചെന്നാലുമതവിടെ ഉണ്ടാവില്ലെന്നറിയാം.
എന്നോജ്വലിച്ച്, പ്രകാശോര്‍ജ്വങ്ങള്‍ അടങ്ങും മുന്‍-
പെന്നോ ചൊരിഞ്ഞ വെറും രശ്മികളാവാമത്!
Friday, December 14, 2007
കണ്ണന്റെ മറവി.
മീരതന്‍ ഗാനാലാപ കല്ലോലിനിയില്‍ മുങ്ങി-
യീരാവിലല്‍പംനേരം മറന്നുപോയ് ഞാനെന്നെ.
നീരാഞ്ജനക്കണ്ണാള്‍നീ യമുനാതീരത്തെന്നെ
ഏറെനേരമായ് കാത്തുനില്‍പതും മറന്നൂ ഞാന്‍
ഇന്നലെപ്പിരിയവേ നീയെന്നധരങ്ങളില്‍
തന്നചുംബനത്തിന്റെ ഊഷ്മളാനുഭൂതികള്‍
ഇന്നുണര്‍ന്നെണീറ്റപ്പോള്‍ കുറച്ച് ബാക്കി, അതും
ഇന്നത്തെ മറവികള്‍ക്കുള്ള കാരണമാവാം
മന്ദസ്മിതവുമായി രുഗ്മിണി ചോദിച്ചെന്തേ
സിന്ദൂരക്കുറിയെന്നെ ചാര്‍ത്തിക്കാന്‍ മറന്നു നീ
ഇന്ദീവരക്കണ്ണുകള്‍ മുറുകെപ്പൂട്ടീ വീണ്ടും
സുന്ദരസ്വപ്നങ്ങളില്‍ മുഴുകാനുറങ്ങീ ഞാന്‍.
---------------------------------------------
പേനകൊണ്ട് കടലാസിലെഴുതാതെ,ഒരുമണിക്കൂര്‍കൊണ്ട് വരമൊഴിയില്‍ നേരിട്ടടിച്ചതാണിത്.
Sunday, December 9, 2007
സുധാമൃതം
ചെറുകാറ്റിലിളകുമീയോളങ്ങളേ നോക്കി
വെറുതേയീതീരത്തിരുന്നു നമ്മള്‍
ഒരുകാര്യം ചൊല്ലുന്നതിന്‍മുമ്പു വാക്കുകള്‍
ഒരുനിശ്വാസത്തിലലിഞ്ഞു പോയീ
തനിയേയെഴുന്നേറ്റകലേയ്ക്കു പോയിനീ
ഇനി, വേറെ തീരങ്ങള്‍ തേടിയാണോ?
ഇനിയെന്നെയിവിടെയുപേക്ഷിക്കെ ബാക്കിയാം
പനിമതി, പുഴയു,മീരാവും, ഞാനും.
ഒഴുകുമീയോളങ്ങള്‍ ഓര്‍മ്മകളായ് വന്ന്
തഴുകെ, ത്തെളിയും നിന്‍ വദനാംബുജം
മുഴുതിങ്കള്‍ വിരിയുമീ രാവിലീ തീരത്ത്
മുഴുകും ഞാന്‍ കവിതാസുധാമൃതത്തില്‍!
--------------------------------------
ഓഫീസിലെ, എന്റെ ഒരു കടുത്ത ആരാധികയായ സുധാകുമാരിയ്ക്കു ട്രാന്‍സ്ഫര്‍ ആയി. സെന്റോഫിന് ഞാന്‍ എന്റെവക ഒരു പേനയും ഈവരികളും നല്‍കി.
Thursday, December 6, 2007
ശരണം അയ്യപ്പാ..
സങ്കടങ്ങളെയിരു കെട്ടായി തലയേറ്റി
സഹ്യാദ്രിവാഴും രാജകുമാരാ, ഞാന്‍വന്നല്ലോ
സര്‍വ്വവും മറന്നു ഞാന്‍ നെയ്യഭിഷേകം കാണ്‍കെ
സന്തോഷസാഗരമൊ ന്നെന്നുള്ളില്‍ നിറഞ്ഞല്ലോ
മെത്തപോല്‍, കല്ലും മുള്ളും നിറഞ്ഞ പാത, നീയെന്‍
ചിത്തത്തിലുള്ളപ്പോള്‍,അതെത്രയോ സുഗമമായ്
ആര്‍ത്തനായ് കരി, നീലമലകള്‍ ചവിട്ടിക്കൊ-
ണ്ടെത്തി ഞാന്‍,എന്റെ വ്രതശുദ്ധിയും കൊണ്ടയ്യപ്പാ.
ഒട്ടേറെ ദു:ഖങ്ങളുണ്ടെനിക്കവയെ പതി-
നെട്ടു പടിയ്ക്കും നാഥാ, അകറ്റി കാത്തീടേണം
കഷ്ടങ്ങള്‍വരുന്നേരം അവയെ തടഞ്ഞടി-
തെറ്റാതെ ഇവിടേയ്ക്ക് എത്തുവാന്‍ തുണയ്ക്കണം
Wednesday, December 5, 2007
നന്ദി ചൊല്ലീടണം.
അല്‍പമകലെയീയാരാമ വീഥിയില്‍
പുഷ്പങ്ങളാലേയലങ്കരിച്ചുള്ളൊരീ
തല്‍പ്പത്തിലെന്റെയരികത്തിരിയ്ക്കുമീ
മല്‍പ്രേയസിയ്ക്കു ഞാനെന്ത് നല്‍കീടണം
അന്തിച്ചുവപ്പ് പടരും കവിളിലൊ,
മുന്തിരിത്തേന്‍ചോരും പൂംചെഞ്ചൊടിയിലോ
ചന്ദനശീതള നെറ്റിയിലോ, ചുണ്ട്
മന്ദമമര്‍ത്തീയൊരുമ്മ നല്‍കീടണം
എന്നിട്ട്, വാരിയെടുത്തെന്റെ മാറത്ത്
നന്നായമര്‍ത്തിപ്പിടിക്കേണ, മീജന്മ-
മൊന്നാകുവാനിടയായതിന്നീശന്
എന്നുമെന്നും ഏറെ നന്ദി ചൊല്ലീടണം
Monday, December 3, 2007
ഡിസമ്പര്‍
ഇന്നെങ്ങും പൂത്തുവിരിഞ്ഞുനില്‍പ്പൂ, കണി-
ക്കൊന്ന,വിഷുവീ ഡിസമ്പറില്‍ത്തന്നെയോ?
നന്നെ വെളുപ്പിന്നെണീറ്റാല്‍ തിരഞ്ഞെത്തു-
മെന്നെ,ശരണം വിളികള്‍തന്‍ വീചികള്‍..
തെല്ലകലെക്കേള്‍ക്കാം നേര്‍ത്ത കരോള്‍ഗാനം
പള്ളിമണികള്‍തന്‍ താളസ്വനങ്ങളും
മെല്ലെ,അലകളായോടിയെത്തീടുന്നു
നല്ലമനസ്സില്‍ സമാധാന സന്ദേശം..
ഏകദൈവത്തിന്ന് നല്‍കുവാനായി തന്‍
ഏകമകനെ, അതുമീ ഡിസംബറില്‍?
ഏതോനിഗൂഢ ഡിസംബര്‍രഹസ്യങ്ങള്‍
ഏതാണവയെന്നുയെന്നറിഞ്ഞീടും ഞാന്‍?
Subscribe to:
Posts (Atom)