Tuesday, January 29, 2008
ഉച്ചമയക്കം
വേനലിലുച്ചമയക്കത്തില്‍ ഞാനൊരു
കാണാക്കിനാവിന്റെ പിന്നാലെ പച്ചച്ച
കാനനവീഥിയിലൂടെയൊരജ്ഞാത
ഗാനത്തിന്നീരടി പിന്‍തുടര്‍ന്നീടവേ
നേര്‍ത്തനിലാവിന്റെ നൂലിഴകള്‍ മര-
ച്ചാര്‍ത്ത്‌കള്‍ നീട്ടിയ കൈകള്‍ക്കിടയില-
മൂര്‍ത്തരൂപങ്ങളെന്‍ മുന്നില്‍ വരയ്ക്കുന്ന-
തോര്‍ത്ത് ഞാന്‍ മുന്നോട്ട് യാത്രതുടരവേ
ഒട്ടകലത്തായിക്കാണ്മൂ ചെറിയൊരു
വെട്ട, മൊരുകുടില്‍,പേരറിയാമര-
ച്ചോട്ടില്‍, കരിയില മൂടിക്കിടക്കുമൊ-
രൊറ്റയടിപ്പാത- പാട്ട് നിലച്ചുവോ?
എത്രവേഗത്തില്‍ ഞാന്‍ശ്വാസമില്ലാതെക-
ണ്ടെത്രമേലാഞ്ഞു വലിഞ്ഞു നടന്നിട്ടു-
മെത്തുന്നതില്ലാക്കുടിലിന്നടുത്ത് വി
യര്‍ത്തേറെ വിഹ്വലനായിയുണര്‍ന്നു, ഞാന്‍
Friday, January 25, 2008
പുല്‍ക്കൊടിയും മഞ്ഞുതുള്ളിയും
അമ്മുക്കുട്ട്യേ..
അന്നൊരിയ്ക്കല്‍ നീ എന്നോട് ചോദിച്ചൂ'കുട്ടേട്ടന്‍ മഞ്ഞുതുള്ളികളെ ശ്രദ്ധിച്ചിട്ടുണ്ടോ'ന്ന്. എനിക്കതിന് സമയമെവിടെ എന്നൊ മറ്റോ ഞാന്‍ മറുപടിയും തന്നുവെന്ന് തോന്നുന്നു.
നിത്യ ചൈതന്യ യതിയുടെ 'ഹൃദയത്തിലെ ആരാധനാസൗഭഗം' ഞാനിന്നലെ വായിച്ച് തീര്‍ത്തു. അതിലെ, പേജ് 137 എത്തിയപ്പോള്‍ എനിക്ക് നിന്നെക്കുറിച്ച് ഓര്‍ക്കാതിരിയ്ക്കാനായില്ല.
"പുഴയിലെ കല്ലോലങ്ങള്‍ ആടിപ്പാടിപ്പോകുന്നതിനിടയ്ക്ക് പുല്‍ച്ചെടികളെനോക്കി പറയുകയാണ്: ജീവികളിലിവയെക്കാള്‍ വിനയമുള്ളവരായി ആരുമില്ല. എന്നാലും, അവര്‍ അവരുടെ കുഞ്ഞിക്കാലുകള്‍വച്ച് ഈ ഭൂമണ്ഡലത്തെ മുഴുവനും അവര്‍ക്കധീനമാക്കിയിരിയ്ക്കുന്നു. എവിടെച്ചെന്നാലും കാണാം ഒരു പുല്‍ക്കൊടി. ഇവയെ എന്തിന് ആര്‍ സൃഷ്ടിച്ചു? ആര്‍ക്കും കഴിയാത്ത ചില ചെയ്തികള്‍ ലോകരചയിതാവ് ഇവരെ ഏല്‍പ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പൂനിലാവ് വന്ന് ലോകത്തെ മുഴുവന്‍ തഴുകുമ്പോള്‍ ഈ കുഞ്ഞോലകള്‍ ഹിമശീകരമായ ചന്ദ്രികയെ പിഴിഞ്ഞെടുത്ത് മഞ്ഞുമണികളുണ്ടാക്കുന്നു. സൂര്യന്‍ വരുമ്പോഴേയ്ക്കും ഓരോ പുല്ലോലയും അവന് കാഴ്ചവയ്ക്കാന്‍ ഒരു മുത്തുണ്ടാക്കി പുല്ലോലയുടെ തുമ്പില്‍ നൃത്തം ചെയ്യാന്‍ വയ്ക്കുന്നു.സൂര്യന് ഇതിനേക്കാള്‍ പ്രിയങ്കരമായി ഒന്നുമില്ല. അവന്‍ കിഴക്കുദിച്ചു വന്നാല്‍ ആദ്യം നോക്കുന്നത് പുല്ലോലത്തുമ്പില്‍ തൂങ്ങുന്ന മഞ്ഞുതുള്ളികളെയാണ്. അവന്‍ വെറുതെ നോക്കീട്ട് പോവുകയില്ല, അതില്‍ ചിലതിനെ അവന്‍ ഉമ്മവച്ച് വൈഡൂര്യമാക്കും. മറ്റുചിലതിന് മിന്നിത്തിളങ്ങുന്ന വജ്രകാന്തി നല്‍കും. ചിലതിന് കടും ചുവപ്പാണെങ്കില്‍ മറ്റുചിലതിന് മരതക ഛവി. ജീവരൂപങ്ങളില്‍ പുല്ലിനേക്കാള്‍ കൃശമായതൊന്നുമില്ല. തുഛമായതൊന്നുമില്ല. എന്നാലും, മഹാമരങ്ങള്‍ വേരറ്റ് നിലം പതിയ്ക്കുമ്പോള്‍ അനുനയം പറയുവാനും, ആശ്വസിപ്പിയ്ക്കുവാനും; ചതഞ്ഞുപോയ മാമരങ്ങളുടെ ശരീരത്തില്‍ വൃണ വിരോചനത്തിന് തൈലം പുരട്ടിക്കൊടുക്കുവാനും പുല്ലുകളേയുള്ളു."

ആദ്യപ്രേമം
കൂട്ടുകാരിയോടൊത്ത് കളിച്ച് ചിരിച്ചെന്റെ
വീട്ടിന്റെ മുന്നിലൂടെ ഇന്നലെ നീപോയപ്പോള്‍
ഒട്ടുമോര്‍ത്തില്ലല്ലോ നീ, നിന്‍വരവിന്നായ് തുടി-
കൊട്ടുന്ന മനസ്സുമായ് ഞാന്‍ കാത്ത് നില്‍പ്പുള്ളത്
മിന്നുമാമുഖത്തേയ്ക്ക് ഒന്ന് നോക്കിയേയുള്ളു
നിന്നനങ്ങാനാവാതെ, ഇമകള്‍പൂട്ടാതെ ഞാന്‍
പിന്നെ, നീ മെല്ലെ നടന്നകന്നീടവേ കണ്ടൂ
പിന്നിയ കാര്‍കൂന്തലില്‍ ചൂടിയ തുളസിപ്പൂ
മധുരംകിനിയുന്ന ഒരുവാ,ക്കൊരുചിരി
മതിയാമെനിയ്ക്കത് ജന്മസാഫല്യത്തിന്നായ്
അതിനായ് ഏകനായ് ഞാന്‍ ദിനവും നില്‍പീവഴി
പതിവായ് പോകും നിന്നെ കാത്ത് ഞാനോമലാളേ
എങ്ങിനെയറിയിയ്ക്കും എനിയ്ക്ക് നിന്നോടുള്ളം-
തിങ്ങുമീയനുരാഗം മറ്റാരുമറിയാതെ ?
എങ്ങിനെയറിയിയ്ക്കും നിന്റെ മോഹങ്ങള്‍ക്കെല്ലാം
കിങ്ങിണിയണിയിയ്ക്കാന്‍ മോഹമുണ്ടെനിയ്ക്കെന്ന്
Thursday, January 24, 2008
ഏകന്‍
എട്ടുകാലിയെ, രാത്രി, തച്ചുകൊന്നപ്പോഴാണ്
എത്ര ഞാനേകനെന്ന് ആദ്യമായറിഞ്ഞത്
(ഓര്‍കുട്ടില്‍ കണ്ട ഒരു ഹേയ്കു വിന്റെ സ്വതന്ത്ര പരിഭാഷ)
Sunday, January 20, 2008
റാണി..
വെട്ടിത്തിളങ്ങുന്നൊരീവെളിച്ചം, സഖി
പൊട്ടിച്ചിരിച്ചത് മൂലമാണോ?
പെട്ടെന്നിരുട്ടായവളുടെ കാര്‍കൂന്തല്‍-
ക്കെട്ടെന്‍ മുഖത്തേയ്ക്കഴിഞ്ഞു വീണോ?
കെട്ടിപ്പിടിച്ചിങ്ങു നില്‍ക്കുമ്പോള്‍ താമര-
മൊട്ടെന്റെ നെഞ്ചത്തമര്‍ന്നിരുന്നോ?
ഞെട്ടറ്റുവീണൊരു പൂപോലെയെന്‍മടി-
ത്തട്ടില്‍, വിവശ തളര്‍ന്ന് വീണോ?
മീട്ടാത്ത തമ്പുരു, കേള്‍ക്കാത്ത പാട്ടിവള്‍
തൊട്ടാലുടയുന്ന നീര്‍ക്കുമിള
നഷ്ടപ്പെടുത്താനൊരുക്കമല്ലെന്‍ മന-
ക്കൊട്ടാരക്കെട്ടിലെ റാണിയിവള്‍!
Thursday, January 17, 2008
ആശ തീരുന്നില്ല
നിന്‍വിരിമാറിലമര്‍ന്നുകിടന്നെന്റെ
മുന്തിരിച്ചുണ്ടുകള്‍ നിന്‍നേര്‍ക്കുയര്‍ത്തവേ
നിന്‍കണ്‍കളാര്‍ദ്രമാവുന്നതും, കൈകളെന്‍
പൊന്‍മേനി നിന്നിലേയ്ക്കാഞ്ഞുചേര്‍ക്കുന്നതും
തീരങ്ങളില്ലാത്തൊരാഴക്കടലിന്റെ
കൂരിരുള്‍തിങ്ങുമഗാധതലങ്ങളില്‍
ഭാരമില്ലാത്തോരവസ്ഥയില്‍ നാം രണ്ടു-
പേരുമന്യോന്യം നിറഞ്ഞു പൊലിഞ്ഞതും
എത്രവട്ടം മനസ്സിന്‍തിരശ്ശീലയീ
ചിത്രങ്ങള്‍ മങ്ങാതെ കാണിയ്ക്കുമെങ്കിലും
എത്രലഭിച്ചാലുമാശതീരില്ലെനി-
യ്കത്രയ്ക്കഗാധമായ് നിന്നെ സ്നേഹിപ്പു ഞാന്‍
Tuesday, January 15, 2008
ഹലോ..
ബെല്ലൊന്നടിച്ചയുടനേയെടുത്തു ഞാന്‍
സെല്ലിലെ നമ്പറില്‍ നോക്കി
തെല്ലും പരിചയമില്ലാത്തൊരീനമ്പര്‍
വല്ല റോംഗ് നമ്പറുമാകാം.
മന്ദമായ് ചൊല്ലീ"ഹലോ" അതിന്നുത്തരം
സ്പന്ദങ്ങളായെന്റെ കാതില്‍
ചന്ദനഗന്ധമൊഴുകീ, മനസ്സില്‍ര-
ണ്ടിന്ദീവരങ്ങള്‍ വിരിഞ്ഞൂ..
'എന്നെ മറന്നുവല്ലേ, ഞാന്‍മറന്നിട്ടി-
ല്ലെ'ന്നായിരുന്നാദ്യ വാക്യം
പിന്നെ, സ്ഥല കാലമെല്ലാമലിയവേ
നിന്നിലലിഞ്ഞൂ, ഈ ഞാനും..
Monday, January 14, 2008
ഗുരുവായൂര്‍..13-01-08
കണ്ണാ, ഞാന്‍ മുന്നില്‍ തൊഴുതുനില്‍പൂ കട-
ക്കണ്ണു നീ യെന്‍നേര്‍ക്ക് നീട്ടിടേണം
വെണ്ണയില്ലെന്‍കയ്യില്‍ നേദിയ്ക്കാനീവെറും
മണ്ണായൊരെന്റെ ശരീരമന്യേ
ചൂടിയ്ക്കുവാന്‍ ഞാനൊരുതുളസീമാല
കൂടെക്കരുതിയിരുന്നത് നെഞ്ചിലെ
ചൂടുമെന്‍കണ്ണീരിനുപ്പും കലര്‍ന്നിതാ
വാടാന്‍തുടങ്ങീ, കനിയുകില്ലേ?
എത്ര തൊഴുതാലും തൃപ്തിയാവില്ലെനി-
യ്കെത്ര ജന്മങ്ങളും ഞാനെടുക്കാമതി-
ന്നത്രമേലെന്നില്‍ പതിഞ്ഞൊരു രൂപമെന്‍
ചിത്തത്തില്‍ നിന്ന് മായില്ല, കണ്ണാ..
Saturday, January 12, 2008
ഓര്‍മ്മ
എന്നെത്തിരഞ്ഞെത്തുമേതോ ശരത്‌കാല-
വന്യമേഘങ്ങള്‍ പതുക്കെനീങ്ങുന്നതിന്‍
പിന്നിലായ് നിന്ന് ചിരിയ്ക്കുന്ന തിങ്കളി-
ന്നെന്നോര്‍മ്മയില്‍ നിന്‍മുഖം തെളിയിക്കുന്നൂ
ഉള്ളിലെസ്നേഹമുരുകുംവരേയ്ക്കുനീ
പൊള്ളുന്നൊരായിരം ചുംബനം കൊണ്ടെന്റെ
തെല്ലു വിറയാര്‍ന്ന ദേഹത്തിലാകെ തേന്‍-
മുല്ലമലര്‍വള്ളി പോലെ പടര്‍ന്നതും
പിന്നെ, യേതോപേരറിയാത്ത തീരത്ത്
തെന്നിപ്പറന്ന് നടന്നതു, മെപ്പൊഴോ
അന്യരെപ്പോലെയകന്നതുമൊക്കെ ഞാ-
നിന്നുമോര്‍മ്മിയ്ക്കുന്നൂ, നെഞ്ചകം നീറുന്നൂ..
Tuesday, January 8, 2008
ആരാധകന്‍
ഒരുമാത്രനിന്‍നീലനയനങ്ങളെന്‍നേര്‍ക്ക്
വിരിയവേ, മനസ്സിന്‍ നിഗൂഢതല്‍പങ്ങളില്‍
നിറവാര്‍ന്നൊരായിരം പ്രണയാര്‍ദ്രഗീതങ്ങള്‍
ചിറകടിച്ചുയരുന്നൂ; യമുനയായൊഴുകുന്നൂ
ഒരുമന്ദഹാസത്തില്‍ കവിളില്‍വിരിയുന്ന
ചെറുനുണക്കുഴികള്‍തന്‍ കാണാക്കയങ്ങളില്‍
ഒരുവേള മുങ്ങിത്തുടിച്ചെങ്കില്‍ എന്നുള്ളില്‍
അറിയാതൊരാഗ്രഹം അലയടിച്ചുയരുന്നൂ
മണിമുത്ത്ചിതറുന്നധ്വനിപോലെ വാക്കുകേ-
ട്ടുണരുന്നവേളയില്‍, അകലെയാരോഹൃദയ-
മണിവീണമീട്ടുന്ന സ്വരജതികളില്‍ മുങ്ങി-
യണയുന്നൊരാരാധകന്‍മാത്രമിന്നു ഞാന്‍

Friday, January 4, 2008
ദലമര്‍മ്മരങ്ങള്‍
യാത്രചോദിയ്ക്കവേയോമനേ, നിന്‍ നീല-
നേത്രങ്ങളില്‍ നീര്‍ നിറഞ്ഞിരിന്നോ?
അത്രമേലിഷ്ടപ്പെടേണ്ടായിരുന്നു നാ-
മെത്രയായാലും അകലേണ്ടവര്‍.
ഇന്നീവഴിയമ്പലം ഞാനുപേക്ഷിച്ച്
നിന്നെയും വിട്ടകലേപോകിലും
എന്നുമുണ്ടാവുമെന്‍ ബോധമനസ്സിതില്‍
പൊന്നിന്‍ കൊലുസ്സിട്ടൊരീദിനങ്ങള്‍
കാര്‍മുകില്‍ക്കൂട്ടങ്ങളാകാശവീഥിയില്‍
ഓര്‍മ്മയിലേതോ ശിവരഞ്ജിനി
കര്‍മ്മബന്ധങ്ങള്‍ കുരുക്കഴിഞ്ഞൂ; ദല-
മര്‍മ്മരങ്ങള്‍പോലടര്‍ന്നു വീണൂ
Subscribe to:
Posts (Atom)